[1] ഏദോം എന്ന ഏശാവിന്റെ വംശപാരമ്പര്യമാണിത്:
[2] ഏശാവ് ഹിത്യനായ ഏലോന്റെ മകൾ ആദാ, ഹിവ്യനായ സിബെയോന്റെ മകളായ അനായുടെ മകൾ ഒഹൊലീബാ എന്നീ കനാന്യകന്യകമാരെയും
[3] യിശ്മായേലിന്റെ മകളും നെബായോത്തിന്റെ സഹോദരിയുമായ ബാസമത്തിനെയും ഭാര്യമാരായി സ്വീകരിച്ചു.
[4] ആദാ ഏശാവിന് എലീഫാസിനെ പ്രസവിച്ചു; ബാസമത്ത് രെയൂവേലിനെ പ്രസവിച്ചു;
[5] ഒഹൊലീബാമാ യെയൂശിനെയും യലാമിനെയും കോരഹിനെയും പ്രസവിച്ചു; ഇവർ ഏശാവിനു കനാൻദേശത്തുവച്ചു ജനിച്ച പുത്രന്മാർ.
[6] എന്നാൽ ഏശാവ് തന്റെ ഭാര്യമാരെയും പുത്രന്മാരെയും പുത്രിമാരെയും വീട്ടിലുള്ളവരെ എല്ലാവരേയും തന്റെ ആടുമാടുകളെയും സകലമൃഗങ്ങളെയും കനാൻദേശത്തു സമ്പാദിച്ച സമ്പത്തൊക്കെയുംകൊണ്ടു തന്റെ സഹോദരനായ യാക്കോബിന്റെ സമീപത്തുനിന്നു ദൂരെ ഒരു ദേശത്തേക്ക് പോയി.
[7] അവർക്ക് ഒന്നിച്ച് പാർക്കുവാൻ കഴിയാത്തവിധം അവരുടെ സമ്പത്ത് അധികമായിരുന്നു; അവരുടെ ആടുമാടുകൾ നിമിത്തം അവർ പരദേശികളായി പാർത്തിരുന്ന ദേശത്തിന് അവരെ വഹിച്ചുകൂടായിരുന്നു.
[8] അങ്ങനെ ഏദോം എന്നും പേരുള്ള ഏശാവ് സേയീർപർവ്വതത്തിൽ പാർത്തു.
[9] സേയീർപർവ്വതത്തിലുള്ള ഏദോമ്യരുടെ പിതാവായ ഏശാവിന്റെ വംശപാരമ്പര്യം:
[10] ഏശാവിന്റെ പുത്രന്മാരുടെ പേരുകൾ: ഏശാവിന്റെ ഭാര്യയായ ആദായുടെ മകൻ എലീഫാസ്, ഏശാവിന്റെ ഭാര്യയായ ബാസമത്തിന്റെ മകൻ രെയൂവേൽ.
[11] എലീഫാസിന്റെ പുത്രന്മാർ: തേമാൻ, ഓമാർ, സെഫോ, ഗത്ഥാം, കെനസ്.
[12] തിമ്നാ എന്നവൾ ഏശാവിന്റെ മകനായ എലീഫാസിന്റെ വെപ്പാട്ടി ആയിരുന്നു. അവൾ എലീഫാസിന് അമാലേക്കിനെ പ്രസവിച്ചു; ഇവർ ഏശാവിന്റെ ഭാര്യയായ ആദായുടെ പുത്രന്മാർ.
[13] രെയൂവേലിന്റെ പുത്രന്മാർ: നഹത്ത്, സേരഹ്, ശമ്മാ, മിസ്സാ; ഇവർ ഏശാവിന്റെ ഭാര്യയായ ബാസമത്തിന്റെ പുത്രന്മാർ.
[14] സിബെയോന്റെ മകളായ അനായുടെ മകൾ ഒഹൊലീബാമാ എന്ന ഏശാവിന്റെ ഭാര്യയുടെ പുത്രന്മാർ ആരെന്നാൽ: അവൾ ഏശാവിനു യെയൂശ്, യലാം, കോരഹ് എന്നിവരെ പ്രസവിച്ചു.
[15] ഏശാവിന്റെ പുത്രന്മാരിലെ പ്രഭുക്കന്മാർ ആരെന്നാൽ: ഏശാവിന്റെ ആദ്യജാതൻ എലീഫാസിന്റെ പുത്രന്മാർ: തേമാൻപ്രഭു, ഓമാർപ്രഭു, സെഫോപ്രഭു, കെനസ്പ്രഭു,
[16] കോരഹ്പ്രഭു, ഗത്ഥാംപ്രഭു, അമാലേക്പ്രഭു; ഇവർ ഏദോംദേശത്ത് എലീഫാസിൽ നിന്നുത്ഭവിച്ച പ്രഭുക്കന്മാർ; ഇവർ ആദായുടെ പുത്രന്മാർ.
[17] ഏശാവിന്റെ മകനായ രെയൂവേലിന്റെ പുത്രന്മാർ ആരെന്നാൽ: നഹത്ത്പ്രഭു, സേരഹ്പ്രഭു, ശമ്മാപ്രഭു, മിസ്സാപ്രഭു, ഇവർ ഏദോംദേശത്ത് രെയൂവേലിൽനിന്ന് ഉത്ഭവിച്ച പ്രഭുക്കന്മാർ; ഇവർ ഏശാവിന്റെ ഭാര്യ ബാസമത്തിന്റെ പുത്രന്മാർ.
[18] ഏശാവിന്റെ ഭാര്യയായ ഒഹൊലീബാമായുടെ പുത്രന്മാർ ആരെന്നാൽ: യെയൂശ്പ്രഭു, യലാംപ്രഭു, കോരഹ്പ്രഭു; ഇവർ അനായുടെ മകളായി ഏശാവിന്റെ ഭാര്യയായ ഒഹൊലീബാമായിൽ നിന്ന് ഉത്ഭവിച്ച പ്രഭുക്കന്മാർ.
[19] ഇവർ ഏദോം എന്നും പേരുള്ള ഏശാവിന്റെ പുത്രന്മാരും അവരിൽനിന്ന് ഉത്ഭവിച്ച പ്രഭുക്കന്മാരും ആകുന്നു.
[20] ഹോര്യനായ സേയീരിന്റെ പുത്രന്മാരായിരുന്ന ദേശത്തിലെ പൂർവ്വനിവാസികൾ ആരെന്നാൽ: ലോതാൻ, ശോബാൽ, സിബെയോൻ,
[21] അനാ, ദീശോൻ, ഏസെർ, ദീശാൻ; ഇവർ ഏദോംദേശത്ത് സേയീരിന്റെ പുത്രന്മാരായ ഹോര്യപ്രഭുക്കന്മാർ.
[22] ലോതാന്റെ പുത്രന്മാർ ഹോരിയും ഹേമാമും ആയിരുന്നു. ലോതാന്റെ സഹോദരി തിമ്നാ.
[23] ശോബാലിന്റെ പുത്രന്മാർ ആരെന്നാൽ: അൽവാൻ, മാനഹത്ത്, ഏബാൽ, ശെഫോ, ഓനാം.
[24] സിബെയോന്റെ പുത്രന്മാർ: അയ്യാവും അനാവും ആയിരുന്നു; മരുഭൂമിയിൽ തന്റെ അപ്പനായ സിബെയോന്റെ കഴുതകളെ മേയ്ക്കുമ്പോൾ ചൂടുറവുകൾ കണ്ടെത്തിയ അനാ ഇവൻ തന്നെ.
[25] അനാവിന്റെ മക്കൾ ഇവർ: ദീശോനും അനാവിന്റെ മകൾ ഒഹൊലീബാമായും ആയിരുന്നു.
[26] ദീശാന്റെ പുത്രന്മാർ ആരെന്നാൽ: ഹെംദാൻ, എശ്ബാൻ, യിത്രാൻ, കെരാൻ.
[27] ഏസെരിന്റെ പുത്രന്മാർ: ബിൽഹാൻ, സാവാൻ, അക്കാൻ.
[28] ദീശാന്റെ പുത്രന്മാർ ഊസും അരാനും ആയിരുന്നു.
[29] ഹോര്യപ്രഭുക്കന്മാർ ആരെന്നാൽ: ലോതാൻപ്രഭു, ശോബാൽപ്രഭു, സിബെയോൻപ്രഭു, അനാപ്രഭു,
[30] ദീശോൻപ്രഭു, ഏസെർപ്രഭു, ദീശാൻ പ്രഭു; സേയീർദേശത്തിലെ വിവിധഭാഗങ്ങളിലെ വംശക്കാർ അവരുടെ പൂർവ്വപിതാക്കന്മാരായ പ്രഭുക്കന്മാരുടെ പേരിൽ അറിയപ്പെട്ടു.
[31] യിസ്രായേൽമക്കൾക്കു രാജാവുണ്ടാകുന്നതിനു മുമ്പ് ഏദോംദേശത്തു ഭരിച്ച രാജാക്കന്മാർ ആരെന്നാൽ:
[32] ബെയോരിന്റെ പുത്രനായ ബേല ഏദോമിൽ രാജാവായിരുന്നു; അവന്റെ പട്ടണത്തിന് ദിൻഹാബാ എന്നു പേര്.
[33] ബേല മരിച്ചശേഷം ബൊസ്രക്കാരനായ സേരെഹിന്റെ മകൻ യോബാബ് അവന് പകരം രാജാവായി.
[34] യോബാബ് മരിച്ചശേഷം തേമാന്യദേശക്കാരനായ ഹൂശാം അവന് പകരം രാജാവായി.
[35] ഹൂശാം മരിച്ചശേഷം മോവാബ് സമഭൂമിയിൽവച്ചു മിദ്യാനെ തോല്പിച്ച ബദദിന്റെ മകൻ ഹദദ് അവന് പകരം രാജാവായി; അവന്റെ പട്ടണത്തിന് അവീത്ത് എന്നു പേര്.
[36] ഹദദ് മരിച്ചശേഷം മസ്രേക്കക്കാരൻ സമ്ലാ അവനു പകരം രാജാവായി.
[37] സമ്ലാ മരിച്ചശേഷം നദീതീരത്തുള്ള രെഹോബോത്ത് പട്ടണക്കാരനായ ശൌല് അവന് പകരം രാജാവായി.
[38] ശൌല് മരിച്ചശേഷം അക്ബോരിന്റെ മകൻ ബാൽഹാനാൻ അവന് പകരം രാജാവായി.
[39] അക്ബോരിന്റെ മകനായ ബാൽഹാനാൻ മരിച്ചശേഷം ഹദർ അവനു പകരം രാജാവായി. അവന്റെ പട്ടണത്തിന് പാവു എന്നു പേർ. അവന്റെ ഭാര്യക്ക് മെഹേതബേൽ എന്നു പേര്; അവൾ മേസാഹാബിന്റെ മകളായ മത്രേദിന്റെ മകൾ ആയിരുന്നു.
[40] വംശങ്ങളായും കുലങ്ങളായും ഏശാവിൽനിന്ന് ഉത്ഭവിച്ച പ്രഭുക്കന്മാരുടെ പേരുകൾ ഇവയാകുന്നു: തിമ്നാപ്രഭു, അൽവാപ്രഭു, യെഥേത്ത്പ്രഭു, ഒഹൊലീബാമാപ്രഭു;
[41] ഏലാപ്രഭു, പീനോൻപ്രഭു, കെനസ്പ്രഭു, തേമാൻപ്രഭു;
[42] മിബ്സാർപ്രഭു, മഗ്ദീയേൽപ്രഭു, ഈരാംപ്രഭു;
[43] ഇവർ അവകാശമാക്കിയ ദേശത്തുള്ള വാസസ്ഥലങ്ങളുടെ അടിസ്ഥാനത്തിൽ ഏദോമ്യപ്രഭുക്കന്മാർ ഇവർ ആകുന്നു; ഏദോമ്യരുടെ പിതാവ് ഏശാവ് തന്നെ.