Skip to content
Opens in a new window
Listen to this chapter • 2:30

[1] നിങ്ങളുടെ ഇടയിൽ, ദുർമാർഗ ജീവിതമുള്ളതായി കേൾക്കുന്നു. ഒരാൾ തന്റെ പിതാവിന്റെ ഭാര്യയെ സ്വന്തമാക്കിയിരിക്കുന്നു. ഇത് യെഹൂദേതരരുടെ ഇടയിൽപ്പോലും ഇല്ലാത്ത ദുർനടപ്പാണ്.

[2] എന്നിട്ടും നിങ്ങൾ അഹങ്കരിക്കുന്നു! നിങ്ങൾ വിലപിച്ച് അത് പ്രവർത്തിച്ചവനെ നിങ്ങളുടെയിടയിൽനിന്നു പുറത്താക്കുകയല്ലേ വേണ്ടിയിരുന്നത്?

[3] ഞാൻ ശാരീരികമായിട്ടല്ലെങ്കിലും ആത്മാവിൽ നിങ്ങളോടുകൂടെയുണ്ട്.

[4] നിങ്ങളുടെ അടുക്കൽ ഉള്ളവൻ എന്നപോലെ ഞാൻ ഇത് പ്രവർത്തിച്ചവനെ നമ്മുടെ കർത്താവായ യേശുവിന്റെ നാമത്തിൽ നേരത്തെതന്നെ വിധിച്ചിരിക്കുന്നു. നിങ്ങൾ കൂടിവരുമ്പോൾ, ആത്മാവിൽ ഞാൻ നിങ്ങളോടുകൂടെ ഉണ്ടായിരിക്കുകയും നമ്മുടെ കർത്താവായ യേശുവിന്റെ ശക്തി സന്നിഹിതമായിരിക്കുകയും ചെയ്യുമ്പോൾതന്നെ,

[5] ഈ മനുഷ്യനെ സാത്താന് ഏൽപ്പിച്ചുകൊടുക്കുക. അങ്ങനെ അയാളുടെ ജഡസ്വഭാവം നശിപ്പിക്കപ്പെട്ടിട്ട് ആത്മാവ് കർത്താവിന്റെ ദിവസത്തിൽ രക്ഷപ്പെടാൻ ഇടയാകട്ടെ.

[6] നിങ്ങളുടെ ആത്മപ്രശംസ നന്നല്ല. ലേശം പുളിമാവു മാവിനെ മുഴുവൻ പുളിപ്പിക്കുന്നു വെന്നു നിങ്ങൾ അറിയുന്നില്ലേ?

[7] നിങ്ങൾ യഥാർഥത്തിൽ പുളിപ്പില്ലാത്ത മാവ് ആണല്ലോ. മുഴുവനും പുതിയ മാവ് ആയിത്തീരേണ്ടതിനു പഴയ പുളിമാവ് നീക്കിക്കളയുക. നമ്മുടെ പെസഹാ ക്കുഞ്ഞാടായ ക്രിസ്തു യാഗമായി അർപ്പിക്കപ്പെട്ടിരിക്കുന്നു.

[8] അതുകൊണ്ടു വിദ്വേഷവും ദുഷ്ടതയുമാകുന്ന പഴയ പുളിമാവുകൊണ്ടല്ല, ആത്മാർഥതയും സത്യവുമാകുന്ന പുളിപ്പില്ലാത്ത മാവുകൊണ്ടുതന്നെ നമുക്ക് ഉത്സവം ആചരിക്കാം.

[9] ദുർമാർഗ ജീവിതം നയിക്കുന്നവരോടു സംസർഗം പാടില്ല എന്നു ഞാൻ എന്റെ കത്തിൽ എഴുതിയിരുന്നല്ലോ.

[10] ഈ ലോകത്തിലെ അധർമികൾ, അത്യാഗ്രഹികൾ, വഞ്ചകന്മാർ, വിഗ്രഹാരാധകർ എന്നിവരെയല്ല ഞാൻ ഉദ്ദേശിച്ചത്. അങ്ങനെ ആയാൽ നിങ്ങൾ ഈ ലോകംതന്നെ വിട്ടുപോകേണ്ടിവരും.

[11] എന്നാൽ, ഇപ്പോൾ ഞാൻ എഴുതുകയാണ്, സഹോദരൻ എന്നു സ്വയം കരുതുന്ന ഒരാൾ ദുർമാർഗിയോ അത്യാഗ്രഹിയോ വിഗ്രഹാരാധകനോ ദൂഷകനോ മദ്യപാനിയോ വഞ്ചകനോ ആയിത്തീർന്നാൽ അയാളോടു സംസർഗം അരുത്. അങ്ങനെയുള്ളവനോടുകൂടെ ഭക്ഷണം കഴിക്കാൻപോലും പാടില്ല.

[12] സഭയ്ക്കു പുറത്തുള്ളവരെ വിധിക്കാൻ എനിക്കെന്തു കാര്യം? അകത്തുള്ളവരെയല്ലേ നിങ്ങൾ വിധിക്കേണ്ടത്?

[13] പുറത്തുള്ളവരെ ദൈവം വിധിക്കും. “ആ ദുഷ്ടനെ നിങ്ങളുടെ ഇടയിൽനിന്ന് നീക്കിക്കളയുക.”

കൊരിന്ത്യർക്ക് എഴുതിയ ഒന്നാംലേഖനം — Chapters