Skip to content
Opens in a new window

[1] മോശ സമാഗമകൂടാരം സ്ഥാപിച്ചശേഷം, അതും അതിന്റെ സകല ഉപകരണങ്ങളും അഭിഷേകംചെയ്തു ശുദ്ധീകരിച്ചു. അദ്ദേഹം യാഗപീഠവും അതിന്റെ സകല ഉപകരണങ്ങളും അഭിഷേകംചെയ്തു ശുദ്ധീകരിച്ചു.

[2] ഇതിനുശേഷം, ഇസ്രായേൽ പ്രഭുക്കന്മാർ, എണ്ണപ്പെട്ടവരുടെ മേൽവിചാരകരായിരുന്ന ഗോത്രപ്രഭുക്കന്മാരായ പിതൃഭവനത്തലവന്മാർതന്നെ, യാഗങ്ങൾ അർപ്പിച്ചു.

[3] രണ്ടു പ്രഭുക്കന്മാർക്ക് ഒരു വണ്ടിയും ഓരോരുത്തർക്ക് ഓരോ കാളയും എന്ന കണക്കിന് മൂടപ്പെട്ട ആറു വണ്ടികളും പന്ത്രണ്ടു കാളകളും യഹോവയുടെമുമ്പാകെ അവർ കൊണ്ടുവന്ന് സമാഗമകൂടാരത്തിനുമുമ്പിൽ വെച്ചു.

[4] യഹോവ മോശയോട് അരുളിച്ചെയ്തു:

[5] “അവരിൽനിന്ന് അവയെ സ്വീകരിക്കുക, സമാഗമകൂടാരത്തിലെ വേലകൾക്ക് അവ ഉപയോഗിക്കാം. ഓരോരുത്തരുടെയും ശുശ്രൂഷയ്ക്ക് ഉപയുക്തമാകുംവണ്ണം അവയെ ലേവ്യർക്കു കൊടുക്കുക.”

[6] അങ്ങനെ മോശ വണ്ടികളും കാളകളും എടുത്ത് ലേവ്യർക്കു കൊടുത്തു.

[7] അദ്ദേഹം ഗെർശോന്യർക്ക്, അവരുടെ ശുശ്രൂഷയ്ക്ക് ആവശ്യമായിരുന്നതിൻവണ്ണം രണ്ടു വണ്ടികളും നാല് കാളകളും കൊടുത്തു;

[8] അദ്ദേഹം മെരാര്യർക്ക് അവരുടെ ശുശ്രൂഷയ്ക്ക് ആവശ്യമായിരുന്നതിൻവണ്ണം നാലു വണ്ടികളും എട്ട് കാളകളും കൊടുത്തു. അവരെല്ലാവരും പുരോഹിതനായ അഹരോന്റെ പുത്രനായ ഈഥാമാരിന്റെ നേതൃത്വത്തിലായിരുന്നു.

[9] എന്നാൽ കെഹാത്യർക്കു മോശ ഒന്നും നൽകിയിട്ടില്ല, കാരണം അവരുടെ ശുശ്രൂഷ വിശുദ്ധമന്ദിരം സംബന്ധിച്ചുള്ളതും വിശുദ്ധവസ്തുക്കൾ തോളിൽ ചുമക്കുന്നതും ആയിരുന്നു.

[10] യാഗപീഠം അഭിഷേകം ചെയ്തപ്പോൾ അതിന്റെ പ്രതിഷ്ഠയ്ക്കായി പ്രഭുക്കന്മാർ അവരുടെ വഴിപാടുകൾ കൊണ്ടുവന്ന് അവയെ യാഗപീഠത്തിനുമുമ്പിൽ കാഴ്ചവെച്ചു.

[11] “യാഗപീഠത്തിന്റെ പ്രതിഷ്ഠയ്ക്കായി ഓരോ ദിവസവും ഓരോ പ്രഭു തന്റെ വഴിപാട് കൊണ്ടുവരണം,” എന്ന് യഹോവ മോശയോട് അരുളിച്ചെയ്തിരുന്നു. അതുകൊണ്ടാണ് അവർ ഇപ്രകാരം ചെയ്തത്.

[12] ഒന്നാംദിവസം തന്റെ വഴിപാട് കൊണ്ടുവന്നത് യെഹൂദാഗോത്രത്തിൽ അമ്മീനാദാബിന്റെ മകൻ നഹശോനായിരുന്നു.

[13] അദ്ദേഹത്തിന്റെ വഴിപാട്: വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കേൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കേൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം—ഇവ രണ്ടിലും ഭോജനയാഗത്തിനുള്ള ഒലിവെണ്ണചേർത്ത നേരിയമാവ് നിറച്ചിരുന്നു—

[14] പത്തുശേക്കേൽ തൂക്കമുള്ള, സുഗന്ധധൂപവർഗം നിറച്ച ഒരു തങ്കത്താലം,

[15] ഹോമയാഗത്തിനായി ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള ഒരു ആൺകുഞ്ഞാട്;

[16] പാപശുദ്ധീകരണയാഗത്തിനായി ഒരു കോലാട്ടുകൊറ്റൻ,

[17] സമാധാനയാഗത്തിനായി രണ്ടുകാള, അഞ്ച് ആട്ടുകൊറ്റൻ, അഞ്ചു കോലാട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള അഞ്ച് ആൺകുഞ്ഞാട്. ഇതായിരുന്നു അമ്മീനാദാബിന്റെ മകനായ നഹശോന്റെ വഴിപാട്.

[18] രണ്ടാംദിവസം യിസ്സാഖാറിന്റെ പ്രഭുവായ സൂവാരിന്റെ മകൻ നെഥനയേൽ തന്റെ വഴിപാട് കൊണ്ടുവന്നു.

[19] അദ്ദേഹം കൊണ്ടുവന്ന വഴിപാട്: വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കേൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കേൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം—ഇവ രണ്ടിലും ഭോജനയാഗത്തിനുള്ള ഒലിവെണ്ണചേർത്ത നേരിയമാവ് നിറച്ചിരുന്നു—

[20] പത്തുശേക്കേൽ തൂക്കമുള്ള, സുഗന്ധധൂപവർഗം നിറച്ച ഒരു തങ്കത്താലം,

[21] ഹോമയാഗത്തിനായി ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള ഒരു ആൺകുഞ്ഞാട്;

[22] പാപശുദ്ധീകരണയാഗത്തിനായി ഒരു കോലാട്ടുകൊറ്റൻ,

[23] സമാധാനയാഗത്തിനായി രണ്ടുകാള, അഞ്ച് ആട്ടുകൊറ്റൻ, അഞ്ചു കോലാട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള അഞ്ച് ആൺകുഞ്ഞാട്. ഇതായിരുന്നു സൂവാരിന്റെ മകൻ നെഥനയേലിന്റെ വഴിപാട്.

[24] മൂന്നാംദിവസം, സെബൂലൂൻഗോത്രജനങ്ങളുടെ പ്രഭുവായ ഹേലോന്റെ മകൻ എലീയാബ് തന്റെ വഴിപാട് കൊണ്ടുവന്നു.

[25] അദ്ദേഹത്തിന്റെ വഴിപാട്: വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കേൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കേൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം—ഇവ രണ്ടിലും ഭോജനയാഗത്തിനുള്ള ഒലിവെണ്ണചേർത്ത നേരിയമാവ് നിറച്ചിരുന്നു—

[26] പത്തുശേക്കേൽ തൂക്കമുള്ള, സുഗന്ധധൂപവർഗം നിറച്ച ഒരു തങ്കത്താലം,

[27] ഹോമയാഗത്തിനായി ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള ഒരു ആൺകുഞ്ഞാട്;

[28] പാപശുദ്ധീകരണയാഗത്തിനായി ഒരു കോലാട്ടുകൊറ്റൻ,

[29] സമാധാനയാഗത്തിനായി രണ്ടുകാള, അഞ്ച് ആട്ടുകൊറ്റൻ, അഞ്ചു കോലാട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള അഞ്ച് ആൺകുഞ്ഞാട്. ഇതായിരുന്നു ഹേലോന്റെ മകൻ എലീയാബിന്റെ വഴിപാട്.

[30] നാലാംദിവസം രൂബേൻഗോത്രജനങ്ങളുടെ പ്രഭുവായ ശെദെയൂരിന്റെ മകൻ എലീസൂർ തന്റെ വഴിപാട് കൊണ്ടുവന്നു.

[31] അദ്ദേഹത്തിന്റെ വഴിപാട്: വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കേൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കേൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം—ഇവ രണ്ടിലും ഭോജനയാഗത്തിനുള്ള ഒലിവെണ്ണചേർത്ത നേരിയമാവ് നിറച്ചിരുന്നു—

[32] പത്തുശേക്കേൽ തൂക്കമുള്ള, സുഗന്ധധൂപവർഗം നിറച്ച, ഒരു തങ്കത്താലം,

[33] ഹോമയാഗത്തിനായി ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള ഒരു ആൺകുഞ്ഞാട്;

[34] പാപശുദ്ധീകരണയാഗത്തിനായി ഒരു കോലാട്ടുകൊറ്റൻ,

[35] സമാധാനയാഗത്തിനായി രണ്ടുകാള, അഞ്ച് ആട്ടുകൊറ്റൻ, അഞ്ചു കോലാട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള അഞ്ച് ആൺകുഞ്ഞാട്. ഇതായിരുന്നു ശെദെയൂരിന്റെ മകൻ എലീസൂരിന്റെ വഴിപാട്.

[36] അഞ്ചാംദിവസം ശിമെയോൻഗോത്രജനങ്ങളുടെ പ്രഭുവായ സൂരീശദ്ദായിയുടെ മകൻ ശെലൂമിയേൽ തന്റെ വഴിപാട് കൊണ്ടുവന്നു.

[37] അദ്ദേഹത്തിന്റെ വഴിപാട്: വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കേൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കേൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം—ഇവ രണ്ടിലും ഭോജനയാഗത്തിനുള്ള ഒലിവെണ്ണചേർത്ത നേരിയമാവ് നിറച്ചിരുന്നു—

[38] പത്തുശേക്കേൽ തൂക്കമുള്ള, സുഗന്ധധൂപവർഗം നിറച്ച ഒരു തങ്കത്താലം,

[39] ഹോമയാഗത്തിനായി ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള ഒരു ആൺകുഞ്ഞാട്;

[40] പാപശുദ്ധീകരണയാഗത്തിനായി ഒരു കോലാട്ടുകൊറ്റൻ,

[41] സമാധാനയാഗത്തിനായി രണ്ടുകാള, അഞ്ച് ആട്ടുകൊറ്റൻ, അഞ്ചു കോലാട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള അഞ്ച് ആൺകുഞ്ഞാട്. ഇതായിരുന്നു സൂരീശദ്ദായിയുടെ മകൻ ശെലൂമിയേലിന്റെ വഴിപാട്.

[42] ആറാംദിവസം ഗാദ്ഗോത്രജനങ്ങളുടെ പ്രഭുവായ ദെയൂവേലിന്റെ മകൻ എലീയാസാഫ് തന്റെ വഴിപാട് കൊണ്ടുവന്നു.

[43] അദ്ദേഹത്തിന്റെ വഴിപാട്: വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കേൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കേൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം—ഇവ രണ്ടിലും ഭോജനയാഗത്തിനുള്ള ഒലിവെണ്ണചേർത്ത നേരിയമാവ് നിറച്ചിരുന്നു—

[44] പത്തുശേക്കേൽ തൂക്കമുള്ള, സുഗന്ധധൂപവർഗം നിറച്ച ഒരു തങ്കത്താലം,

[45] ഹോമയാഗത്തിനായി ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള ഒരു ആൺകുഞ്ഞാട്;

[46] പാപശുദ്ധീകരണയാഗത്തിനായി ഒരു കോലാട്ടുകൊറ്റൻ,

[47] സമാധാനയാഗത്തിനായി രണ്ടുകാള, അഞ്ച് ആട്ടുകൊറ്റൻ, അഞ്ചു കോലാട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള അഞ്ച് ആൺകുഞ്ഞാട്. ഇതായിരുന്നു ദെയൂവേലിന്റെ മകൻ എലീയാസാഫിന്റെ വഴിപാട്.

[48] ഏഴാംദിവസം എഫ്രയീംഗോത്രജനങ്ങളുടെ പ്രഭുവായ അമ്മീഹൂദിന്റെ മകൻ എലീശാമ തന്റെ വഴിപാട് കൊണ്ടുവന്നു.

[49] അദ്ദേഹത്തിന്റെ വഴിപാട്: വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കേൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കേൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം—ഇവ രണ്ടിലും ഭോജനയാഗത്തിനുള്ള ഒലിവെണ്ണചേർത്ത നേരിയമാവ് നിറച്ചിരുന്നു—

[50] പത്തുശേക്കേൽ തൂക്കമുള്ള, സുഗന്ധധൂപവർഗം നിറച്ച ഒരു തങ്കത്താലം,

[51] ഹോമയാഗത്തിനായി ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള ഒരു ആൺകുഞ്ഞാട്;

[52] പാപശുദ്ധീകരണയാഗത്തിനായി ഒരു കോലാട്ടുകൊറ്റൻ,

[53] സമാധാനയാഗത്തിനായി രണ്ടുകാള, അഞ്ച് ആട്ടുകൊറ്റൻ, അഞ്ചു കോലാട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള അഞ്ച് ആൺകുഞ്ഞാട്. ഇതായിരുന്നു അമ്മീഹൂദിന്റെ മകൻ എലീശാമയുടെ വഴിപാട്.

[54] എട്ടാംദിവസം മനശ്ശെഗോത്രജനങ്ങളുടെ പ്രഭുവായ പെദാസൂരിന്റെ മകൻ ഗമാലിയേൽ തന്റെ വഴിപാട് കൊണ്ടുവന്നു.

[55] അദ്ദേഹത്തിന്റെ വഴിപാട്: വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കേൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കേൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം—ഇവ രണ്ടിലും ഭോജനയാഗത്തിനുള്ള ഒലിവെണ്ണചേർത്ത നേരിയമാവ് നിറച്ചിരുന്നു—

[56] പത്തുശേക്കേൽ തൂക്കമുള്ള, സുഗന്ധധൂപവർഗം നിറച്ച ഒരു തങ്കത്താലം,

[57] ഹോമയാഗത്തിനായി ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള ഒരു ആൺകുഞ്ഞാട്;

[58] പാപശുദ്ധീകരണയാഗത്തിനായി ഒരു കോലാട്ടുകൊറ്റൻ,

[59] സമാധാനയാഗത്തിനായി രണ്ടുകാള, അഞ്ച് ആട്ടുകൊറ്റൻ, അഞ്ചു കോലാട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള അഞ്ച് ആൺകുഞ്ഞാട്. ഇതായിരുന്നു പെദാസൂരിന്റെ മകൻ ഗമാലിയേലിന്റെ വഴിപാട്.

[60] ഒൻപതാംദിവസം ബെന്യാമീൻഗോത്രജനങ്ങളുടെ പ്രഭുവായ ഗിദെയോനിയുടെ മകനായ അബീദാൻ തന്റെ വഴിപാട് കൊണ്ടുവന്നു.

[61] അദ്ദേഹത്തിന്റെ വഴിപാട്: വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കേൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കേൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം—ഇവ രണ്ടിലും ഭോജനയാഗത്തിനുള്ള ഒലിവെണ്ണചേർത്ത നേരിയമാവ് നിറച്ചിരുന്നു—

[62] പത്തുശേക്കേൽ തൂക്കമുള്ള, സുഗന്ധധൂപവർഗം നിറച്ച ഒരു തങ്കത്താലം;

[63] ഹോമയാഗത്തിനായി ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള ഒരു ആൺകുഞ്ഞാട്;

[64] പാപശുദ്ധീകരണയാഗത്തിനായി ഒരു കോലാട്ടുകൊറ്റൻ;

[65] സമാധാനയാഗത്തിനായി രണ്ടുകാള, അഞ്ച് ആട്ടുകൊറ്റൻ, അഞ്ചു കോലാട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള അഞ്ച് ആൺകുഞ്ഞാട്. ഇതായിരുന്നു ഗിദെയോനിയുടെ മകനായ അബീദാന്റെ വഴിപാട്.

[66] പത്താംദിവസം ദാൻഗോത്രജനങ്ങളുടെ പ്രഭുവായ അമ്മീശദ്ദായിയുടെ മകനായ അഹീയേസെർ തന്റെ വഴിപാട് കൊണ്ടുവന്നു.

[67] അദ്ദേഹത്തിന്റെ വഴിപാട്: വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കേൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കേൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം—ഇവ രണ്ടിലും ഭോജനയാഗത്തിനുള്ള ഒലിവെണ്ണചേർത്ത നേരിയമാവ് നിറച്ചിരുന്നു—

[68] പത്തുശേക്കേൽ തൂക്കമുള്ള, സുഗന്ധധൂപവർഗം നിറച്ച ഒരു തങ്കത്താലം;

[69] ഹോമയാഗത്തിനായി ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള ഒരു ആൺകുഞ്ഞാട്;

[70] പാപശുദ്ധീകരണയാഗത്തിനായി ഒരു കോലാട്ടുകൊറ്റൻ;

[71] സമാധാനയാഗത്തിനായി രണ്ടുകാള, അഞ്ച് ആട്ടുകൊറ്റൻ, അഞ്ചു കോലാട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള അഞ്ച് ആൺകുഞ്ഞാട്. ഇതായിരുന്നു അമ്മീശദ്ദായിയുടെ മകൻ അഹീയേസെരിന്റെ വഴിപാട്.

[72] പതിനൊന്നാംദിവസം ആശേർഗോത്രജനങ്ങളുടെ പ്രഭുവായ ഒക്രാന്റെ മകൻ പഗീയേൽ തന്റെ വഴിപാട് കൊണ്ടുവന്നു.

[73] അദ്ദേഹത്തിന്റെ വഴിപാട്: വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കേൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കേൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം—ഇവ രണ്ടിലും ഭോജനയാഗത്തിനുള്ള ഒലിവെണ്ണചേർത്ത നേരിയമാവ് നിറച്ചിരുന്നു—

[74] പത്തുശേക്കേൽ തൂക്കമുള്ള, സുഗന്ധധൂപവർഗം നിറച്ച ഒരു തങ്കത്താലം;

[75] ഹോമയാഗത്തിനായി ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള ഒരു ആൺകുഞ്ഞാട്;

[76] പാപശുദ്ധീകരണയാഗത്തിനായി ഒരു കോലാട്ടുകൊറ്റൻ;

[77] സമാധാനയാഗത്തിനായി രണ്ടുകാള, അഞ്ച് ആട്ടുകൊറ്റൻ, അഞ്ചു കോലാട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള അഞ്ച് ആൺകുഞ്ഞാട്. ഇതായിരുന്നു ഒക്രാന്റെ മകൻ പഗീയേലിന്റെ വഴിപാട്.

[78] പന്ത്രണ്ടാംദിവസം നഫ്താലിഗോത്രജനങ്ങളുടെ പ്രഭുവായ ഏനാന്റെ മകൻ അഹീരാ വഴിപാട് കൊണ്ടുവന്നു.

[79] അദ്ദേഹത്തിന്റെ വഴിപാട്: വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കേൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കേൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം—ഇവ രണ്ടിലും ഭോജനയാഗത്തിനുള്ള ഒലിവെണ്ണചേർത്ത നേരിയമാവ് നിറച്ചിരുന്നു—

[80] പത്തുശേക്കേൽ തൂക്കമുള്ള, സുഗന്ധധൂപവർഗം നിറച്ച ഒരു തങ്കത്താലം;

[81] ഹോമയാഗത്തിനായി ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള ഒരു ആൺകുഞ്ഞാട്;

[82] പാപശുദ്ധീകരണയാഗത്തിനായി ഒരു കോലാട്ടുകൊറ്റൻ;

[83] സമാധാനയാഗത്തിനായി രണ്ടുകാള, അഞ്ച് ആട്ടുകൊറ്റൻ, അഞ്ചു കോലാട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള അഞ്ച് ആൺകുഞ്ഞാട്. ഇതായിരുന്നു ഏനാന്റെ മകൻ അഹീരായുടെ വഴിപാട്.

[84] യാഗപീഠം അഭിഷേകംചെയ്ത അവസരത്തിൽ അതിന്റെ പ്രതിഷ്ഠയ്ക്കുവേണ്ടി ഇസ്രായേൽ പ്രഭുക്കന്മാർ അർപ്പിക്കേണ്ട വഴിപാടുകൾ ഇവയായിരുന്നു: പന്ത്രണ്ടു വെള്ളിത്തളികകൾ, പന്ത്രണ്ടു വെള്ളിക്കിണ്ണങ്ങൾ, പന്ത്രണ്ടു തങ്കത്താലങ്ങൾ.

[85] ഓരോ വെള്ളിത്തളികയും നൂറ്റിമുപ്പത് ശേക്കേൽവീതവും ഓരോ വെള്ളിക്കിണ്ണവും എഴുപത് ശേക്കേൽവീതവും തൂക്കമുള്ളവയായിരുന്നു. വെള്ളിപ്പാത്രങ്ങൾക്ക് ആകെ വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം രണ്ടായിരത്തിനാനൂറു ശേക്കേൽ തൂക്കം ഉണ്ടായിരുന്നു.

[86] സുഗന്ധധൂപവർഗം നിറച്ച തങ്കത്താലങ്ങൾ ഓരോന്നിനും വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം പത്തുശേക്കേൽ വീതം തൂക്കം ഉണ്ടായിരുന്നു. തങ്കപ്പാത്രങ്ങൾക്ക് ആകെ നൂറ്റി ഇരുപത് ശേക്കേൽ തൂക്കം ഉണ്ടായിരുന്നു.

[87] ഹോമയാഗത്തിനുള്ള മൃഗങ്ങൾ ആകെ: കാളക്കിടാവ് പന്ത്രണ്ട്, ആട്ടുകൊറ്റൻ പന്ത്രണ്ട്, ഒരുവയസ്സു പ്രായമുള്ള ആൺകുഞ്ഞാട് പന്ത്രണ്ട്; അവയുടെ ഭോജനയാഗം; പാപശുദ്ധീകരണയാഗത്തിനായി പന്ത്രണ്ടു കോലാട്ടുകൊറ്റൻ.

[88] സമാധാനയാഗത്തിനുള്ള മൃഗങ്ങൾ ആകെ: കാള ഇരുപത്തിനാല്, ആട്ടുകൊറ്റൻ അറുപത്, കോലാട്ടുകൊറ്റൻ അറുപത്, ഒരുവയസ്സു പ്രായമുള്ള ആൺകുഞ്ഞാട് അറുപത്. യാഗപീഠം അഭിഷേകം ചെയ്തശേഷം അതിന്റെ പ്രതിഷ്ഠയ്ക്കുള്ള വഴിപാടുകൾ ഇവയായിരുന്നു.

[89] മോശ യഹോവയുമായി സംസാരിക്കാൻ സമാഗമകൂടാരത്തിൽ പ്രവേശിച്ചപ്പോൾ, ഉടമ്പടിയുടെ പേടകത്തിന്മേലുള്ള പാപനിവാരണസ്ഥാനത്തിനു മുകളിലായി രണ്ടു കെരൂബുകളുടെ മധ്യത്തിൽനിന്ന് തന്നോടു സംസാരിക്കുന്ന ശബ്ദം കേട്ടു. അങ്ങനെ യഹോവ അദ്ദേഹവുമായി സംസാരിച്ചു.

സംഖ്യാപുസ്തകം — Chapters