[1] ശിനാർരാജാവായ അമ്രാഫെൽ, എലാസാർരാജാവായ അര്യോക്, ഏലാംരാജാവായ കെദൊർലായോമെർ, ജനതകളുടെ രാജാവായ തീദാൽ എന്നിവരുടെ കാലത്ത്
[2] ഇവർ സൊദോംരാജാവായ ബേരാ, ഗൊമോറാരാജാവായ ബിർശാ, ആദ്മാരാജാവായ ശിനാബ്, സെബോയീംരാജാവായ ശെമേബെർ, സോവർ എന്ന ബേലയിലെ രാജാവ് എന്നിവരോട് യുദ്ധംചെയ്തു.
[3] ഇവരെല്ലാവരും സിദ്ദീം താഴ്വരയിൽ ഒന്നിച്ചുകൂടി (അത് ഇപ്പോൾ ഉപ്പുകടലാകുന്നു).
[4] അവർ പന്ത്രണ്ട് വർഷം കെദൊർലായോമെരിനെ സേവിച്ചു; പതിമൂന്നാം വർഷത്തിൽ അവർ മത്സരിച്ചു.
[5] അതുകൊണ്ട് പതിനാലാം വർഷത്തിൽ കെദൊർലായോമെരും അവനോട് കൂടെയുള്ള രാജാക്കന്മാരും വന്ന്, അസ്തെരോത്ത് കർന്നയീമിലെ രെഫയീകളെയും ഹാമിലെ സൂസ്യരെയും ശാവേകിര്യാത്തായീമിലെ ഏമ്യരെയും
[6] സേയീർമലയിലെ ഹോര്യരെയും മരുഭൂമിക്കു സമീപമുള്ള ഏൽ പാരാൻ വരെ തോല്പിച്ചു.
[7] പിന്നെ അവർ തിരിഞ്ഞു കാദേശ് എന്ന ഏൻമിശ്പാത്തിൽ വന്ന് അമാലേക്യരുടെ ദേശമൊക്കെയും ഹസസോൻ-താമാരിൽ വസിച്ചിരുന്ന അമോര്യരെയും കൂടെ തോല്പിച്ചു.
[8] അപ്പോൾ സൊദോംരാജാവും ഗൊമോറാരാജാവും ആദ്മാരാജാവും സെബോയീംരാജാവും സോവർ എന്ന ബേലയിലെ രാജാവും പുറപ്പെട്ട് സിദ്ദീംതാഴ്വരയിൽവച്ച് യുദ്ധത്തിൽ ഒരുമിച്ചുകൂടി
[9] ഏലാംരാജാവായ കെദൊർലായോമെർ, ജനതകളുടെ രാജാവായ തീദാൽ, ശിനാർരാജാവായ അമ്രാഫെൽ, എലാസാർരാജാവായ അര്യോക്ക് എന്നിവർക്കെതിരെ സൈന്യത്തെ നിർത്തി; നാല് രാജാക്കന്മാർ അഞ്ച് രാജാക്കന്മാരുടെ എതിരെ തന്നെ.
[10] സിദ്ദീം താഴ്വരയിൽ കീൽകുഴികൾ വളരെയുണ്ടായിരുന്നു; സൊദോംരാജാവും ഗൊമോരാരാജാവും ഓടിപ്പോയി കീൽകുഴിയിൽ വീണു; ശേഷിച്ചവർ പർവ്വതത്തിലേക്ക് ഓടിപ്പോയി.
[11] സൊദോമിലും ഗൊമോരയിലും ഉള്ള സമ്പത്തും അവരുടെ ഭക്ഷണസാധനങ്ങളും എല്ലാം അവർ എടുത്തുകൊണ്ട് അവരുടെ വഴിക്കുപോയി.
[12] അബ്രാമിന്റെ സഹോദരന്റെ മകനായ സൊദോമിൽ പാർത്തിരുന്ന ലോത്തിനെയും അവന്റെ സമ്പത്തിനെയും അവർ പിടിച്ചുകൊണ്ടുപോയി.
[13] രക്ഷപ്പെട്ട ഒരുവൻ വന്നു എബ്രായനായ അബ്രാമിനെ അറിയിച്ചു. അവൻ എശ്ക്കോലിന്റെയും ആനേരിന്റെയും സഹോദരനായ അമോര്യനായ മമ്രേയുടെ തോപ്പിൽ പാർത്തിരുന്നു; അവർ അബ്രാമിനോടു സഖ്യം ചെയ്തവർ ആയിരുന്നു.
[14] തന്റെ സഹോദരനെ ബദ്ധനാക്കി കൊണ്ടുപോയി എന്ന് അബ്രാം കേട്ടപ്പോൾ അവൻ തന്റെ വീട്ടിൽ ജനിച്ചവരും അഭ്യാസികളുമായ മുന്നൂറ്റിപതിനെട്ടു പേരെ കൂട്ടിക്കൊണ്ട് ദാൻവരെ പിന്തുടർന്നു.
[15] രാത്രിയിൽ അബ്രാം തന്റെ കൂട്ടങ്ങളെ അവർക്കെതിരെ വിഭാഗിച്ചു അവനും അവന്റെ ദാസന്മാരും അവരെ തോല്പിച്ചു ദമാസ്ക്കിന്റെ വടക്കുഭാഗത്തുള്ള ഹോബാവരെ അവരെ പിന്തുടർന്നു.
[16] അവൻ സമ്പത്തൊക്കെയും തിരികെക്കൊണ്ടു വന്നു; തന്റെ സഹോദരനായ ലോത്തിനെയും അവന്റെ സമ്പത്തിനെയും സ്ത്രീകളെയും ജനത്തെയും കൂടെ തിരികെക്കൊണ്ടു വന്നു.
[17] അബ്രാം കെദൊർലായോമെരിനെയും അവനോടുകൂടെ ഉണ്ടായിരുന്ന രാജാക്കന്മാരെയും തോല്പിച്ചിട്ട് മടങ്ങിവന്നപ്പോൾ സൊദോംരാജാവ് രാജതാഴ്വര എന്ന ശാവേതാഴ്വരവരെ അവനെ എതിരേറ്റു ചെന്നു.
[18] ശാലേംരാജാവായ മൽക്കീസേദെക്ക് അപ്പവും വീഞ്ഞുംകൊണ്ടുവന്നു; അവൻ അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനായിരുന്നു.
[19] അവൻ അബ്രാമിനെ അനുഗ്രഹിച്ചു: “സ്വർഗ്ഗത്തിനും ഭൂമിക്കും നാഥനായ അത്യുന്നതനായ ദൈവത്താൽ അബ്രാം അനുഗ്രഹിക്കപ്പെടുമാറാകട്ടെ;
[20] നിന്റെ ശത്രുക്കളെ നിന്റെ കയ്യിൽ ഏല്പിച്ച അത്യുന്നതനായ ദൈവം സ്തുതിക്കപ്പെടുമാറാകട്ടെ” എന്നു പറഞ്ഞു. മൽക്കീസേദെക്കിന് അബ്രാം സകലത്തിലും ദശാംശം കൊടുത്തു.
[21] സൊദോംരാജാവ് അബ്രാമിനോട്: “ആളുകളെ എനിക്ക് തരിക; സമ്പത്ത് നീ എടുത്തുകൊള്ളുക” എന്നു പറഞ്ഞു.
[22] അതിന് അബ്രാം സൊദോംരാജാവിനോട് പറഞ്ഞത്: “ഞാൻ അബ്രാമിനെ സമ്പന്നനാക്കിയെന്ന് നീ പറയാതിരിക്കുവാൻ ഞാൻ ഒരു ചരടാകട്ടെ ഒരു ചെരിപ്പുവാറാകട്ടെ നിനക്കുള്ളതിൽ യാതൊന്നുമാകട്ടെ എടുക്കുകയില്ല എന്നു ഞാൻ
[23] സ്വർഗ്ഗത്തിനും ഭൂമിക്കും നാഥനായ അത്യുന്നതദൈവമായ യഹോവയിങ്കലേക്ക് കൈ ഉയർത്തി സത്യം ചെയ്യുന്നു.
[24] യുവാക്കന്മാർ ഭക്ഷിച്ചതും എന്നോടുകൂടെ വന്ന ആനേർ, എശ്ക്കോൽ, മമ്രേ എന്നീ പുരുഷന്മാരുടെ ഓഹരിയും മാത്രമേ വേണ്ടു; ഇവർ അവരുടെ ഓഹരി എടുത്തുകൊള്ളട്ടെ”.