[1] രണ്ടു വർഷം കഴിഞ്ഞശേഷം ഫറവോൻ ഒരു സ്വപ്നം കണ്ടത് എന്തെന്നാൽ:
[2] അവൻ നദീതീരത്തു നിന്നു. അപ്പോൾ രൂപഗുണവും മാംസപുഷ്ടിയുമുള്ള ഏഴു പശു നദിയിൽനിന്നു കയറി, ഞാങ്ങണയുടെ ഇടയിൽ മേഞ്ഞുകൊണ്ടിരുന്നു.
[3] അവയുടെ പിന്നാലെ മെലിഞ്ഞും വിരൂപവുമായ വേറെ ഏഴു പശു നദിയിൽനിന്നു കയറി, നദീതീരത്തു മറ്റെ പശുക്കളുടെ അരികിൽ നിന്നു.
[4] മെലിഞ്ഞും വിരൂപവുമായ പശുക്കൾ രൂപഗുണവും മാംസപുഷ്ടിയുമുള്ള ഏഴു പശുക്കളെ തിന്നുകളഞ്ഞു; അപ്പോൾ ഫറവോൻ ഉണർന്നു.
[5] അവൻ പിന്നെയും ഉറങ്ങി, രണ്ടാമതും ഒരു സ്വപ്നം കണ്ടു; പുഷ്ടിയുള്ളതും നല്ലതുമായ ഏഴു കതിർ ഒരു തണ്ടിൽനിന്നു പൊങ്ങിവന്നു.
[6] അവയുടെ പിന്നാലെ ശോഷിച്ചും കിഴക്കൻ കാറ്റിനാൽ കരിഞ്ഞുമിരിക്കുന്ന ഏഴു കതിർ പൊങ്ങിവന്നു.
[7] ശോഷിച്ച ഏഴു കതിരുകൾ പുഷ്ടിയും മണിക്കരുത്തുമുള്ള ഏഴു കതിരുകളെ വിഴുങ്ങിക്കളഞ്ഞു. അപ്പോൾ ഫറവോൻ ഉണർന്നു, അത് സ്വപ്നം എന്ന് അറിഞ്ഞ്.
[8] പ്രഭാതത്തിൽ അവൻ വ്യാകുലപ്പെട്ടു ഈജിപ്റ്റിലെ മന്ത്രവാദികളെയും ജ്ഞാനികളെയും എല്ലാം ആളയച്ച് വരുത്തി അവരോട് തന്റെ സ്വപ്നം പറഞ്ഞു. എന്നാൽ വ്യാഖ്യാനിക്കുവാൻ ആർക്കും കഴിഞ്ഞില്ല.
[9] അപ്പോൾ പാനപാത്രവാഹകന്മാരുടെ പ്രധാനി ഫറവോനോട് പറഞ്ഞത്: “ഇന്ന് ഞാൻ എന്റെ കുറ്റം ഓർക്കുന്നു.
[10] ഫറവോൻ അടിയങ്ങളോടു കോപിച്ചു, എന്നെയും അപ്പക്കാരുടെ പ്രധാനിയെയും അംഗരക്ഷാനായകന്റെ വീട്ടിൽ തടവിലാക്കിയിരുന്നുവല്ലോ.
[11] അവിടെവച്ച് ഞാനും അവനും ഒരു രാത്രിയിൽ വ്യത്യസ്ത അർത്ഥമുള്ള സ്വപ്നങ്ങൾ കണ്ടു;
[12] അവിടെ അംഗരക്ഷാനായകന്റെ ദാസനായ ഒരു എബ്രായ യൗവനക്കാരൻ ഞങ്ങളോടുകൂടെ ഉണ്ടായിരുന്നു; ഞങ്ങൾ അവനോട് അറിയിച്ചപ്പോൾ അവൻ സ്വപ്നങ്ങളെ വ്യാഖ്യാനിച്ചു; ഓരോരുത്തന് അവനവന്റെ സ്വപ്നത്തിന്റെ അർത്ഥം പറഞ്ഞുതന്നു.
[13] അവൻ അർത്ഥം പറഞ്ഞതുപോലെ തന്നെ സംഭവിച്ചു; എന്നെ വീണ്ടും യഥാസ്ഥാനത്ത് ആക്കുകയും മറ്റവനെ തൂക്കിക്കൊല്ലുകയും ചെയ്തുവല്ലോ”.
[14] ഉടനെ ഫറവോൻ ആളയച്ച് യോസേഫിനെ വിളിപ്പിച്ചു. അവർ അവനെ വേഗം തടവറയിൽനിന്ന് ഇറക്കി; അവൻ ക്ഷൗരം ചെയ്ത്, വസ്ത്രം മാറി, ഫറവോന്റെ അടുക്കൽ ചെന്നു.
[15] ഫറവോൻ യോസേഫിനോട്: “ഞാൻ ഒരു സ്വപ്നം കണ്ടു; അത് വ്യാഖ്യാനിക്കുവാൻ ആരുമില്ല; എന്നാൽ ഒരു സ്വപ്നം വിവരിച്ചു കേട്ടാൽ നീ വ്യാഖ്യാനിക്കുമെന്നു നിന്നെക്കുറിച്ച് ഞാൻ കേട്ടിരിക്കുന്നു” എന്നു പറഞ്ഞു.
[16] അതിന് യോസേഫ് ഫറവോനോട്: “ഞാനല്ല ദൈവം തന്നെ ഫറവോന് ശുഭമായോരു ഉത്തരം നല്കും” എന്നു പറഞ്ഞു.
[17] പിന്നെ ഫറവോൻ യോസേഫിനോടു പറഞ്ഞത്: “എന്റെ സ്വപ്നത്തിൽ ഞാൻ നദീതീരത്തു നിന്നു.
[18] അപ്പോൾ മാംസപുഷ്ടിയും രൂപഗുണവുമുള്ള ഏഴു പശുക്കൾ നദിയിൽനിന്നു കയറി ഞാങ്ങണയുടെ ഇടയിൽ മേഞ്ഞുകൊണ്ടിരുന്നു.
[19] അവയുടെ പിന്നാലെ ക്ഷീണിച്ചും മെലിഞ്ഞും വളരെ വിരൂപമായുമുള്ള വേറെ ഏഴു പശുക്കൾ കയറി വന്നു; അത്ര വിരൂപമായവയെ ഞാൻ ഈജിപ്റ്റുദേശത്ത് എങ്ങും കണ്ടിട്ടില്ല.
[20] എന്നാൽ മെലിഞ്ഞും വിരൂപമായുമുള്ള പശുക്കൾ പുഷ്ടിയുള്ള മുമ്പിലത്തെ ഏഴു പശുക്കളെ തിന്നുകളഞ്ഞു;
[21] ഇവ അവയുടെ വയറ്റിൽ ചെന്നിട്ടും വയറ്റിൽ ചെന്നു എന്ന് അറിയുവാനില്ലായിരുന്നു; അവ മുമ്പിലത്തെപ്പോലെ തന്നെ വിരൂപമായിരുന്നു. അപ്പോൾ ഞാൻ ഉണർന്നു.
[22] പിന്നെയും ഞാൻ സ്വപ്നത്തിൽ കണ്ടത്: നിറഞ്ഞതും നല്ലതുമായ ഏഴു കതിർ ഒരു തണ്ടിൽ പെട്ടെന്ന് പൊങ്ങിവന്നു.
[23] അവയുടെ പിന്നാലെ ഉണങ്ങിയും ശോഷിച്ചും കിഴക്കൻ കാറ്റിനാൽ കരിഞ്ഞുമിരിക്കുന്ന ഏഴു കതിർ പൊങ്ങിവന്നു.
[24] ശോഷിച്ച കതിരുകൾ ഏഴു നല്ല കതിരുകളെ വിഴുങ്ങിക്കളഞ്ഞു. ഇതു ഞാൻ മന്ത്രവാദികളോടു പറഞ്ഞു; എന്നാൽ വ്യാഖ്യാനിക്കുവാൻ ആർക്കും കഴിഞ്ഞില്ല”.
[25] അപ്പോൾ യോസേഫ് ഫറവോനോട് പറഞ്ഞത്: “ഫറവോന്റെ സ്വപ്നം ഒന്നുതന്നെ; ദൈവം ചെയ്യുവാൻ പോകുന്നത് ദൈവം ഫറവോനു വെളിപ്പെടുത്തിയിരിക്കുന്നു.
[26] ഏഴു നല്ല പശു ഏഴു വർഷം; ഏഴു നല്ല കതിരും ഏഴു വർഷം; സ്വപ്നം ഒന്നുതന്നെ.
[27] അവയുടെ പിന്നാലെ കയറിവന്ന മെലിഞ്ഞും വിരൂപവുമായ ഏഴു പശുവും കിഴക്കൻ കാറ്റിനാൽ കരിഞ്ഞു പതിരായുള്ള ഏഴു കതിരും ഏഴു വർഷം; അവ ക്ഷാമമുള്ള ഏഴു വർഷം ആകുന്നു.
[28] ദൈവം ചെയ്യുവാൻ പോകുന്നത് ഫറവോന് അവിടുന്ന് കാണിച്ചുതന്നിരിക്കുന്നു. അതാകുന്നു ഞാൻ ഫറവോനോട് പറഞ്ഞത്.
[29] ഈജിപ്റ്റുദേശത്തൊക്കെയും അതിസമൃദ്ധിയുള്ള ഏഴു വർഷം വരും.
[30] അത് കഴിഞ്ഞിട്ട് ക്ഷാമമുള്ള ഏഴു വർഷം വരും; അപ്പോൾ ഈജിപ്റ്റുദേശത്ത് ആ സമൃദ്ധിയെല്ലാം മറന്നുപോകും; ക്ഷാമത്താൽ ദേശം മുഴുവൻ ക്ഷയിച്ചുപോകും.
[31] പിൻവരുന്ന ക്ഷാമം അതികഠിനമായിരിക്കയാൽ ദേശത്തുണ്ടായിരുന്ന സമൃദ്ധി പൂർണ്ണമായി വിസ്മരിക്കപ്പെടും.
[32] ഫറവോനു സ്വപ്നം രണ്ടുവട്ടം ഉണ്ടായതോ കാര്യം ദൈവത്തിന്റെ മുമ്പാകെ സ്ഥിരമായിരിക്കുക കൊണ്ടും ദൈവം അതിനെ വേഗത്തിൽ വരുത്തുവാനിരിക്കുന്നതു കൊണ്ടും ആകുന്നു.
[33] ആകയാൽ ഫറവോൻ വിവേകവും ജ്ഞാനവുമുള്ള ഒരുവനെ അന്വേഷിച്ച് ഈജിപ്റ്റുദേശത്തിനു മേലധികാരി ആക്കി വെക്കണം.
[34] അതുകൂടാതെ ഫറവോൻ ദേശത്തിന്മേൽ വിചാരകന്മാരെ നിയമിച്ച്, സമൃദ്ധിയുള്ള ഏഴു വർഷം ഈജിപ്റ്റുദേശത്തിലെ വിളവിൽ അഞ്ചിലൊന്നു വാങ്ങണം.
[35] ഈ വരുന്ന നല്ല വർഷങ്ങളിലെ വിളവൊക്കെയും ശേഖരിച്ചു പട്ടണങ്ങളിൽ ഫറവോന്റെ അധികാരത്തിൻ കീഴിൽ ധാന്യം സൂക്ഷിച്ചുവെക്കേണം.
[36] ആ ധാന്യം ഈജിപ്റ്റുദേശത്തു വരുവാൻ പോകുന്ന ക്ഷാമമുള്ള ഏഴുവർഷത്തേക്കു ദേശത്തിന് കരുതൽശേഖരമായിരിക്കണം; എന്നാൽ ദേശം ക്ഷാമംകൊണ്ടു നശിക്കയില്ല”.
[37] ഈ നിർദേശം ഫറവോനും അവന്റെ സകലഭൃത്യന്മാർക്കും ബോധിച്ചു.
[38] ഫറവോൻ തന്റെ ഭൃത്യന്മാരോട്: “ദൈവാത്മാവുള്ള ഈ മനുഷ്യനെപ്പോലെ ഒരുവനെ കണ്ടുകിട്ടുമോ?” എന്നു പറഞ്ഞു.
[39] പിന്നെ ഫറവോൻ യോസേഫിനോട്: “ദൈവം ഇതൊക്കെയും നിനക്ക് വെളിപ്പെടുത്തി തന്നതുകൊണ്ടു നിന്നെപ്പോലെ വിവേകവും ജ്ഞാനവുമുള്ളവൻ ഒരുത്തനുമില്ല.
[40] നീ എന്റെ രാജ്യത്തിനു മേലധികാരിയാകും; നിന്റെ വാക്ക് എന്റെ ജനമെല്ലാം അനുസരിച്ചു നടക്കും; സിംഹാസനംകൊണ്ടു മാത്രം ഞാൻ നിന്നെക്കാൾ വലിയവനായിരിക്കും” എന്നു പറഞ്ഞു.
[41] “ഇതാ, ഈജിപ്റ്റുദേശത്തിനൊക്കെയും ഞാൻ നിന്നെ ഗവർണ്ണർ ആക്കിയിരിക്കുന്നു,” എന്നും ഫറവോൻ യോസേഫിനോടു പറഞ്ഞു.
[42] ഫറവോൻ തന്റെ കൈയിൽനിന്ന് മുദ്രമോതിരം ഊരി, യോസേഫിന്റെ കൈയ്ക്ക് ഇട്ടു, അവനെ നേർമ്മയുള്ള വസ്ത്രം ധരിപ്പിച്ചു, ഒരു സ്വർണ്ണമാലയും അവന്റെ കഴുത്തിൽ ഇട്ടു.
[43] തന്റെ രണ്ടാം രഥത്തിൽ അവനെ കയറ്റി: “മുട്ടുകുത്തുവിൻ” എന്ന് അവന്റെ മുമ്പിൽ വിളിച്ചു പറയിച്ചു; ഇങ്ങനെ അവനെ ഈജിപ്റ്റുദേശത്തിനൊക്കെയും മേലധികാരിയാക്കി.
[44] പിന്നെ ഫറവോൻ യോസേഫിനോട്: “ഞാൻ ഫറവോൻ ആകുന്നു; നിന്റെ കല്പന കൂടാതെ ഈജിപ്റ്റുദേശത്ത് എങ്ങും യാതൊരുത്തനും കൈയോ കാലോ അനക്കുകയില്ല” എന്നു പറഞ്ഞു.
[45] ഫറവോൻ യോസേഫിനു സാപ്നത്ത് പനേഹ് എന്നു പേരിട്ടു; ഓനിലെ പുരോഹിതനായ പോത്തിഫേറയുടെ മകൾ ആസ്നത്തിനെ അവന് ഭാര്യയായി കൊടുത്തു. പിന്നെ യോസേഫ് ഈജിപ്റ്റുദേശത്തു സഞ്ചരിച്ചു.
[46] യോസേഫ് ഈജിപ്റ്റുരാജാവായ ഫറവോന്റെ മുമ്പാകെ നില്ക്കുമ്പോൾ അവന് മുപ്പതു വയസ്സായിരുന്നു. യോസേഫ് ഫറവോന്റെ സന്നിധാനത്തിൽനിന്നു പുറപ്പെട്ട് ഈജിപ്റ്റുദേശത്തെല്ലായിടവും സഞ്ചരിച്ചു.
[47] എന്നാൽ സമൃദ്ധമായ ഏഴു വർഷവും ദേശം സമൃദ്ധിയായി വിളഞ്ഞു.
[48] ഈജിപ്റ്റുദേശത്തു സുഭിക്ഷത ഉണ്ടായ ഏഴു സംവത്സരത്തിലെ ധാന്യം ഒക്കെയും അവൻ ശേഖരിച്ചു പട്ടണങ്ങളിൽ സൂക്ഷിച്ചു; ഓരോ പട്ടണത്തിൽ ചുറ്റിലുമുള്ള നിലത്തിലെ ധാന്യം സൂക്ഷിച്ചു.
[49] അങ്ങനെ യോസേഫ് കടൽകരയിലെ മണൽപോലെ വളരെയധികം ധാന്യം ശേഖരിച്ചു വച്ചു; അളക്കുവാൻ കഴിയായ്കയാൽ അളവു നിർത്തിവച്ചു.
[50] ക്ഷാമകാലം വരുംമുമ്പ് യോസേഫിനു രണ്ടു പുത്രന്മാർ ജനിച്ചു; അവരെ ഓനിലെ പുരോഹിതനായ പോത്തിഫേറയുടെ മകൾ ആസ്നത്ത് പ്രസവിച്ചു.
[51] “എന്റെ സകല കഷ്ടതയും എന്റെ പിതൃഭവനം ഒക്കെയും ദൈവം എന്നെ മറക്കുമാറാക്കി” എന്നു പറഞ്ഞു യോസേഫ് തന്റെ ആദ്യജാതനു മനശ്ശെ എന്നു പേരിട്ടു.
[52] “സങ്കടദേശത്തു ദൈവം എന്നെ വർദ്ധിപ്പിച്ചു” എന്നു പറഞ്ഞ്, അവൻ രണ്ടാമത്തവന് എഫ്രയീം എന്നു പേരിട്ടു.
[53] ഈജിപ്റ്റുദേശത്തുണ്ടായ സമൃദ്ധിയുടെ ഏഴു വർഷം കഴിഞ്ഞപ്പോൾ
[54] യോസേഫ് പറഞ്ഞതുപോലെ ക്ഷാമമുള്ള ഏഴു വർഷം തുടങ്ങി; സകലദേശങ്ങളിലും ക്ഷാമമുണ്ടായി; എന്നാൽ ഈജിപ്റ്റുദേശത്ത് എല്ലായിടത്തും ആഹാരം ഉണ്ടായിരുന്നു.
[55] പിന്നെ ഈജിപ്റ്റുദേശത്ത് എല്ലായിടത്തും ക്ഷാമം ഉണ്ടായപ്പോൾ ജനങ്ങൾ ആഹാരത്തിനായി ഫറവോനോട് നിലവിളിച്ചു; ഫറവോൻ ഈജിപ്റ്റുകാരോടെല്ലാവരോടും: “നിങ്ങൾ യോസേഫിന്റെ അടുക്കൽ ചെല്ലുവിൻ; അവൻ നിങ്ങളോടു പറയുന്നതുപോലെ ചെയ്യുവിൻ” എന്നു പറഞ്ഞു.
[56] ക്ഷാമം ഭൂതലത്തിൽ എല്ലായിടത്തും ഉണ്ടായി; യോസേഫ് കലവറകൾ ഓരോന്നും തുറന്നു, ഈജിപ്റ്റുകാർക്കു ധാന്യം വിറ്റു; ക്ഷാമം ഈജിപ്റ്റുദേശത്തും കഠിനമായ്തീർന്നു.
[57] ഭൂമിയിൽ എങ്ങും ക്ഷാമം കഠിനമായ്തീർന്നതുകൊണ്ട് സകലദേശക്കാരും ധാന്യം വാങ്ങുവാൻ ഈജിപ്റ്റിൽ യോസേഫിന്റെ അടുക്കൽ വന്നു.