[1] ഇനി വിഗ്രഹങ്ങൾക്ക് അർപ്പിച്ച ഭക്ഷണത്തെക്കുറിച്ച്: “നാം എല്ലാവരും അറിവുള്ളവരാണെന്നു” നമുക്ക് അറിയാം. അറിവ് ഒരാളെ നിഗളിയാക്കിത്തീർക്കുന്നു; സ്നേഹമോ ആത്മികാഭിവൃദ്ധി വരുത്തുന്നു.
[2] എനിക്കറിവുണ്ട് എന്നു വിചാരിക്കുന്നവൻ വേണ്ടവണ്ണമുള്ള അറിവ് ഇനിയും നേടേണ്ടിയിരിക്കുന്നു.
[3] എന്നാൽ ദൈവത്തെ സ്നേഹിക്കുന്നവനെ ദൈവം അറിഞ്ഞിരിക്കുന്നു.
[4] വിഗ്രഹങ്ങൾക്ക് അർപ്പിച്ച ഭക്ഷണത്തെപ്പറ്റി പറഞ്ഞാൽ, “ലോകത്തിൽ വിഗ്രഹം ഏതുമില്ല” എന്നും “ഏകദൈവമല്ലാതെ വേറെ ദൈവമില്ല” എന്നും നാം അറിയുന്നു.
[5] ആകാശത്തിലും ഭൂമിയിലും “ദേവന്മാർ” എന്നു പറയപ്പെടുന്ന പലരുണ്ട്; ദൈവങ്ങളും “കർത്താക്കളും” ധാരാളമുണ്ടല്ലോ.
[6] എന്നാൽ നമുക്കു പിതാവായ ഏകദൈവംമാത്രമേ ഉള്ളൂ. ആ ദൈവത്തിൽനിന്നാണ് സകലതും ഉണ്ടായത്. നാം ജീവിക്കുന്നത് അവിടത്തേക്കുവേണ്ടിയാണ്; യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്കുണ്ട്. ആ കർത്താവിലൂടെയാണ് സകലതും ഉണ്ടായത്; നാം ജീവിക്കുന്നതും തന്നിലൂടെത്തന്നെ.
[7] എന്നാൽ എല്ലാവർക്കും ഈ അറിവില്ല. ചിലർക്കു വിഗ്രഹങ്ങളോടുള്ള പരിചയംനിമിത്തം അവയ്ക്കു നിവേദിച്ച ഭക്ഷണം കഴിക്കുമ്പോൾ, ഇത് വിഗ്രഹാർപ്പിതം ആണല്ലോ എന്ന ചിന്ത ഉണ്ടാകുന്നു. ദുർബലചിത്തർ ആകുകയാൽ അവരുടെ മനസ്സാക്ഷി മലിനപ്പെടുകയുംചെയ്യുന്നു.
[8] ഭക്ഷണം നമ്മെ ദൈവത്തോട് അടുപ്പിക്കുന്നില്ല; തിന്നാതിരുന്നാൽ ദോഷമോ തിന്നാൽ കൂടുതൽ പ്രയോജനമോ ഉണ്ടാകുന്നുമില്ല.
[9] എന്നാൽ, നിങ്ങൾക്കുള്ള ഈ സ്വാതന്ത്ര്യം ബലഹീനർക്ക് ഇടർച്ചയ്ക്കു കാരണമാകരുത്.
[10] അറിവുള്ള നീ ക്ഷേത്രത്തിൽ ഇരുന്നു ഭക്ഷിക്കുന്നതു കാണുമ്പോൾ, ബലഹീനമനസ്സാക്ഷിയുള്ളവനും വിഗ്രഹാർപ്പിതം ഭക്ഷിക്കാൻ ധൈര്യപ്പെടുകയില്ലേ?
[11] ഏതൊരു ബലഹീനസഹോദരനുവേണ്ടി ക്രിസ്തു മരിച്ചുവോ അയാൾ ഇങ്ങനെ, നിന്റെ അറിവിനാൽ നശിച്ചുപോകാനിടയാകുന്നു.
[12] ഈ വിധത്തിൽ, സഹോദരർക്കെതിരായി പാപംചെയ്ത് അവരുടെ ബലഹീനമനസ്സാക്ഷിയെ മുറിപ്പെടുത്തുമ്പോൾ, നിങ്ങൾ ക്രിസ്തുവിനു വിരോധമായി പാപംചെയ്യുന്നു.
[13] അതുകൊണ്ട് എന്റെ ഭക്ഷണംനിമിത്തം സഹോദരൻ പാപത്തിൽ വീഴുന്നെങ്കിൽ ഞാൻ ഒരിക്കലും മാംസം ഭക്ഷിക്കുകയില്ല; അവന്റെ വീഴ്ചയ്ക്കു ഞാൻ കാരണക്കാരനാകരുതല്ലോ.