[1] അവൻ യെരിഹോവിൽ പ്രവേശിച്ച് അതിൽകൂടി കടന്നു പോവുകയായിരുന്നു.
[2] അവിടെ ചുങ്കക്കാരിൽ പ്രമാണിയും ധനവാനുമായ സക്കായി എന്നു പേരുള്ള ഒരു മനുഷ്യൻ ഉണ്ടായിരുന്നു.
[3] യേശു ആരാണ് എന്നു കാണ്മാൻ ശ്രമിച്ചു എങ്കിലും അവന് ഉയരം കുറവായിരുന്നത് കൊണ്ട് പുരുഷാരം നിമിത്തം കഴിഞ്ഞില്ല.
[4] അതുകൊണ്ട് അവൻ മുമ്പോട്ടു ഓടി, അവനെ കാണേണ്ടതിന് ഒരു കാട്ടത്തിമേൽ കയറി. യേശു ആ വഴിയായി വരികയായിരുന്നു.
[5] യേശു ആ സ്ഥലത്ത് എത്തിയപ്പോൾ മുകളിലേക്കു നോക്കി: സക്കായിയേ, വേഗം ഇറങ്ങിവാ; ഇന്ന് ഞാൻ നിന്റെ വീട്ടിൽ താമസിക്കാൻ വരുന്നു എന്നു അവനോട് പറഞ്ഞു.
[6] അവൻ ബദ്ധപ്പെട്ട് ഇറങ്ങി സന്തോഷത്തോടെ യേശുവിനെ സ്വീകരിച്ചു.
[7] അത് കണ്ടവർ എല്ലാം: അവൻ പാപിയായ ഒരു മനുഷ്യനോടു കൂടെ താമസിക്കുവാൻ പോയി എന്നു പറഞ്ഞു പിറുപിറുത്തു.
[8] സക്കായി കർത്താവിനോട്: കർത്താവേ, എന്റെ വസ്തുവകയിൽ പകുതി ഞാൻ ദരിദ്രർക്ക് കൊടുക്കുന്നു; എന്തെങ്കിലും മറ്റുള്ളവരെ ചതിച്ച് വാങ്ങിയിട്ടുണ്ടെങ്കിൽ നാലുമടങ്ങ് തിരിച്ചുക്കൊടുക്കുന്നു എന്നു പറഞ്ഞു.
[9] യേശു അവനോട്: ഇവനും അബ്രാഹാമിന്റെ മകൻ ആകയാൽ ഇന്ന് ഈ വീടിന് രക്ഷ വന്നു.
[10] കാണാതെപോയതിനെ കണ്ടുപിടിച്ചു രക്ഷിക്കാനാണ് മനുഷ്യപുത്രൻ വന്നത് എന്നു പറഞ്ഞു.
[11] പുരുഷാരം ഇതു കേട്ടുകൊണ്ടിരിക്കുമ്പോൾ യേശു യെരൂശലേമിന് അടുത്ത് എത്തി. ദൈവരാജ്യം ഉടനെ പ്രത്യക്ഷമാകും എന്നു അവർ ചിന്തിച്ചു. അതുകൊണ്ട് യേശു അവരോട് ഒരു ഉപമ പറഞ്ഞു:
[12] രാജാവായി മടങ്ങിവരേണം എന്നു വിചാരിച്ചു ഒരു പ്രഭു ദൂരദേശത്തേക്ക് യാത്രപോയി.
[13] അവൻ പത്തു ദാസന്മാരെ വിളിച്ചു അവർക്ക് പത്തുറാത്തൽ വെള്ളി കൊടുത്തു ഞാൻ വരുന്നതുവരെ അവയുമായി വ്യാപാരം ചെയ്യുക എന്നു അവരോട് പറഞ്ഞു.
[14] അവന്റെ പ്രജകൾക്ക് അവനോട് താല്പര്യമില്ലായിരുന്നു. അതുകൊണ്ട് അവന്റെ പിന്നാലെ പ്രതിനിധികളെ അയച്ചിട്ട് അവൻ ഞങ്ങൾക്കു രാജാവായിരിക്കുന്നതു ഞങ്ങൾക്കു സമ്മതമല്ല എന്നു അറിയിപ്പിച്ചു.
[15] അവൻ രാജാവായി തിരിച്ചുവന്നപ്പോൾ താൻ പണം കൊടുത്തിരുന്ന ദാസന്മാർ വ്യാപാരം ചെയ്തു എന്ത് നേടി എന്നു അറിയേണ്ടതിന് അവരെ വിളിക്കുവാൻ കല്പിച്ചു.
[16] ഒന്നാമത്തെ ആൾ അടുത്തുവന്നു; കർത്താവേ, നീ തന്ന റാത്തൽകൊണ്ടു പത്തുറാത്തൽ സമ്പാദിച്ചിരിക്കുന്നു എന്നു പറഞ്ഞു.
[17] അവൻ അവനോട്: വളരെ നല്ലത്. നീ ഒരു നല്ല ദാസൻ ആകുന്നു. ചെറിയ കാര്യങ്ങളിൽ നീ വിശ്വസ്തൻ ആയതുകൊണ്ട് പത്തു പട്ടണത്തിന് അധികാരമുള്ളവൻ ആയിരിക്ക എന്നു കല്പിച്ചു.
[18] രണ്ടാമത്തെ ആൾ വന്നു: കർത്താവേ, നീ തന്ന റാത്തൽകൊണ്ടു അഞ്ച് റാത്തൽ സമ്പാദിച്ചിരിക്കുന്നു എന്നു പറഞ്ഞു.
[19] നീയും അഞ്ച് പട്ടണത്തിന് അധികാരമുള്ളവൻ ആയിരിക്ക എന്നു അവൻ അവനോട് കല്പിച്ചു.
[20] മറ്റൊരാൾ വന്നു: കർത്താവേ, ഇതാ നിന്റെ റാത്തൽ; ഞാൻ അത് ഒരു തൂവാലയിൽ പൊതിഞ്ഞു വെച്ചിരുന്നു.
[21] നീ വെയ്ക്കാത്തത് എടുക്കുകയും വിതയ്ക്കാത്തത് കൊയ്യുകയും ചെയ്യുന്ന കഠിനമനുഷ്യൻ ആകുന്നതുകൊണ്ട് ഞാൻ നിന്നെ ഭയപ്പെട്ടു എന്നു പറഞ്ഞു.
[22] അവൻ അവനോട്: ദുഷ്ടനായ ദാസനേ, നിന്റെ വാക്കുകൾ കൊണ്ടുതന്നേ ഞാൻ നിന്നെ ന്യായംവിധിക്കും. ഞാൻ വെയ്ക്കാത്തത് എടുക്കുകയും വിതയ്ക്കാത്തത് കൊയ്യുകയും ചെയ്യുന്ന കഠിനമനുഷ്യൻ എന്നു നീ അറിഞ്ഞുവല്ലോ.
[23] ഞാൻ വന്നു എന്റെ ദ്രവ്യം പലിശയോടുകൂടെ വാങ്ങിക്കേണ്ടതിന് അത് നാണ്യപീഠത്തിൽ ഏല്പിക്കാഞ്ഞത് എന്ത്?
[24] പിന്നെ അവൻ അരികെ നില്ക്കുന്നവരോട്: ആ റാത്തൽ അവന്റെ പക്കൽ നിന്നു എടുത്തു പത്തു റാത്തലുള്ളവന് കൊടുക്കുവിൻ എന്നു പറഞ്ഞു.
[25] കർത്താവേ, അവന് പത്തു റാത്തൽ ഉണ്ടല്ലോ എന്നു അവർ പറഞ്ഞു.
[26] ഉള്ളവന് പിന്നെയും കൊടുക്കും, ഇല്ലാത്തവനോട് ഉള്ളതുംകൂടെ എടുത്തുകളയും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
[27] എന്നാൽ ഞാൻ രാജാവ് ആകുന്നതു സമ്മതമില്ലാത്ത ശത്രുക്കളായവരെ ഇവിടെ കൊണ്ടുവന്നു എന്റെ മുമ്പിൽവച്ചു കൊന്നുകളയുവിൻ എന്ന് അവൻ കല്പിച്ചു.
[28] ഇതു പറഞ്ഞിട്ട് യേശു യെരൂശലേമിലേക്ക് അവർക്ക് മുമ്പായി യാത്രചെയ്തു.
[29] അവൻ ഒലിവുമലയരികെ ബേത്ത്ഫഗയ്ക്കും ബേഥാന്യയ്ക്കും സമീപെ എത്തിയപ്പോൾ ശിഷ്യന്മാരിൽ രണ്ടുപേരെ അയച്ചു:
[30] നിങ്ങൾക്ക് എതിരെയുള്ള ഗ്രാമത്തിൽ ചെല്ലുവിൻ; അവിടെ എത്തുമ്പോൾ ആരും ഒരിക്കലും കയറിയിട്ടില്ലാത്ത ഒരു കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നത് കാണും; അതിനെ അഴിച്ച് കൊണ്ടുവരുവിൻ.
[31] അതിനെ അഴിക്കുന്നത് എന്തിന് എന്നു ആരെങ്കിലും നിങ്ങളോടു ചോദിച്ചാൽ: കർത്താവിന് ഇതിനെക്കൊണ്ട് ആവശ്യം ഉണ്ട് എന്നു പറവിൻ എന്നു പറഞ്ഞു.
[32] യേശു അയച്ച ആ രണ്ടു ശിഷ്യന്മാർ പോയി തങ്ങളോട് പറഞ്ഞതുപോലെ കണ്ട്.
[33] കഴുതക്കുട്ടിയെ അഴിക്കുമ്പോൾ അതിന്റെ ഉടമസ്ഥൻ: കഴുതക്കുട്ടിയെ അഴിക്കുന്നത് എന്തിന് എന്നു ചോദിച്ചതിന്:
[34] കർത്താവിന് ഇതിനെക്കൊണ്ട് ആവശ്യം ഉണ്ട് എന്നു അവർ പറഞ്ഞു.
[35] അതിനെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു അവരുടെ വസ്ത്രം കഴുതക്കുട്ടിമേൽ ഇട്ട് യേശുവിനെ കയറ്റി.
[36] അവൻ പോകുമ്പോൾ അവർ തങ്ങളുടെ വസ്ത്രം വഴിയിൽ വിരിച്ചു.
[37] യേശു ഒലിവുമലയുടെ ഇറക്കത്തിന് അടുത്തപ്പോൾ ശിഷ്യന്മാർ എല്ലാം തങ്ങൾ കണ്ട സകല വീര്യപ്രവൃത്തികളെയും കുറിച്ച് സന്തോഷിച്ച് അത്യുച്ചത്തിൽ ദൈവത്തെ പുകഴ്ത്തി:
[38] കർത്താവിന്റെ നാമത്തിൽ വരുന്ന രാജാവ് അനുഗ്രഹിക്കപ്പെട്ടവൻ; സ്വർഗ്ഗത്തിൽ സമാധാനവും അത്യുന്നതങ്ങളിൽ മഹത്വവും എന്നു പറഞ്ഞു.
[39] പുരുഷാരത്തിൽ ചില പരീശന്മാർ അവനോട്: ഗുരോ, നിന്റെ ശിഷ്യന്മാരെ ശാസിക്കുക എന്നു പറഞ്ഞു.
[40] അതിന് അവൻ: ഇവർ മിണ്ടാതിരുന്നാൽ കല്ലുകൾ ആർത്തുവിളിക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു എന്നു ഉത്തരം പറഞ്ഞു.
[41] അവൻ യെരുശലേം നഗരത്തിന് സമീപെ എത്തിയപ്പോൾ അതിനെ കണ്ട് അതിൽ താമസിക്കുന്ന ജനങ്ങളെ ഓർത്തു കരഞ്ഞു:
[42] ഈ ദിവസമെങ്കിലും നിനക്ക് സമാധാനം ലഭിക്കുന്നതു എങ്ങനെ എന്നു നീ അറിഞ്ഞ് എങ്കിൽ കൊള്ളാമായിരുന്നു. എന്നാൽ അത് നിന്റെ കണ്ണിന് മറഞ്ഞിരിക്കുന്നു.
[43] നിന്റെ സന്ദർശനകാലം നിനക്ക് അറിയില്ല. അതുകൊണ്ട് നിന്റെ ശത്രുക്കൾ നിനക്ക് ചുറ്റും ഒരു തടസ്സം ഉണ്ടാക്കി നിന്നെ വളഞ്ഞു നാല് വശത്ത് നിന്നും ഞെരുക്കി,
[44] നിന്നെയും ഇവിടെ താമസിക്കുന്ന ജനങ്ങളെയും നിലത്തു തള്ളിയിട്ട്, അങ്ങനെ നിന്നിൽ കല്ലിന്മേൽ കല്ല് ശേഷിപ്പിക്കാതിരിക്കുന്ന കാലം നിനക്ക് വരും.
[45] പിന്നെ അവൻ ദൈവാലയത്തിൽ ചെന്ന് അവിടെ കച്ചവടം നടത്തിയവരെ പുറത്താക്കി:
[46] എന്റെ ആലയം പ്രാർത്ഥനാലയം ആകും എന്നു എഴുതിയിരിക്കുന്നു; നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹ ആക്കിത്തീർത്തിരിക്കുന്നു എന്ന് അവരോട് പറഞ്ഞു.
[47] അവൻ എല്ലാ ദിവസവും ദൈവാലയത്തിൽ ഉപദേശിച്ചുകൊണ്ടിരുന്നു; എന്നാൽ മഹാപുരോഹിതരും ശാസ്ത്രികളും ജനത്തിൽ പ്രധാനികളായവരും അവനെ നശിപ്പിപ്പാൻ അവസരം നോക്കി.
[48] എങ്കിലും ജനം എല്ലാം വളരെ ശ്രദ്ധയോടെ അവന്റെ വചനം കേട്ട് കൊണ്ടിരിക്കുകയാൽ എന്ത് ചെയ്യേണം എന്നവർ അറിഞ്ഞില്ല.