[1] യഹോവ മോശയോട് അരുളിച്ചെയ്തു:
[2] “ഞാൻ ഇസ്രായേല്യർക്കു നൽകുന്ന കനാൻദേശം പര്യവേക്ഷണംചെയ്യാൻ ചില പുരുഷന്മാരെ അയയ്ക്കുക. ഓരോ പിതൃഗോത്രത്തിൽനിന്നും അതിന്റെ പ്രഭുക്കന്മാരിൽ ഒരുവനെ അയയ്ക്കുക.”
[3] യഹോവ കൽപ്പിച്ചതുപോലെ പാരാൻ മരുഭൂമിയിൽനിന്ന് മോശ അവരെ അയച്ചു. അവർ എല്ലാവരും ഇസ്രായേല്യരുടെ പ്രഭുക്കന്മാരായിരുന്നു.
[4] അവരുടെ പേരുകൾ ഇവയാണ്: രൂബേൻഗോത്രത്തിൽനിന്ന്, സക്കൂറിന്റെ മകൻ ശമ്മൂവാ;
[5] ശിമെയോൻഗോത്രത്തിൽനിന്ന്, ഹോരിയുടെ മകൻ ശാഫാത്ത്
[6] യെഹൂദാഗോത്രത്തിൽനിന്ന്, യെഫുന്നയുടെ മകൻ കാലേബ്;
[7] യിസ്സാഖാർ ഗോത്രത്തിൽനിന്ന്, യോസേഫിന്റെ മകൻ യിഗാൽ;
[8] എഫ്രയീംഗോത്രത്തിൽനിന്ന്, നൂന്റെ മകൻ ഹോശേയാ,
[9] ബെന്യാമീൻഗോത്രത്തിൽനിന്ന് രാഫൂവിന്റെ മകൻ ഫൽതി;
[10] സെബൂലൂൻഗോത്രത്തിൽനിന്ന്, സോദിയുടെ മകൻ ഗദ്ദിയേൽ;
[11] യോസേഫിന്റെ ഒരു ഗോത്രമായ മനശ്ശെയിൽനിന്ന് സൂസിയുടെ മകൻ ഗദ്ദി;
[12] ദാൻഗോത്രത്തിൽനിന്ന്, ഗെമല്ലിയുടെ മകൻ അമ്മീയേൽ;
[13] ആശേർ ഗോത്രത്തിൽനിന്ന് മീഖായേലിന്റെ മകൻ സെഥൂർ;
[14] നഫ്താലിഗോത്രത്തിൽനിന്ന് വൊപ്സിയുടെ മകൻ നഹ്ബി;
[15] ഗാദ്ഗോത്രത്തിൽനിന്ന് മാഖിയുടെ മകൻ ഗയൂവേൽ.
[16] ദേശം പര്യവേക്ഷണംചെയ്യാൻ മോശ അയച്ച പുരുഷന്മാരുടെ പേരുകൾ ഇവയായിരുന്നു. മോശ നൂന്റെ മകൻ ഹോശേയായ്ക്ക് യോശുവ എന്നു പേരുനൽകി.
[17] കനാൻ പര്യവേക്ഷണംചെയ്യാൻ അവരെ മോശ അയച്ചപ്പോൾ അദ്ദേഹം പറഞ്ഞു: “തെക്കേദേശത്തുകൂടെ കടന്ന് മലനാട്ടിലേക്കു ചെല്ലുക.
[18] ദേശം എങ്ങനെയുള്ളതെന്നും അവിടെ പാർക്കുന്ന ജനം ശക്തരോ അശക്തരോ അധികമോ ചുരുക്കമോ എന്നും നോക്കുക.
[19] എപ്രകാരമുള്ളതാണ് അവർ പാർക്കുന്ന ദേശം? അതു നല്ലതോ ചീത്തയോ? അവർ പാർക്കുന്ന പട്ടണങ്ങൾ എപ്രകാരമുള്ളതാണ്? അവ മതിലുകളില്ലാത്തവയോ കോട്ടകെട്ടിയുറപ്പിച്ചവയോ?
[20] മണ്ണ് എങ്ങനെ? വളക്കൂറുള്ളതോ ഇല്ലാത്തതോ? അതിൽ വൃക്ഷങ്ങൾ ഉണ്ടോ ഇല്ലയോ? ദേശത്തെ കുറച്ചു ഫലങ്ങൾ കൊണ്ടുവരാൻ നിങ്ങൾ പരമാവധി ശ്രമിക്കണം.” (അതു മുന്തിരിങ്ങ പഴുത്തുതുടങ്ങുന്ന കാലമായിരുന്നു.)
[21] അങ്ങനെ അവർ കയറിപ്പോയി സീൻ മരുഭൂമിമുതൽ, ലെബോ-ഹമാത്തിനുനേരേ രെഹോബുവരെയുള്ള ദേശം പര്യവേക്ഷണംചെയ്തു.
[22] അവർ തെക്കേദേശത്തിലൂടെ കയറിച്ചെന്ന് അനാക്യരായ അഹീമാൻ, ശേശായി, തൽമായി എന്നിവർ പാർക്കുന്ന ഹെബ്രോനിൽ വന്നു. പുരാതനനഗരമായ ഹെബ്രോൻ ഈജിപ്റ്റിലെ സോവാൻപട്ടണത്തിന് ഏഴുവർഷം മുമ്പു പണിയപ്പെട്ടിരുന്നു.
[23] അവർ എസ്കോൽ താഴ്വരയിൽ വന്ന്, ഒരുകുല മുന്തിരിങ്ങ മുറിച്ചെടുത്തു. അവരിൽ രണ്ടുപേർ കുറെ മാതളപ്പഴം അത്തിപ്പഴം എന്നിവയ്ക്കൊപ്പം ഒരു തണ്ടിൽ അതു ചുമന്നു.
[24] ഇസ്രായേല്യർ അവിടെവെച്ച് മുറിച്ചെടുത്ത മുന്തിരിക്കുലനിമിത്തം ആ സ്ഥലത്തിനു എസ്കോൽതാഴ്വര എന്നു പേരായി.
[25] നാൽപ്പതു ദിവസങ്ങൾ അവർ ദേശം പര്യവേക്ഷണംചെയ്തു; അതിനുശേഷം അവർ മടങ്ങി.
[26] അവർ പാരാൻമരുഭൂമിയിലെ കാദേശിൽ മോശയുടെയും അഹരോന്റെയും ഇസ്രായേൽസഭ മുഴുവന്റെയും അടുക്കൽ മടങ്ങിവന്നു. അവിടെ അവർ അവരോടും സർവസഭയോടും അവരുടെ അവലോകനവിവരം അറിയിക്കുകയും ദേശത്തിലെ ഫലങ്ങൾ അവരെ കാണിക്കുകയും ചെയ്തു.
[27] അവർ മോശയ്ക്കു നൽകിയ വിവരണം ഇപ്രകാരമാണ്: “അങ്ങു ഞങ്ങളെ അയച്ച ദേശത്തിലേക്കു ഞങ്ങൾ പോയി, അത് പാലും തേനും ഒഴുകുന്ന ദേശംതന്നെ! ഇതാ അതിലെ ഫലങ്ങൾ.
[28] എന്നാൽ അവിടെ പാർക്കുന്ന ജനം ശക്തരും പട്ടണങ്ങൾ കോട്ടകെട്ടിയുറപ്പിച്ചതും വളരെ വലുപ്പമുള്ളതും ആകുന്നു. ഞങ്ങൾ അവിടെ അനാക്കിന്റെ മല്ലന്മാരായ സന്തതികളെ കണ്ടു.
[29] അമാലേക്യർ തെക്കേദേശത്തു വസിക്കുന്നു; ഹിത്യരും യെബൂസ്യരും അമോര്യരും മലനാട്ടിൽ പാർക്കുന്നു; കനാന്യർ സമുദ്രതീരത്തും യോർദാൻകരയിലും താമസിക്കുന്നു.”
[30] അപ്പോൾ കാലേബ് ജനത്തെ മോശയുടെമുമ്പിൽ നിശ്ശബ്ദരാക്കി ഇപ്രകാരം പറഞ്ഞു: “നാം കയറിച്ചെന്ന് ദേശം കൈവശമാക്കണം, തീർച്ചയായും നമുക്കത് പിടിച്ചടക്കാൻസാധിക്കും.”
[31] എന്നാൽ അദ്ദേഹത്തോടൊപ്പംപോയ പുരുഷന്മാർ പറഞ്ഞു: “നമുക്ക് ആ ജനത്തെ ആക്രമിക്കാൻ സാധിക്കുകയില്ല; അവർ നമ്മെക്കാൾ ശക്തരാണ്.”
[32] തങ്ങൾ പര്യവേക്ഷണംചെയ്ത ദേശത്തെക്കുറിച്ച് ഇസ്രായേല്യരുടെയിടയിൽ ആശാവഹമല്ലാത്ത ഒരു വാർത്ത അവർ പ്രചരിപ്പിച്ചു. അവർ പറഞ്ഞു, “ഞങ്ങൾ കണ്ട ദേശം അതിൽ പാർക്കുന്നവരെ വിഴുങ്ങിക്കളയുന്ന ദേശമാണ്. ഞങ്ങൾ അവിടെക്കണ്ട സകലരും അതികായന്മാരാണ്.
[33] ഞങ്ങൾ അവിടെ അനാക്കിന്റെ സന്തതികളായ മല്ലന്മാരെയും കണ്ടു. അവരുടെമുമ്പിൽ ഞങ്ങൾ വെറും വെട്ടുക്കിളികളാണെന്നു തോന്നി; അവരുടെ കാഴ്ചയിൽ ഞങ്ങൾ അങ്ങനെതന്നെ ആയിരുന്നു.”