Skip to content
Opens in a new window
Listen to this chapter • 8:01

[1] സഹോദരങ്ങളേ, ഞാൻ നിങ്ങളോടു അറിയിച്ചതും നിങ്ങൾ സ്വീകരിച്ചതും നിങ്ങൾ സുസ്ഥിരരായി നിൽക്കുന്നതുമായ സുവിശേഷത്തെപ്പറ്റി നിങ്ങളെ ഓർമിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

[2] ഞാൻ നിങ്ങളോടു അറിയിച്ച സുവിശേഷത്തിന്റെ വചനത്തിലൂടെ നിങ്ങൾ രക്ഷിക്കപ്പെട്ടിരിക്കുന്നു; അതു മുറുകെപ്പിടിച്ചു കൊള്ളുന്നില്ലെങ്കിൽ നിങ്ങൾ വിശ്വസിച്ചതു വ്യർഥമായിത്തീരും.

[3] ക്രിസ്തു നമ്മുടെ പാപങ്ങൾക്കുവേണ്ടി തിരുവെഴുത്തുകളിൻപ്രകാരം മരിച്ച്

[4] അടക്കപ്പെട്ടശേഷം മൂന്നാംദിവസം തിരുവെഴുത്തുകളിൻപ്രകാരം ഉയിർപ്പിക്കപ്പെട്ടു എന്നിങ്ങനെ എനിക്കു ലഭിച്ച വചനം ഞാൻ ആദ്യമായി നിങ്ങൾക്ക് ഏൽപ്പിച്ചുതന്നല്ലോ.

[5] അവിടന്ന് പത്രോസിനും അനന്തരം പന്ത്രണ്ട് ശിഷ്യന്മാർക്കും പ്രത്യക്ഷനായി.

[6] അതിനുശേഷം അവിടന്ന് അഞ്ഞൂറിലധികം സഹോദരങ്ങൾക്ക് ഒരേസമയം പ്രത്യക്ഷപ്പെട്ടു, അവരിൽ ചിലർ നിദ്രപ്രാപിച്ചെങ്കിലും അധികംപേരും ഇപ്പോഴും ജീവനോടെയിരിക്കുന്നു.

[7] പിന്നീട് അവിടന്ന് യാക്കോബിനും അതിനുശേഷം സകലഅപ്പൊസ്തലന്മാർക്കും പ്രത്യക്ഷപ്പെട്ടു;

[8] ഏറ്റവുമൊടുവിൽ, അകാലജാതനെപ്പോലെയുള്ള എനിക്കും പ്രത്യക്ഷനായി.

[9] ഞാൻ അപ്പൊസ്തലന്മാരിൽ ഏറ്റവും ചെറിയവനാണ്. ദൈവസഭയെ പീഡിപ്പിച്ചതുകൊണ്ട് അപ്പൊസ്തലൻ എന്ന പേരിനു യോഗ്യനുമല്ല.

[10] എന്നാൽ ഞാൻ ആയിരിക്കുന്നതു ദൈവകൃപയാൽ ആകുന്നു. എന്നോടുള്ള അവിടത്തെ കൃപ നിഷ്ഫലമായില്ല. ഞാൻ ആ അപ്പൊസ്തലന്മാരെക്കാളെല്ലാം അധികം അധ്വാനിച്ചു. എങ്കിലും അധ്വാനിച്ചതു ഞാനല്ല, എന്നോടുകൂടെയുള്ള ദൈവകൃപയാണ്.

[11] അതുകൊണ്ടു പ്രസംഗിക്കുന്നത് ഞാനായാലും, അവരായാലും, ഒരേ സന്ദേശമാണ്; ആ സന്ദേശം തന്നെയാണ് നിങ്ങൾ വിശ്വസിച്ചതും.

[12] ക്രിസ്തു മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ടു എന്നാണ് പ്രസംഗിക്കപ്പെടുന്നത്. അപ്പോൾ മരിച്ചവർക്കു പുനരുത്ഥാനം ഇല്ല എന്നു നിങ്ങളിൽ ചിലർ പറയുന്നതെങ്ങനെ?

[13] മരിച്ചവരുടെ പുനരുത്ഥാനം ഇല്ല എങ്കിൽ ക്രിസ്തുവും ഉയിർപ്പിക്കപ്പെട്ടിട്ടില്ല.

[14] ക്രിസ്തു ഉയിർപ്പിക്കപ്പെട്ടിട്ടില്ല എങ്കിൽ ഞങ്ങളുടെ പ്രസംഗം വ്യർഥം, നിങ്ങളുടെ വിശ്വാസവും വ്യർഥം.

[15] തന്നെയുമല്ല, ദൈവം ക്രിസ്തുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചിരിക്കുന്നു എന്നു ദൈവത്തെക്കുറിച്ചു സാക്ഷ്യം പറഞ്ഞിരിക്കുന്ന ഞങ്ങൾ ദൈവത്തിനെതിരെ വ്യാജ സാക്ഷികൾ എന്നും വരും. കാരണം, മരിച്ചവർ വാസ്തവത്തിൽ ഉയിർപ്പിക്കപ്പെടുന്നില്ലെങ്കിൽ, ദൈവം ക്രിസ്തുവിനെയും ഉയിർപ്പിച്ചിട്ടില്ല.

[16] മരിച്ചവർക്കു പുനരുത്ഥാനം ഇല്ലെങ്കിൽ ക്രിസ്തുവിനും പുനരുത്ഥാനം ഉണ്ടായിട്ടില്ല.

[17] ക്രിസ്തു ഉയിർപ്പിക്കപ്പെട്ടിട്ടില്ല എങ്കിൽ നിങ്ങളുടെ വിശ്വാസം വ്യർഥം; നിങ്ങൾ ഇപ്പോഴും നിങ്ങളുടെ പാപങ്ങളിൽ തന്നെ സ്ഥിതി ചെയ്യുന്നു.

[18] ക്രിസ്തുവിൽ വിശ്വസിച്ച ശേഷം നിദ്രപ്രാപിച്ചവരും നശിച്ചുപോയിരിക്കുന്നു.

[19] നമുക്കു ക്രിസ്തുവിലുള്ള പ്രത്യാശ ഈ ജീവിതത്തെക്കുറിച്ചു മാത്രമെങ്കിൽ നാം സകലമനുഷ്യരിലും ശോചനീയരാണ്.

[20] എന്നാൽ ക്രിസ്തു മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ടിരിക്കുന്നത് നിദ്രപ്രാപിച്ചവരിൽനിന്നുള്ള പുനരുത്ഥാനത്തിന്റെ ആദ്യഫലമായിട്ടാണ്.

[21] ഒരു മനുഷ്യനിലൂടെ മരണം, ഒരു മനുഷ്യനിലൂടെത്തന്നെ മരിച്ചവരുടെ പുനരുത്ഥാനവും!

[22] ആദാമിൽ എല്ലാവരും മരിക്കുന്നതുപോലെ ക്രിസ്തുവിൽ എല്ലാവരും ജീവിപ്പിക്കപ്പെടും.

[23] എന്നാൽ ഓരോരുത്തരും അവരവരുടെ ക്രമമനുസരിച്ചായിരിക്കും ജീവിപ്പിക്കപ്പെടുന്നത്: ആദ്യഫലം ക്രിസ്തു; പിന്നെ ക്രിസ്തുവിന്റെ പുനരാഗമനത്തിൽ ക്രിസ്തുവിനുള്ളവർ;

[24] അതിനുശേഷം അവിടന്നു സകലഭരണവും അധികാരവും ശക്തിയും നീക്കിക്കളഞ്ഞിട്ട് രാജ്യം പിതാവായ ദൈവത്തെ ഏൽപ്പിക്കുന്ന പരിസമാപ്തി ഉണ്ടാകും.

[25] സകലശത്രുക്കളെയും തന്റെ കാൽക്കീഴിലാക്കുന്നതുവരെ ക്രിസ്തു വാഴേണ്ടതാകുന്നു.

[26] ഒടുവിലായി നശിപ്പിക്കപ്പെടുന്ന ശത്രുവാണു മരണം.

[27] എന്തെന്നാൽ ദൈവം “സകലവും അവിടത്തെ കാൽക്കീഴിലാക്കിയിരിക്കുന്നു.” “സകലവും” എന്നു പറയുമ്പോൾ എല്ലാം ക്രിസ്തുവിന് അധീനമാക്കിക്കൊടുത്ത ദൈവം ഒഴികെയാണ് എന്നതു സ്പഷ്ടം.

[28] സമസ്തവും തനിക്കു കീഴ്പ്പെട്ടശേഷം, പുത്രൻ സകലവും തനിക്കു കീഴാക്കിക്കൊടുത്ത ദൈവത്തിനു കീഴ്പ്പെട്ടിരിക്കും; അങ്ങനെ ദൈവം സകലത്തിലും സകലവും ആയിത്തീരും.

[29] മരിച്ചവരുടെ പുനരുത്ഥാനം ഇല്ലെങ്കിൽ, ചിലർ മരിച്ചവർക്കുവേണ്ടി സ്നാനം ഏൽക്കുന്നതെന്തിന്? മരിച്ചവർ ഉയിർപ്പിക്കപ്പെടുന്നില്ല എങ്കിൽ അവർക്കുവേണ്ടി സ്നാനം ഏൽക്കുന്നതിന് എന്താണു പ്രസക്തി?

[30] ഞങ്ങളും നാഴികതോറും ആപത്തിലാകുന്നതെന്തിന്?

[31] സഹോദരങ്ങളേ, നമ്മുടെ കർത്താവായ ക്രിസ്തുയേശുവിൽ എനിക്കു നിങ്ങളെപ്പറ്റിയുള്ള പ്രശംസയുടെ ഉറപ്പിൽ ഞാൻ തീർത്തു പറയട്ടെ, ഞാൻ ദിവസേന മരണം അഭിമുഖീകരിക്കുകയാണ്.

[32] എഫേസോസിൽവെച്ചു ഞാൻ വന്യമൃഗങ്ങളോടു പോരാടിയതു കേവലം മാനുഷികകാരണങ്ങളാൽ എങ്കിൽ അതുകൊണ്ട് എനിക്കെന്തു നേട്ടം? മരിച്ചവർ ഉയിർക്കുന്നില്ല എങ്കിൽ, “തിന്നുക, കുടിക്കുക, നാളെ നാം മരിക്കുമല്ലോ.”

[33] വഴിതെറ്റിക്കപ്പെടരുത്. “ഹീനമായ സൗഹൃദം സദ്ഗുണങ്ങളെ ദുഷിപ്പിക്കുന്നു.”

[34] നീതിബോധമുള്ളവരായിരിക്കുക. പാപംചെയ്യാതിരിക്കുക. ഇത് ഞാൻ നിങ്ങളുടെ ലജ്ജയ്കായിത്തന്നെ പറയട്ടെ, ചിലർക്കു ദൈവത്തെക്കുറിച്ച് അറിവില്ല.

[35] “മരിച്ചവർ എങ്ങനെ ഉയിർപ്പിക്കപ്പെടുന്നു? ഏതുതരം ശരീരത്തോടെ അവർ വരുന്നു?” എന്നിങ്ങനെ ചിലർ ചോദിച്ചേക്കാം.

[36] ബുദ്ധികെട്ട മനുഷ്യാ, നീ വിതയ്ക്കുന്ന വിത്തു ചാകുന്നില്ലെങ്കിൽ ജീവിപ്പിക്കപ്പെടുകയില്ല.

[37] ഉണ്ടാകാനിരിക്കുന്ന ശരീരമല്ല നീ വിതയ്ക്കുന്നത്, പിന്നെയോ ഗോതമ്പിന്റെയോ മറ്റെന്തിന്റെയെങ്കിലുമോ വിത്തു മാത്രമാണു വിതയ്ക്കുന്നത്.

[38] എന്നാൽ ദൈവം അവിടത്തെ ഹിതപ്രകാരം, ഗോതമ്പിന് ഒരുതരം ശരീരവും, ഓരോതരം വിത്തിനും അതതിന്റെ തരം ശരീരവും നല്കുന്നു.

[39] എല്ലാ മാംസവും ഒരേ തരത്തിലുള്ളതല്ല. മനുഷ്യരുടെ മാംസം ഒരുതരം, മൃഗങ്ങളുടേതു മറ്റൊരുതരം, പക്ഷികളുടേതു വേറെ, മത്സ്യങ്ങളുടേതു വേറെ.

[40] സ്വർഗീയശരീരങ്ങളും ലൗകികശരീരങ്ങളും ഉണ്ട്. സ്വർഗീയശരീരങ്ങളുടെ തേജസ്സ് ഒരു വിധത്തിലുള്ളത്; ലൗകികശരീരങ്ങളുടെ തേജസ്സു മറ്റൊരു വിധത്തിലുള്ളത്.

[41] സൂര്യന്റെ തേജസ്സ് ഒരുവിധം, ചന്ദ്രന്റേതു മറ്റൊരുവിധം, നക്ഷത്രങ്ങളുടെ തേജസ്സു വേറൊരുവിധം. നക്ഷത്രവും നക്ഷത്രവും തമ്മിൽ തേജസ്സിൽ വ്യത്യാസമുണ്ട്.

[42] മരിച്ചവരുടെ പുനരുത്ഥാനവും അങ്ങനെതന്നെയാണ്. നശ്വരമായ ശരീരം വിതയ്ക്കപ്പെടുന്നു, അനശ്വരമായ ശരീരം ഉയിർപ്പിക്കപ്പെടുന്നു.

[43] അപമാനത്തിൽ വിതയ്ക്കപ്പെടുന്നു, തേജസ്സിൽ ഉയിർപ്പിക്കപ്പെടുന്നു; ബലഹീനതയിൽ വിതയ്ക്കപ്പെടുന്നു, ശക്തിയിൽ ഉയിർപ്പിക്കപ്പെടുന്നു.

[44] വിതയ്ക്കപ്പെടുന്നത് ഭൗതികശരീരം, ഉയിർപ്പിക്കപ്പെടുന്നതോ ആത്മികശരീരം. ഭൗതികശരീരം ഉണ്ടെങ്കിൽ ആത്മികശരീരവും ഉണ്ട്.

[45] “ആദ്യമനുഷ്യനായ ആദാം ജീവനുള്ള ദേഹിയായിത്തീർന്നു” എന്നെഴുതിയിരിക്കുന്നല്ലോ; അവസാനത്തെ ആദാം ജീവൻ നൽകുന്ന ആത്മാവായി.

[46] ആദ്യമുണ്ടായത് ആത്മികമല്ല, ഭൗതികമായിരുന്നു. ആത്മികം അതിനുശേഷം.

[47] ഒന്നാംമനുഷ്യൻ ഭൂമിയിൽനിന്നുള്ള മർത്യൻ; രണ്ടാംമനുഷ്യനോ സ്വർഗത്തിൽനിന്നുള്ളവൻ.

[48] ആ മർത്യനെപ്പോലെ തന്നെ ശേഷം മർത്യരും, സ്വർഗത്തിൽനിന്നുള്ളവനെപ്പോലെ തന്നെ സ്വർഗീയരും ആകുന്നു.

[49] നാം ആ മർത്യന്റെ സ്വരൂപം ധരിച്ചിരിക്കുന്നതുപോലെ സ്വർഗീയന്റെയും സ്വരൂപം ധരിക്കും.

[50] സഹോദരങ്ങളേ, ജഡരക്തങ്ങൾക്കു ദൈവരാജ്യം അവകാശമാക്കാൻ സാധ്യമല്ലെന്നു ഞാൻ പറയുന്നു; നശ്വരമായത് അനശ്വരതയെ അവകാശമാക്കുകയില്ല.

[51] ശ്രദ്ധിക്കുക, ഞാൻ ഒരു രഹസ്യം നിങ്ങളോടു പറയാം: നാം എല്ലാവരും നിദ്രപ്രാപിക്കുകയില്ല, നാം എല്ലാവരും രൂപാന്തരപ്പെടും.

[52] അന്ത്യകാഹളധ്വനി മുഴങ്ങുമ്പോൾ, ക്ഷണനേരത്തിൽ, കണ്ണിമയ്ക്കുന്നതിനിടയിൽ മരിച്ചവർ അക്ഷയരായി ഉയിർപ്പിക്കപ്പെടും; നാം രൂപാന്തരം പ്രാപിക്കുകയുംചെയ്യും.

[53] ഈ നശ്വരമായത് അനശ്വരതയെയും ഈ മർത്യമായത് അമർത്യതയെയും ധരിക്കേണ്ടതാകുന്നു.

[54] ഇങ്ങനെ ഈ നശ്വരമായത് അനശ്വരതയെയും ഈ മർത്യമായത് അമർത്യതയെയും ധരിച്ചുകഴിയുമ്പോൾ, “മരണത്തെ വിജയം ഗ്രസിച്ചു” എന്നു എഴുതിയ വചനം നിറവേറും.

[55] “ഹേ മരണമേ, നിന്റെ ജയം എവിടെ? ഹേ മരണമേ, നിന്റെ വിഷമുള്ള് എവിടെ?”

[56] മരണത്തിന്റെ വിഷമുള്ള് പാപം; പാപത്തിന്റെ ശക്തി ന്യായപ്രമാണം.

[57] എന്നാൽ ദൈവത്തിനു സ്തോത്രം! നമ്മുടെ കർത്താവായ യേശുക്രിസ്തുവിലൂടെ അവിടന്ന് നമുക്കു വിജയം നൽകുന്നു.

[58] അതുകൊണ്ട് എന്റെ പ്രിയസഹോദരങ്ങളേ, നിങ്ങൾ അചഞ്ചലരായിരിക്കുക; യാതൊന്നും നിങ്ങളെ ഉലച്ചുകളയാൻ ഇടയാകരുത്. കർത്താവിൽ നിങ്ങളുടെ അധ്വാനം വ്യർഥമല്ല എന്നറിയുന്നതുകൊണ്ടു കർത്താവിന്റെ വേലയിൽ എപ്പോഴും വ്യാപൃതരായിരിക്കുക.

കൊരിന്ത്യർക്ക് എഴുതിയ ഒന്നാംലേഖനം — Chapters