[1] സഹോദരങ്ങളേ, നമ്മുടെ പൂർവപിതാക്കന്മാർ എല്ലാവരും മേഘത്തിൻ കീഴിലായിരുന്നെന്നും അവരെല്ലാവരും സമുദ്രത്തിലൂടെ കടന്നെന്നും നിങ്ങൾ മനസ്സിലാക്കണമെന്നു ഞാൻ ആഗ്രഹിക്കുന്നു.
[2] അവരെല്ലാവരും മേഘത്തിലും സമുദ്രത്തിലും സ്നാനമേറ്റു മോശയോടു ചേർന്നു.
[3] എല്ലാവരും ഒരേ ആത്മിക ആഹാരം കഴിക്കയും
[4] ഒരേ ആത്മികപാനീയം കുടിക്കുകയുംചെയ്തു. തങ്ങളെ അനുഗമിച്ച ആത്മികപാറയിൽനിന്നാണ് അവർ പാനംചെയ്തത്; ആ പാറ ക്രിസ്തു ആയിരുന്നു.
[5] എങ്കിലും അവരിൽ മിക്കവരിലും ദൈവം പ്രസാദിച്ചില്ല; അവർ മരുഭൂമിയിൽ വീണുപോയി.
[6] ഈ കാര്യങ്ങൾ നമുക്കു ദൃഷ്ടാന്തമായിത്തീർന്നിരിക്കുന്നു. അവരെപ്പോലെ നാമും ദുർമോഹികൾ ആകാതിരിക്കേണ്ടതിനുതന്നെ.
[7] അവരിൽ ചിലരെപ്പോലെ നിങ്ങൾ വിഗ്രഹാരാധികളാകരുത്. “ജനം തിന്നാനും കുടിക്കാനും ഇരുന്നു, കൂത്താടാൻ എഴുന്നേറ്റു” എന്നെഴുതിയിരിക്കുന്നല്ലോ.
[8] അവരിൽ ചിലരെപ്പോലെ നാം ദുർമാർഗികളാകരുത്; പരസംഗംനിമിത്തം അവരിൽ 23,000 പേർ ഒരു ദിവസംകൊണ്ടു മരിച്ചുപോയി.
[9] അവരിൽ ചിലർ ചെയ്തതുപോലെ നാം കർത്താവിനെ പരീക്ഷിക്കരുത് അവർ സർപ്പങ്ങളാൽ കൊല്ലപ്പെട്ടു.
[10] അവരിൽ ചിലരെപ്പോലെ നാം പിറുപിറുക്കയുമരുത് അവരെ സംഹാരദൂതൻ കൊന്നുകളഞ്ഞുവല്ലോ.
[11] ഈ കാര്യങ്ങൾ അവർക്കു ദൃഷ്ടാന്തങ്ങളായി സംഭവിച്ചു; യുഗാന്ത്യത്തിലെത്തിയിരിക്കുന്ന നമുക്കു പ്രബോധനത്തിനായി എഴുതപ്പെട്ടിരിക്കുന്നു.
[12] അതുകൊണ്ട്, താൻ ഉറച്ചുനിൽക്കുന്നെന്നു കരുതുന്നവൻ വീഴാതിരിക്കാൻ സൂക്ഷിച്ചുകൊള്ളട്ടെ.
[13] മനുഷ്യർക്കു സാധാരണമല്ലാത്ത പ്രലോഭനങ്ങൾ നിങ്ങൾക്ക് ഉണ്ടായിട്ടില്ല. ദൈവം വിശ്വസ്തൻ; നിങ്ങളുടെ ശക്തിക്കതീതമായ പ്രലോഭനം അവിടന്ന് അനുവദിക്കുകയില്ല. പ്രലോഭനം ഉണ്ടാകുമ്പോൾ നിങ്ങൾക്കു സഹിക്കാൻ കഴിയേണ്ടതിന് അവിടന്ന് അതോടൊപ്പം പോംവഴിയും ഉണ്ടാക്കിത്തരും.
[14] അതുകൊണ്ട് എന്റെ പ്രിയസഹോദരങ്ങളേ, വിഗ്രഹാരാധന വിട്ടോടുക,
[15] വിവേകശാലികളോടാണല്ലോ ഞാൻ സംസാരിക്കുന്നത്; ഞാൻ പറയുന്നതു നിങ്ങൾ വിവേചിക്കുക.
[16] നാം ദൈവത്തിന് നന്ദി അർപ്പിക്കുന്ന? സ്തോത്രത്തിന്റെ പാനപാത്രം ക്രിസ്തുവിന്റെ രക്തത്തിന്റെ കൂട്ടായ്മ അല്ലേ? നാം നുറുക്കുന്ന അപ്പം ക്രിസ്തുവിന്റെ ശരീരത്തിന്റെ കൂട്ടായ്മ അല്ലേ?
[17] അപ്പം ഒന്നേയുള്ളൂ; പലരായ നാം ആ ഒരേ അപ്പത്തിൽ പങ്കുചേരുന്നതുകൊണ്ട് ഒരു ശരീരമാകുന്നു.
[18] ഇസ്രായേൽജാതിയെക്കുറിച്ചു ചിന്തിച്ചുനോക്കുക: യാഗങ്ങൾ ഭക്ഷിക്കുന്നവർ യാഗപീഠത്തിനു പങ്കാളികൾ അല്ലേ?
[19] വിഗ്രഹത്തിന് അർപ്പിച്ച ബലിക്കോ വിഗ്രഹത്തിനോ എന്തെങ്കിലും പ്രത്യേകതയുണ്ടെന്നാണോ ഞാൻ അർഥമാക്കുന്നത്?
[20] അല്ല, എന്നാൽ യെഹൂദേതരരുടെ ബലികൾ ഭൂതങ്ങൾക്ക് അർപ്പിച്ചതാണ്, ദൈവത്തിന് അർപ്പിച്ചതല്ല. നിങ്ങൾ ഭൂതങ്ങളുടെ പങ്കാളികളാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല.
[21] നിങ്ങൾക്കു കർത്താവിന്റെ പാനപാത്രത്തിൽനിന്നും അതോടൊപ്പം ഭൂതങ്ങളുടെ പാനപാത്രത്തിൽനിന്നും കുടിക്കാൻ സാധ്യമല്ല. കർത്താവിന്റെ മേശയിലും ഭൂതങ്ങളുടെ മേശയിലും നിങ്ങൾക്കു പങ്കുണ്ടായിരിക്കാൻ പാടില്ല.
[22] നാം കർത്താവിനു രോഷം ജ്വലിപ്പിക്കാൻ ശ്രമിക്കുന്നോ? നാം അവിടത്തേക്കാൾ ശക്തരോ?
[23] “എല്ലാം അനുവദനീയമാണ്” എന്നാൽ എല്ലാം ഗുണകരമല്ല. “എല്ലാം അനുവദനീയമാണ്” എന്നാൽ എല്ലാം ആത്മികാഭിവൃദ്ധി വരുത്തുന്നില്ല.
[24] ആരും സ്വന്തം നന്മയല്ല, മറ്റുള്ളവരുടെ നന്മയാണ് അന്വേഷിക്കേണ്ടത്.
[25] കമ്പോളത്തിൽ വിൽക്കുന്നതെന്തും മനസ്സാക്ഷിക്കുത്തുകൂടാതെ ഭക്ഷിക്കുക.
[26] എന്തെന്നാൽ “ഭൂമിയും അതിലുള്ള സകലവും കർത്താവിനുള്ളതാണ്.”
[27] ഒരു അവിശ്വാസി നിങ്ങളെ ഭക്ഷണത്തിനു ക്ഷണിക്കുകയും നിങ്ങൾ പോകാൻ ആഗ്രഹിക്കുകയും ചെയ്യുന്നെങ്കിൽ, നിങ്ങളുടെമുമ്പിൽ വിളമ്പിവെക്കുന്നതെന്തും മനസ്സാക്ഷിക്കുത്തുകൂടാതെ ഭക്ഷിക്കാം.
[28] എന്നാൽ “ഇത് നിവേദ്യമാണ്” എന്ന് ആരെങ്കിലും നിങ്ങളോടു പറഞ്ഞാൽ, അത് പറഞ്ഞ ആളിനെയും മനസ്സാക്ഷിയെയും വിചാരിച്ച് അത് കഴിക്കരുത്
[29] നിങ്ങളുടെ മനസ്സാക്ഷിയല്ല, അയാളുടേതാണു ഞാൻ ഉദ്ദേശിക്കുന്നത്. മറ്റൊരാളിന്റെ മനസ്സാക്ഷി നിമിത്തം എന്റെ സ്വാതന്ത്ര്യം വിധിക്കപ്പെടുന്നതെന്തിന്?
[30] ഞാൻ നന്ദിയോടെ ആ ഭക്ഷണം കഴിക്കുന്നെങ്കിൽ, ഞാൻ ദൈവത്തിനു സ്തോത്രംചെയ്ത വസ്തു നിമിത്തം എന്നെ കുറ്റപ്പെടുത്തുന്നതെന്തിന്?
[31] നിങ്ങൾ തിന്നാലും കുടിച്ചാലും എന്തു ചെയ്താലും, എല്ലാം ദൈവമഹത്ത്വത്തിനായി ചെയ്യുക.
[32] യെഹൂദർക്കോ ഗ്രീക്കുകാർക്കോ ദൈവസഭയ്ക്കോ ഇടർച്ച വരുത്തരുത്.
[33] ഞാനും എല്ലാവരെയും എല്ലാവിധത്തിലും പ്രസാദിപ്പിക്കാൻ ശ്രമിക്കുന്നുണ്ടല്ലോ. ഞാൻ എന്റെ നന്മയല്ല, അനേകർ രക്ഷിക്കപ്പെടാൻ അവരുടെ നന്മയാണ് അന്വേഷിക്കുന്നത്. ഞാൻ ക്രിസ്തുവിന്റെ മാതൃക പിൻതുടരുന്നതുപോലെ നിങ്ങൾ എന്റെ മാതൃക പിൻതുടരുക.