Skip to content
Opens in a new window
Listen to this chapter • 6:01

[1] അവർ ഒരുക്കിയ സുഗന്ധവർഗ്ഗം എടുത്തുകൊണ്ട് ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം അതികാലത്ത് കല്ലറയ്ക്കൽ എത്തി,

[2] കല്ലറയിൽ നിന്നു കല്ല് ഉരുട്ടിമാറ്റിയതായി കണ്ട്.

[3] അകത്ത് കടന്നപ്പോൾ കർത്താവായ യേശുവിന്റെ ശരീരം കണ്ടില്ല.

[4] അതിനെക്കുറിച്ച് അവർ അമ്പരന്നിരിക്കുമ്പോൾ മിന്നുന്ന വസ്ത്രം ധരിച്ച രണ്ടു പുരുഷന്മാർ അരികെ നില്ക്കുന്നതു കണ്ട്.

[5] അവർ ഭയപ്പെട്ടു മുഖം കുനിച്ച് നില്ക്കുമ്പോൾ പുരുഷന്മാർ അവരോട്: നിങ്ങൾ ജീവനുള്ളവനെ മരിച്ചവരുടെ ഇടയിൽ അന്വേഷിക്കുന്നത് എന്ത്?

[6] അവൻ ഇവിടെ ഇല്ല, ഉയിർത്തെഴുന്നേറ്റിരിക്കുന്നു;

[7] മുമ്പെ അവൻ ഗലീലയിൽ ആയിരിക്കുമ്പോൾ തന്നേ അവൻ നിങ്ങളോടു: മനുഷ്യപുത്രനെ പാപികളായ മനുഷ്യരുടെ കയ്യിൽ ഏല്പിച്ചു ക്രൂശിക്കയും അവൻ മൂന്നാം നാൾ ഉയിർത്തെഴുന്നേൽക്കുകയും വേണം എന്നു പറഞ്ഞത് ഓർത്തുകൊൾവിൻ എന്നു പറഞ്ഞു

[8] അപ്പോൾ അവർ അവന്റെ വാക്ക് ഓർത്തു,

[9] കല്ലറ വിട്ടു മടങ്ങിപ്പോയി പതിനൊന്നു ശിഷ്യർ മുതലായ എല്ലാവരോടും ഇതു ഒക്കെയും അറിയിച്ചു.

[10] മഗ്ദലക്കാരത്തി മറിയ, യോഹന്നാ, യാക്കോബിന്റെ അമ്മ മറിയ, അവരോടുകൂടെയുള്ള മറ്റു സ്ത്രീകൾ എന്നിവരാണ് അത് അപ്പൊസ്തലന്മാരോട് പറഞ്ഞത്.

[11] ഈ വാക്ക് അവർക്ക് വെറും കഥപോലെ തോന്നി; അതുകൊണ്ട് അവർ വിശ്വസിച്ചില്ല.

[12] എന്നാൽ പത്രൊസ് എഴുന്നേറ്റ് കല്ലറയ്ക്കൽ ഓടിച്ചെന്നു കുനിഞ്ഞുനോക്കി, തുണി മാത്രം കണ്ട്, സംഭവിച്ചതെന്തെന്ന് ആശ്ചര്യപ്പെട്ടു മടങ്ങിപ്പോന്നു.

[13] അന്നുതന്നെ അവരിൽ രണ്ടുപേർ യെരൂശലേമിൽ നിന്നു ഏഴ് നാഴിക ദൂരമുള്ള എമ്മവുസ്സ് എന്ന ഗ്രാമത്തിലേക്ക് പോകുന്ന വഴിയിൽ

[14] ഈ സംഭവിച്ചതിനെക്കുറിച്ച് ഒക്കെയും തമ്മിൽ സംസാരിച്ചുകൊണ്ടിരുന്നു.

[15] സംസാരിച്ചും ചോദിച്ചും കൊണ്ടിരിക്കുമ്പോൾ യേശുവും അടുത്തുചെന്ന് അവരോട് ചേർന്നുനടന്നു.

[16] യേശുവിനെ തിരിച്ചറിയാതിരിക്കാനായി അവരുടെ കണ്ണ് മറച്ചിരുന്നു.

[17] അവൻ അവരോട്: നിങ്ങൾ വഴിനടന്നു തമ്മിൽ തർക്കിക്കുന്ന ഈ കാര്യം എന്ത് എന്നു ചോദിച്ചു; അവർ വാടിയ മുഖത്തോടെ നിന്നു.

[18] അവരിൽ ക്ലെയോപ്പാവ് എന്നു പേരുള്ളവൻ; യെരൂശലേം നിവാസികളിൽ ഈ നാളുകളിൽ അവിടെ സംഭവിച്ച കാര്യം അറിയാതിരിക്കുന്നത് നീ മാത്രം ആകുന്നു പറഞ്ഞു.

[19] ഏത് കാര്യം എന്നു അവൻ അവരോട് ചോദിച്ചതിന് അവർ അവനോട് പറഞ്ഞത്: ദൈവത്തിനും സകലജനത്തിനും മുമ്പാകെ പ്രവൃത്തിയിലും വാക്കിലും ശക്തിയുള്ള പ്രവാചകനായിരുന്ന നസറായനായ യേശുവിനെക്കുറിച്ചുള്ളതു തന്നേ.

[20] നമ്മുടെ മഹാപുരോഹിതന്മാരും പ്രമാണികളും അവനെ മരണവിധിക്കു ഏല്പിച്ചു ക്രൂശിച്ചു.

[21] ഞങ്ങളോ അവൻ യിസ്രായേലിനെ വീണ്ടെടുപ്പാനുള്ളവൻ എന്നു ആശിച്ചിരുന്നു; അത്രയുമല്ല, ഇതു സംഭവിച്ചിട്ട് ഇന്ന് മൂന്നുനാൾ കഴിഞ്ഞു.

[22] ഞങ്ങളുടെ കൂട്ടത്തിൽ ചില സ്ത്രീകൾ രാവിലെ കല്ലറയ്ക്കൽ പോയി

[23] പക്ഷേ അവന്റെ ശരീരം കാണാതെ മടങ്ങിവന്നു. അവൻ ജീവിച്ചിരിക്കുന്നു എന്നു പറഞ്ഞ ദൂതന്മാരുടെ ദർശനം കണ്ട് എന്നു പറഞ്ഞു.

[24] ഞങ്ങളുടെ കൂട്ടത്തിൽ ചിലർ കല്ലറയ്ക്കൽ ചെന്ന് സ്ത്രീകൾ പറഞ്ഞതുപോലെ തന്നേ യേശുവിനെ കണ്ടില്ലതാനും.

[25] അവൻ അവരോട്: “അയ്യോ, ബുദ്ധിഹീനരേ, പ്രവാചകന്മാർ പറഞ്ഞിരിക്കുന്നത് എല്ലാം വിശ്വസിക്കാത്ത മന്ദബുദ്ധികളേ,

[26] ക്രിസ്തു ഇങ്ങനെ കഷ്ടം അനുഭവിച്ചിട്ട് തന്റെ മഹത്വത്തിൽ പ്രവേശിക്കേണ്ടതല്ലയോ” എന്നു പറഞ്ഞു,

[27] മോശെ തുടങ്ങി എല്ലാ പ്രവാചകന്മാരിൽ നിന്നും എല്ലാ തിരുവെഴുത്തുകളിലും തന്നെക്കുറിച്ചുള്ളത് യേശു അവർക്ക് വ്യക്തമാക്കി കൊടുത്തു.

[28] അവർക്ക് പോകേണ്ടിയിരുന്ന ഗ്രാമത്തോട് അടുത്തപ്പോൾ യേശു മുമ്പോട്ടു പോകുന്ന ഭാവം കാണിച്ചു.

[29] അവരോ: ഞങ്ങളോടുകൂടെ താമസിക്കുക; നേരം വൈകി അസ്തമിക്കാറായല്ലോ എന്നു പറഞ്ഞു അവനെ നിര്‍ബ്ബന്ധിച്ചു; അവൻ അവരോടുകൂടെ താമസിക്കുവാൻ ചെന്ന്.

[30] അവരുമായി ഭക്ഷണത്തിന് ഇരിക്കുമ്പോൾ യേശു അപ്പം എടുത്തു അനുഗ്രഹിച്ചു നുറുക്കി അവർക്ക് കൊടുത്തു.

[31] ഉടനെ അവരുടെ കണ്ണ് തുറന്നു അവർ യേശുവിനെ തിരിച്ചറിഞ്ഞു; അവൻ അവർക്ക് അപ്രത്യക്ഷനായി

[32] അവൻ വഴിയിൽ നമ്മോടു സംസാരിച്ചു തിരുവെഴുത്തുകളെ വ്യക്തമാക്കുമ്പോൾ നമ്മുടെ ഹൃദയം നമ്മുടെ ഉള്ളിൽ കത്തിക്കൊണ്ടിരുന്നില്ലയോ എന്നു അവർ തമ്മിൽ പറഞ്ഞു.

[33] അപ്പോൾ തന്നേ അവർ എഴുന്നേറ്റ് യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.

[34] കർത്താവ് നിശ്ചയമായി ഉയിർത്തെഴുന്നേറ്റു ശിമോന് പ്രത്യക്ഷനായി എന്നു കൂടിയിരുന്നു പറയുന്ന പതിനൊന്നു ശിഷ്യരെയും കൂടെയുള്ളവരെയും കണ്ട്.

[35] വഴിയിൽവച്ച് സംഭവിച്ചതും അവൻ അപ്പം നുറുക്കിയപ്പോൾ തങ്ങൾക്കു യേശുവിനെ മനസ്സിലായതും അവർ വിവരിച്ചു പറഞ്ഞു.

[36] ഇങ്ങനെ അവർ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ യേശു അവരുടെ നടുവിൽനിന്നു: നിങ്ങൾക്ക് സമാധാനം എന്നു പറഞ്ഞു.

[37] അവർ ഞെട്ടി ഭയപ്പെട്ടു; ഒരു ഭൂതത്തെ കാണുന്നു എന്നു അവർക്ക് തോന്നി.

[38] അവൻ അവരോട്: നിങ്ങൾ ഭയക്കുന്നതു എന്തിനാണ്? നിങ്ങൾ സംശയിക്കുന്നത് എന്താണ്?

[39] ഞാൻ തന്നെ ആകുന്നു എന്നു എന്റെ കയ്യും കാലും നോക്കി മനസ്സിലാക്കുവിൻ; എന്നെ തൊട്ടുനോക്കുവിൻ; എന്നിൽ കാണുന്നതുപോലെ ഭൂതത്തിന് മാംസവും അസ്ഥിയും ഇല്ലല്ലോ എന്നു പറഞ്ഞു.

[40] ഇങ്ങനെ പറഞ്ഞിട്ട് അവൻ കയ്യും കാലും അവരെ കാണിച്ചു.

[41] അവർ സന്തോഷത്താൽ വിശ്വസിക്കാതെ അതിശയിച്ചു നില്ക്കുമ്പോൾ അവരോട്: ഇവിടെ നിങ്ങളുടെ പക്കൽ തിന്നുവാൻ വല്ലതും ഉണ്ടോ എന്നു ചോദിച്ചു.

[42] അവർ ഒരു കഷണം വറുത്ത മീനും തേൻകട്ടയും അവന് കൊടുത്തു.

[43] യേശു അത് വാങ്ങി അവർ കാൺകെ തിന്നു.

[44] പിന്നെ അവൻ അവരോട്: ഇതാകുന്നു നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ ഞാൻ പറഞ്ഞ വാക്കുകൾ. മോശെയുടെ ന്യായപ്രമാണത്തിലും പ്രവാചകപുസ്തകങ്ങളിലും സങ്കീർത്തനങ്ങളിലും എന്നെക്കുറിച്ച് എഴുതിയിരിക്കുന്നത് ഒക്കെയും നിവൃത്തിയാകേണം എന്നുള്ളത് തന്നേ എന്നു പറഞ്ഞു

[45] തിരുവെഴുത്തുകളെ തിരിച്ചറിയേണ്ടതിന് അവരുടെ ബുദ്ധിയെ തുറന്നു.

[46] ക്രിസ്തു കഷ്ടം അനുഭവിക്കയും മൂന്നാം നാൾ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്ക്കുകയും

[47] അവന്റെ നാമത്തിൽ മാനസാന്തരവും പാപമോചനവും യെരൂശലേമിൽ തുടങ്ങി സകലജാതികളിലും പ്രസംഗിക്കുകയും വേണം എന്നിങ്ങനെ എഴുതിയിരിക്കുന്നു.

[48] ഇതിനു നിങ്ങൾ സാക്ഷികൾ ആകുന്നു.

[49] എന്റെ പിതാവ് വാഗ്ദത്തം ചെയ്തതിനെ ഞാൻ നിങ്ങളുടെമേൽ അയയ്ക്കും. നിങ്ങളോ ഉയരത്തിൽനിന്ന് ശക്തി ലഭിക്കുന്നതു വരെ നഗരത്തിൽ പാർപ്പിൻ എന്നും അവരോട് പറഞ്ഞു.

[50] അതുകഴിഞ്ഞ് അവൻ അവരെ ബേഥാന്യ വരെ കൂട്ടിക്കൊണ്ടുപോയി കൈ ഉയർത്തി അവരെ അനുഗ്രഹിച്ചു.

[51] അവരെ അനുഗ്രഹിക്കയിൽ അവൻ അവരെ വിട്ടുപിരിഞ്ഞു സ്വർഗ്ഗാരോഹണം ചെയ്തു.

[52] അവർ അവനെ നമസ്കരിച്ചു മഹാസന്തോഷത്തോടെ യെരൂശലേമിലേക്കു മടങ്ങിച്ചെന്നു

[53] എല്ലായ്പോഴും ദൈവാലയത്തിൽ ഇരുന്നു ദൈവത്തെ വാഴ്ത്തിപ്പോന്നു.

ലൂക്കോസ് — Chapters