[1] ഇനി നിങ്ങൾ എഴുതിയ കാര്യങ്ങളെപ്പറ്റി പറയട്ടെ: “സ്ത്രീയെ സ്പർശിക്കാതിരിക്കുന്നതു പുരുഷനു നല്ലത്.”
[2] എന്നാൽ ദുർനടപ്പുനിമിത്തം ഓരോ പുരുഷനും സ്വന്തം ഭാര്യയും, ഓരോ സ്ത്രീക്കും സ്വന്തം ഭർത്താവും ഉണ്ടായിരിക്കട്ടെ.
[3] ഭർത്താവ് ഭാര്യയോടുള്ള ദാമ്പത്യധർമം നിറവേറ്റണം, അതുപോലെ ഭാര്യ ഭർത്താവിനോടും.
[4] ഭാര്യയുടെ ശരീരത്തിന്മേൽ അവൾക്കല്ല, ഭർത്താവിനാണ് അവകാശമുള്ളത്. അതുപോലെ ഭർത്താവിന്റെ ശരീരത്തിന്മേൽ അയാൾക്കല്ല ഭാര്യയ്കാണ് അവകാശം.
[5] ഭാര്യാഭർത്താക്കന്മാർ ഉഭയസമ്മതപ്രകാരം പ്രാർഥനയ്ക്കുവേണ്ടി നിശ്ചിതസമയത്തേക്ക് പിരിഞ്ഞിരിക്കുന്നതല്ലാതെ പരസ്പരം അവകാശങ്ങൾ നിഷേധിക്കരുത്. ആത്മനിയന്ത്രണത്തിന്റെ അഭാവംനിമിത്തം സാത്താൻ നിങ്ങളെ പ്രലോഭിപ്പിക്കാതിരിക്കാൻ, വീണ്ടും ഒന്നിച്ചുചേരുക.
[6] ആജ്ഞയായിട്ടല്ല, അനുവാദമായിട്ടാണു ഞാൻ ഇത് പറയുന്നത്.
[7] എല്ലാവരും എന്നെപ്പോലെയായിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിക്കുന്നു. എങ്കിലും ഓരോരുത്തനും ദൈവത്തിൽനിന്നു തനതായ വരം ലഭിച്ചിട്ടുണ്ടല്ലോ; ഒരുവന് ഒരുവിധം; മറ്റൊരുവന് മറ്റൊരുവിധം.
[8] അവിവാഹിതരോടും വിധവകളോടും ഞാൻ പറയുന്നത്: എന്നെപ്പോലെ ജീവിക്കുന്നതാണ് അവർക്കു നല്ലത്.
[9] എന്നാൽ സംയമനം സാധ്യമല്ലെങ്കിൽ അവർ വിവാഹിതരാകണം, വികാരത്താൽ ജ്വലിക്കുന്നതിനെക്കാൾ വിവാഹിതരാകുന്നത് ഏറെ നല്ലത്.
[10] വിവാഹിതർക്ക് ഞാനല്ല, കർത്താവുതന്നെ കൊടുക്കുന്ന കൽപ്പന ഇതാണ്: ഭാര്യ ഭർത്താവിൽനിന്നു വേർപിരിയരുത്.
[11] അഥവാ വേർപിരിയുന്നെങ്കിൽ അവൾ വിവാഹംകൂടാതെ ജീവിക്കണം. അല്ലാത്തപക്ഷം ഭർത്താവുമായി രമ്യതയിലായിക്കൊള്ളണം. ഭർത്താവ് ഭാര്യയെ ഉപേക്ഷിക്കുകയുമരുത്.
[12] ശേഷമുള്ളവരോട് കർത്താവല്ല, ഞാൻതന്നെ പറയുന്നത്: ഒരു സഹോദരന് വിശ്വാസിനിയല്ലാത്ത ഭാര്യയുണ്ടായിരിക്കുകയും അവൾക്ക് അയാളോടുചേർന്നു ജീവിക്കാൻ സമ്മതമായിരിക്കുകയും ചെയ്യുന്നെങ്കിൽ അയാൾ അവളെ ഉപേക്ഷിക്കരുത്.
[13] ഒരു സ്ത്രീക്ക് വിശ്വാസിയല്ലാത്ത ഭർത്താവുണ്ടായിരിക്കുകയും അയാൾക്ക് അവളോടൊപ്പം ജീവിക്കാൻ മനസ്സായിരിക്കുകയുംചെയ്യുന്നപക്ഷം അവൾ അയാളെ ഉപേക്ഷിക്കരുത്.
[14] കാരണം, അവിശ്വാസിയായ ഭർത്താവ് തന്റെ ഭാര്യമുഖേനയും അവിശ്വാസിനിയായ ഭാര്യ തന്റെ ഭർത്താവുമുഖേനയും വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു. അല്ലെങ്കിൽ നിങ്ങളുടെ കുട്ടികൾ അശുദ്ധരെന്നുവരും. എന്നാൽ ഇപ്പോഴോ അവർ വിശുദ്ധർ ആണ്.
[15] അവിശ്വാസി വേർപിരിഞ്ഞു പോകുന്നെങ്കിൽ പോകട്ടെ. വിശ്വാസിയോ വിശ്വാസിനിയോ ഇത്തരം സാഹചര്യങ്ങളിൽ പരസ്പരം ബദ്ധരായിരിക്കുന്നില്ല. സമാധാനത്തിൽ ജീവിക്കാനാണല്ലോ ദൈവം നമ്മെ വിളിച്ചിരിക്കുന്നത്.
[16] വിവാഹിതയായ സ്ത്രീയേ, നീ ഭർത്താവിനെ രക്ഷയിലേക്കു നയിക്കുമോ എന്നു എങ്ങനെ അറിയാം? വിവാഹിതനായ പുരുഷാ, നീ ഭാര്യയെ രക്ഷയിലേക്കു നയിക്കുമോ എന്ന് എങ്ങനെ അറിയാം?
[17] ദൈവം ഓരോരുത്തനു നിശ്ചയിച്ചതുപോലെയും ഓരോരുത്തനെ വിളിച്ചതുപോലെയും അവനവൻ ജീവിക്കട്ടെ. ഇതാണു ഞാൻ എല്ലാ സഭകൾക്കും നൽകുന്ന നിർദേശം.
[18] വിളിക്കപ്പെട്ടപ്പോൾ ഒരാൾ പരിച്ഛേദനയേറ്റിരുന്നോ? എങ്കിൽ അത് വേണ്ടായിരുന്നു എന്നു ചിന്തിക്കരുത്. മറ്റൊരാൾ വിളിക്കപ്പെട്ടപ്പോൾ പരിച്ഛേദന ഏൽക്കാത്തവനായിരുന്നോ? എങ്കിൽ പരിച്ഛേദന ഏൽക്കരുത്.
[19] പരിച്ഛേദന ഉണ്ടോ ഇല്ലയോ എന്നതല്ല കാര്യം, ദൈവകൽപ്പനകൾ പാലിക്കുന്നോ എന്നതാണു പ്രധാനം.
[20] ഒരാളെ ദൈവം വിളിച്ചപ്പോൾ അയാൾ ഏതവസ്ഥയിലായിരുന്നോ അതേ അവസ്ഥയിൽ തുടരട്ടെ.
[21] നിന്നെ വിളിച്ചപ്പോൾ നീയൊരു അടിമയായിരുന്നോ? അതേക്കുറിച്ചു വിഷമിക്കരുത്; വിടുതൽ നേടാൻ സാധിക്കുമെങ്കിൽ അങ്ങനെ ചെയ്യുക.
[22] കർത്താവ് വിളിച്ചപ്പോൾ അടിമയായിരുന്നവൻ കർത്താവിന്റെ സ്വതന്ത്രനാണ്. അതുപോലെതന്നെ, വിളിക്കപ്പെട്ടപ്പോൾ സ്വതന്ത്രനായിരുന്നവൻ ക്രിസ്തുവിന്റെ അടിമയാണ്.
[23] നിങ്ങളെ വില കൊടുത്തു വാങ്ങിയിരിക്കുന്നു; നിങ്ങൾ മനുഷ്യരുടെ അടിമകളാകരുത്.
[24] സഹോദരങ്ങളേ, ഓരോരുത്തരും, വിളിക്കപ്പെട്ട അവസ്ഥയിൽ ദൈവത്തോടുകൂടെ നിലനിൽക്കേണ്ടതാണ്.
[25] ഇനി കന്യകമാരെക്കുറിച്ച്: കർത്താവിൽനിന്നുള്ള കൽപ്പന ഇക്കാര്യത്തിൽ എനിക്കു ലഭിച്ചിട്ടില്ല, എങ്കിലും കർത്താവിന്റെ കരുണയാൽ വിശ്വസ്തനായിത്തീർന്നവൻ എന്നനിലയിൽ ഞാൻ അഭിപ്രായം പറയുകയാണ്.
[26] ഇപ്പോഴത്തെ പ്രതിസന്ധി നിമിത്തം, നിങ്ങൾ ഏതവസ്ഥയിലാണോ, അതിൽത്തന്നെ തുടരുന്നതാണു നല്ലതെന്ന് ഞാൻ കരുതുന്നു.
[27] നീ വിവാഹിതനോ? എങ്കിൽ വിവാഹമോചനം അന്വേഷിക്കരുത്. നീ അവിവാഹിതനോ? എങ്കിൽ വിവാഹം കഴിക്കാൻ മുതിരരുത്.
[28] വിവാഹം ചെയ്യുന്നുവെങ്കിൽ അതിൽ പാപമില്ല; കന്യക വിവാഹം കഴിക്കുന്നെങ്കിൽ അവളും പാപംചെയ്യുന്നില്ല. എന്നാൽ വിവാഹിതരാകുന്നവർക്ക് ഈ ജീവിതത്തിൽ നിരവധി ക്ലേശങ്ങളെ നേരിടേണ്ടിവരും, അവ നിങ്ങൾക്കുണ്ടാകരുതെന്നു ഞാൻ ആഗ്രഹിക്കുന്നു.
[29] സഹോദരങ്ങളേ, ഇനി കാലം അൽപ്പമേയുള്ളൂ എന്നു ഞാൻ നിങ്ങളോടു പറയുന്നു. ഭാര്യമാരുള്ളവർ ഇനിമേൽ ഇല്ലാത്തവരെപ്പോലെ ജീവിക്കണം;
[30] വിലപിക്കുന്നവർ വിലപിക്കാത്തവരെപ്പോലെയും ആനന്ദിക്കുന്നവർ ആനന്ദിക്കാത്തവരെപ്പോലെയും വാങ്ങുന്നവർ കൈവശമാക്കാത്തവരെപ്പോലെയും
[31] ഈ ലോകകാര്യങ്ങളിൽ വ്യാപൃതരാകുന്നവർ അവയിൽ മുഴുകിപ്പോകാത്തവരെപ്പോലെയും ജീവിക്കണം. ഈ ലോകത്തിന്റെ ഇന്നത്തെ രൂപം മാറിക്കൊണ്ടിരിക്കുന്നു.
[32] നിങ്ങൾക്ക് ആകുലചിന്ത ഇല്ലാതിരിക്കണമെന്നു ഞാൻ ഇച്ഛിക്കുന്നു. അവിവാഹിതൻ കർത്താവിനെ എങ്ങനെ പ്രസാദിപ്പിക്കാം എന്നുകരുതി കർത്താവിന്റെ കാര്യങ്ങളെപ്പറ്റി ചിന്തിക്കുന്നു.
[33] വിവാഹിതനോ ഭാര്യയെ എങ്ങനെ ആനന്ദിപ്പിക്കാം എന്നുകരുതി ലോകകാര്യങ്ങൾ ചിന്തിക്കുന്നു;
[34] അവന്റെ താൽപ്പര്യങ്ങൾ വിഭജിക്കപ്പെട്ടിരിക്കുന്നു. അവിവാഹിത അഥവാ കന്യക കർത്താവിന്റെ കാര്യങ്ങളെപ്പറ്റിയാണു ചിന്തിക്കുക; അവളുടെ ലക്ഷ്യം ശരീരത്തിലും മനസ്സിലും കർത്താവിനോടു ഭക്തിയുള്ളവളായിരിക്കുക എന്നതാണ്. എന്നാൽ വിവാഹിതയാകട്ടെ, ഈ ലോകത്തിന്റെ കാര്യങ്ങളിൽ ഭർത്താവിനെ എങ്ങനെ ആനന്ദിപ്പിക്കാമെന്നു ചിന്തിച്ചു ലോകകാര്യങ്ങളെപ്പറ്റി ശ്രദ്ധിക്കുന്നു.
[35] നിങ്ങളുടെ നന്മയ്ക്കാണു ഞാൻ ഇത് സംസാരിക്കുന്നത്, നിങ്ങളുടെ സ്വാതന്ത്ര്യം പരിമിതപ്പെടുത്താനല്ല, പിന്നെയോ കർത്താവിനോടുള്ള ഏകാഗ്രഭക്തിയിൽ, യോഗ്യമായ വിധത്തിൽ നിങ്ങൾ ജീവിതം നയിക്കേണ്ടതിനാണ്.
[36] തനിക്കു വിവാഹനിശ്ചയം ചെയ്തിരിക്കുന്ന കന്യകയോട് അനുചിതമായിട്ടാണു പെരുമാറുന്നതെന്ന് ഒരാൾക്കു തോന്നിയാൽ അവൾക്കു പ്രായം കടന്നുപൊയിക്കൊണ്ടിരിക്കുകയും വിവാഹം ചെയ്യണമെന്ന് അയാൾക്കു തോന്നുകയുംചെയ്താൽ അയാൾ സ്വന്തം ഹിതമനുസരിച്ചു പ്രവർത്തിക്കട്ടെ. അവർ വിവാഹിതരാകട്ടെ, അത് പാപമല്ല.
[37] എന്നാൽ നിർബന്ധത്തിനു വഴങ്ങാതെ, ആത്മനിയന്ത്രണം പാലിക്കുന്ന ഒരാൾ തനിക്കു വിവാഹം നിശ്ചയിച്ചവൾ കന്യകയായി തുടരട്ടെ എന്നു ഹൃദയത്തിൽ തീരുമാനിക്കുന്നു എങ്കിൽ അയാളും ഉചിതമായി പ്രവർത്തിക്കുന്നു.
[38] അതുകൊണ്ട്, തന്റെ കന്യകയെ വിവാഹം കഴിക്കുന്നയാൾ യോഗ്യമായത് ചെയ്യുന്നു; എന്നാൽ വിവാഹം കഴിക്കാതിരിക്കുന്നത് ഏറെ നല്ലത്.
[39] ഭർത്താവു ജീവിച്ചിരിക്കുന്ന കാലമത്രയും ഭാര്യ അയാളോടു ബന്ധിതയായിരിക്കുന്നു. എന്നാൽ ഭർത്താവു മരിച്ചാൽ അവൾ ആഗ്രഹിക്കുന്ന വേറൊരാളെ വിവാഹം ചെയ്യാം; അയാൾ കർത്താവിൽ വിശ്വസിക്കുന്നവൻ ആയിരിക്കണം.
[40] എന്നാൽ അവൾ ആയിരുന്ന അവസ്ഥയിൽത്തന്നെ തുടർന്നാൽ ഏറെ സന്തുഷ്ടയായിരിക്കുമെന്നാണ് എന്റെ അഭിപ്രായം. എനിക്കും ദൈവാത്മാവുണ്ടെന്നു ഞാൻ കരുതുന്നു.