[1] പിന്നീട് അവർ എല്ലാവരുംകൂടി അവനെ പീലാത്തോസിന്റെ അടുക്കൽ കൊണ്ടുപോയി:
[2] ഇവൻ ഞങ്ങളുടെ ജാതിയെ വഴി തെറ്റിക്കുകയും, താൻ ക്രിസ്തു എന്ന രാജാവാകുന്നു എന്നു പറഞ്ഞുകൊണ്ട് കൈസർക്ക് കരം കൊടുക്കുന്നത് തടയുകയും ചെയ്യുന്നതായി ഞങ്ങൾ കണ്ട് എന്നു കുറ്റം ചുമത്തിത്തുടങ്ങി.
[3] പീലാത്തോസ് യേശുവിനോടു: നീ യെഹൂദന്മാരുടെ രാജാവോ എന്നു ചോദിച്ചതിന്: ഞാൻ ആകുന്നു എന്നു ഉത്തരം പറഞ്ഞു.
[4] പീലാത്തോസ് മഹാപുരോഹിതരോടും പുരുഷാരത്തോടും: ഞാൻ ഈ മനുഷ്യനിൽ കുറ്റം ഒന്നും കാണുന്നില്ല എന്നു പറഞ്ഞു.
[5] അതിന് അവർ: അവൻ ഗലീല മുതൽ യെഹൂദ്യയിൽ ഇവിടെ വരെ പഠിപ്പിച്ച് ജനത്തെ കലഹിപ്പിക്കുന്നു എന്നു ഉറപ്പിച്ചു പറഞ്ഞു.
[6] ഇതു കേട്ടിട്ട് ഈ മനുഷ്യൻ ഗലീലക്കാരനാണോ എന്നു പീലാത്തോസ് ചോദിച്ചു;
[7] യേശു ഹെരോദാവിന്റെ അധികാരത്തിൽ ഉൾപ്പെട്ടവൻ ആകുന്നു എന്നറിഞ്ഞിട്ട്, അന്ന് യെരൂശലേമിൽ വന്നുപാർക്കുന്ന ഹെരോദാവിന്റെ അടുക്കൽ അവനെ അയച്ചു.
[8] ഹെരോദാവ് യേശുവിനെ കണ്ടിട്ട് വളരെ അധികം സന്തോഷിച്ച്; അവനെക്കുറിച്ച് കേട്ടിരുന്നതുകൊണ്ട് അവനെ കാണ്മാൻ വളരെക്കാലമായി ആഗ്രഹിച്ചു, അവൻ വല്ല അടയാളവും ചെയ്യുന്നതു കാണാം എന്നു ആശിച്ചിരുന്നു.
[9] എന്നാൽ ഹെരോദാവ് ചോദ്യങ്ങൾ ചോദിച്ചിട്ടും അവൻ അവനോട് ഉത്തരം ഒന്നും പറഞ്ഞില്ല.
[10] മഹാപുരോഹിതന്മാരും ശാസ്ത്രിമാരും കഠിനമായി അവനെ കുറ്റം ചുമത്തിക്കൊണ്ട് നിന്നു.
[11] ഹെരോദാവ് തന്റെ പടയാളികളുമായി അവനെ പരിഹസിച്ചു നിസ്സാരനാക്കി വെളുത്ത വസ്ത്രം ധരിപ്പിച്ച് പീലാത്തോസിന്റെ അടുക്കൽ മടക്കി അയച്ചു.
[12] അന്ന് ഹെരോദാവും പീലാത്തോസും തമ്മിൽ സ്നേഹിതന്മാരായിത്തീർന്നു; മുമ്പെ അവർ തമ്മിൽ എതിരാളികൾ ആയിരുന്നു.
[13] പീലാത്തോസ് മഹാപുരോഹിതന്മാരെയും പ്രമാണികളെയും ജനത്തെയും വിളിച്ചുകൂട്ടി.
[14] അവരോട്: ഈ മനുഷ്യൻ ജനങ്ങളെ വഴി തെറ്റിക്കുന്നു എന്നു പറഞ്ഞു നിങ്ങൾ അവനെ എന്റെ അടുക്കൽ കൊണ്ടുവന്നുവല്ലോ; ഞാനോ നിങ്ങളുടെ മുമ്പാകെ വിസ്തരിച്ചിട്ടും നിങ്ങൾ ചുമത്തിയ കുറ്റം ഒന്നും ഇവനിൽ കണ്ടില്ല;
[15] ഹെരോദാവും കണ്ടില്ല; ഹെരോദാവ് യേശുവിനെ നമ്മുടെ അടുക്കൽ മടക്കി അയച്ചുവല്ലോ; ഇവൻ മരണയോഗ്യമായത് ഒന്നും പ്രവർത്തിച്ചിട്ടില്ല എന്ന് ഉറപ്പാണ്;
[16] അതുകൊണ്ട് ഞാൻ അവനെ ശിക്ഷ കൊടുത്ത് വിട്ടയയ്ക്കും എന്നു പറഞ്ഞു.
[17] പക്ഷേ ജനങ്ങൾ ഇവനെ നീക്കിക്കളക; ബറബ്ബാസിനെ വിട്ടുതരിക എന്നു നിലവിളിച്ചു.
[18] ഉത്സവസമയത്ത് ഒരു തടവുകാരനെ മോചിപ്പിക്കുന്ന പതിവ് ഉണ്ടായിരുന്നു
[19] ബറബ്ബാസ് നഗരത്തിൽ ഉണ്ടായ ഒരു വഴക്കും കൊലപാതകവും കാരണം തടവിലായവൻ ആയിരുന്നു.
[20] പീലാത്തോസിന് യേശുവിനെ മോചിപ്പിക്കുവാൻ ആഗ്രഹം ഉണ്ടായിരുന്നു. അതുകൊണ്ട് പിന്നെയും അവരോട് സംസാരിച്ചു.
[21] അവരോ: അവനെ ക്രൂശിയ്ക്ക, ക്രൂശിയ്ക്ക എന്നു എതിരെ നിലവിളിച്ചു.
[22] അവൻ മൂന്നാമതും അവരോട്: അവൻ ചെയ്ത ദോഷം എന്ത്? മരണയോഗ്യമായത് ഒന്നും അവനിൽ കണ്ടില്ല; അതുകൊണ്ട് ഞാൻ അവനെ ശിക്ഷ കൊടുത്തു വിട്ടയയ്ക്കും എന്നു പറഞ്ഞു.
[23] അവരോ അവനെ ക്രൂശിക്കേണ്ടതിന് തുടർച്ചയായി നിലവിളിച്ചുകൊണ്ടിരുന്നു; അവരുടെ നിലവിളി ഫലിച്ചു;
[24] അവരുടെ അപേക്ഷപോലെ ആകട്ടെ എന്നു പീലാത്തോസ് വിധിച്ചു,
[25] വഴക്കും കൊലപാതകവും കാരണം തടവിലായവനെ അവരുടെ അപേക്ഷപോലെ വിട്ടുകൊടുക്കുകയും യേശുവിനെ അവരുടെ ഇഷ്ടത്തിന് ഏല്പിക്കുകയും ചെയ്തു.
[26] യേശുവിനെ ക്രൂശിക്കാനായി കൊണ്ടുപോകുമ്പോൾ വയലിൽനിന്നു വരുന്ന ശിമോൻ എന്ന ഒരു കുറേനക്കാരനെ കണ്ട്. അവനെ കൊണ്ട് അവർ ക്രൂശ് ചുമപ്പിച്ചു. അവൻ യേശുവിന്റെ പിന്നാലെ നടന്നു.
[27] ഒരു വലിയ ജനസമൂഹവും അവനെച്ചൊല്ലി ദുഖിച്ചു കരയുന്ന അനേകം സ്ത്രീകളും അവന്റെ പിന്നാലെ ചെന്ന്.
[28] യേശു തിരിഞ്ഞു അവരെ നോക്കി: യെരൂശലേം പുത്രിമാരേ, എന്നെച്ചൊല്ലി കരയണ്ട, നിങ്ങളെയും നിങ്ങളുടെ മക്കളെയും ചൊല്ലി കരയുവിൻ.
[29] പ്രസവിക്കാത്ത ഉദരങ്ങളും കുടിപ്പിക്കാത്ത മുലകളും ഭാഗ്യമുള്ളവ എന്നു പറയുന്ന കാലം വരുന്നു.
[30] അന്ന് മലകളോട്: ഞങ്ങളുടെമേൽ വീഴുവിൻ എന്നും കുന്നുകളോട്: ഞങ്ങളെ മൂടുവിൻ എന്നും പറഞ്ഞു തുടങ്ങും.
[31] പച്ചമരത്തോട് ഇങ്ങനെ അവർ ചെയ്യുന്നെങ്കിൽ ഉണങ്ങിയതിന് എന്താണ് സംഭവിക്കുക എന്നു പറഞ്ഞു.
[32] കുറ്റവാളികളായ വേറെ രണ്ടുപേരെയും അവനോടുകൂടെ കൊല്ലേണ്ടതിന് കൊണ്ടുപോയി.
[33] തലയോടിടം എന്ന സ്ഥലത്ത് എത്തിയപ്പോൾ അവർ അവിടെ അവനെയും കുറ്റവാളികളായ, ഒരുവനെ വലത്തും ഒരുവനെ ഇടത്തുമായി, ക്രൂശിച്ചു.
[34] അപ്പോൾ യേശു: പിതാവേ, ഇവർ ചെയ്യുന്നതു എന്താണെന്ന് അറിയാത്തതുകൊണ്ട് ഇവരോട് ക്ഷമിക്കേണമേ എന്നു പറഞ്ഞു. പിന്നീട് അവർ അവന്റെ വസ്ത്രം പങ്കിടാനായി ചീട്ടിട്ടു.
[35] ജനം നോക്കിക്കൊണ്ട് നിന്നു. ഇവൻ മറ്റുള്ളവരെ രക്ഷിച്ചുവല്ലോ; ദൈവം തിരഞ്ഞെടുത്ത ക്രിസ്തു എങ്കിൽ സ്വയം രക്ഷിയ്ക്കട്ടെ എന്നു ഭരണകർത്താക്കളും പരിഹസിച്ചു പറഞ്ഞു.
[36] പടയാളികളും അവനെ പരിഹസിച്ചു അടുത്തുവന്ന് അവന് പുളിച്ച വീഞ്ഞ് കാണിച്ചു.
[37] നീ യെഹൂദന്മാരുടെ രാജാവ് എങ്കിൽ നിന്നെത്തന്നെ രക്ഷിയ്ക്ക എന്നു പറഞ്ഞു.
[38] ഇവൻ യെഹൂദന്മാരുടെ രാജാവ് എന്നു ഒരു തലക്കെട്ട് അവന്റെ മീതെ ഉണ്ടായിരുന്നു.
[39] അവനോടൊപ്പം തൂക്കിയ കുറ്റക്കാരിൽ ഒരുവൻ: നീ ക്രിസ്തു അല്ലയോ? നിന്നെയും ഞങ്ങളെയും രക്ഷിയ്ക്ക എന്നു പറഞ്ഞു അവനെ കളിയാക്കി.
[40] മറ്റവനോ അവനെ ശാസിച്ചു: തുല്യശിക്ഷയ്ക്ക് വിധേയൻ ആയിട്ടും നീ ദൈവത്തെ ഭയപ്പെടുന്നില്ലയോ?
[41] നാമോ ന്യായമായിട്ട് ശിക്ഷ അനുഭവിക്കുന്നു; നാം പ്രവർത്തിച്ചതിന് യോഗ്യമായതല്ലോ കിട്ടുന്നത്; പക്ഷേ ഇവനോ തെറ്റ് ഒന്നും ചെയ്തിട്ടില്ല എന്നു പറഞ്ഞു.
[42] പിന്നെ അവൻ: യേശുവേ, നിന്റെ രാജ്യത്തിൽ നീ രാജാവായി വരുമ്പോൾ എന്നെ ഓർത്തുകൊള്ളേണമേ എന്നു പറഞ്ഞു.
[43] യേശു അവനോട്: ഇന്ന് നീ എന്നോടുകൂടെ പറുദീസയിൽ ഇരിക്കും എന്നു ഞാൻ സത്യമായി നിന്നോട് പറയുന്നു എന്നു പറഞ്ഞു.
[44] ഏകദേശം ആറാംമണി നേരമായപ്പോൾ സൂര്യൻ ഇരുണ്ടുപോയിട്ട് ഒമ്പതാം മണിവരെ ദേശത്തു ഒക്കെയും അന്ധകാരം ഉണ്ടായി.
[45] ദൈവമന്ദിരത്തിലെ തിരശ്ശീല നടുവെ കീറിപ്പോയി.
[46] യേശു അത്യുച്ചത്തിൽ പിതാവേ, ഞാൻ എന്റെ ആത്മാവിനെ തൃക്കയ്യിൽ ഏല്പിക്കുന്നു എന്നു നിലവിളിച്ചുപറഞ്ഞു; ഇതു പറഞ്ഞിട്ട് പ്രാണനെ വിട്ടു.
[47] ഈ സംഭവിച്ചത് ശതാധിപൻ കണ്ടിട്ട്: ഈ മനുഷ്യൻ വാസ്തവമായി നീതിമാൻ ആയിരുന്നു എന്നു പറഞ്ഞു ദൈവത്തെ മഹത്വപ്പെടുത്തി.
[48] കാണ്മാൻ കൂടിവന്ന പുരുഷാരം ഒക്കെയും സംഭവിച്ചത് കണ്ടിട്ട് മാറത്തടിച്ചുകൊണ്ടു മടങ്ങിപ്പോയി.
[49] അവന്റെ പരിചയക്കാർ എല്ലാവരും ഗലീലയിൽ നിന്നു അവനെ അനുഗമിച്ച സ്ത്രീകളും ഇതു നോക്കിക്കൊണ്ട് ദൂരത്ത് നിന്നു.
[50] അരിമത്ഥ്യ എന്നൊരു യെഹൂദ്യപട്ടണക്കാരനായി നല്ലവനും നീതിമാനും ദൈവരാജ്യത്തെ കാത്തിരുന്നവനുമായ യോസഫ് എന്നൊരു മന്ത്രി ഉണ്ടായിരുന്നു.
[51] അവൻ അവരുടെ ആലോചനയ്ക്കും പ്രവൃത്തിക്കും അനുകൂലമല്ലായിരുന്നു.
[52] അവൻ പീലാത്തോസിന്റെ അടുക്കൽ ചെന്ന് യേശുവിന്റെ ശരീരം ചോദിച്ചു,
[53] അത് ഇറക്കി ഒരു തുണിയിൽ പൊതിഞ്ഞു, പാറയിൽ വെട്ടിയിരുന്നതും, ആരെയും ഒരിക്കലും വെച്ചിട്ടില്ലാത്തതുമായ കല്ലറയിൽ വെച്ച്.
[54] അന്ന് യെഹൂദന്മാരുടെ ഒരുക്കനാൾ ആയിരുന്നു, ശബ്ബത്തും ആരംഭിച്ചു.
[55] ഗലീലയിൽ നിന്നു അവനോടുകൂടെ അനുഗമിച്ച സ്ത്രീകളും ചെന്ന് കല്ലറയും അവന്റെ ശരീരം വെച്ച വിധവും കണ്ടിട്ട്
[56] മടങ്ങിപ്പോയി സുഗന്ധവർഗ്ഗവും പരിമളതൈലവും ഒരുക്കി; കല്പന അനുസരിച്ചു ശബ്ബത്തിൽ സ്വസ്ഥമായിരിന്നു.