[1] നിങ്ങൾ എല്ലാ കാര്യങ്ങളിലും എന്നെ അനുകാരി? ഓർക്കുന്നതുകൊണ്ടും ഞാൻ ഏൽപ്പിച്ച ഉപദേശങ്ങൾ മുറുകെ പിടിക്കുന്നതുകൊണ്ടും ഞാൻ നിങ്ങളെ പ്രശംസിക്കുന്നു.
[2] പുരുഷന്റെ തല ക്രിസ്തു; സ്ത്രീയുടെ തല പുരുഷൻ;
[3] ക്രിസ്തുവിന്റെ തല ദൈവം. ഇത് നിങ്ങൾ മനസ്സിലാക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.
[4] ശിരസ്സു മൂടിക്കൊണ്ടു പ്രാർഥിക്കുകയോ പ്രവചിക്കുകയോ ചെയ്യുന്ന പുരുഷൻ തന്റെ ശിരസ്സിനെ അപമാനിക്കുന്നു.
[5] ശിരസ്സു മൂടാതെ പ്രാർഥിക്കുകയോ പ്രവചിക്കുകയോ ചെയ്യുന്ന സ്ത്രീ തന്റെ ശിരസ്സിനെ അപമാനിക്കുന്നു; ശിരസ്സു മുണ്ഡനം ചെയ്യുന്നതിനു തുല്യമാണത്.
[6] സ്ത്രീ തലയിൽ മൂടുപടം ധരിക്കുന്നില്ലെങ്കിൽ അവൾ മുടി മുറിച്ചുകളയേണ്ടതാണ്. മുടി മുറിക്കുന്നതോ തല മുണ്ഡനം ചെയ്യുന്നതോ തനിക്കു ലജ്ജാകരമെന്ന് അവൾക്കു തോന്നുന്നെങ്കിൽ അവൾ മൂടുപടം ധരിച്ചേ മതിയാകൂ.
[7] പുരുഷൻ ദൈവത്തിന്റെ പ്രതിരൂപവും തേജസ്സും ആകയാൽ ശിരസ്സു മറയ്ക്കേണ്ടതില്ല; എന്നാൽ സ്ത്രീയോ പുരുഷന്റെ തേജസ്സാണ്.
[8] പുരുഷൻ സ്ത്രീയിൽനിന്നല്ല, സ്ത്രീ പുരുഷനിൽനിന്നാണ് ഉണ്ടായത്;
[9] പുരുഷൻ സ്ത്രീക്കുവേണ്ടിയല്ല, സ്ത്രീ പുരുഷനുവേണ്ടിയാണു സൃഷ്ടിക്കപ്പെട്ടത്.
[10] ഈ കാരണത്താലും ദൂതന്മാർനിമിത്തവും സ്ത്രീക്കു തലയ്ക്കുമീതേ ഒരു അധികാരചിഹ്നം ഉണ്ടായിരിക്കേണ്ടതാണ്.
[11] എങ്കിലും കർത്താവിൽ, പുരുഷനെക്കൂടാതെ സ്ത്രീയില്ല, സ്ത്രീയെക്കൂടാതെ പുരുഷനുമില്ല.
[12] സ്ത്രീ പുരുഷനിൽനിന്ന് ഉളവായതുപോലെ പുരുഷൻ സ്ത്രീയിൽനിന്നു ജനിക്കുന്നു. എന്നാൽ എല്ലാം ദൈവത്തിൽനിന്നുതന്നെ ഉളവാകുന്നു.
[13] നിങ്ങൾതന്നെ വിധിക്കുക: സ്ത്രീ മൂടുപടം അണിയാതെ ദൈവത്തോടു പ്രാർഥിക്കുന്നതു ഉചിതമോ?
[14] നീണ്ടമുടി ഉണ്ടായിരിക്കുന്നതു പുരുഷന് അപമാനമാണെന്നും
[15] സ്ത്രീക്ക് അത് അഭിമാനകരമെന്നും പ്രകൃതിതന്നെ കാണിക്കുന്നില്ലേ? നീണ്ടമുടി സ്ത്രീക്കു മൂടുപടമായി നൽകപ്പെട്ടിരിക്കുന്നു.
[16] ഇതിനെപ്പറ്റി ആരെങ്കിലും തർക്കിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ ഇതിൽനിന്നു വ്യത്യസ്തമായ ഒരു കീഴ്വഴക്കം ഞങ്ങൾക്കില്ല, ദൈവസഭകൾക്കും ഇല്ല.
[17] ഇനിയുള്ള നിർദേശങ്ങളിൽ ഞാൻ നിങ്ങളെ പ്രശംസിക്കുന്നില്ല. കാരണം, നിങ്ങൾ സഭായോഗം കൂടുന്നതു ഗുണത്തെക്കാൾ അധികം ദോഷം ചെയ്യുന്നു.
[18] ഒന്നാമത്, നിങ്ങൾ സഭയായി സമ്മേളിക്കുമ്പോൾ നിങ്ങളുടെ ഇടയിൽ ഭിന്നതകൾ ഉള്ളതായി ഞാൻ കേൾക്കുന്നു; ഒരു പരിധിവരെ വിശ്വസിക്കുകയുംചെയ്യുന്നു.
[19] നിങ്ങളുടെ ഇടയിൽ ദൈവത്താൽ അംഗീകരിക്കപ്പെട്ടവർ ആരെന്നു വെളിപ്പെടേണ്ടതിന് ഭിന്നതകൾ ഉണ്ടാകേണ്ടതാണ്.
[20] നിങ്ങൾ ഒരുമിച്ചുകൂടുമ്പോൾ കർത്താവിന്റെ അത്താഴമല്ല ഭക്ഷിക്കുന്നത്.
[21] എന്തുകൊണ്ടെന്നാൽ ഓരോരുത്തരും മറ്റാർക്കുംവേണ്ടി കാത്തുനിൽക്കാതെ ഭക്ഷണം കഴിക്കുന്നു. ഒരാൾ വിശന്നിരിക്കുമ്പോൾ മറ്റൊരാൾ കുടിച്ചു മത്തനായിരിക്കുന്നു.
[22] തിന്നാനും കുടിക്കാനും നിങ്ങൾക്കു വീടുകൾ ഇല്ലേ? നിങ്ങൾ ദൈവസഭയോട് അവജ്ഞ കാട്ടുകയും ഒന്നുമില്ലാത്തവരെ നിന്ദിക്കുകയുംചെയ്യുന്നോ? എന്താണു നിങ്ങളോടു ഞാൻ പറയേണ്ടത്? ഇതിൽ ഞാൻ നിങ്ങളെ പ്രശംസിക്കുകയോ? ഒരിക്കലുമില്ല.
[23] ഞാൻ കർത്താവിൽനിന്നു പ്രാപിക്കുകയും നിങ്ങൾക്ക് ഏൽപ്പിച്ചു തരികയുംചെയ്തത് ഇതാണ്: കർത്താവായ യേശുവിനെ ഒറ്റിക്കൊടുത്ത രാത്രിയിൽ, അവിടന്ന് അപ്പം എടുത്ത്
[24] ദൈവത്തിന് സ്തോത്രംചെയ്ത്, നുറുക്കി “ഇത് നിങ്ങൾക്കുവേണ്ടിയുള്ള എന്റെ ശരീരം; എന്റെ ഓർമയ്ക്കായി ഇത് ചെയ്യുക” എന്ന് പറഞ്ഞു.
[25] അതുപോലെതന്നെ, അവിടന്ന് അത്താഴം കഴിഞ്ഞ് പാനപാത്രം എടുത്ത്, “ഈ പാനപാത്രം എന്റെ രക്തത്തിലുള്ള ശ്രേഷ്ഠതരമായ ഉടമ്പടി, ഇത് കുടിക്കുമ്പോഴൊക്കെയും എന്റെ ഓർമയ്ക്കായി ഇത് ചെയ്യുക” എന്ന് പറഞ്ഞു.
[26] നിങ്ങൾ ഈ അപ്പം തിന്നുകയും ഈ പാനപാത്രം കുടിക്കുകയും ചെയ്യുമ്പോഴൊക്കെയും കർത്താവ് വരുന്നതുവരെയും അവിടത്തെ മരണത്തെ പ്രഖ്യാപിക്കുന്നു.
[27] അതുകൊണ്ട്, അയോഗ്യമായി അപ്പം തിന്നുകയോ കർത്താവിന്റെ പാനപാത്രം കുടിക്കുകയോ ചെയ്യുന്നവൻ കർത്താവിന്റെ ശരീരവും രക്തവും സംബന്ധിച്ച് കുറ്റക്കാരനാകുന്നു.
[28] ഓരോരുത്തനും തന്നെത്താൻ പരിശോധിച്ചിട്ടുവേണം അപ്പം തിന്നുകയും പാനപാത്രത്തിൽനിന്നു കുടിക്കുകയും ചെയ്യേണ്ടത്.
[29] ആരെങ്കിലും കർത്താവിന്റെ ശരീരത്തെ വിവേചിക്കാതെ തിന്നുകയോ കുടിക്കുകയോ ചെയ്താൽ അയാൾ തനിക്കുതന്നെ ശിക്ഷാവിധി തിന്നുകയും കുടിക്കുകയുംചെയ്യുന്നു.
[30] ഇക്കാരണത്താൽ നിങ്ങളിൽ പലരും ബലഹീനരും രോഗികളും ആയിരിക്കുന്നു. ചിലർ നിദ്രപ്രാപിക്കുകയും ചെയ്തിരിക്കുന്നു.
[31] നാം നമ്മെത്തന്നെ വിധിക്കുന്നെങ്കിൽ നാം വിധിക്കപ്പെടുകയില്ല.
[32] കർത്താവ് നമ്മെ വിധിക്കുമ്പോൾ, നാം ലോകത്തോടൊപ്പം ശിക്ഷാവിധിയിൽ അകപ്പെടാതിരിക്കാൻ അവിടന്നു നമുക്കു ബാലശിക്ഷ നൽകുകയാണ്.
[33] അതുകൊണ്ട് എന്റെ സഹോദരങ്ങളേ, നിങ്ങൾ ഭക്ഷണത്തിനായി ഒന്നിച്ചുകൂടുമ്പോൾ പരസ്പരം കാത്തിരിക്കുക.
[34] നിങ്ങളിൽ ആർക്കെങ്കിലും വിശക്കുന്നെങ്കിൽ, വീട്ടിൽവെച്ചു ഭക്ഷണം കഴിച്ചുകൊള്ളണം, അല്ലാത്തപക്ഷം നിങ്ങൾ ഒന്നിച്ചുചേരുമ്പോൾ അത് ന്യായവിധിക്കു ഹേതുവാകും. ശേഷം കാര്യങ്ങൾ ഞാൻ വരുമ്പോൾ ക്രമീകരിച്ചുകൊള്ളാം.