[1] അനന്തരം യഹോവ നോഹയോട് കല്പിച്ചതെന്തെന്നാൽ: “നീയും നിന്റെ സർവ്വകുടുംബവുമായി പെട്ടകത്തിൽ പ്രവേശിക്കുക; ഞാൻ നിന്നെ ഈ തലമുറയിൽ എന്റെ മുമ്പാകെ നീതിമാനായി കണ്ടിരിക്കുന്നു.
[2] ശുദ്ധിയുള്ള സകലമൃഗങ്ങളിൽനിന്നും ആണും പെണ്ണുമായി ഏഴു വീതവും, ശുദ്ധിയില്ലാത്ത മൃഗങ്ങളിൽനിന്ന് ആണും പെണ്ണുമായി ഒന്ന് വീതവും,
[3] ആകാശത്തിലെ പറവകളിൽനിന്നും പൂവനും പിടയുമായി ഏഴു ജോഡിയും, ഭൂമിയിലൊക്കെയും അവയുടെ വംശം ജീവനോടെ നിലനിർത്തേണ്ടതിന് നീ ചേർത്തുകൊള്ളണം.
[4] ഇനി ഏഴു ദിവസം കഴിഞ്ഞിട്ട് ഞാൻ ഭൂമിയിൽ നാല്പത് രാവും നാല്പത് പകലും മഴപെയ്യിക്കും; ഞാൻ ഉണ്ടാക്കിയിട്ടുള്ള സകല ജീവജാലങ്ങളെയും ഭൂമിയിൽനിന്ന് നശിപ്പിക്കും”.
[5] യഹോവ തന്നോട് കല്പിച്ചതെല്ലാം നോഹ ചെയ്തു.
[6] ഭൂമിയിൽ ജലപ്രളയം ഉണ്ടായപ്പോൾ നോഹയ്ക്ക് അറുനൂറു വയസ്സായിരുന്നു.
[7] നോഹയും പുത്രന്മാരും അവന്റെ ഭാര്യയും പുത്രന്മാരുടെ ഭാര്യമാരും ജലപ്രളയം നിമിത്തം പെട്ടകത്തിൽ കടന്നു.
[8] ശുദ്ധിയുള്ള മൃഗങ്ങളിൽനിന്നും ശുദ്ധിയില്ലാത്ത മൃഗങ്ങളിൽനിന്നും പറവകളിൽനിന്നും ഭൂമിയിലുള്ള സകല ഇഴജാതിയിൽനിന്നും,
[9] ദൈവം നോഹയോട് കല്പിച്ചപ്രകാരം രണ്ട് വീതം ആണും പെണ്ണുമായി നോഹയുടെ അടുക്കൽ വന്നു പെട്ടകത്തിൽ പ്രവേശിച്ചു.
[10] ഏഴു ദിവസം കഴിഞ്ഞശേഷം ഭൂമിയിൽ ജലപ്രളയം തുടങ്ങി.
[11] നോഹയുടെ ആയുസ്സിന്റെ അറുനൂറാം വർഷത്തിൽ രണ്ടാം മാസം പതിനേഴാം തീയതി, അന്നുതന്നെ ആഴിയുടെ മഹാ ഉറവുകൾ ഒക്കെയും പിളർന്നു; ആകാശത്തിന്റെ ജലപ്രവാഹ ജാലകങ്ങളും തുറന്നു.
[12] നാല്പത് രാവും നാല്പത് പകലും ഭൂമിയിൽ മഴ പെയ്തു.
[13] ആദ്യ ദിവസം തന്നെ നോഹയും നോഹയുടെ പുത്രന്മാരായ ശേമും ഹാമും യാഫെത്തും നോഹയുടെ ഭാര്യയും അവരോടുകൂടെ അവന്റെ പുത്രന്മാരുടെ മൂന്നു ഭാര്യമാരും പെട്ടകത്തിൽ പ്രവേശിച്ചു.
[14] അവരും എല്ലാ ഇനം കാട്ടുമൃഗങ്ങളും എല്ലാ ഇനം കന്നുകാലികളും നിലത്ത് ഇഴയുന്ന എല്ലാ ഇനം ഇഴജാതിയും എല്ലാ ഇനം പറവകളും എല്ലാ ഇനം പക്ഷികളും തന്നെ.
[15] ജീവശ്വാസമുള്ള സർവ്വജഡത്തിൽനിന്നും രണ്ട് വീതം നോഹയുടെ അടുക്കൽ വന്നു പെട്ടകത്തിൽ പ്രവേശിച്ചു.
[16] ദൈവം നോഹയോട് കല്പിച്ചതുപോലെ അകത്ത് പ്രവേശിച്ചവ സർവ്വജീവികളിൽനിന്നും ആണും പെണ്ണുമായി പ്രവേശിച്ചു; യഹോവ വാതിൽ അടച്ചു.
[17] ഭൂമിയിൽ നാല്പത് ദിവസം ജലപ്രളയം ഉണ്ടായി, വെള്ളം വർദ്ധിച്ചു പെട്ടകം പൊങ്ങി, നിലത്തുനിന്ന് ഉയർന്നു.
[18] വെള്ളം പൊങ്ങി ഭൂമിയിൽ ഏറ്റവും പെരുകി; പെട്ടകം വെള്ളത്തിൽ ഒഴുകിത്തുടങ്ങി.
[19] വെള്ളം ഭൂമിയിൽ അത്യധികം പൊങ്ങി, ആകാശത്തിൻ കീഴിലെങ്ങുമുള്ള ഉയർന്ന പർവ്വതങ്ങളെല്ലാം മൂടിപ്പോയി.
[20] പർവ്വതങ്ങൾ മുങ്ങുവാൻ തക്കവണ്ണം വെള്ളം ഏഴു മീറ്റര്‍ അവയ്ക്കു മീതെ പൊങ്ങി.
[21] പറവകളും കന്നുകാലികളും കാട്ടുമൃഗങ്ങളും നിലത്ത് ഇഴയുന്ന എല്ലാ ഇഴജാതിയുമായി ഭൂമിയിൽ ജീവജാലമെല്ലാം, സകലമനുഷ്യരും മൃതിയടഞ്ഞു.
[22] കരയിലുള്ള സകലത്തിലും മൂക്കിൽ ജീവശ്വാസമുള്ളതൊക്കെയും ചത്തു.
[23] അങ്ങനെ ദൈവം ഭൂമിയിൽ മനുഷ്യനും മൃഗങ്ങളും ഇഴജാതിയും ആകാശത്തിലെ പറവകളുമായി ഭൂമുഖത്ത് ഉണ്ടായിരുന്ന സകല ജീവജാലങ്ങളെയും നശിപ്പിച്ചു; അവ ഭൂമിയിൽനിന്നു നശിച്ചുപോയി; നോഹയും അവനോടുകൂടി പെട്ടകത്തിൽ ഉണ്ടായിരുന്നവരും മാത്രം ജീവനോടുകൂടി ശേഷിച്ചു.
[24] വെള്ളം ഭൂമിയിൽ നൂറ്റമ്പത് ദിവസം പൊങ്ങിക്കൊണ്ടിരുന്നു.