[1] അനന്തരം ഈജിപ്റ്റുരാജാവിന്റെ പാനപാത്രവാഹകനും അപ്പക്കാരനും ഈജിപ്റ്റുരാജാവായ തങ്ങളുടെ യജമാനനോടു കുറ്റം ചെയ്തു.
[2] ഫറവോൻ പാനപാത്രവാഹകന്മാരുടെ പ്രധാനിയും അപ്പക്കാരുടെ പ്രധാനിയുമായ തന്റെ രണ്ട് ഉദ്യോഗസ്ഥന്മാരോടു കോപിച്ചു.
[3] അവരെ അംഗരക്ഷക മേധാവിയുടെ വീട്ടിൽ യോസേഫ് ബദ്ധനായി കിടന്ന കാരാഗൃഹത്തിൽ ആക്കി.
[4] അംഗരക്ഷാനായകൻ അവരെ യോസേഫിന്റെ പക്കൽ ഏല്പിച്ചു; അവൻ അവർക്ക് ശുശ്രൂഷചെയ്തു; അവർ കുറെക്കാലം തടവിൽ കിടന്നു.
[5] ഈജിപ്റ്റുരാജാവിന്റെ പാനപാത്രവാഹകനും അപ്പക്കാരനും ഇങ്ങനെ കാരാഗൃഹത്തിൽ തടവുകാരായിരുന്ന രണ്ടുപേരും ഒരു രാത്രിയിൽ തന്നെ വേറെവേറെ അർത്ഥമുള്ള ഓരോ സ്വപ്നം കണ്ടു.
[6] രാവിലെ യോസേഫ് അവരുടെ അടുക്കൽ വന്നു നോക്കിയപ്പോൾ അവർ വിഷാദ ഭാവത്തോടുകൂടി ഇരിക്കുന്നത് കണ്ടു.
[7] അവൻ യജമാനന്റെ വീട്ടിൽ തന്നോടുകൂടെ തടവിൽ കിടക്കുന്നവരായ ഫറവോന്റെ ഉദ്യോഗസ്ഥന്മാരോട്: “നിങ്ങൾ ഇന്ന് വിഷാദഭാവത്തോടിരിക്കുന്നത് എന്ത്” എന്നു ചോദിച്ചു.
[8] അവർ അവനോട്: “ഞങ്ങൾ സ്വപ്നം കണ്ടു; വ്യാഖ്യാനിച്ചുതരുവാൻ ആരുമില്ല” എന്നു പറഞ്ഞു. യോസേഫ് അവരോട്: “സ്വപ്നവ്യാഖ്യാനം ദൈവത്തിന്നുള്ളതല്ലയോ? അത് എന്നോട് പറയുവിൻ” എന്നു പറഞ്ഞു.
[9] അപ്പോൾ പാനപാത്രവാഹകന്മാരുടെ പ്രധാനി യോസേഫിനെ തന്റെ സ്വപ്നം അറിയിച്ചു പറഞ്ഞത്: “എന്റെ സ്വപ്നത്തിൽ ഇതാ, എന്റെ മുമ്പിൽ ഒരു മുന്തിരിവള്ളി.
[10] മുന്തിരിവള്ളിയിൽ മൂന്നു ശാഖ; അത് തളിർത്തു പൂത്തു; കുലകളിൽ മുന്തിരിങ്ങാ പഴുത്തു.
[11] ഫറവോന്റെ പാനപാത്രം എന്റെ കയ്യിൽ ഉണ്ടായിരുന്നു; ഞാൻ മുന്തിരിപ്പഴം പറിച്ചു ഫറവോന്റെ പാനപാത്രത്തിൽ പിഴിഞ്ഞു: പാനപാത്രം ഫറവോന്റെ കയ്യിൽ കൊടുത്തു”.
[12] യോസേഫ് അവനോട് പറഞ്ഞത്: “അതിന്റെ അർത്ഥം ഇതാകുന്നു: മൂന്ന് ശാഖ മൂന്നുദിവസം.
[13] മൂന്നു ദിവസത്തിനകം ഫറവോൻ നിന്നോട് ക്ഷമിച്ച്, വീണ്ടും നിന്റെ സ്ഥാനത്ത് ആക്കും. നീ പാനപാത്രവാഹകനായി മുൻ പതിവുപോലെ ഫറവോന്റെ കയ്യിൽ പാനപാത്രം കൊടുക്കും.
[14] എന്നാൽ നിനക്ക് നല്ലകാലം വരുമ്പോൾ എന്നെ ഓർത്ത് എന്നോട് ദയചെയ്ത് ഫറവോനെ എന്റെ വിവരം ബോധിപ്പിച്ച് എന്നെ ഈ കാരാഗൃഹത്തിൽനിന്നും വിടുവിക്കണമേ.
[15] എന്നെ എബ്രായരുടെ ദേശത്തുനിന്ന് അപഹരിച്ചുകൊണ്ടുപോന്നതാകുന്നു; ഈ തടവറയിൽ എന്നെ ഇടേണ്ടതിന് ഞാൻ ഇവിടെയും യാതൊന്നും ചെയ്തിട്ടില്ല”.
[16] അർത്ഥം നല്ലതെന്ന് അപ്പക്കാരുടെ പ്രധാനി കണ്ടിട്ട് യോസേഫിനോട്: “ഞാനും സ്വപ്നത്തിൽ എന്റെ തലയിൽ വെളുത്ത അപ്പമുള്ള മൂന്നു കൊട്ട കണ്ടു.
[17] ഏറ്റവും മുകളിലത്തെ കൊട്ടയിൽ ഫറവോനുവേണ്ടി എല്ലാത്തരം അപ്പവും ഉണ്ടായിരുന്നു; പക്ഷികൾ എന്റെ തലയിലെ കൊട്ടയിൽനിന്ന് അവയെ തിന്നുകളഞ്ഞു” എന്നു പറഞ്ഞു.
[18] അതിന് യോസേഫ്: “അതിന്റെ അർത്ഥം ഇതാകുന്നു: മൂന്നു കൊട്ട മൂന്നുദിവസം.
[19] മൂന്നു ദിവസത്തിനകം ഫറവോൻ നിന്റെ തലവെട്ടി നിന്നെ ഒരു മരത്തിന്മേൽ തൂക്കും; പക്ഷികൾ നിന്റെ മാംസം തിന്നുകളയും” എന്ന് ഉത്തരം പറഞ്ഞു.
[20] മൂന്നാംദിവസം ഫറവോന്റെ ജന്മദിവസത്തിൽ അവൻ തന്റെ സകലദാസന്മാർക്കും ഒരു വിരുന്നു കഴിച്ചു. തന്റെ ദാസന്മാരുടെ മദ്ധ്യത്തിൽ പാനപാത്രവാഹകന്മാരുടെ പ്രധാനിയെയും അപ്പക്കാരുടെ പ്രധാനിയെയും ഓർത്തു.
[21] പാനപാത്രവാഹകന്മാരുടെ പ്രധാനിയെ ഫറവോന്റെ കയ്യിൽ പാനപാത്രം കൊടുക്കണ്ടതിനു വീണ്ടും അവന്റെ സ്ഥാനത്ത് ആക്കി.
[22] അപ്പക്കാരുടെ പ്രധാനിയെയോ അവൻ തൂക്കികൊന്നു; യോസേഫ് അർത്ഥം പറഞ്ഞതുപോലെ തന്നെ.
[23] എങ്കിലും പാനപാത്രവാഹകന്മാരുടെ പ്രധാനി യോസേഫിനെ ഓർക്കാതെ അവനെ മറന്നുകളഞ്ഞു.