[1] സ്നേഹത്തിന്റെ മാർഗം അവലംബിക്കുക; ആത്മാവിന്റെദാനങ്ങൾ, വിശേഷാൽ, പ്രവചനദാനം അഭിവാഞ്ഛിക്കുക.
[2] അജ്ഞാതഭാഷയിൽ സംസാരിക്കുന്നവർ മനുഷ്യരോടല്ല, ദൈവത്തോടാണ് സംസാരിക്കുന്നത്. അവർ പറയുന്നത് ആരും ഗ്രഹിക്കുന്നില്ല; അവർ ആത്മാവിൽ ദൈവികരഹസ്യങ്ങൾ സംസാരിക്കുന്നു.
[3] എന്നാൽ പ്രവചിക്കുന്നവൻ മനുഷ്യരുടെ ആത്മികോന്നതിക്കും പ്രോത്സാഹനത്തിനും ആശ്വാസത്തിനുമായി സംസാരിക്കുന്നു.
[4] അജ്ഞാതഭാഷയിൽ സംസാരിക്കുന്നയാൾ സ്വന്തം ആത്മികോന്നതി വരുത്തുന്നു; പ്രവചിക്കുന്നയാളോ, സഭയ്ക്കാണ് ആത്മികോന്നതി വരുത്തുന്നത്.
[5] നിങ്ങൾക്കെല്ലാം അജ്ഞാതഭാഷകളിൽ സംസാരിക്കാൻ കഴിയണമെന്ന് എനിക്ക് ആഗ്രഹമുണ്ട്; എന്നാൽ, അതിലുപരി ഞാൻ ആഗ്രഹിക്കുന്നത്, നിങ്ങൾക്ക് പ്രവചിക്കാൻ കഴിയണമെന്നാണ്. അജ്ഞാതഭാഷകളിൽ സംസാരിക്കുന്നതു സഭയുടെ ആത്മികോന്നതിക്കായി വ്യാഖ്യാനിക്കപ്പെടണം, അല്ലെങ്കിൽ അജ്ഞാതഭാഷകളിൽ സംസാരിക്കുന്നവരെക്കാൾ പ്രവചിക്കുന്നവനാണു ശ്രേഷ്ഠൻ.
[6] സഹോദരങ്ങളേ, ഞാൻ നിങ്ങൾക്കായി എന്തെങ്കിലും വെളിപ്പാടോ ജ്ഞാനമോ പ്രവചനമോ പ്രബോധനമോ നൽകുന്നതിനു പകരം, നിങ്ങളുടെ അടുക്കൽവന്ന് അജ്ഞാതഭാഷകളിൽ സംസാരിക്കുന്നെങ്കിൽ എന്നെക്കൊണ്ടു നിങ്ങൾക്ക് എന്തു പ്രയോജനം?
[7] കുഴൽ, വീണ മുതലായ നിർജീവവാദ്യങ്ങളുടെ കാര്യത്തിൽപ്പോലും, അവ വിവിധശ്രുതികൾ പുറപ്പെടുവിക്കാതിരുന്നാൽ ഊതിയതും മീട്ടിയതും ഏതു രാഗം എന്ന് എങ്ങനെ അറിയും?
[8] കാഹളം അവ്യക്തനാദം പുറപ്പെടുവിച്ചാൽ യുദ്ധത്തിനു ആരെങ്കിലും തയ്യാറാകുമോ?
[9] അങ്ങനെതന്നെ, നിങ്ങളും അജ്ഞാതഭാഷയിൽ അവ്യക്തവാക്കുകൾ സംസാരിച്ചാൽ, നിങ്ങൾ പറയുന്നത് എന്തെന്ന് മറ്റുള്ളവർ എങ്ങനെ ഗ്രഹിക്കും? നിങ്ങൾ വെറുതെ വായുവിനോടു സംസാരിക്കുന്നവരെപ്പോലെ ആകും!
[10] ലോകത്തിൽ വിവിധതരം ഭാഷകൾ ഉണ്ട്, എന്നാൽ അവയിൽ ഒന്നുപോലും നിരർഥകമല്ല.
[11] ഒരാൾ സംസാരിക്കുന്നതിന്റെ അർഥം എനിക്കു ഗ്രഹിക്കാൻ കഴിയുന്നില്ലെങ്കിൽ, അയാൾക്കു ഞാനും അയാൾ എനിക്കും വിദേശിയായിരിക്കും.
[12] നിങ്ങളെ സംബന്ധിച്ചും ഇങ്ങനെതന്നെ. നിങ്ങൾ ആത്മികദാനങ്ങൾ അഭിലഷിക്കുന്നുണ്ടല്ലോ; എങ്കിൽ സഭയുടെ ഉന്നതിക്ക് ഉതകുന്ന ദാനങ്ങളിൽ മികവു നേടുക.
[13] അതുകൊണ്ട് അജ്ഞാതഭാഷയിൽ സംസാരിക്കുന്നവൻ അയാൾ പറയുന്നതു വ്യാഖ്യാനിക്കാനുള്ള കഴിവിനുവേണ്ടിയും പ്രാർഥിക്കണം.
[14] ഞാൻ അജ്ഞാതഭാഷയിൽ പ്രാർഥിക്കുന്നെങ്കിൽ എന്റെ ആത്മാവ് മാത്രം പ്രാർഥിക്കുന്നു, എന്റെ ബുദ്ധിയോ ഫലരഹിതമായിരിക്കുന്നു.
[15] അങ്ങനെയെങ്കിൽ എന്താണ് കരണീയം? ഞാൻ ആത്മാവുകൊണ്ടു പ്രാർഥിക്കും, ബുദ്ധികൊണ്ടും പ്രാർഥിക്കും; ആത്മാവുകൊണ്ടു പാടും, ബുദ്ധികൊണ്ടും പാടും.
[16] ആത്മാവുകൊണ്ടു നീ ദൈവത്തെ സ്തുതിക്കുന്നെങ്കിൽ അത് ഗ്രഹിക്കാത്ത ഒരാൾ നിന്റെ സ്തോത്രാർപ്പണത്തിന് എങ്ങനെ “ആമേൻ” പറയും? നീ പറയുന്നത് അയാൾ മനസ്സിലാക്കുന്നില്ലല്ലോ?
[17] നീ നന്നായി സ്തോത്രം അർപ്പിക്കുന്നുണ്ടായിരിക്കാം, എന്നാൽ ഇതവർക്ക് ആത്മികോന്നതി ഉണ്ടാകുന്നില്ല.
[18] ഞാൻ നിങ്ങളെല്ലാവരെക്കാളും അധികമായി അജ്ഞാതഭാഷകളിൽ സംസാരിക്കുന്നതു കൊണ്ട് ദൈവത്തിനു സ്തോത്രംചെയ്യുന്നു.
[19] എന്നാൽ സഭയിൽ പതിനായിരം വാക്കുകൾ അജ്ഞാതഭാഷയിൽ സംസാരിക്കുന്നതിനെക്കാൾ, മറ്റുള്ളവരെ ഉപദേശിക്കാനായി ബുദ്ധികൊണ്ട് അഞ്ചു വാക്കു സംസാരിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു.
[20] സഹോദരങ്ങളേ, ശിശുക്കളെപ്പോലെയല്ലാ ചിന്തിക്കേണ്ടത്; തിന്മയ്ക്ക് ശിശുക്കളും, ചിന്തയിൽ മുതിർന്നവരും ആയിരിക്കുക.
[21] ന്യായപ്രമാണത്തിൽ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: “ഇതരഭാഷക്കാരിലൂടെയും വിദേശികളുടെ അധരങ്ങളിലൂടെയും ഞാൻ ഈ ജനത്തോടു സംസാരിക്കും, എങ്കിലും അവർ എന്റെ വാക്കു കേൾക്കയില്ല എന്ന് കർത്താവ് അരുളിച്ചെയ്യുന്നു.”
[22] അങ്ങനെ അജ്ഞാതഭാഷകൾ വിശ്വാസികൾക്കല്ല, അവിശ്വാസികൾക്കാണ് ചിഹ്നമായിരിക്കുന്നത്. എന്നാൽ പ്രവചനവരം അവിശ്വാസികൾക്കല്ല, വിശ്വാസികൾക്കുവേണ്ടി ഉള്ളതാണ്.
[23] അതുകൊണ്ട് സഭ മുഴുവനും സമ്മേളിക്കുമ്പോൾ എല്ലാവരും അജ്ഞാതഭാഷകളിൽ സംസാരിച്ചാൽ, അജ്ഞരോ അവിശ്വാസികളോ അകത്തു വന്നാൽ, നിങ്ങൾക്കു ചിത്തഭ്രമം പിടിപെട്ടിരിക്കുന്നെന്ന് അവർ പറയുകയില്ലേ?
[24] എന്നാൽ എല്ലാവരും പ്രവചിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു അവിശ്വാസിയോ ഒരു അജ്ഞനോ അകത്തു വന്നാൽ, അയാൾക്ക് എല്ലാറ്റിനാലും പാപബോധമുണ്ടായിട്ട്, അയാൾ സ്വയം പരിശോധനാവിധേയനാകും;
[25] അയാളുടെ ഹൃദയത്തിലെ രഹസ്യങ്ങളും വെളിപ്പെടും; അയാൾ സാഷ്ടാംഗംവീണ്, “വാസ്തവമായി നിങ്ങളുടെ മധ്യത്തിൽ ദൈവം ഉണ്ട്” എന്ന് പറഞ്ഞു ദൈവത്തെ ആരാധിക്കും.
[26] സഹോദരങ്ങളേ, അപ്പോൾ എന്താണു സാരാംശം? നിങ്ങൾ സമ്മേളിക്കുമ്പോൾ, ഒരാൾ കീർത്തനം ആലപിക്കുന്നു, മറ്റൊരാൾ ഉപദേശിക്കുന്നു, ഒരാൾ ദൈവികവെളിപ്പാടു പ്രസ്താവിക്കുന്നു, ഒരാൾ അജ്ഞാതഭാഷയിൽ സംസാരിക്കുന്നു, മറ്റൊരാൾ അത് വ്യാഖ്യാനിക്കുന്നു. എല്ലാം ആത്മികോന്നതിക്ക് ഉപകരിക്കേണ്ടതാണ്.
[27] അജ്ഞാതഭാഷയിൽ സംസാരിക്കുന്നെങ്കിൽ രണ്ടുപേരോ, കൂടിയാൽ മൂന്നുപേരോ സംസാരിക്കട്ടെ. അവർ ഓരോരുത്തരായി സംസാരിക്കുകയും ഒരാൾ വ്യാഖ്യാനിക്കുകയും വേണം.
[28] വ്യാഖ്യാതാവ് ഇല്ലാത്തപക്ഷം അജ്ഞാതഭാഷ സംസാരിക്കുന്നയാൾ സഭയിൽ മൗനമായിരുന്ന്, തന്നോടുതന്നെയും ദൈവത്തോടും സംസാരിക്കട്ടെ.
[29] രണ്ടോ മൂന്നോ പ്രവാചകർ സംസാരിക്കുകയും, മറ്റുള്ളവർ അവരുടെ വാക്കുകളെക്കുറിച്ച് പരിചിന്തനം ചെയ്യുകയും വേണം.
[30] ഉപവിഷ്ടരിൽ ഒരാൾക്ക് ഒരു വെളിപ്പാടു ലഭിച്ചാൽ സംസാരിച്ചുകൊണ്ടിരിക്കുന്നയാൾ അപ്പോൾ സംസാരം നിർത്തണം.
[31] എല്ലാവർക്കും പഠനവും പ്രോത്സാഹനവും ലഭിക്കത്തക്കവിധം ഓരോരുത്തരായി നിങ്ങൾക്കെല്ലാം പ്രവചിക്കാവുന്നതാണ്.
[32] പ്രവചനാത്മാവ് പ്രവാചകരുടെ നിയന്ത്രണത്തിന് അധീനമാണ്.
[33] ദൈവം അലങ്കോലത്തിന്റെ ദൈവമല്ല, സമാധാനത്തിന്റെ ദൈവമാണ്. വിശുദ്ധരുടെ സകലസഭകളിലും എന്നപോലെ,
[34] സ്ത്രീകൾ സഭായോഗങ്ങളിൽ നിശ്ശബ്ദരായിരിക്കണം. ന്യായപ്രമാണം അനുശാസിക്കുന്നതുപോലെ, അവർ കീഴ്പ്പെട്ടിരിക്കണം, സംസാരിക്കാൻ അവരെ അനുവദിച്ചിട്ടില്ല.
[35] എന്തെങ്കിലും പഠിക്കാൻ അവർ ആഗ്രഹിക്കുന്നെങ്കിൽ, ഭവനത്തിൽവെച്ചു സ്വന്തഭർത്താക്കന്മാരോട് ചോദിക്കട്ടെ; സ്ത്രീ സഭയിൽ സംസാരിക്കുന്നത് ലജ്ജാകരമാണ്.
[36] ദൈവവചനത്തിന്റെ ഉദ്ഭവം നിങ്ങളിൽനിന്നാണോ? അഥവാ, അത് എത്തിയിട്ടുള്ളത് നിങ്ങളുടെ അടുക്കൽവരെ മാത്രമോ?
[37] ഒരു പ്രവാചകൻ എന്നോ ആത്മികകൃപാദാനങ്ങൾ ലഭിച്ചവനെന്നോ ആരെങ്കിലും സ്വയം കരുതുന്നെങ്കിൽ, ഞാൻ നിങ്ങൾക്ക് ഈ എഴുതുന്നത് കർത്താവിന്റെ കൽപ്പനയാണ് എന്ന് അയാൾ മനസ്സിലാക്കിക്കൊള്ളട്ടെ.
[38] അയാൾ ഇത് അവഗണിക്കുന്നു എങ്കിൽ അയാളും അവഗണിക്കപ്പെടും.
[39] ആകയാൽ സഹോദരങ്ങളേ, പ്രവചനദാനം അഭിലഷിക്കുക, അജ്ഞാതഭാഷകളിൽ സംസാരിക്കുന്നതു തടയുകയുമരുത്.
[40] എല്ലാം യോഗ്യമായും വ്യവസ്ഥിതമായും നിർവ്വഹിക്കപ്പെടട്ടെ.