Skip to content
Opens in a new window
Listen to this chapter • 6:44

[1] തിബര്യാസ് കൈസരുടെ ഭരണത്തിന്റെ പതിനഞ്ചാം വർഷത്തിൽ, പൊന്തിയൊസ് പീലാത്തോസ് യെഹൂദ്യയിലെ ഗവർണ്ണർ ആയിരുന്നു. ഹെരോദാവ് ഗലീലയിലും, അവന്റെ സഹോദരനായ ഫിലിപ്പൊസ് ഇതുര്യ, ത്രഖോനിത്തി ദേശങ്ങളിലും, ലുസാന്യാസ് അബിലേനയിലും ഇടപ്രഭുക്കന്മാർ ആയിരുന്നു.

[2] അന്നത്തെ മഹാപുരോഹിതന്മാരായ ഹന്നാവിന്റേയും കയ്യഫാവിന്റേയും കാലത്തായിരുന്നു സെഖര്യാവിന്റെ മകനായ യോഹന്നാന് മരുഭൂമിയിൽവച്ച് ദൈവത്തിന്റെ അരുളപ്പാട് ഉണ്ടായത്.

[3] അവൻ യോർദ്ദാനരികെയുള്ള നാട്ടിൽ ഒക്കെയും ചെന്ന് പാപമോചനത്തിനായുള്ള മാനസാന്തരസ്നാനം പ്രസംഗിച്ചു.

[4] “മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ ശബ്ദമാണിത്: കർത്താവിന്റെ വഴി ഒരുക്കുവിൻ; അവന്റെ പാത നിരപ്പാക്കുവിൻ.

[5] എല്ലാ താഴ്‌വരകളും നികന്നുവരും; എല്ലാ മലയും കുന്നും താഴുകയും നിരപ്പാവുകയും ചെയ്യും; വളഞ്ഞതു നേരെയാവുകയും ദുർഘടമായത് നിരന്ന വഴിയായും തീരും;

[6] സകലമനുഷ്യരും ദൈവത്തിന്റെ രക്ഷയെ കാണും” എന്നിങ്ങനെ യെശയ്യാപ്രവാചകന്റെ പുസ്തകത്തിൽ എഴുതിയിരിക്കുന്നത് പോലെ സംഭവിച്ചു.

[7] തന്നിൽ നിന്നു സ്നാനം ഏൽക്കുവാൻ വന്ന പുരുഷാരത്തോട് യോഹന്നാൻ പറഞ്ഞത്: വിഷമുള്ള പാമ്പുകളെ പോലെ ദുഷ്ടത പ്രവർത്തിക്കുന്നവരാണു നിങ്ങൾ. വരുവാനുള്ള കോപത്തിൽ നിന്നു ഒഴിഞ്ഞുപോകുവാൻ നിങ്ങൾക്ക് സാധ്യമല്ല.

[8] മാനസാന്തരത്തിന് യോഗ്യമായ ഫലം കായ്പിൻ. അബ്രാഹാം ഞങ്ങൾക്കു പിതാവായിട്ടുണ്ട് എന്നു അഭിമാനിക്കുന്നതുകൊണ്ട് ഈ ശിക്ഷാവിധിയിൽ നിന്നു ഒഴിഞ്ഞുപോകുവാൻ സാധ്യമല്ല; കാരണം അബ്രാഹാമിന് ഈ കല്ലുകളിൽ നിന്നു മക്കളെ ഉല്പാദിപ്പിക്കുവാൻ ദൈവത്തിന് കഴിയും എന്നു ഞാൻ നിങ്ങളോടു പറയുന്നു.

[9] വൃക്ഷങ്ങളുടെ ചുവട്ടിന് കോടാലി വെച്ചിരിക്കുന്ന ഒരു മനുഷ്യനെ പോലെയാകുന്നു ദൈവം; നല്ലഫലം കായ്ക്കാത്ത വൃക്ഷം എല്ലാം വെട്ടി തീയിൽ ഇട്ടുകളയുന്നു.

[10] എന്നാൽ ഞങ്ങൾ എന്ത് ചെയ്യേണം എന്നു പുരുഷാരം അവനോട് ചോദിച്ചു.

[11] അതിന് ഉത്തരമായി അവൻ: രണ്ടു വസ്ത്രമുള്ളവൻ ഇല്ലാത്തവന് കൊടുക്കട്ടെ; ഭക്ഷണസാധനങ്ങൾ ഉള്ളവനും തന്നെ ചെയ്യട്ടെ എന്നു ഉത്തരം പറഞ്ഞു.

[12] ചുങ്കക്കാരും സ്നാനം ഏൽക്കുവാൻ വന്നു: ഗുരോ, ഞങ്ങൾ എന്തുചെയ്യണം എന്നു അവനോട് ചോദിച്ചു.

[13] നിങ്ങളോടു റോമാ ഭരണകൂടം കല്പിച്ചതിൽ അധികം ഒന്നും പിരിക്കരുത് എന്നു അവൻ പറഞ്ഞു.

[14] പടയാളികൾ അവനോട്: ഞങ്ങളെക്കുറിച്ച് എന്ത് പറയുന്നു? ഞങ്ങൾ എന്ത് ചെയ്യേണം എന്നു ചോദിച്ചതിന്: ആരെയും നിര്‍ബ്ബന്ധിച്ചു പണം വാങ്ങരുത്. ആരുടെ കയ്യിൽനിന്നും ചതിവായി ഒന്നും വാങ്ങരുത്. നിങ്ങളുടെ ശമ്പളം കൊണ്ട് തൃപ്തിപ്പെടുക എന്നു അവരോട് പറഞ്ഞു.

[15] എന്നാൽ ജനമെല്ലാം ക്രിസ്തു വരുമെന്നു പ്രതീക്ഷിച്ചിരുന്നു; അതുകൊണ്ട് അവൻ ക്രിസ്തുവോ എന്നു എല്ലാവരും ഹൃദയത്തിൽ യോഹന്നാനെക്കുറിച്ച് വിചാരിച്ചു.

[16] യോഹന്നാൻ എല്ലാവരോടും ഉത്തരം പറഞ്ഞത്: ഞാൻ നിങ്ങളെ വെള്ളംകൊണ്ട് സ്നാനം കഴിപ്പിക്കുന്നു; എന്നാൽ എന്നിലും ബലവാനായവൻ വരുന്നു; അവന്റെ ചെരിപ്പിന്റെ വാറ് അഴിക്കുവാൻ പോലും എനിക്ക് യോഗ്യതയില്ല; അവൻ നിങ്ങളെ പരിശുദ്ധാത്മാവുകൊണ്ടും തീകൊണ്ടും സ്നാനം കഴിപ്പിക്കും.

[17] അവന്റെ കയ്യിൽ വീശുമുറം ഉണ്ട്; അവൻ കളത്തെ മുഴുവനും വൃത്തിയാക്കി ഗോതമ്പു കളപ്പുരയിൽ ശേഖരിച്ചുവെക്കുകയും പതിർ കെടാത്ത തീയിൽ ഇട്ട് ചുട്ടുകളകയും ചെയ്യും.

[18] ഇതുപോലെ മറ്റുപല ഉപദേശങ്ങളാൽ അവൻ ജനത്തോടു സുവിശേഷം അറിയിച്ചു.

[19] എന്നാൽ ഇടപ്രഭുവായ ഹെരോദാവ് സഹോദരന്റെ ഭാര്യ ഹെരോദ്യയെ വിവാഹം ചെയ്തതിനാലും മറ്റുപല ദോഷങ്ങൾ ചെയ്തതിനാലും യോഹന്നാൻ അവനെ കുറ്റപ്പെടുത്തി.

[20] അതിനാൽ ഹെരോദാവ് അവനെ തടവിൽ ആക്കി.

[21] അങ്ങനെ യോഹന്നാനോടൊപ്പം ഉണ്ടായിരുന്ന ജനം എല്ലാം സ്നാനം ഏറ്റുകൊണ്ടിരുന്നപ്പോൾ യേശുവും സ്നാനം ഏറ്റു. യേശു പ്രാർത്ഥിക്കുമ്പോൾ സ്വർഗ്ഗം തുറന്നു,

[22] പരിശുദ്ധാത്മാവ് പ്രാവിന്റെ രൂപത്തിൽ അവന്റെമേൽ ഇറങ്ങിവന്നു. നീ എന്റെ പ്രിയപുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽനിന്നു ഒരു ശബ്ദവും ഉണ്ടായി.

[23] യേശു തന്റെ ശുശ്രൂഷ ആരംഭിക്കുമ്പോൾ ഏകദേശം മുപ്പത് വയസ്സായിരുന്നു. അവൻ യോസഫിന്റെ മകൻ എന്നു ജനം വിചാരിച്ചു;

[24] യോസഫ് ഹേലിയുടെ മകൻ, ഹേലി മത്ഥാത്തിന്റെ മകൻ, മത്ഥാത്ത് ലേവിയുടെ മകൻ, ലേവി മെല്ക്കിയുടെ മകൻ, മെല്ക്കി യന്നായിയുടെ മകൻ, യന്നായി

[25] യോസഫിന്റെ മകൻ, യോസഫ് മത്തഥ്യൊസിന്റെ മകൻ, മത്തഥ്യൊസ് ആമോസിന്റെ മകൻ, ആമോസ് നാഹൂമിന്റെ മകൻ, നാഹൂം എസ്ളിയുടെ മകൻ, എസ്ളി നഗ്ഗായിയുടെ മകൻ,

[26] നഗ്ഗായി മയാത്തിന്റെ മകൻ, മയാത്ത് മത്തഥ്യൊസിന്റെ മകൻ, മത്തഥ്യൊസ് ശെമയിയുടെ മകൻ, ശെമയി യോസഫിന്റെ മകൻ, യോസഫ് യോദയുടെ മകൻ,

[27] യോദാ യോഹന്നാന്റെ മകൻ, യോഹന്നാൻ രേസയുടെ മകൻ, രേസ സെരുബ്ബാബേലിന്റെ മകൻ, സൊരൊബാബേൽ ശെയല്തീയേലിന്റെ മകൻ, ശെയല്തീയേൽ നേരിയുടെ മകൻ,

[28] നേരി മെൽക്കിയുടെ മകൻ, മെൽക്കി അദ്ദിയുടെ മകൻ, അദ്ദി കോസാമിന്റെ മകൻ, കോസാം എല്മാദാമിന്റെ മകൻ, എല്മാദാം ഏരിന്റെ മകൻ,

[29] ഏർ യോശുവിന്റെ മകൻ, യോശു എലീയേസരിന്റെ മകൻ, എലീയേസർ യോരീമിന്റെ മകൻ, യോരീം മത്ഥാത്തിന്റെ മകൻ, മത്ഥാത്ത് ലേവിയുടെ മകൻ,

[30] ലേവി ശിമ്യോന്റെ മകൻ, ശിമ്യോൻ യെഹൂദയുടെ മകൻ, യെഹൂദാ യോസഫിന്റെ മകൻ, യോസഫ് യോനാമിന്റെ മകൻ, യോനാം എല്യാക്കീമിന്റെ മകൻ,

[31] എല്യാക്കീം മെല്യാവിന്റെ മകൻ, മെല്യാവു മെന്നയുടെ മകൻ, മെന്നാ മത്തഥയുടെ മകൻ, മത്തഥാ നാഥാന്റെ മകൻ, നാഥാൻ ദാവീദിന്റെ മകൻ,

[32] ദാവീദ് യിശ്ശായിയുടെ മകൻ, യിശ്ശായി ഓബേദിന്റെ മകൻ, ഓബേദ് ബോവസിന്റെ മകൻ, ബോവസ് സല്മോന്റെ മകൻ, സല്മോൻ നഹശോന്റെ മകൻ,

[33] നഹശോൻ അമ്മീനാദാബിന്റെ മകൻ, അമ്മീനാദാബ് അരാമിന്റെ മകൻ, അരാം ഹെസ്രോന്റെ മകൻ, ഹെസ്രോൻ പാരെസിന്റെ മകൻ, പാരെസ് യെഹൂദയുടെ മകൻ,

[34] യെഹൂദാ യാക്കോബിന്റെ മകൻ, യാക്കോബ് യിസ്ഹാക്കിന്റെ മകൻ, യിസ്ഹാക്ക് അബ്രാഹാമിന്റെ മകൻ, അബ്രാഹാം തേരഹിന്റെ മകൻ,

[35] തേരഹ് നാഹോരിന്റെ മകൻ, നാഹോർ സെരൂഗിന്റെ മകൻ, സെരൂഗ് രെഗുവിന്റെ മകൻ, രെഗു ഫാലെഗിന്റെ മകൻ, ഫാലെഗ് ഏബെരിന്റെ മകൻ, ഏബെർ ശലാമിന്റെ മകൻ, ശലാം കയിനാന്റെ മകൻ,

[36] കയിനാൻ അർഫക്സാദിന്റെ മകൻ, അർഫക്സാദ് ശേമിന്റെ മകൻ, ശേം നോഹയുടെ മകൻ, നോഹ ലാമേക്കിന്റെ മകൻ,

[37] ലാമേക്ക് മെഥൂശലയുടെ മകൻ, മെഥൂശലാ ഹാനോക്കിന്റെ മകൻ, ഹാനോക്ക് യാരെദിന്റെ മകൻ, യാരെദ് മലെല്യേലിന്റെ മകൻ, മലെല്യേൽ കയിനാന്റെ മകൻ,

[38] കയിനാൻ എനോശിന്റെ മകൻ, എനോശ് ശേത്തിന്റെ മകൻ, ശേത്ത് ആദാമിന്റെ മകൻ, ആദാം ദൈവത്തിന്റെ മകൻ.

ലൂക്കോസ് — Chapters