Skip to content
Opens in a new window
Listen to this chapter • 3:34

[1] ദൈവം നോഹയെയും പെട്ടകത്തിൽ ഉള്ള സകലജീവികളെയും സകലമൃഗങ്ങളെയും ഓർത്തു; ദൈവം ഭൂമിമേൽ ഒരു കാറ്റ് അടിപ്പിച്ചു; ജലനിരപ്പ് താഴുവാൻ തുടങ്ങി.

[2] അഗാധത്തിന്റെ ഉറവുകളും ആകാശത്തിന്റെ ജലപ്രവാഹ ജാലകങ്ങളും അടഞ്ഞു; ആകാശത്തുനിന്നുള്ള മഴയും നിന്നു.

[3] വെള്ളം തുടർച്ചയായി ഭൂമിയിൽനിന്നു ഇറങ്ങിക്കൊണ്ടിരുന്നു; നൂറ്റമ്പത് ദിവസം കഴിഞ്ഞശേഷം വെള്ളം കുറഞ്ഞുതുടങ്ങി.

[4] ഏഴാം മാസം പതിനേഴാം തീയതി പെട്ടകം അരാരാത്ത് പർവ്വതത്തിൽ ഉറച്ചു.

[5] പത്താം മാസം വരെ വെള്ളം തുടർച്ചയായി കുറഞ്ഞു; പത്താം മാസം ഒന്നാം തീയതി പർവ്വതശിഖരങ്ങൾ കാണുവാൻ തുടങ്ങി.

[6] നാല്പത് ദിവസം കഴിഞ്ഞശേഷം നോഹ താൻ പെട്ടകത്തിന് ഉണ്ടാക്കിയിരുന്ന കിളിവാതില്‍ തുറന്നു.

[7] അവൻ ഒരു മലങ്കാക്കയെ പുറത്തു വിട്ടു; അത് പുറപ്പെട്ട് ഭൂമിയിൽനിന്ന് വെള്ളം വറ്റിപ്പോയതുവരെ പോയും വന്നും കൊണ്ടിരുന്നു.

[8] ഭൂമുഖത്തുനിന്ന് വെള്ളം കുറഞ്ഞുവോ എന്ന് അറിയേണ്ടതിന് അവൻ ഒരു പ്രാവിനെയും തന്റെ അടുക്കൽനിന്ന് പുറത്തു വിട്ടു.

[9] എന്നാൽ സർവ്വഭൂമുഖത്തും വെള്ളം കിടന്നിരുന്നതിനാൽ പ്രാവ് കാൽ വയ്ക്കുവാൻ സ്ഥലം കാണാതെ അവന്റെ അടുക്കൽ പെട്ടകത്തിലേക്കു മടങ്ങിവന്നു; അവൻ കൈ നീട്ടി അതിനെ പിടിച്ചു തന്റെ അടുക്കൽ പെട്ടകത്തിൽ ആക്കി.

[10] ഏഴ് ദിവസം കഴിഞ്ഞിട്ട് അവൻ വീണ്ടും ആ പ്രാവിനെ പെട്ടകത്തിൽനിന്നു പുറത്തു വിട്ടു.

[11] പ്രാവ് വൈകുന്നേരത്ത് അവന്റെ അടുക്കൽ വന്നു; അതിന്റെ വായിൽ അതാ, ഒരു പച്ച ഒലിവില; അതിനാൽ ഭൂമിയിൽനിന്ന് വെള്ളം കുറഞ്ഞു എന്ന് നോഹ അറിഞ്ഞ്.

[12] പിന്നെയും ഏഴ് ദിവസം കഴിഞ്ഞിട്ട് അവൻ ആ പ്രാവിനെ പുറത്തു വിട്ടു; അത് പിന്നെ അവന്റെ അടുക്കൽ മടങ്ങിവന്നില്ല.

[13] ആറുനൂറ്റൊന്നാം വർഷം ഒന്നാം മാസം ഒന്നാം തീയതി ഭൂമിയിൽനിന്ന് വെള്ളം വറ്റിപ്പോയിരുന്നു; നോഹ പെട്ടകത്തിന്റെ മേൽത്തട്ട് നീക്കി, ഭൂതലം ഉണങ്ങിയിരിക്കുന്നു എന്ന് കണ്ടു.

[14] രണ്ടാം മാസം ഇരുപത്തേഴാം തീയതി ഭൂമി ഉണങ്ങിയിരുന്നു.

[15] ദൈവം നോഹയോട് അരുളിച്ചെയ്തത്:

[16] “നീയും നിന്റെ ഭാര്യയും നിന്നോടുകൂടെയുള്ള പുത്രന്മാരും പുത്രന്മാരുടെ ഭാര്യമാരും പെട്ടകത്തിൽനിന്നു പുറത്തിറങ്ങുവിൻ.

[17] പറവകളും മൃഗങ്ങളും നിലത്ത് ഇഴയുന്ന ഇഴജാതിയുമായ സർവ്വജഡത്തിൽനിന്നും നിന്നോടുകൂടെയുള്ള സകലജീവികളെയും പുറത്ത് കൊണ്ടുവരുക; അവ ഭൂമിയിൽ ധാരാളമായി വർദ്ധിക്കുകയും പെറ്റു പെരുകുകയും ചെയ്യട്ടെ”.

[18] അങ്ങനെ നോഹയും അവനോടുകൂടെയുള്ള അവന്റെ പുത്രന്മാരും അവന്റെ ഭാര്യയും അവന്റെ പുത്രന്മാരുടെ ഭാര്യമാരും പുറത്തിറങ്ങി.

[19] സകലമൃഗങ്ങളും ഇഴജാതികൾ ഒക്കെയും എല്ലാ പറവകളും ഭൂമിയിൽ സഞ്ചരിക്കുന്നതൊക്കെയും ഓരോ ഇനമായി പെട്ടകത്തിന് പുറത്ത് ഇറങ്ങി.

[20] നോഹ യഹോവയ്ക്ക് ഒരു യാഗപീഠം പണിതു, ശുദ്ധിയുള്ള സകലമൃഗങ്ങളിലും ശുദ്ധിയുള്ള എല്ലാപറവകളിലും ചിലത് എടുത്ത് യാഗപീഠത്തിന്മേൽ ഹോമയാഗം അർപ്പിച്ചു.

[21] യഹോവ സൗരഭ്യവാസന മണത്തപ്പോൾ യഹോവ തന്റെ ഹൃദയത്തിൽ പറഞ്ഞത്: “ഞാൻ മനുഷ്യന്റെ നിമിത്തം ഇനി ഭൂമിയെ ശപിക്കയില്ല; മനുഷ്യന്റെ മനസ്സിന്റെ നിരൂപണം ബാല്യംമുതൽ ദോഷമുള്ളത് ആകുന്നു; ഞാൻ ചെയ്തതുപോലെ സകലജീവികളെയും ഇനി നശിപ്പിക്കുകയില്ല.

[22] ഭൂമിയുള്ള കാലത്തോളം വിതയും കൊയ്ത്തും, ശീതവും ഉഷ്ണവും, വേനലും വർഷവും, രാവും പകലും നിന്നുപോകയുമില്ല”.

ഉല്‍പത്തി — Chapters