Skip to content
Opens in a new window

[1] സീനായിമരുഭൂമിയിൽ സമാഗമകൂടാരത്തിൽ യഹോവ മോശയോട് സംസാരിച്ചു. ഇസ്രായേല്യർ ഈജിപ്റ്റിൽനിന്നും പുറപ്പെട്ടതിന്റെ രണ്ടാംവർഷം രണ്ടാംമാസം ഒന്നാംതീയതി ആയിരുന്നു അത്. അവിടന്ന് ഇപ്രകാരം അരുളിച്ചെയ്തു:

[2] “ഇസ്രായേൽസമൂഹത്തെയെല്ലാം പിതൃഭവനം തിരിച്ചും കുടുംബം തിരിച്ചും സകലപുരുഷന്മാരുടെയും പേര് പട്ടികയിൽപ്പെടുത്തി ഒരു ജനസംഖ്യയെടുക്കണം.

[3] സൈന്യസേവനം ചെയ്യാൻ പ്രാപ്തിയുള്ളവരായ ഇരുപതു വയസ്സും അതിനുമേൽ പ്രായമുള്ളവരും യുദ്ധപ്രാപ്തരുമായ ഇസ്രായേൽപുരുഷന്മാരെ നീയും അഹരോനും ഗണംഗണമായി എണ്ണണം.

[4] ഓരോ ഗോത്രത്തിൽനിന്നും ഓരോ പിതൃഭവനത്തലവൻ നിങ്ങളെ സഹായിക്കട്ടെ.

[5] “നിങ്ങൾക്കു സഹായികളായിരിക്കേണ്ട പുരുഷന്മാർ ഇവരാണ്: “രൂബേൻഗോത്രത്തിൽ ശെദെയൂരിന്റെ പുത്രൻ എലീസൂർ;

[6] ശിമെയോൻ ഗോത്രത്തിൽ സൂരീശദ്ദായിയുടെ പുത്രൻ ശെലൂമിയേൽ

[7] യെഹൂദാഗോത്രത്തിൽ അമ്മീനാദാബിന്റെ പുത്രൻ നഹശോൻ;

[8] യിസ്സാഖാർഗോത്രത്തിൽ സൂവാരിന്റെ പുത്രൻ നെഥനയേൽ;

[9] സെബൂലൂൻഗോത്രത്തിൽ ഹേലോന്റെ പുത്രൻ എലീയാബ്;

[10] യോസേഫിന്റെ പുത്രന്മാരിൽ: എഫ്രയീംഗോത്രത്തിൽ അമ്മീഹൂദിന്റെ പുത്രൻ എലീശാമ; മനശ്ശെഗോത്രത്തിൽ പെദാസൂരിന്റെ പുത്രൻ ഗമാലിയേൽ;

[11] ബെന്യാമീൻഗോത്രത്തിൽ ഗിദെയോനിയുടെ പുത്രൻ അബീദാൻ;

[12] ദാൻഗോത്രത്തിൽ അമ്മീശദ്ദായിയുടെ പുത്രൻ അഹീയേസെർ;

[13] ആശേർഗോത്രത്തിൽ ഒക്രാന്റെ പുത്രൻ പഗീയേൽ;

[14] ഗാദ്ഗോത്രത്തിൽ ദെയൂവേലിന്റെ പുത്രൻ എലീയാസാഫ്;

[15] നഫ്താലി ഗോത്രത്തിൽ ഏനാന്റെ പുത്രൻ അഹീരാ.”

[16] ഇവരായിരുന്നു ഇസ്രായേൽസമൂഹത്തിൽനിന്നും നിയമിതരായ പിതൃഭവനത്തലവന്മാർ. ഇവർ ഇസ്രായേലിൽ സഹസ്രങ്ങൾക്ക് അധിപതിമാരായിരുന്നു.

[17] നാമനിർദേശം ചെയ്യപ്പെട്ട ഈ പുരുഷന്മാരെ മോശയും അഹരോനും കൂട്ടിവരുത്തി.

[18] തുടർന്ന് അവർ രണ്ടാംമാസം ഒന്നാംതീയതി സകല ഇസ്രായേൽസമൂഹത്തെയും വിളിച്ചുവരുത്തി. ജനങ്ങൾ ഗോത്രങ്ങളായും കുടുംബങ്ങളായും തങ്ങളുടെ വംശവിവരം അറിയിക്കുകയും ഇരുപതു വയസ്സുമുതൽ മേൽപ്പോട്ടുള്ള പുരുഷന്മാരുടെ ഓരോരുത്തരുടെയും പേര് പട്ടികയിൽ ചേർക്കുകയും ചെയ്തു.

[19] യഹോവ മോശയോടു കൽപ്പിച്ചതുപോലെ അദ്ദേഹം അവരെ സീനായിമരുഭൂമിയിൽവെച്ച് എണ്ണി:

[20] ഇസ്രായേലിന്റെ ആദ്യജാതനായ രൂബേന്റെ ഗോത്രത്തിൽനിന്നും: വംശപാരമ്പര്യം, പിതൃഭവനം, കുടുംബം, പേര് ഇവയനുസരിച്ച് ഇരുപതു വയസ്സും അതിനുമേലും പ്രായമുള്ള യുദ്ധപ്രാപ്തരായ എല്ലാ പുരുഷന്മാരുടെയും കണക്കെടുത്തു.

[21] രൂബേൻഗോത്രത്തിൽനിന്ന് ഉള്ളവർ 46,500 പേർ.

[22] ശിമെയോന്റെ ഗോത്രത്തിൽനിന്നും: വംശപാരമ്പര്യം, പിതൃഭവനം, കുടുംബം, പേര് ഇവയനുസരിച്ച് ഇരുപതു വയസ്സും അതിനുമേലും പ്രായമുള്ള യുദ്ധപ്രാപ്തരായ എല്ലാ പുരുഷന്മാരുടെയും കണക്കെടുത്തു.

[23] ശിമെയോൻഗോത്രത്തിൽനിന്ന് ഉള്ളവർ 59,300 പേർ.

[24] ഗാദിന്റെ ഗോത്രത്തിൽനിന്നും: വംശപാരമ്പര്യം, പിതൃഭവനം, കുടുംബം, പേര് ഇവയനുസരിച്ച് ഇരുപതു വയസ്സും അതിനുമേലും പ്രായമുള്ള യുദ്ധപ്രാപ്തരായ എല്ലാ പുരുഷന്മാരുടെയും കണക്കെടുത്തു.

[25] ഗാദ്ഗോത്രത്തിൽനിന്ന് ഉള്ളവർ 45,650 പേർ.

[26] യെഹൂദയുടെ ഗോത്രത്തിൽനിന്നും: വംശപാരമ്പര്യം, പിതൃഭവനം, കുടുംബം, പേര് ഇവയനുസരിച്ച് ഇരുപതു വയസ്സും അതിനുമേലും പ്രായമുള്ള യുദ്ധപ്രാപ്തരായ എല്ലാ പുരുഷന്മാരുടെയും കണക്കെടുത്തു.

[27] യെഹൂദാഗോത്രത്തിൽനിന്ന് ഉള്ളവർ 74,600 പേർ.

[28] യിസ്സാഖാറിന്റെ ഗോത്രത്തിൽനിന്നും: വംശപാരമ്പര്യം, പിതൃഭവനം, കുടുംബം, പേര് ഇവയനുസരിച്ച് ഇരുപതു വയസ്സും അതിനുമേലും പ്രായമുള്ള യുദ്ധപ്രാപ്തരായ എല്ലാ പുരുഷന്മാരുടെയും കണക്കെടുത്തു.

[29] യിസ്സാഖാർ ഗോത്രത്തിൽനിന്ന് ഉള്ളവർ 54,400 പേർ.

[30] സെബൂലൂന്റെ ഗോത്രത്തിൽനിന്നും: വംശപാരമ്പര്യം, പിതൃഭവനം, കുടുംബം, പേര് ഇവയനുസരിച്ച് ഇരുപതു വയസ്സും അതിനുമേലും പ്രായമുള്ള യുദ്ധപ്രാപ്തരായ എല്ലാ പുരുഷന്മാരുടെയും കണക്കെടുത്തു.

[31] സെബൂലൂൻഗോത്രത്തിൽനിന്ന് ഉള്ളവർ 57, 400 പേർ.

[32] യോസേഫിന്റെ മക്കളിൽ: എഫ്രയീമിന്റെ ഗോത്രത്തിൽനിന്നും: വംശപാരമ്പര്യം, പിതൃഭവനം, കുടുംബം, പേര് ഇവയനുസരിച്ച് ഇരുപതു വയസ്സും അതിനുമേലും പ്രായമുള്ള യുദ്ധപ്രാപ്തരായ എല്ലാ പുരുഷന്മാരുടെയും കണക്കെടുത്തു.

[33] എഫ്രയീംഗോത്രത്തിൽനിന്ന് ഉള്ളവർ 40,500 പേർ.

[34] മനശ്ശെയുടെ ഗോത്രത്തിൽനിന്നും: വംശപാരമ്പര്യം, പിതൃഭവനം, കുടുംബം, പേര് ഇവയനുസരിച്ച് ഇരുപതു വയസ്സും അതിനുമേലും പ്രായമുള്ള യുദ്ധപ്രാപ്തരായ എല്ലാ പുരുഷന്മാരുടെയും കണക്കെടുത്തു.

[35] മനശ്ശെ ഗോത്രത്തിൽനിന്ന് ഉള്ളവർ 32,200 പേർ.

[36] ബെന്യാമീന്റെ ഗോത്രത്തിൽനിന്നും: വംശപാരമ്പര്യം, പിതൃഭവനം, കുടുംബം, പേര് ഇവയനുസരിച്ച് ഇരുപതു വയസ്സും അതിനുമേലും പ്രായമുള്ള യുദ്ധപ്രാപ്തരായ എല്ലാ പുരുഷന്മാരുടെയും കണക്കെടുത്തു.

[37] ബെന്യാമീന്റെ ഗോത്രത്തിൽനിന്ന് ഉള്ളവർ 35,400 പേർ.

[38] ദാന്റെ ഗോത്രത്തിൽനിന്നും: വംശപാരമ്പര്യം, പിതൃഭവനം, കുടുംബം, പേര് ഇവയനുസരിച്ച് ഇരുപതു വയസ്സും അതിനുമേലും പ്രായമുള്ള യുദ്ധപ്രാപ്തരായ എല്ലാ പുരുഷന്മാരുടെയും കണക്കെടുത്തു.

[39] ദാൻഗോത്രത്തിൽനിന്ന് ഉള്ളവർ 62,700 പേർ.

[40] ആശേരിന്റെ ഗോത്രത്തിൽനിന്നും: വംശപാരമ്പര്യം, പിതൃഭവനം, കുടുംബം, പേര് ഇവയനുസരിച്ച് ഇരുപതു വയസ്സും അതിനുമേലും പ്രായമുള്ള യുദ്ധപ്രാപ്തരായ എല്ലാ പുരുഷന്മാരുടെയും കണക്കെടുത്തു.

[41] ആശേർ ഗോത്രത്തിൽനിന്ന് ഉള്ളവർ 41,500 പേർ.

[42] നഫ്താലിയുടെ ഗോത്രത്തിൽനിന്നും: വംശപാരമ്പര്യം, പിതൃഭവനം, കുടുംബം, പേര് ഇവയനുസരിച്ച് ഇരുപതു വയസ്സും അതിനുമേലും പ്രായമുള്ള യുദ്ധപ്രാപ്തരായ എല്ലാ പുരുഷന്മാരുടെയും കണക്കെടുത്തു.

[43] നഫ്താലിഗോത്രത്തിൽനിന്ന് ഉള്ളവർ 53,400 പേർ.

[44] മോശയും അഹരോനും പിതൃഭവനത്തലവന്മാരായ പന്ത്രണ്ട് ഇസ്രായേൽ പ്രഭുക്കന്മാരുംകൂടി തങ്ങളുടെ ഗോത്രങ്ങളിൽനിന്നും എണ്ണിയ പുരുഷന്മാർ ഇവരായിരുന്നു.

[45] ഇസ്രായേൽ സൈന്യത്തിൽ സേവനമനുഷ്ഠിക്കാൻ പ്രാപ്തരായ ഇരുപതു വയസ്സുമുതൽ മേൽപ്പോട്ടുള്ള സകല ഇസ്രായേല്യരെയും അവരുടെ കുടുംബങ്ങളായി എണ്ണി.

[46] അവരുടെ ആകെ എണ്ണം 6,03,550 ആയിരുന്നു.

[47] ലേവിഗോത്രകുടുംബങ്ങളെ മറ്റു പിതൃഭവനക്കുടുംബങ്ങളോടൊപ്പം എണ്ണിയില്ല.

[48] യഹോവ മോശയോട് അരുളിച്ചെയ്തിരുന്നു:

[49] “നീ ലേവിഗോത്രത്തെ എണ്ണുകയോ മറ്റ് ഇസ്രായേല്യരുടെ ജനസംഖ്യയെടുപ്പിൽ അവരെ ഉൾപ്പെടുത്തുകയോ ചെയ്യരുത്.

[50] പകരം, ലേവ്യരെ ഉടമ്പടിയുടെ കൂടാരത്തിന്റെയും അതിന്റെ വസ്തുക്കളുടെയും ഉപകരണങ്ങളുടെയും മേൽവിചാരകരായി നിയമിക്കുക. സമാഗമകൂടാരവും അതിലെ ഉപകരണങ്ങളും അവർ ചുമക്കണം; അതു സൂക്ഷിക്കുകയും അതിനുചുറ്റും പാളയമടിച്ചു പാർക്കുകയും വേണം.

[51] സമാഗമകൂടാരം പുറപ്പെടുമ്പോൾ ലേവ്യർ അത് അഴിക്കണം; സമാഗമകൂടാരം സ്ഥാപിക്കുമ്പോൾ ലേവ്യർ അത് ഉയർത്തണം. അന്യർ അതിനെ സമീപിച്ചാൽ അവർക്കു വധശിക്ഷനൽകണം.

[52] ഇസ്രായേല്യർ ഗണംഗണമായി അവരവരുടെ പാളയത്തിൽ, സ്വന്തം പതാകയ്ക്കു കീഴിൽ തങ്ങളുടെ കൂടാരങ്ങൾ ഉയർത്തണം.

[53] ഇസ്രായേൽമക്കളുടെമേൽ ദൈവകോപം വരാതിരിക്കാൻ ലേവ്യർ ഉടമ്പടിയുടെ കൂടാരത്തിനുചുറ്റും പാളയം അടിക്കണം; ലേവ്യർ ഉടമ്പടിയുടെ കൂടാരത്തിന്റെ ചുമതല വഹിക്കുകയും വേണം.”

[54] യഹോവ മോശയോടു കൽപ്പിച്ചതുപോലെയെല്ലാം ഇസ്രായേൽമക്കൾ ചെയ്തു; അപ്രകാരംതന്നെ അവർ ചെയ്തു.

സംഖ്യാപുസ്തകം — Chapters