Skip to content
Opens in a new window
Listen to this chapter • 4:23

[1] സഹോദരങ്ങളേ, ആത്മാവിന്റെദാനങ്ങളെക്കുറിച്ചു നിങ്ങൾ അജ്ഞരായിരിക്കരുത് എന്നു ഞാൻ ആഗ്രഹിക്കുന്നു.

[2] നിങ്ങൾ ക്രിസ്തുവിശ്വാസികളല്ലാതിരുന്നപ്പോൾ, വശീകരിക്കപ്പെട്ട് ഊമവിഗ്രഹങ്ങളുടെ അടുത്തേക്ക് വഴിതെറ്റിപ്പോയതു നിങ്ങൾക്കറിയില്ലേ?

[3] അതിനാൽ, ദൈവാത്മാവിൽ സംസാരിക്കുന്ന ആരും “യേശു ശപിക്കപ്പെട്ടവൻ” എന്നു പറയുകയില്ല; പരിശുദ്ധാത്മാവിനാൽ അല്ലാതെ ആർക്കും “യേശു കർത്താവാകുന്നു” എന്നു പറയാനും സാധ്യമല്ല.

[4] കൃപാദാനങ്ങൾ വിവിധതരം; അവനൽകുന്ന ആത്മാവോ ഒരുവൻമാത്രം;

[5] ശുശ്രൂഷകൾ വിവിധതരം, കർത്താവോ ഒരുവൻമാത്രം.

[6] പ്രവൃത്തികളും ബഹുവിധം, എന്നാൽ എല്ലാവരിലൂടെയും എല്ലാം പ്രവർത്തിക്കുന്ന ദൈവം ഒരുവൻമാത്രം.

[7] പൊതുനന്മയുദ്ദേശിച്ചാണ് ഓരോവ്യക്തിക്കും ആത്മാവിന്റെദാനം നൽകിയിരിക്കുന്നത്.

[8] ഒരാൾക്ക് ദൈവാത്മാവിലൂടെ ജ്ഞാനത്തിന്റെ വചനം നൽകപ്പെട്ടിരിക്കുന്നു; മറ്റൊരാൾക്ക് അതേ ആത്മാവിനാൽ പരിജ്ഞാനത്തിന്റെ വചനവും.

[9] ഇനി വേറൊരാൾക്ക് അതേ ആത്മാവിനാൽ വിശ്വാസം, മറ്റൊരാൾക്ക് ആ ആത്മാവിനാൽത്തന്നെ രോഗസൗഖ്യത്തിനുള്ള കൃപാദാനങ്ങൾ,

[10] ഒരാൾക്ക് അത്ഭുതശക്തികൾ, മറ്റൊരാൾക്കു പ്രവചനം, വേറൊരാൾക്ക് ആത്മാക്കളെ വിവേചിക്കാനുള്ളദാനങ്ങൾ, ഇനിയൊരാൾക്കു ബഹുവിധഭാഷകൾ സംസാരിക്കാനുള്ളദാനം, ഇനി ഒരുവനു ഭാഷകളുടെ വ്യാഖ്യാനം.

[11] ഇവയെല്ലാംതന്നെ ഒരേ ആത്മാവിന്റെ പ്രവർത്തനമാണ്. അവിടത്തെ ഹിതാനുസാരം ഓരോരുത്തർക്കും അവ വിതരണംചെയ്യുന്നു.

[12] പല അവയവങ്ങളുണ്ടെങ്കിലും ശരീരം ഒന്നായിരിക്കുന്നതുപോലെയും പല അവയവങ്ങൾചേർന്ന് ഒരു ശരീരം രൂപപ്പെടുന്നതുപോലെയും തന്നെയാണ് ക്രിസ്തുവിന്റെ ശരീരംസംബന്ധിച്ചും.

[13] നാം യെഹൂദരോ ഗ്രീക്കുകാരോ അടിമകളോ സ്വതന്ത്രരോ ആരുമായിക്കൊള്ളട്ടെ, ഒരൊറ്റശരീരമായി രൂപപ്പെടാൻ നാമെല്ലാവരും ഒരേ ആത്മാവിനാൽ സ്നാനമേറ്റും പാനംചെയ്യാൻ ഒരേ ആത്മാവു നൽകപ്പെട്ടവരുമായിരിക്കുന്നു.

[14] ശരീരമെന്നത് ഒരവയവമല്ല, പല അവയവങ്ങൾചേർന്നതാണ്.

[15] “ഞാൻ കൈ അല്ലാത്തതുകൊണ്ടു ശരീരത്തിലുള്ളതല്ല,” എന്നു കാൽ പറഞ്ഞു എന്ന കാരണത്താൽ അത് ശരീരത്തിന്റെ അവയവം അല്ലാതാകുന്നില്ല.

[16] “ഞാൻ കണ്ണല്ലാത്തതുകൊണ്ടു ശരീരത്തിലുള്ളതല്ല,” എന്നു ചെവി പറഞ്ഞു എന്ന കാരണത്താൽ അതു ശരീരഭാഗം അല്ലാതാകുന്നില്ല.

[17] ശരീരം ആകമാനം കണ്ണായിരുന്നെങ്കിൽ കേൾക്കുന്നതെങ്ങനെ? ശരീരം മുഴുവൻ ചെവിയായിരുന്നെങ്കിൽ ഗന്ധം അറിയുന്നതെങ്ങനെ?

[18] എന്നാൽ, ദൈവമാണ് അവിടത്തെ ഹിതമനുസരിച്ച് അവയവങ്ങളെ ശരീരത്തിൽ ക്രമീകരിച്ചിരിക്കുന്നത്.

[19] എല്ലാംകൂടി ഒരു അവയവംമാത്രമായിരുന്നെങ്കിൽ ശരീരം എവിടെ?

[20] എന്നാൽ ഇപ്പോഴുള്ളത് പല അവയവങ്ങൾചേർന്ന ഒരു ശരീരമാണ്.

[21] “എനിക്കു നിന്നെ ആവശ്യമില്ല!” എന്നു കണ്ണിനു കയ്യോടു പറയാൻ സാധ്യമല്ല. തലയ്ക്കു കാലുകളോട്, “എനിക്കു നിങ്ങളെ ആവശ്യമില്ല!” എന്നു പറയാനും സാധ്യമല്ല.

[22] വാസ്തവത്തിൽ ബലഹീനമായി കാണപ്പെടുന്ന അവയവങ്ങളാണ് അവശ്യം വേണ്ടവ.

[23] മാന്യത കുറവെന്നു കരുതുന്ന അവയവങ്ങൾക്കു നാം സവിശേഷമാന്യത നൽകുന്നു; സൗന്ദര്യം കുറഞ്ഞവയ്ക്ക് സൗന്ദര്യം വരുത്തുന്നു.

[24] സൗന്ദര്യമുള്ള അവയവങ്ങൾക്കു പ്രത്യേക കരുതൽ ആവശ്യമില്ല, ശരീരത്തിൽ അനൈക്യമുണ്ടാകാതെ ഓരോ അവയവവും മറ്റ് അവയവങ്ങളെക്കുറിച്ച് കരുതലുള്ളവരായിരിക്കാൻ ദൈവം അവയവങ്ങളെ, മാന്യത കുറഞ്ഞവയ്ക്കു മാന്യതനൽകി പരസ്പരം സംയോജിപ്പിച്ചിരിക്കുന്നു.

[26] ആകയാൽ ഒരു അവയവം കഷ്ടം അനുഭവിക്കുന്നെങ്കിൽ മറ്റുള്ളവയും അതിനോടൊപ്പം കഷ്ടം അനുഭവിക്കുന്നു; ഒന്നു ആദരിക്കപ്പെടുന്നെങ്കിൽ മറ്റെല്ലാം അതിനോടുകൂടെ ആനന്ദിക്കുന്നു.

[27] നിങ്ങൾ ക്രിസ്തുവിന്റെ ശരീരവും ഓരോരുത്തരും ആ ശരീരത്തിന്റെ അവയവങ്ങളുമാകുന്നു.

[28] ഒന്നാമത് അപ്പൊസ്തലന്മാരെയും രണ്ടാമതു പ്രവാചകരെയും മൂന്നാമത് ഉപദേഷ്ടാക്കന്മാരെയും പിന്നെ അത്ഭുതപ്രവൃത്തികൾ, രോഗങ്ങളുടെ സൗഖ്യം, സഹായംചെയ്യുക, നേതൃനൈപുണ്യം, വിവിധഭാഷകൾ എന്നിങ്ങനെയുള്ള കൃപാദാനങ്ങളും ദൈവം സഭയ്ക്കു നൽകിയിരിക്കുന്നു.

[29] എല്ലാവരും അപ്പൊസ്തലന്മാരോ? എല്ലാവരും പ്രവാചകരോ? എല്ലാവരും ഉപദേഷ്ടാക്കളോ? എല്ലാവരും അത്ഭുതങ്ങൾ പ്രവർത്തിക്കുന്നവരോ?

[30] എല്ലാവർക്കും രോഗസൗഖ്യത്തിനുള്ള കൃപാദാനമുണ്ടോ? എല്ലാവരും അജ്ഞാതഭാഷകൾ സംസാരിക്കുന്നവരോ? എല്ലാവരും വ്യാഖ്യാനിക്കുന്നവരോ?

[31] ശ്രേഷ്ഠതരമായ കൃപാദാനങ്ങൾ ഹൃദയപൂർവം വാഞ്ഛിക്കുക. ഇനി ഏറ്റവും ശ്രേഷ്ഠമായ മാർഗം ഞാൻ നിങ്ങൾക്കു കാണിച്ചുതരാം.

കൊരിന്ത്യർക്ക് എഴുതിയ ഒന്നാംലേഖനം — Chapters