[1] അക്കാലത്ത് യെഹൂദാ തന്റെ സഹോദരന്മാരെ വിട്ട് ഹീരാ എന്നു പേരുള്ള ഒരു അദുല്ലാമ്യന്റെ അടുക്കൽ ചെന്നു;
[2] അവിടെ ശൂവാ എന്നു പേരുള്ള ഒരു കനാന്യന്റെ മകളെ കണ്ടു; അവളെ വിവാഹംചെയ്തു.
[3] അവൾ ഗർഭംധരിച്ച് ഒരു മകനെ പ്രസവിച്ചു; യെഹൂദാ അവന് ഏർ എന്നു പേരിട്ടു.
[4] അവൾ പിന്നെയും ഗർഭംധരിച്ച് ഒരു മകനെ പ്രസവിച്ചു; അവൾ അവന് ഓനാൻ എന്നു പേരിട്ടു.
[5] അവൾ പിന്നെയും ഗർഭംധരിച്ച് ഒരു മകനെ പ്രസവിച്ചു; അവന് ശേലാ എന്നു പേരിട്ടു. അവൾ ഇവനെ പ്രസവിച്ചപ്പോൾ യെഹൂദാ കെസീബിൽ ആയിരുന്നു.
[6] യെഹൂദാ തന്റെ ആദ്യജാതനായ ഏരിനു താമാർ എന്നു പേരുള്ള ഒരു ഭാര്യയെ എടുത്തു.
[7] യെഹൂദായുടെ ആദ്യജാതനായ ഏർ യഹോവയ്ക്ക് അപ്രിയനായിരുന്നതുകൊണ്ട് യഹോവ അവനെ മരണത്തിനിരയാക്കി.
[8] അപ്പോൾ യെഹൂദാ ഓനാനോട്: “നിന്റെ ജ്യേഷ്ഠന്റെ ഭാര്യയുടെ അടുക്കൽ ചെന്ന് അവളോടു ദേവരധർമ്മം അനുഷ്ഠിച്ച്, ജ്യേഷ്ഠന്റെ പേർക്ക് സന്തതിയെ ജനിപ്പിക്കുക” എന്നു പറഞ്ഞു.
[9] എന്നാൽ ആ സന്തതി തന്റേതായിരിക്കുകയില്ല എന്ന് ഓനാൻ അറിയുകകൊണ്ട് ജ്യേഷ്ഠന്റെ ഭാര്യയുടെ അടുക്കൽ ചെന്നപ്പോൾ ജ്യേഷ്ഠനു സന്തതിയെ കൊടുക്കാതിരിക്കേണ്ടതിന് ബീജം നിലത്തു വീഴ്ത്തിക്കളഞ്ഞു.
[10] അവൻ ചെയ്തതു യഹോവയ്ക്ക് അനിഷ്ടമായിരുന്നതുകൊണ്ട് യഹോവ ഇവനെയും മരണത്തിനിരയാക്കി.
[11] അപ്പോൾ യെഹൂദാ തന്റെ മരുമകളായ താമാറിനോട്: “എന്റെ മകൻ ശേലാ പ്രായപൂർത്തിയാകുവോളം നീ അപ്പന്റെ വീട്ടിൽപോയി വിധവയായി വസിക്കുക” എന്നു പറഞ്ഞു; ഇവനും സഹോദരന്മാരെപ്പോലെ മരിച്ചുപോകരുത് എന്ന് അവൻ വിചാരിച്ചു; അങ്ങനെ താമാർ അപ്പന്റെ വീട്ടിൽപോയി പാർത്തു.
[12] കുറെ കാലം കഴിഞ്ഞ് ശൂവയുടെ മകൾ യെഹൂദായുടെ ഭാര്യ മരിച്ചു; യെഹൂദായുടെ ദുഃഖം മാറിയശേഷം അവൻ തന്റെ സ്നേഹിതൻ അദുല്ലാമ്യനായ ഹീരയോടുകൂടെ തിമ്നായിൽ തന്റെ ആടുകളെ രോമം കത്രിക്കുന്ന അടിയന്തരത്തിനുപോയി.
[13] “നിന്റെ അമ്മായിയപ്പൻ ആടുകളെ രോമം കത്രിക്കുന്ന അടിയന്തരത്തിനു തിമ്നായ്ക്കു പോകുന്നു” എന്നു താമാറിന് അറിവുകിട്ടി.
[14] ശേലാ പ്രായപൂർത്തിയായിട്ടും തന്നെ അവന് ഭാര്യയായി കൊടുത്തില്ല എന്നു കണ്ടിട്ട് അവൾ വിധവാവസ്ത്രം മാറ്റിവച്ച്, ഒരു മൂടുപടം മൂടി പുതച്ച് തിമ്നായ്ക്കു പോകുന്ന വഴിക്കുള്ള എനയീംപട്ടണത്തിന്റെ വാതിൽക്കൽ ഇരുന്നു.
[15] യെഹൂദാ അവളെ കണ്ടപ്പോൾ അവൾ മുഖം മൂടിയിരുന്നതുകൊണ്ട് ഒരു വേശ്യ എന്നു വിചാരിച്ചു.
[16] അവൻ വഴിയരികെ അവളുടെ അടുക്കലേക്ക് തിരിഞ്ഞു തന്റെ മരുമകൾ എന്നു അറിയാതെ: “വരിക, ഞാൻ നിന്റെ അടുക്കൽ വരട്ടെ” എന്നു പറഞ്ഞു. “എന്റെ അടുക്കൽ വരുന്നതിനു നീ എനിക്ക് എന്ത് തരും” എന്ന് അവൾ ചോദിച്ചു.
[17] “ഞാൻ ആട്ടിൻകൂട്ടത്തിൽനിന്ന് ഒരു ആട്ടിൻകുട്ടിയെ നിനക്ക് കൊടുത്തയക്കാം” എന്ന് അവൻ പറഞ്ഞു. “നീ കൊടുത്തയക്കുന്നതുവരെ ഒരു പണയം തരുമോ” എന്ന് അവൾ ചോദിച്ചു.
[18] “ഞാൻ നിനക്ക് എന്ത് പണയം തരണം” എന്ന് അവൻ ചോദിച്ചതിന് “നിന്റെ മുദ്രമോതിരവും മോതിരച്ചരടും നിന്റെ കൈയിലെ വടിയും” എന്ന് അവൾ പറഞ്ഞു. ഇവ അവൾക്കു കൊടുത്തു, അവൻ അവളുടെ അടുക്കൽ ചെന്നു; അവൾ ഗർഭം ധരിക്കയും ചെയ്തു.
[19] പിന്നെ അവൾ എഴുന്നേറ്റുപോയി, തന്റെ മൂടുപടം നീക്കി വിധവാവസ്ത്രം ധരിച്ചു.
[20] സ്ത്രീയുടെ കൈയിൽനിന്നും പണയം മടക്കിവാങ്ങേണ്ടതിന് യെഹൂദാ അദുല്ലാമ്യനായ സ്നേഹിതന്റെ കൈവശം ആട്ടിൻകുട്ടിയെ കൊടുത്തയച്ചു; അവൻ അവളെ കണ്ടില്ലതാനും.
[21] അവൻ ആ സ്ഥലത്തെ ആളുകളോട്: “എനയീമിൽ വഴിയരികെ ഇരുന്ന വേശ്യ എവിടെ” എന്നു ചോദിച്ചതിന്: “ഇവിടെ ഒരു വേശ്യയും ഉണ്ടായിരുന്നില്ല” എന്ന് അവർ പറഞ്ഞു.
[22] അവൻ യെഹൂദായുടെ അടുക്കൽ മടങ്ങിവന്നു: “ഞാൻ അവളെ കണ്ടില്ല; ‘ഈ സ്ഥലത്ത് ഒരു വേശ്യയും ഉണ്ടായിരുന്നില്ല’ എന്ന് അവിടെയുള്ള ആളുകൾ പറഞ്ഞു” എന്നു പറഞ്ഞു.
[23] “അപ്പോൾ യെഹൂദാ നമുക്ക് അപകീർത്തി ഉണ്ടാകാതിരിക്കുവാൻ അവൾ അത് എടുത്തുകൊള്ളട്ടെ; ഞാൻ ഈ ആട്ടിൻകുട്ടിയെ കൊടുത്തയച്ചുവല്ലോ; നീ അവളെ കണ്ടില്ലതാനും” എന്നു പറഞ്ഞു.
[24] ഏകദേശം മൂന്നുമാസം കഴിഞ്ഞിട്ട്: “നിന്റെ മരുമകൾ താമാർ പരസംഗം ചെയ്തു, പരസംഗത്താൽ ഗർഭിണിയായിരിക്കുന്നു” എന്നു യെഹൂദായ്ക്ക് അറിവുകിട്ടി. അപ്പോൾ യെഹൂദാ: “അവളെ പുറത്തുകൊണ്ടുവരുവിൻ; അവളെ ചുട്ടുകളയണം” എന്നു പറഞ്ഞു.
[25] അവളെ പുറത്തു കൊണ്ടുവന്നപ്പോൾ അവൾ അമ്മായപ്പന്റെ അടുക്കൽ ആളയച്ച്: “ഇവയുടെ ഉടമസ്ഥനായ പുരുഷനാൽ ആകുന്നു ഞാൻ ഗർഭിണിയായിരിക്കുന്നത്; ഈ മുദ്രമോതിരവും മോതിരച്ചരടും വടിയും ആരുടേത് എന്നു നോക്കി അറിയണം” എന്നു പറയിച്ചു.
[26] യെഹൂദാ അവയെ അറിഞ്ഞ്: “അവൾ എന്നിലും നീതിയുള്ളവൾ; ഞാൻ അവളെ എന്റെ മകൻ ശേലാവിനു കൊടുത്തില്ല” എന്നു പറഞ്ഞു; അതിൽപിന്നെ അവളെ പ്രാപിച്ചതുമില്ല.
[27] അവൾക്കു പ്രസവകാലം ആയപ്പോൾ അവളുടെ ഗർഭത്തിൽ ഇരട്ടക്കുഞ്ഞുങ്ങൾ ഉണ്ടായിരുന്നു.
[28] അവൾ പ്രസവിക്കുമ്പോൾ ഒരു കുഞ്ഞ് കൈ പുറത്തു നീട്ടി; അപ്പോൾ സൂതികർമ്മിണി ഒരു ചുവന്ന നൂൽ എടുത്ത് അവന്റെ കൈയ്ക്കു കെട്ടി; “ഇവൻ ആദ്യം പുറത്തു വന്നു” എന്നു പറഞ്ഞു.
[29] അവനോ കൈ പിന്നെയും അകത്തേക്കു വലിച്ചു. അപ്പോൾ അവന്റെ സഹോദരൻ പുറത്തു വന്നു: “നീ ഛിദ്രം ഉണ്ടാക്കിയത് എന്ത്” എന്ന് അവൾ പറഞ്ഞു. അതുകൊണ്ട് അവന് പേരെസ്സ് എന്നു പേരിട്ടു.
[30] അതിന്‍റെശേഷം കൈമേൽ ചുവന്ന നൂലുള്ള അവന്റെ സഹോദരൻ പുറത്തു വന്നു; അവന് സേരെഹ് എന്നു പേരിട്ടു.