Skip to content
Opens in a new window
Listen to this chapter • 8:38

[1] പെസഹ എന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ അടുത്തു.

[2] അപ്പോൾ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും ജനത്തെ ഭയപ്പെടുന്നതിനാൽ അവനെ കൊല്ലുവാനുള്ള കാരണങ്ങൾ അന്വേഷിച്ചു.

[3] എന്നാൽ പന്ത്രണ്ട് ശിഷ്യന്മാരുടെ കൂട്ടത്തിൽ ഉള്ള ഈസ്കര്യോത്താ യൂദയിൽ സാത്താൻ കടന്നു:

[4] അവൻ ചെന്ന് മഹാപുരോഹിതന്മാരോടും പടനായകന്മാരോടും അവനെ അവർക്ക് കാണിച്ചു കൊടുക്കുന്ന വഴിയെക്കുറിച്ചു സംസാരിച്ചു.

[5] അവർക്ക് സന്തോഷമായി. യൂദയ്ക്ക് പണം കൊടുക്കാം എന്നു സമ്മതിച്ചു.

[6] അവൻ അവർക്ക് വാക്ക് കൊടുത്തു, പുരുഷാരം ഇല്ലാത്ത സമയത്ത് അവനെ കാണിച്ചുകൊടുക്കുവാൻ അവസരം അന്വേഷിച്ചുപോന്നു.

[7] പെസഹ കുഞ്ഞാടിനെ അറുക്കേണ്ടുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ ആയപ്പോൾ

[8] യേശു പത്രൊസിനെയും യോഹന്നാനെയും അയച്ചു: നിങ്ങൾ പോയി നമുക്കു പെസഹ കഴിക്കുവാൻ ഒരുക്കുവിൻ എന്നു പറഞ്ഞു.

[9] ഞങ്ങൾ എവിടെ ഒരുക്കണം എന്നു അവർ ചോദിച്ചതിന്:

[10] നിങ്ങൾ പട്ടണത്തിൽ എത്തുമ്പോൾ ഒരു കുടം വെള്ളം ചുമന്നുകൊണ്ടു ഒരു മനുഷ്യൻ നിങ്ങൾക്ക് എതിരെ വരും; അവൻ പോകുന്ന വീട്ടിലേക്ക് നിങ്ങളും ചെല്ലുക. വീട്ടുടയവനോട്:

[11] ഞാൻ എന്റെ ശിഷ്യന്മാരുമായി പെസഹ കഴിക്കുവാനുള്ള സ്ഥലം എവിടെ എന്നു ഗുരു നിന്നോട് ചോദിക്കുന്നു എന്നു പറയുക.

[12] അവൻ മുകളിലത്തെ നിലയിൽ വിരിച്ചൊരുക്കിയ ഒരു വലിയ മുറി കാണിച്ചുതരും; അവിടെ ഒരുക്കുവിൻ എന്നു അവരോട് പറഞ്ഞു.

[13] അവർ പോയി തങ്ങളോട് പറഞ്ഞതുപോലെ കണ്ട് പെസഹ ഒരുക്കി.

[14] സമയം ആയപ്പോൾ അവൻ അപ്പൊസ്തലന്മാരുമായി ഭക്ഷണത്തിന് ഇരുന്നു.

[15] അവൻ അവരോട്: ഞാൻ കഷ്ടം അനുഭവിക്കുംമുമ്പേ ഈ പെസഹ നിങ്ങളോടുകൂടെ കഴിക്കുവാൻ വളരെ ആഗ്രഹിച്ചു.

[16] അത് ദൈവരാജ്യത്തിൽ പൂർത്തിയാകുന്നതു വരെ ഞാൻ ഇനി അത് കഴിക്കുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.

[17] പിന്നെ പാനപാത്രം എടുത്തു വാഴ്ത്തി: ഇതു വാങ്ങി പങ്കിട്ടുകൊൾവിൻ.

[18] ദൈവരാജ്യം വരുന്നത് വരെ ഞാൻ മുന്തിരിവള്ളിയുടെ അനുഭവം ഇന്നുമുതൽ കുടിക്കുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.

[19] പിന്നെ അപ്പം എടുത്തു വാഴ്ത്തി നുറുക്കി അവർക്ക് കൊടുത്തു: ഇതു നിങ്ങൾക്ക് വേണ്ടി നല്കുന്ന എന്റെ ശരീരം; എന്റെ ഓർമ്മയ്ക്കായി ഇതു ചെയ്‌വിൻ എന്നു പറഞ്ഞു.

[20] അതുപോലെ തന്നെ അത്താഴം കഴിഞ്ഞശേഷം അവൻ പാനപാത്രവും കൊടുത്തു: ഈ പാനപാത്രം നിങ്ങൾക്ക് വേണ്ടി ചൊരിയുന്ന എന്റെ രക്തത്തിലെ പുതിയനിയമം ആകുന്നു.

[21] എന്നാൽ എന്നെ കാണിച്ചുകൊടുക്കുന്നവനും എന്നോടൊപ്പം ഈ മേശയ്ക്കരികിൽ ഉണ്ട്.

[22] ദൈവിക പദ്ധതിക്കനുസരിച്ച് മനുഷ്യപുത്രൻ പോകുന്നു സത്യം; എങ്കിലും അവനെ കാണിച്ചു കൊടുക്കുന്ന മനുഷ്യന് അയ്യോ കഷ്ടം എന്നു പറഞ്ഞു.

[23] ഇതു ചെയ്‌വാൻ പോകുന്നവൻ തങ്ങളുടെ കൂട്ടത്തിൽ ആർ ആയിരിക്കും എന്നു ശിഷ്യന്മാർ തമ്മിൽതമ്മിൽ ചോദിച്ചു തുടങ്ങി.

[24] തങ്ങളുടെ കൂട്ടത്തിൽ ആരെ ആകുന്നു വലിയവനായി എണ്ണേണ്ടത് എന്നതിനെച്ചൊല്ലി ഒരു തർക്കവും അവരുടെ ഇടയിൽ ഉണ്ടായി.

[25] യേശു അവരോട് പറഞ്ഞത്: ജാതികളുടെ രാജാക്കന്മാർ അവരിൽ കർത്തൃത്വം നടത്തുന്നു; അവരുടെ മേൽ അധികാരം നടത്തുന്നവരെ ഉപകാരികൾ എന്നു പറയുന്നു.

[26] നിങ്ങളോ അങ്ങനെയല്ല; നിങ്ങളിൽ മൂത്തവൻ ഇളയവനെപ്പോലെയും നായകൻ ശുശ്രൂഷിക്കുന്നവനെപ്പോലെയും ആകട്ടെ.

[27] ആരാകുന്നു വലിയവൻ? ഭക്ഷണത്തിനിരിക്കുന്നവനോ ശുശ്രൂഷിക്കുന്നവനോ? ഭക്ഷണത്തിനിരിക്കുന്നവൻ ആണ് വലിയവൻ. ഞാനോ നിങ്ങളുടെ ഇടയിൽ ശുശ്രൂഷിക്കുന്നവനെപ്പോലെ ആകുന്നു.

[28] നിങ്ങൾ ആകുന്നു എന്റെ പരീക്ഷകളിൽ എന്നോടുകൂടെ ഉണ്ടായിരുന്നവർ.

[29] എന്റെ പിതാവ് രാജ്യത്തിന്റെ അധികാരം നൽകി എന്നെ നിയമിച്ചുതന്നതുപോലെ ഞാൻ നിങ്ങളെയും നിയമിക്കുന്നു.

[30] നിങ്ങൾ എന്റെ രാജ്യത്തിൽ എന്നോടൊപ്പം ഭക്ഷിക്കുകയും പാനം ചെയ്യുകയും സിംഹാസനങ്ങളിൽ ഇരുന്നു യിസ്രായേൽ ഗോത്രം പന്ത്രണ്ടിനേയും ന്യായം വിധിക്കുകയും ചെയ്യും.

[31] ശിമോനേ, ശിമോനെ, സാത്താൻ നിങ്ങളെ ഗോതമ്പുപോലെ പാറ്റേണ്ടതിന് കല്പന ചോദിച്ചു.

[32] ഞാനോ നിന്റെ വിശ്വാസം പോകാതിരിക്കുവാൻ നിനക്ക് വേണ്ടി അപേക്ഷിച്ചു; എന്നാൽ നീ ഒരു സമയം തിരിഞ്ഞു വന്നശേഷം നിന്റെ സഹോദരന്മാരെ ഉറപ്പിച്ചുകൊൾക.

[33] പത്രൊസ് അവനോട്: കർത്താവേ, ഞാൻ നിന്നോടുകൂടെ തടവിലാകുവാനും മരിക്കുവാനും ഒരുങ്ങിയിരിക്കുന്നു എന്നു പറഞ്ഞു.

[34] അതിന് അവൻ: പത്രൊസേ, നീ ഇന്ന് കോഴി കൂകുന്നതിനു മുമ്പെ എന്നെ അറിയുന്നില്ല എന്നു മൂന്നുവട്ടം തള്ളിപ്പറയും എന്നു ഞാൻ നിന്നോട് പറയുന്നു എന്നു പറഞ്ഞു.

[35] പിന്നെ അവൻ അവരോട്: ഞാൻ നിങ്ങളെ പണസഞ്ചിയും പൊക്കണവും ചെരിപ്പും കൂടാതെ അയച്ചപ്പോൾ വല്ല കുറവുമുണ്ടായോ എന്നു ചോദിച്ചതിന്: ഒരു കുറവുമുണ്ടായില്ല എന്നു അവർ പറഞ്ഞു.

[36] അവൻ അവരോട്: എന്നാൽ ഇപ്പോൾ മടിശ്ശീലയുള്ളവൻ അത് എടുക്കട്ടെ; അതുപോലെ തന്നെ പൊക്കണമുള്ളവനും; ഇല്ലാത്തവനോ തന്റെ വസ്ത്രം വിറ്റ് വാൾ വാങ്ങിക്കൊള്ളട്ടെ.

[37] അവനെ നിയമലംഘകരുടെ കൂട്ടത്തിൽ എണ്ണി എന്നു എന്നെക്കുറിച്ച് എഴുതിയിരിക്കുന്നതിന് നിവൃത്തി വരേണ്ടതാകുന്നു എന്നു പറഞ്ഞു.

[38] കർത്താവേ, ഇവിടെ രണ്ടു വാൾ ഉണ്ട് എന്നു അവർ പറഞ്ഞതിന്: ഇതു മതി എന്നു അവൻ അവരോട് പറഞ്ഞു.

[39] പിന്നെ അവൻ പതിവുപോലെ ഒലിവുമലയ്ക്ക് പുറപ്പെട്ടുപോയി; ശിഷ്യന്മാരും അവനെ അനുഗമിച്ചു.

[40] ആ സ്ഥലത്ത് എത്തിയപ്പോൾ അവൻ അവരോട്: നിങ്ങൾ പരീക്ഷയിൽ അകപ്പെടാതിരിക്കുവാൻ പ്രാർത്ഥിക്കുവിൻ എന്നു പറഞ്ഞു.

[41] യേശു അവരെ വിട്ടു ഒരു കല്ലേറുദൂരത്തോളം ദൂരെപ്പോയി മുട്ടുകുത്തി;

[42] പിതാവേ, നിനക്ക് മനസ്സുണ്ടെങ്കിൽ കഷ്ടതയുടെ ഈ പാനപാത്രം എന്നിൽ നിന്നു നീക്കേണമേ; എങ്കിലും എന്റെ ഇഷ്ടമല്ല നിന്റെ ഇഷ്ടം തന്നെ ആകട്ടെ എന്നു പ്രാർത്ഥിച്ചു.

[43] അവനെ ശക്തിപ്പെടുത്തുവാൻ സ്വർഗ്ഗത്തിൽനിന്നു ഒരു ദൂതൻ അവന് പ്രത്യക്ഷനായി.

[44] പിന്നെ അവൻ പ്രാണവേദനയിലായി അതിശ്രദ്ധയോടെ പ്രാർത്ഥിച്ചു; അവന്റെ വിയർപ്പ് നിലത്തു വീഴുന്ന വലിയ ചോരത്തുള്ളിപോലെ ആയി.

[45] അവൻ പ്രാർത്ഥന കഴിഞ്ഞു എഴുന്നേറ്റ് ശിഷ്യന്മാരുടെ അടുക്കൽ ചെന്ന്, അവർ വിഷാദത്താൽ ഉറങ്ങുന്നത് കണ്ട് അവരോട്:

[46] നിങ്ങൾ ഉറങ്ങുന്നത് എന്ത്? പരീക്ഷയിൽ അകപ്പെടാതിരിക്കുവാൻ എഴുന്നേറ്റ് പ്രാർത്ഥിക്കുവിൻ എന്നു പറഞ്ഞു.

[47] അവൻ സംസാരിക്കുമ്പോൾ തന്നേ പുരുഷാരം അവന്റെ അടുക്കൽ വന്നു; പന്ത്രണ്ട് ശിഷ്യരിൽ ഒരുവനായ യൂദാ അവർക്ക് മുന്നിൽ നടന്നു യേശുവിനെ ചുംബിപ്പാൻ അടുത്തുവന്നു.

[48] യേശു അവനോട്: യൂദയേ, മനുഷ്യപുത്രനെ ചുംബനംകൊണ്ടോ കാണിച്ചുകൊടുക്കുന്നത് എന്നു പറഞ്ഞു.

[49] അവിടെ സംഭവിപ്പാൻ പോകുന്നത് എന്താണ് എന്നു അവന്റെ കൂടെയുള്ളവർക്ക് മനസ്സിലായി: കർത്താവേ, ഞങ്ങൾ അവരെ വാൾകൊണ്ടു വെട്ടേണമോ എന്നു ചോദിച്ചു.

[50] അവരിൽ ഒരുവൻ മഹാപുരോഹിതന്റെ ദാസനെ വെട്ടി അവന്റെ വലത്തെ ചെവി അറുത്തു.

[51] അപ്പോൾ യേശു; ഇത്രയും ചെയ്തത് മതി അവനെ വിടുവിൻ എന്നു പറഞ്ഞു അവന്റെ ചെവി തൊട്ടു സൌഖ്യമാക്കി.

[52] യേശു തന്റെ നേരെ വന്ന മഹാപുരോഹിതന്മാരോടും ദൈവാലയത്തിലെ പടനായകന്മാരോടും മൂപ്പന്മാരോടും: ഒരു കള്ളന്റെ നേരെ എന്നപോലെ നിങ്ങൾ വാളും വടിയുമായി എന്റെ നേരെ വരുന്നത് എന്തിനാണ്?

[53] ഞാൻ ദിവസേന ദൈവാലയത്തിൽ നിങ്ങളോടുകൂടെ ഇരുന്നിട്ടും എന്റെ നേരെ കൈ ഓങ്ങിയില്ല; എന്നാൽ ഇതു നിങ്ങളുടെ നാഴികയും ഇരുളിന്റെ അധികാരവും ആകുന്നു എന്നു പറഞ്ഞു.

[54] അവർ യേശുവിനെ പിടിച്ച് മഹാപുരോഹിതന്റെ വീട്ടിൽ കൊണ്ടുപോയി; പത്രൊസും കുറച്ച് അകലം വിട്ടു അവരെ അനുഗമിച്ചു.

[55] അവർ എല്ലാവരും നടുമുറ്റത്തിന്റെ മദ്ധ്യേ തീ കത്തിച്ച് കൊണ്ടിരുന്നപ്പോൾ പത്രൊസും അവരുടെ ഇടയിൽ ഇരുന്നു.

[56] അവൻ തീയുടെ വെളിച്ചത്തിനരികെ ഇരിക്കുന്നത് ഒരു ബാല്യക്കാരത്തി കണ്ട് അവനെ സൂക്ഷിച്ചുനോക്കി: ഇവനും യേശുവിനോടുകൂടെ ആയിരുന്നു എന്നു പറഞ്ഞു.

[57] അവനോ; സ്ത്രീയേ, ഞാൻ അവനെ അറിയുന്നില്ല എന്നു തള്ളിപ്പറഞ്ഞു.

[58] കുറച്ച് കഴിഞ്ഞപ്പോൾ മറ്റൊരുവൻ അവനെ കണ്ട്: നീയും അവരുടെ കൂട്ടത്തിലുള്ളവൻ എന്നു പറഞ്ഞു; പത്രൊസോ: മനുഷ്യാ, ഞാൻ അല്ല എന്നു പറഞ്ഞു.

[59] ഏകദേശം ഒരു മണിക്കൂർ നേരം കഴിഞ്ഞപ്പോൾ വേറൊരുവൻ: ഇവനും അവനോടുകൂടെ ആയിരുന്നു സത്യം; ഇവൻ ഗലീലക്കാരനല്ലോ എന്നു ഉറപ്പിച്ചു പറഞ്ഞു.

[60] മനുഷ്യാ, നീ പറയുന്നത് എനിക്ക് മനസ്സിലാകുന്നില്ല എന്നു പത്രൊസ് പറഞ്ഞു. അവൻ സംസാരിക്കുമ്പോൾ തന്നേ പെട്ടെന്ന് കോഴി കൂകി.

[61] അപ്പോൾ കർത്താവ് തിരിഞ്ഞു പത്രൊസിനെ ഒന്ന് നോക്കി: ഇന്ന് കോഴി കൂകുംമുമ്പെ നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും എന്നു കർത്താവ് തന്നോട് പറഞ്ഞവാക്ക് പത്രൊസ് ഓർത്തു

[62] പുറത്തിറങ്ങി അതിദുഃഖത്തോടെ കരഞ്ഞു.

[63] യേശുവിനെ പിടിച്ചവർ അവനെ പരിഹസിച്ചു കണ്ണുകെട്ടി തല്ലി:

[64] പ്രവചിക്ക; നിന്നെ അടിച്ചവൻ ആർ എന്നു ചോദിച്ചു

[65] അവർ ദൈവത്തെ നിന്ദിച്ച് യേശുവിനെതിരായി മറ്റു പലകാര്യങ്ങളും പറഞ്ഞു.

[66] രാവിലെ ജനത്തിന്റെ മൂപ്പന്മാരായ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും വന്നുകൂടി അവനെ ന്യായാധിപസംഘത്തിൽ വരുത്തി: നീ ക്രിസ്തു എങ്കിൽ ഞങ്ങളോടു പറക എന്നു പറഞ്ഞു.

[67] അവൻ അവരോട്: ഞാൻ നിങ്ങളോടു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കയില്ല;

[68] ഞാൻ ചോദിച്ചാൽ ഉത്തരം പറയുകയുമില്ല.

[69] എന്നാൽ ഇന്നുമുതൽ മനുഷ്യപുത്രൻ ദൈവശക്തിയുടെ വലത്തുഭാഗത്ത് ഇരിക്കും എന്നു പറഞ്ഞു.

[70] എന്നാൽ നീ ദൈവപുത്രൻ തന്നെ ആകുന്നോ എന്നു എല്ലാവരും ചോദിച്ചതിന്: നിങ്ങൾ പറയുന്നത് ശരി; ഞാൻ ആകുന്നു എന്നു അവൻ പറഞ്ഞു.

[71] അപ്പോൾ അവർ ഇനി സാക്ഷ്യംകൊണ്ട് നമുക്കു എന്ത് ആവശ്യം? അവൻ പറയുന്നത് തന്നേ നമ്മൾ കേട്ടുവല്ലോ എന്നു പറഞ്ഞു.

ലൂക്കോസ് — Chapters