Skip to content
Opens in a new window
Listen to this chapter • 5:47

[1] ഒരു ദിവസം അവൻ ഗന്നേസരത്ത് തടാകത്തിന്റെ കരയിൽ നില്ക്കുമ്പോൾ, പുരുഷാരം ദൈവവചനം കേൾക്കുന്നതിന് വേണ്ടി അവന്റെ ചുറ്റും കൂടി.

[2] രണ്ടു പടക് കരയുടെ അടുത്തു നില്ക്കുന്നതു അവൻ കണ്ട്; അവയിൽ നിന്നു മീൻ പിടിക്കുന്നവർ ഇറങ്ങി വല കഴുകുകയായിരുന്നു.

[3] അതിൽ ശിമോന്റെ പടകിൽ അവൻ കയറി. കരയിൽ നിന്നു വെള്ളത്തിലേക്ക് അല്പം നീക്കേണം എന്നു അവനോട് അപേക്ഷിച്ചു; അവൻ പടകിൽ ഇരുന്നു പുരുഷാരത്തെ ഉപദേശിച്ചു.

[4] പുരുഷാരത്തെ ഉപദേശിച്ചു തീർന്നപ്പോൾ അവൻ ശിമോനോട്: ആഴമുള്ള സ്ഥലത്തേയ്ക്ക് നീക്കി മീൻപിടിക്കാനായി വല ഇറക്കുവിൻ എന്നു പറഞ്ഞു.

[5] അതിന് ശിമോൻ: ഗുരോ, ഞങ്ങൾ രാത്രിമുഴുവനും അദ്ധ്വാനിച്ചിട്ടും ഒന്നും കിട്ടിയില്ല; എങ്കിലും നീ പറഞ്ഞതനുസരിച്ച് ഞാൻ വല ഇറക്കാം എന്നു ഉത്തരം പറഞ്ഞു.

[6] അവർ അങ്ങനെ ചെയ്തപ്പോൾ വളരെ ഏറെ മീൻകൂട്ടം അവർക്ക് ലഭിച്ചു. അവരുടെ വല കീറി പോകാറായി.

[7] അവർ മറ്റെ പടകിലുള്ള കൂട്ടുകാരെ ആംഗ്യം കാണിച്ച് സഹായത്തിന് വിളിച്ചു. അവർ വന്നു രണ്ടു പടകും മുങ്ങുമാറാകുവോളും നിറച്ചു.

[8] ശിമോൻ പത്രൊസ് അത് കണ്ടിട്ട് യേശുവിന്റെ കാല്ക്കൽ മുട്ടുകുത്തി: കർത്താവേ, ഞാൻ പാപിയായ മനുഷ്യൻ ആകുന്നതുകൊണ്ട് എന്നെ വിട്ടുപോകേണമേ എന്നു പറഞ്ഞു.

[9] അന്നത്തെ മീൻപിടുത്തത്തിൽ അവനും അവനോട് കൂടെയുള്ളവരും ആശ്ചര്യപ്പെട്ടിരുന്നു.

[10] അതുപോലെ ശിമോന്റെ കൂട്ടുകാരായ യാക്കോബ്, യോഹന്നാൻ എന്ന സെബെദിമക്കളും ആശ്ചര്യപ്പെട്ടിരുന്നു. യേശു ശിമോനോട്: ഭയപ്പെടേണ്ടാ, ഇന്ന് മുതൽ നീ മനുഷ്യരെ പിടിക്കുന്നവൻ ആകും എന്നു പറഞ്ഞു.

[11] പിന്നെ അവർ പടകുകളെ കരയുടെ അടുത്തേക്ക് അടുപ്പിച്ചിട്ടു സകലവും വിട്ടു അവനെ അനുഗമിച്ചു.

[12] ഒരു ദിവസം, അവൻ ഒരു പട്ടണത്തിൽ ഇരിക്കുമ്പോൾ കുഷ്ഠം നിറഞ്ഞ ഒരു മനുഷ്യൻ യേശുവിനെ കണ്ട് കവിണ്ണുവീണു: കർത്താവേ, നിനക്ക് മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധമാക്കുവാൻ കഴിയും എന്നു അവനോട് അപേക്ഷിച്ചു.

[13] യേശു കൈ നീട്ടി അവനെ തൊട്ടു: എനിക്ക് മനസ്സുണ്ട്; ശുദ്ധമാക എന്നു പറഞ്ഞു. ഉടനെ കുഷ്ഠം അവനെ വിട്ടുമാറി.

[14] യേശു അവനോട്: ഇതു ആരോടും പറയരുത്; എന്നാൽ പോയി നിന്നെത്തന്നെ പുരോഹിതന് കാണിച്ചു കൊടുക്കുക, അവർക്ക് സാക്ഷ്യത്തിനായി മോശെ കല്പിച്ചതുപോലെ നിന്റെ ശുദ്ധീകരണത്തിനുള്ള വഴിപാട് അർപ്പിക്ക എന്നു അവനോട് കല്പിച്ചു.

[15] എന്നാൽ യേശുവിനെക്കുറിച്ചുള്ള വാർത്ത ധാരാളം ആളുകൾ അറിയുവാൻ തുടങ്ങി. വളരെ പുരുഷാരം വചനം കേൾക്കേണ്ടതിനും, തങ്ങളുടെ രോഗങ്ങൾക്കു സൌഖ്യം കിട്ടേണ്ടതിനും അവന്റെ അടുക്കൽ വന്നു.

[16] അവനോ ഏകാന്തമായ സ്ഥലങ്ങളിലേയ്ക്ക് പിൻവാങ്ങിപ്പോയി പ്രാർത്ഥിച്ചുകൊണ്ടിരുന്നു.

[17] ഒരു ദിവസം അവൻ ഉപദേശിക്കുമ്പോൾ, ഗലീലയിലും യെഹൂദ്യയിലുമുള്ള സകലഗ്രാമത്തിൽനിന്നും, യെരൂശലേമിൽ നിന്നും വന്ന പരീശന്മാരും ന്യായശാസ്ത്രിമാരും അവിടെ ഇരുന്നിരുന്നു. സൌഖ്യമാക്കുവാൻ കർത്താവിന്റെ ശക്തി അവനോടുകൂടെ ഉണ്ടായിരുന്നു.

[18] അപ്പോൾ ചില ആളുകൾ പക്ഷവാതം പിടിച്ച ഒരു മനുഷ്യനെ കിടക്കയിൽ എടുത്തുകൊണ്ടുവന്നു; അവനെ അകത്ത് കൊണ്ടുചെന്ന് അവന്റെ മുമ്പിൽ കിടത്തുവാൻ ശ്രമിച്ചു.

[19] പുരുഷാരം കാരണം അവനെ അകത്ത് കൊണ്ടുചെല്ലുവാൻ വഴി കണ്ടില്ല. അതുകൊണ്ട് അവർ വീടിന്റെ മുകളിൽ കയറി ഓടു നീക്കി അവനെ കിടക്കയോടെ യേശുവിന്റെ മുമ്പിൽ ഇറക്കിവച്ചു.

[20] യേശു അവരുടെ വിശ്വാസം കണ്ടിട്ട്: മനുഷ്യാ, നിന്റെ പാപങ്ങൾ മോചിച്ചു തന്നിരിക്കുന്നു എന്നു പറഞ്ഞു.

[21] ശാസ്ത്രികളും പരീശരും: ഇവൻ ദൈവദൂഷണം പറയുന്നു, ദൈവത്തിന് അല്ലാതെ പാപങ്ങളെ മോചിക്കുവാൻ മറ്റാർക്കും കഴിയില്ല എന്ന് ചിന്തിച്ചുതുടങ്ങി.

[22] യേശു അവരുടെ ചിന്തകളെ അറിഞ്ഞ് അവരോട്: നിങ്ങൾ ഹൃദയത്തിൽ ചിന്തിക്കുന്നത് എന്ത്?

[23] നിന്റെ പാപങ്ങൾ മോചിച്ചു തന്നിരിക്കുന്നു എന്നു പറയുന്നതോ, എഴുന്നേറ്റ് നടക്ക എന്നു പറയുന്നതോ ഏതാകുന്നു എളുപ്പം എന്നു ചോദിച്ചു.

[24] എങ്കിലും ഭൂമിയിൽ പാപങ്ങളെ മോചിക്കുവാൻ മനുഷ്യപുത്രന് അധികാരം ഉണ്ട് എന്നു നിങ്ങൾ അറിയേണ്ടതിന് അവൻ പക്ഷവാതക്കാരനോട്: എഴുന്നേറ്റ് നിന്റെ കിടക്ക എടുത്തു വീട്ടിലേക്ക് പോക എന്നു ഞാൻ നിന്നോട് പറയുന്നു എന്നു പറഞ്ഞു.

[25] ഉടനെ എല്ലാവരും കാൺകെ അവൻ എഴുന്നേറ്റ്, താൻ കിടന്നിരുന്ന കിടക്ക എടുത്തു ദൈവത്തെ മഹത്വീകരിച്ചുംകൊണ്ട് വീട്ടിലേക്ക് പോയി.

[26] എല്ലാവരും ആശ്ചര്യപ്പെട്ടു, ദൈവത്തെ മഹത്വപ്പെടുത്തി. അവർ ഭയം നിറഞ്ഞവരായി, “ഇന്ന് നാം അപൂർവകാര്യങ്ങൾ കണ്ട് “എന്നു പറഞ്ഞു.

[27] ഈ സംഭവങ്ങൾക്ക് ശേഷം യേശു അവിടെനിന്നു പോകുമ്പോൾ, ലേവി എന്നു പേരുള്ള ഒരു നികുതി പിരിവുകാരൻ ചുങ്കസ്ഥലത്ത് ഇരിക്കുന്നത് കണ്ട്; എന്നെ അനുഗമിക്ക എന്നു അവനോട് പറഞ്ഞു.

[28] അവൻ സകലവും വിട്ടു എഴുന്നേറ്റ് അവനെ അനുഗമിച്ചു.

[29] ലേവി തന്റെ വീട്ടിൽ അവന് ഒരു വലിയ വിരുന്നു ഒരുക്കി; അവിടെ നികുതി പിരിവുകാരും വലിയൊരു പുരുഷാരവും അവരോടുകൂടെ ഭക്ഷണം കഴിക്കുവാൻ ഇരുന്നു.

[30] പരീശരും അവരുടെ ശാസ്ത്രികളും അവന്റെ ശിഷ്യന്മാരോട്: നിങ്ങൾ ചുങ്കക്കാരോടും പാപികളോടും കൂടെ തിന്നുകുടിക്കുന്നത് എന്ത് എന്നു പരാതി പറഞ്ഞു

[31] യേശു അവരോട്: ദീനക്കാർക്കല്ലാതെ സൌഖ്യമുള്ളവർക്ക് വൈദ്യനെക്കൊണ്ട് ആവശ്യമില്ല;

[32] ഞാൻ നീതിമാന്മാരെ അല്ല, പാപികളെയാണ് മാനസാന്തരത്തിന് വിളിക്കുവാൻ വന്നിരിക്കുന്നത് എന്നു ഉത്തരം പറഞ്ഞു.

[33] അവർ അവനോട്: യോഹന്നാന്റെ ശിഷ്യന്മാർ ഇടയ്ക്കിടെ ഉപവസിച്ചു പ്രാർത്ഥിക്കുന്നു; പരീശന്മാരുടെ ശിഷ്യന്മാരും അങ്ങനെ തന്നെ ചെയ്യുന്നു; നിന്റെ ശിഷ്യന്മാരോ തിന്നുകയും കുടിക്കുകയും ചെയ്യുന്നു എന്നു പറഞ്ഞു.

[34] യേശു അവരോട്: മണവാളൻ തോഴ്മക്കാരോടുകൂടെ ഉള്ളപ്പോൾ അവരെ ഉപവാസം ചെയ്യിപ്പാൻ കഴിയുമോ?

[35] മണവാളൻ അവരെ വിട്ടുപിരിയുന്ന കാലം വരും; അന്ന്, ആ കാലത്ത്, അവർ ഉപവസിക്കും എന്നു പറഞ്ഞു.

[36] ഒരു ഉപമയും അവരോട് പറഞ്ഞു: ആരും പുതിയവസ്ത്രം കീറിയെടുത്ത് പഴയവസ്ത്രത്തോട് ചേർത്ത് തുന്നുമാറില്ല. തുന്നിയാലോ പുതിയത് കീറുകയും പുതിയ കഷണം പഴയതിനോട് ചേരാതിരിക്കയും ചെയ്യും.

[37] ആരും പുതിയ വീഞ്ഞ് പഴയ തുരുത്തിയിൽ പകരുമാറില്ല, പകർന്നാൽ പുതിയ വീഞ്ഞ് തുരുത്തിയെ പൊളിച്ച് ഒഴുകിപ്പോകും; തുരുത്തിയും നശിച്ചുപോകും;

[38] പുതിയ വീഞ്ഞ് പുതിയ തുരുത്തിയിൽ അത്രേ പകർന്നുവയ്ക്കേണ്ടത്.

[39] പിന്നെ പഴയത് കുടിച്ചിട്ട് ആരും പുതിയത് ഉടനെ ആഗ്രഹിക്കുന്നില്ല; പഴയത് ഏറെ നല്ലത് എന്നു പറയും.

ലൂക്കോസ് — Chapters