Skip to content
Opens in a new window
Listen to this chapter • 4:37

[1] അനന്തരം യാക്കോബ് തന്റെ പുത്രന്മാരെ വിളിച്ച് അവരോടു പറഞ്ഞത്: “കൂടിവരുവിൻ, ഭാവികാലത്തു നിങ്ങൾക്ക് സംഭവിക്കാനുള്ളത് ഞാൻ നിങ്ങളെ അറിയിക്കും.

[2] യാക്കോബിന്റെ പുത്രന്മാരേ: കൂടിവന്നു കേൾക്കുവിൻ; നിങ്ങളുടെ അപ്പനായ യിസ്രായേലിന്റെ മൊഴിക്കു ചെവിതരുവിൻ!

[3] രൂബേനേ, നീ എന്റെ ആദ്യജാതൻ, എന്റെ വീര്യവും എന്റെ ശക്തിയുടെ ആദ്യഫലവും ശ്രേഷ്ഠതയുടെ വൈശിഷ്ട്യവും ബലത്തിന്റെ വൈശിഷ്ട്യവും തന്നെ.

[4] വെള്ളംപോലെ തുളുമ്പുന്നവനേ, നീ ശ്രേഷ്ഠനാകുകയില്ല; നീ അപ്പന്റെ കിടക്കമേൽ കയറി അതിനെ അശുദ്ധമാക്കി; എന്റെ ശയ്യമേൽ അവൻ കയറിയല്ലോ.

[5] ശിമെയോനും ലേവിയും സഹോദരന്മാർ; അവരുടെ വാളുകൾ സാഹസത്തിന്റെ ആയുധങ്ങൾ.

[6] എൻ ഉള്ളമേ, അവരുടെ ഗൂഢാലോചനകളിൽ കൂടരുതേ; എൻ മനമേ, അവരുടെ യോഗത്തിൽ ചേരരുതേ; അവരുടെ കോപത്തിൽ അവർ പുരുഷന്മാരെ കൊന്നു; അവരുടെ ശാഠ്യത്തിൽ അവർ കാളകളുടെ വരിയുടച്ചു.

[7] അവരുടെ ഉഗ്രകോപവും കഠിനക്രോധവും ശപിക്കപ്പെട്ടത്; ഞാൻ അവരെ യാക്കോബിൽ വിഭജിക്കുകയും യിസ്രായേലിൽ ചിതറിക്കുകയും ചെയ്യും.

[8] യെഹൂദയേ, സഹോദരന്മാർ നിന്നെ പുകഴ്ത്തും; നിന്റെ കൈ ശത്രുക്കളുടെ കഴുത്തിൽ ഇരിക്കും; അപ്പന്റെ മക്കൾ നിന്റെ മുമ്പിൽ നമസ്കരിക്കും.

[9] യെഹൂദാ ഒരു വലിയസിംഹം; മകനേ, നീ ഇരപിടിച്ചു കയറിയിരിക്കുന്നു; അവൻ കുനിഞ്ഞു, സിംഹംപോലെയും സിംഹിപോലെയും പതുങ്ങിക്കിടക്കുന്നു; ആർ അവനെ എഴുന്നേല്പിക്കും?

[10] ശീലോഹ് വരുവോളം ചെങ്കോൽ യെഹൂദയിൽനിന്നും രാജദണ്ഡ് അവന്റെ കാലുകളുടെ ഇടയിൽനിന്നും നീങ്ങിപ്പോകയില്ല; ജനതകളുടെ അനുസരണം അവനോട് ആകും.

[11] അവൻ മുന്തിരിവള്ളിയോടു ചെറുകഴുതയെയും വിശിഷ്ടമുന്തിരിവള്ളിയോടു കഴുതക്കുട്ടിയെയും കെട്ടുന്നു; അവൻ വീഞ്ഞിൽ തന്റെ ഉടുപ്പും മുന്തിരിച്ചാറിൽ തന്റെ വസ്ത്രവും അലക്കുന്നു.

[12] അവന്റെ കണ്ണ് വീഞ്ഞുകൊണ്ടു ചുവന്നും അവന്റെ പല്ല് പാലുകൊണ്ടു വെളുത്തും ഇരിക്കുന്നു.

[13] സെബൂലൂൻ സമുദ്രതീരത്തു വസിക്കും; അവൻ കപ്പലുകൾക്ക് ഒരു അഭയകേന്ദ്രമായിത്തീരും; അവന്റെ അതിർത്തി സീദോൻ വരെ ആകും.

[14] യിസ്സാഖാർ കരുത്തുള്ള കഴുത; അവൻ തൊഴുത്തുകളുടെ മദ്ധ്യേ കിടക്കുന്നു.

[15] വിശ്രമസ്ഥലം നല്ലതെന്നും ദേശം ആനന്ദപ്രദമെന്നും കണ്ടു, അവൻ ഭാരം കയറ്റാൻ തോൾ കുനിച്ചുകൊടുത്തു നിർബന്ധവേലയ്ക്ക് അടിമയായിത്തീർന്നു.

[16] ദാൻ ഏതൊരു യിസ്രായേല്യഗോത്രവുംപോലെ സ്വജനത്തിനു ന്യായപാലനം ചെയ്യും.

[17] ദാൻ വഴിയിൽ ഒരു പാമ്പും പാതയിൽ ഒരു സർപ്പവും ആകുന്നു; അവൻ കുതിരയുടെ കുതികാൽ കടിക്കും; പുറത്തു കയറിയവൻ മലർന്നു വീഴും.

[18] യഹോവേ, ഞാൻ നിന്റെ രക്ഷക്കായി കാത്തിരിക്കുന്നു.

[19] ഗാദോ, കവർച്ചപ്പട അവനെ ഞെരുക്കും; എന്നാൽ അവൻ അവസാനം ജയംപ്രാപിക്കും.

[20] ആശേരോ, അവന്റെ ആഹാരം പുഷ്ടിയുള്ളത്; അവൻ രാജകീയസ്വാദുഭോജനം നല്കും.

[21] നഫ്താലി സ്വതന്ത്രയായി നടക്കുന്ന പേടമാൻ; അവൻ ലാവണ്യ വാക്കുകൾ സംസാരിക്കുന്നു.

[22] യോസേഫ് ഫലപ്രദമായോരു വൃക്ഷം, നീരുറവിനരികെ ഫലപ്രദമായോരു വൃക്ഷം തന്നെ; അതിന്റെ ശാഖകൾ മതിലിന്മേൽ പടരുന്നു.

[23] വില്ലാളികൾ അവനെ വിഷമിപ്പിച്ചു; അവർ എയ്തു, അവനോട് പൊരുതി.

[24] അവന്റെ വില്ല് ഉറപ്പോടെ നിന്നു; അവന്റെ ഭുജം യാക്കോബിൻ വല്ലഭന്റെ കയ്യാൽ ബലപ്പെട്ടു; യിസ്രായേലിന്റെ പാറയായ ഇടയന്റെ നാമത്താൽ തന്നെ.

[25] നിന്‍റെ പിതാവിന്റെ ദൈവത്താൽ അവൻ നിന്നെ സഹായിക്കും സർവ്വശക്തനാൽ തന്നെ അവൻ മീതെ ആകാശത്തിന്റെ അനുഗ്രഹങ്ങളാലും താഴെ കിടക്കുന്ന ആഴത്തിന്റെ അനുഗ്രഹങ്ങളാലും മുലയുടെയും ഗർഭത്തിന്റെയും അനുഗ്രഹങ്ങളാലും നിന്നെ അനുഗ്രഹിക്കും.

[26] എൻ പിതാവിന്റെ അനുഗ്രഹങ്ങൾ എൻ പൂര്‍വ്വ പിതാക്കന്മാരുടെ അനുഗ്രഹങ്ങൾക്കു മീതെ ശാശ്വതഗിരികളുടെ അറ്റത്തോളം പ്രബലപ്പെട്ടു. അവ യോസേഫിന്റെ തലയിലും തന്റെ സഹോദരന്മാരിൽ പ്രഭുവായവന്റെ നെറുകയിലും വരും.

[27] ബെന്യാമീൻ കടിച്ചുകീറുന്ന ചെന്നായ്; രാവിലേ അവൻ ഇരപിടിച്ചു വിഴുങ്ങും; വൈകുന്നേരത്ത് അവൻ കവർച്ച പങ്കിടും”.

[28] യിസ്രായേൽ ഗോത്രം പന്ത്രണ്ടും ഇവ ആകുന്നു; അവരുടെ പിതാവ് അവരോടു പറഞ്ഞത് ഇതുതന്നെ; അവൻ അവരിൽ ഓരോ മകനും അവനവന് ഉചിതമായ അനുഗ്രഹം കൊടുത്ത് അവരെ അനുഗ്രഹിച്ചു.

[29] അവൻ അവരോട് ആജ്ഞാപിച്ചു പറഞ്ഞത്: “ഞാൻ എന്റെ ജനത്തോടു ചേരുമ്പോൾ ഹിത്യനായ എഫ്രോന്റെ നിലത്തിലെ ഗുഹയിൽ എന്റെ പിതാക്കന്മാരുടെ അടുക്കൽ എന്നെ സംസ്കരിക്കണം.

[30] കനാൻദേശത്തു മമ്രേക്കു സമീപം, അബ്രാഹാം ഹിത്യനായ എഫ്രോനോടു നിലത്തോടുകൂടി ശ്മശാനഭൂമിയായി അവകാശം വാങ്ങിയ മക്പേലാ എന്ന നിലത്തിലെ ഗുഹയിൽ തന്നെ.

[31] അവിടെ അവർ അബ്രാഹാമിനെയും അവന്റെ ഭാര്യയായ സാറായെയും യിസ്ഹാക്കിനെയും അവന്റെ ഭാര്യയായ റിബെക്കായെയും സംസ്കരിച്ചു; അവിടെ ഞാൻ ലേയായെയും സംസ്കരിച്ചു.

[32] ആ നിലവും അതിലെ ഗുഹയും ഹിത്യരോടു വിലയ്ക്കു വാങ്ങിയതാകുന്നു”.

[33] യാക്കോബ് തന്റെ പുത്രന്മാരോട് ആജ്ഞാപിച്ചു തീർന്നശേഷം അവൻ കാൽ കട്ടിലിന്മേൽ എടുത്തു വച്ചിട്ടു പ്രാണനെ വിട്ടു തന്റെ ജനത്തോടു ചേർന്നു.

ഉല്‍പത്തി — Chapters