Skip to content
Opens in a new window
Listen to this chapter • 3:26

[1] നിങ്ങളിൽ ഒരാൾക്കു മറ്റൊരാളോടു തർക്കം ഉണ്ടെങ്കിൽ അതിന്റെ തീർപ്പിനായി, വിശുദ്ധരുടെ മുമ്പിലല്ല, അഭക്തരുടെ മുമ്പിലോ നിങ്ങൾ പോകുന്നത്?

[2] വിശുദ്ധർ ലോകത്തെ ന്യായംവിധിക്കും എന്നു നിങ്ങൾ അറിയുന്നില്ലേ? നിങ്ങൾ ലോകത്തെ വിധിക്കാനുള്ളവരെങ്കിൽ നിസ്സാരവിവാദങ്ങൾ തീരുമാനിക്കാൻ അയോഗ്യർ എന്നു വരുമോ?

[3] നാം ദൂതന്മാരെ വിധിക്കും എന്നറിയുന്നില്ലേ? എങ്കിൽ ഈ ലോകത്തിലെ കാര്യങ്ങളെ എത്രയധികം!

[4] അതുകൊണ്ട് അങ്ങനെയുള്ള കാര്യങ്ങളെപ്പറ്റി തർക്കമുണ്ടെങ്കിൽ സഭയ്ക്കു യാതൊരു മതിപ്പുമില്ലാത്തവരെ നിങ്ങൾ വിധികർത്താക്കളായി നിയമിക്കുമോ?

[5] ഞാൻ ഇത് നിങ്ങളുടെ ലജ്ജയ്കായി പറയുന്നു. വിശ്വാസികൾക്കു തമ്മിലുള്ള കാര്യം തീർക്കാൻ തക്ക ജ്ഞാനമുള്ള ഒരാൾപോലും നിങ്ങളുടെ കൂട്ടത്തിൽ ഇല്ലെന്നുവരുമോ?

[6] എന്നാൽ അതിനുപകരം, ഒരു സഹോദരൻ മറ്റൊരു സഹോദരനോടു വ്യവഹാരം നടത്താൻ പോകുന്നു അതും അവിശ്വാസികളുടെ മുമ്പിൽ!

[7] നിങ്ങൾക്കു തമ്മിൽ വ്യവഹാരമുണ്ട് എന്നതുതന്നെ നിങ്ങളുടെ പരാജയമാണ്. നിങ്ങൾ അന്യായം സഹിക്കുന്നതല്ലേ ഇതിലും ഭേദം? ചതിവ് ഏറ്റുകൊള്ളുന്നതല്ലേ കൂടുതൽ ഉത്തമം?

[8] അല്ല, അതിനുപകരം നിങ്ങൾതന്നെ ചതിക്കുകയും ദ്രോഹിക്കുകയുംചെയ്യുന്നു! അതും നിങ്ങളുടെ സഹോദരങ്ങളെ!

[9] അന്യായം പ്രവർത്തിക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു നിങ്ങൾ അറിയുന്നില്ലേ? വഞ്ചിക്കപ്പെടരുത്: ദുർനടപ്പുകാർ, വിഗ്രഹാരാധകർ, വ്യഭിചാരികൾ, പുരുഷകാമികൾ, സ്വവർഗഭോഗികൾ,

[10] കള്ളന്മാർ, അത്യാഗ്രഹികൾ, മദ്യപന്മാർ, പരദൂഷകർ, വഞ്ചകർ എന്നിവർ ദൈവരാജ്യം അവകാശമാക്കുകയില്ല.

[11] നിങ്ങളിൽ ചിലർ അങ്ങനെയുള്ളവരായിരുന്നു. എന്നാൽ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിലും നമ്മുടെ ദൈവത്തിന്റെ ആത്മാവിനാലും നിങ്ങൾ കഴുകപ്പെട്ടവരും വിശുദ്ധീകരിക്കപ്പെട്ടവരും നീതീകരിക്കപ്പെട്ടവരും ആയിത്തീർന്നു.

[12] “എനിക്കെല്ലാം അനുവദനീയമാണ്” എന്നാൽ എല്ലാം പ്രയോജനമുള്ളവയല്ല. “എനിക്കെല്ലാം അനുവദനീയമാണ്”—എന്നാൽ ഞാൻ ഒന്നിനും അധീനനാകുകയില്ല.

[13] “ആഹാരം ഉദരത്തിന്, ഉദരം ആഹാരത്തിന് എന്നാൽ ദൈവം ഇവ രണ്ടും ഇല്ലാതാക്കും.” ശരീരം ലൈംഗികാധർമത്തിനുള്ളതല്ല; ശരീരം കർത്താവിനും കർത്താവ് ശരീരത്തിനും അത്രേ.

[14] ദൈവം തന്റെ ശക്തിയാൽ കർത്താവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചു. അവിടന്നു നമ്മെയും ഉയിർപ്പിക്കും.

[15] നിങ്ങളുടെ ശരീരങ്ങൾ ക്രിസ്തുവിന്റെ അവയവങ്ങളാകുന്നു എന്നറിയുന്നില്ലേ? അങ്ങനെയെങ്കിൽ, ക്രിസ്തുവിന്റെ അവയവങ്ങൾ എടുത്തു വേശ്യയുടെ അവയവങ്ങളാക്കാമോ? ഒരുനാളും അരുത്.

[16] വേശ്യയുമായി ചേരുന്നവൻ അവളുമായി ഏകശരീരം ആകുന്നെന്ന് അറിയുന്നില്ലേ? “അവരിരുവരും ഏകശരീരമായിത്തീരും” എന്ന് പ്രസ്താവിച്ചിട്ടുണ്ടല്ലോ.

[17] എന്നാൽ കർത്താവിനോടു പറ്റിച്ചേരുന്നവൻ ആത്മാവിൽ അവിടത്തോട് ഒന്നായിത്തീരുന്നു.

[18] ദുർനടപ്പുവിട്ട് ഓടിപ്പോകുക. ഒരാൾ ചെയ്യുന്ന ഏതു പാപവും തന്റെ ശരീരത്തിനു പുറത്താകുന്നു; എന്നാൽ ലൈംഗികമായ പാപംചെയ്യുന്നവൻ സ്വന്തം ദേഹത്തിനു വിരോധമായി പാപംചെയ്യുന്നു.

[19] ദൈവത്തിൽനിന്നു നിങ്ങൾക്കു ലഭിച്ചതും നിങ്ങളിൽ വസിക്കുന്നതുമായ പരിശുദ്ധാത്മാവിന്റെ മന്ദിരമാകുന്നു നിങ്ങളുടെ ശരീരം എന്ന് അറിയുന്നില്ലേ? നിങ്ങൾ നിങ്ങളുടെ സ്വന്തമല്ല;

[20] നിങ്ങളെ വിലയ്ക്കു വാങ്ങിയിരിക്കുന്നു. ആകയാൽ നിങ്ങളുടെ ശരീരംകൊണ്ടു ദൈവത്തെ മഹത്ത്വപ്പെടുത്തുക.

കൊരിന്ത്യർക്ക് എഴുതിയ ഒന്നാംലേഖനം — Chapters