Skip to content
Opens in a new window

[1] ലേവിയുടെ മകനായ കെഹാത്തിന്റെ മകനായ യിസ്ഹാരിന്റെ മകൻ കോരഹും രൂബേന്യരിൽ ചിലരും—എലീയാബിന്റെ പുത്രന്മാരായ ദാഥാനും അബീരാമും പേലെത്തിന്റെ മകൻ ഓനും—ധിക്കാരികളായി

[2] മോശയ്ക്കു വിരോധമായി എഴുന്നേറ്റു. അവരോടൊപ്പം ഇസ്രായേലിലെ ഇരുനൂറ്റി അൻപത് സഭാനായകന്മാരും ഉണ്ടായിരുന്നു. അവരെല്ലാവരും സഭയിലെ പ്രധാന അംഗങ്ങളും ആയിരുന്നു.

[3] മോശയ്ക്കും അഹരോനും എതിരേ ഒരു സംഘമായി അവർ വന്ന് അവരോടു പറഞ്ഞു: “നിങ്ങൾ വളരെ അതിരുകടക്കുന്നു! സർവസഭയും അവരിൽ ഓരോരുത്തരും യഹോവയ്ക്കു വിശുദ്ധരാണ്. അവിടന്ന് അവരോടുകൂടെയുണ്ട്. പിന്നെ യഹോവയുടെ സർവസഭയ്ക്കും മീതേ നിങ്ങൾ നിങ്ങളെത്തന്നെ ഉയർത്തുന്നതെന്ത്?”

[4] ആ സംഘം പറയുന്നത് മോശ കേട്ടപ്പോൾ അദ്ദേഹം കമിഴ്ന്നുവീണു.

[5] ഇതിനുശേഷം മോശ കോരഹിനോടും അയാളുടെ അനുയായികളോടും പറഞ്ഞു: “പ്രഭാതത്തിൽ യഹോവ, അവിടത്തേക്കുള്ളവർ ആരെന്നും വിശുദ്ധൻ ആരെന്നും കാണിക്കും; അവിടന്ന് ആ വ്യക്തിയെ തന്റെ അടുക്കൽ വരുമാറാക്കും. അവിടന്ന് തെരഞ്ഞെടുക്കുന്ന പുരുഷനെ തന്റെ അടുക്കൽ വരുമാറാക്കും.

[6] കോരഹേ, നീയും നിന്റെ സകല അനുയായികളും ഇതു ചെയ്യുക: ധൂപകലശങ്ങൾ എടുത്ത്

[7] നാളെ യഹോവയുടെമുമ്പാകെ അതിൽ തീ കത്തിച്ച് സുഗന്ധദ്രവ്യങ്ങൾ ഇടുക. യഹോവ തെരഞ്ഞെടുക്കുന്ന പുരുഷനായിരിക്കും വിശുദ്ധൻ. ലേവ്യരേ, നിങ്ങൾ വളരെ അതിരുകടക്കുന്നു!”

[8] കോരഹിനോടു മോശ വീണ്ടും പറഞ്ഞു: “ലേവ്യരേ, നിങ്ങൾ ഇപ്പോൾ ശ്രദ്ധിക്കുക!

[9] ഇസ്രായേലിന്റെ ദൈവം നിങ്ങളെ ഇസ്രായേൽസഭയിലെ മറ്റുള്ളവരിൽനിന്നു വേർതിരിച്ച് യഹോവയുടെ കൂടാരത്തിൽ വേലചെയ്യാൻ അവിടത്തെ അടുക്കലേക്കു കൊണ്ടുവന്നതും സമൂഹത്തിനു ശുശ്രൂഷചെയ്യാൻ അവരുടെമുമ്പിൽ നിർത്തിയതും പോരേ?

[10] അവിടന്ന് നിന്നെയും ലേവ്യരായ നിന്റെ സകലസഹോദരന്മാരെയും അവിടത്തെ അടുക്കൽ കൊണ്ടുവന്നു. എന്നാൽ ഇപ്പോൾ നിങ്ങൾ പൗരോഹിത്യംകൂടെ എടുക്കാൻ ശ്രമിക്കുന്നു.

[11] നീയും നിന്റെ സകല അനുയായികളും സംഘം ചേർന്നിരിക്കുന്നത് യഹോവയ്ക്കു വിരോധമായിട്ടാണ്. നിങ്ങൾ അഹരോനെതിരേ പിറുപിറുക്കേണ്ടതിന് അദ്ദേഹം എന്തുള്ളൂ?”

[12] ഇതിനുശേഷം മോശ എലീയാബിന്റെ പുത്രന്മാരായ ദാഥാനെയും അബീരാമിനെയും വിളിക്കാൻ ആളയച്ചു. എന്നാൽ അവർ, “ഞങ്ങൾ വരികയില്ല!” എന്നു പറഞ്ഞു.

[13] അവർ തുടർന്നു, “മരുഭൂമിയിൽ ഞങ്ങളെ കൊല്ലേണ്ടതിന് പാലും തേനും ഒഴുകുന്ന ദേശത്തുനിന്ന് നീ ഞങ്ങളെ കൊണ്ടുവന്നതു പോരേ? ഇപ്പോൾ ഞങ്ങളുടെമേൽ കർത്തൃത്വം നടത്താനും നീ ആഗ്രഹിക്കുന്നോ!

[14] അത്രയുമല്ല, നീ ഞങ്ങളെ പാലും തേനും ഒഴുകുന്ന ഒരു ദേശത്തു കൊണ്ടുവരികയോ വയലുകളോ മുന്തിരിത്തോപ്പുകളോ അവകാശമായിത്തരികയോ ചെയ്തതുമില്ല. നീ ഈ പുരുഷന്മാരെ വിഡ്ഢികളാക്കാൻ ശ്രമിക്കുകയാണോ? ഇല്ല, ഞങ്ങൾ വരികയില്ല!”

[15] അപ്പോൾ മോശ അത്യന്തം കോപിച്ചു. അദ്ദേഹം യഹോവയോട്, “അവരുടെ വഴിപാട് അംഗീകരിക്കരുതേ. ഒരു കഴുതയെപ്പോലും ഞാൻ അവരിൽനിന്ന് എടുത്തിട്ടില്ല. അവരിലാരോടും ഞാൻ ഒരുതെറ്റും ചെയ്തിട്ടുമില്ല” എന്നു പറഞ്ഞു.

[16] മോശ കോരഹിനോട് പറഞ്ഞു: “നാളെ നീയും നിന്റെ സകല അനുയായികളും യഹോവയുടെമുമ്പാകെ വരണം—നീയും അവരും അഹരോനുംതന്നെ.

[17] നിങ്ങൾ ഓരോരുത്തരും അവരവരുടെ ധൂപകലശമെടുത്ത് അതിൽ സുഗന്ധവർഗം ഇട്ട് യഹോവയുടെ സന്നിധിയിൽ കൊണ്ടുവരണം—ആകെ ഇരുനൂറ്റി അൻപത് ധൂപകലശങ്ങൾ. നീയും അഹരോനും നിങ്ങളുടെ ധൂപകലശങ്ങൾ കൊണ്ടുവരണം.”

[18] അങ്ങനെ സകലപുരുഷന്മാരും അവരവരുടെ ധൂപകലശമെടുത്ത് തീ കത്തിച്ച് സുഗന്ധവർഗം ഇട്ട് മോശയോടും അഹരോനോടുംകൂടെ സമാഗമകൂടാരവാതിൽക്കൽ നിന്നു.

[19] ഇതിനിടയിൽ കോരഹ്, മോശയ്ക്കും അഹരോനും എതിരേ ഇസ്രായേൽസഭയെ മുഴുവനും ഇളക്കിവിട്ട്, അവരെ സമാഗമകൂടാരവാതിൽക്കൽ കൂട്ടി. അപ്പോൾ, യഹോവയുടെ തേജസ്സ് സർവസഭയ്ക്കും പ്രത്യക്ഷമായി.

[20] യഹോവ മോശയോടും അഹരോനോടും അരുളിച്ചെയ്തു:

[21] “ഇപ്പോൾത്തന്നെ ഞാൻ ഇവരെ സംഹരിക്കേണ്ടതിന് ഈ സംഘത്തിന്റെയടുത്തുനിന്നു നിങ്ങൾ ഉടൻതന്നെ മാറുക.”

[22] എന്നാൽ മോശയും അഹരോനും സാഷ്ടാംഗം വീണു നിലവിളിച്ചു: “ദൈവമേ, സകലമനുഷ്യരുടെയും ആത്മാക്കളുടെ ദൈവമായുള്ളോവേ, ഒരാൾ പാപംചെയ്താൽ അവിടന്ന് മുഴുസഭയോടും കോപിക്കുമോ?”

[23] അപ്പോൾ യഹോവ മോശയോടു പറഞ്ഞു:

[24] “ ‘കോരഹ്, ദാഥാൻ, അബീരാം എന്നിവരുടെ കൂടാരങ്ങളിൽനിന്ന് മാറിനിൽക്കാൻ,’ സഭയോടു പറയുക.”

[25] മോശ എഴുന്നേറ്റ് ദാഥാന്റെയും അബീരാമിന്റെയും അടുത്തേക്കുപോയി. ഇസ്രായേല്യ ഗോത്രത്തലവന്മാർ അദ്ദേഹത്തെ അനുഗമിച്ചു.

[26] ഉടൻതന്നെ മോശ സഭയ്ക്കു മുന്നറിയിപ്പു നൽകി: “ഇവരുടെ സകലപാപങ്ങളുംനിമിത്തം നിങ്ങൾ നശിക്കാതിരിക്കേണ്ടതിന് ഈ ദുഷ്ടമനുഷ്യരുടെ കൂടാരങ്ങളെ വിട്ടുമാറുക! ഇവർക്കുള്ള യാതൊന്നും സ്പർശിക്കരുത്.”

[27] അങ്ങനെ അവർ കോരഹിന്റെയും ദാഥാന്റെയും അബീരാമിന്റെയും കൂടാരങ്ങളിൽനിന്ന് അകന്നുമാറി. ദാഥാനും അബീരാമും വെളിയിൽവന്ന് അവരുടെ ഭാര്യമാരോടും മക്കളോടും കുഞ്ഞുകുട്ടികളോടുംകൂടെ അവരുടെ കൂടാരങ്ങളുടെ വാതിൽക്കൽ നിൽക്കുകയായിരുന്നു.

[28] ഇതിനുശേഷം മോശ പറഞ്ഞത്, “ഇക്കാര്യങ്ങളെല്ലാം ചെയ്യാൻ യഹോവ എന്നെ അയച്ചു എന്നും ഞാൻ സ്വയമായി ഒന്നും ചെയ്തിട്ടില്ല എന്നും നിങ്ങൾ അറിയുന്നത് ഇപ്രകാരമായിരിക്കും:

[29] എല്ലാ മനുഷ്യർക്കും സംഭവിക്കുന്നതുപോലെ ഇവർക്കു സംഭവിക്കുകയും ഇവർ സ്വാഭാവികമരണം അനുഭവിക്കുകയും ചെയ്യുന്നെങ്കിൽ യഹോവ എന്നെ അയച്ചിട്ടില്ല.

[30] എന്നാൽ യഹോവ ഒരു അപൂർവകാര്യം ചെയ്ത്, ഭൂമി വായ്‌പിളർന്ന് അവർക്കുള്ള സകലത്തോടുംകൂടെ അവരെ വിഴുങ്ങി, അവർ ജീവനോടെ പാതാളത്തിലേക്കു പോയാൽ, ഈ പുരുഷന്മാർ യഹോവയോടു ധിക്കാരമായി പെരുമാറി എന്നു നിങ്ങൾ അറിയും.”

[31] മോശ ഈ വാക്കുകൾ പറഞ്ഞുതീർന്നപ്പോൾ അവരുടെകീഴേയുള്ള ഭൂമി പിളർന്നുമാറി.

[32] ഭൂമി വായ്‌പിളർന്ന് അവരെയും അവരുടെ കുടുംബങ്ങളെയും കോരഹിന്റെ സകല അനുയായികളെയും അവരുടെ സർവ സമ്പത്തിനെയും വിഴുങ്ങിക്കളഞ്ഞു.

[33] അവർ തങ്ങൾക്കുണ്ടായിരുന്ന സകലത്തോടുംകൂടെ ജീവനോടെ പാതാളത്തിലേക്കു താണുപോയി; ഭൂമി അവർക്കുമീതേ അടഞ്ഞു. സഭാമധ്യേനിന്നും അവർ നശിച്ചുപോയി.

[34] അവരുടെ നിലവിളികേട്ട്, “ഭൂമി ഞങ്ങളെയും വിഴുങ്ങരുതേ” എന്നു പറഞ്ഞ്, ചുറ്റുംനിന്ന ഇസ്രായേല്യർ മുഴുവനും ഓടിപ്പോയി.

[35] യഹോവയിൽനിന്ന് അഗ്നി പുറപ്പെട്ടു. ധൂപം കാട്ടിയ 250 പുരുഷന്മാരെയും ദഹിപ്പിച്ചു.

[36] ഇതിനുശേഷം യഹോവ മോശയോട് അരുളിച്ചെയ്തു:

[37] “പുരോഹിതനായ അഹരോന്റെ പുത്രൻ എലെയാസാരിനോടു പറയുക, എരിഞ്ഞുകൊണ്ടിരിക്കുന്ന അവശിഷ്ടങ്ങളുടെ ഇടയിൽനിന്ന് ധൂപകലശങ്ങൾ എടുത്ത് കനൽ ദൂരെക്കളയുക. കാരണം ധൂപകലശങ്ങൾ വിശുദ്ധമാണ്.

[38] പാപംചെയ്തു സ്വന്തപ്രാണൻ നഷ്ടപ്പെടുത്തിയ ആ പുരുഷന്മാരുടെ ധൂപകലശങ്ങൾ, യാഗപീഠം പൊതിയുന്നതിന് തകിടുകളായി അടിച്ചുപരത്തുക. അവ യഹോവയുടെമുമ്പിൽ അർപ്പിക്കപ്പെട്ടതിനാൽ വിശുദ്ധമാണ്. അത് ഇസ്രായേല്യർക്ക് ഒരു ചിഹ്നമായിരിക്കട്ടെ.”

[39] അങ്ങനെ പുരോഹിതനായ എലെയാസാർ, അഗ്നിക്കിരയായവർ കൊണ്ടുവന്നിരുന്ന വെങ്കലംകൊണ്ടുള്ള ധൂപകലശങ്ങൾ ശേഖരിച്ച് യാഗപീഠം പൊതിയേണ്ടതിനായി അടിച്ചുപരത്തി; യഹോവ മോശമുഖാന്തരം അദ്ദേഹത്തോടു നിർദേശിച്ചതുപോലെതന്നെ.

[40] കോരഹിനെയും അയാളുടെ അനുയായികളെയുംപോലെ ആയിത്തീരാതിരിക്കേണ്ടതിന് അഹരോന്റെ സന്തതികളിൽ ഒരുവനല്ലാതെ ആരും യഹോവയുടെമുമ്പാകെ ധൂപവർഗം കത്തിക്കാൻ മുന്നോട്ടുവരരുതെന്ന് ഇസ്രായേൽമക്കളെ ഓർമപ്പെടുത്താനായിരുന്നു ഇത്.

[41] അടുത്തദിവസം ഇസ്രായേൽസമൂഹം മുഴുവനും മോശയ്ക്കും അഹരോനും എതിരായി പിറുപിറുത്തു. “നിങ്ങൾ യഹോവയുടെ ജനത്തെ കൊന്നു” എന്ന് അവർ പറഞ്ഞു.

[42] എന്നാൽ സഭ മോശയ്ക്കും അഹരോനും എതിരായി സംഘടിച്ച് സമാഗമകൂടാരത്തിലേക്കടുത്തു. അപ്പോൾത്തന്നെ മേഘം അതിനെ മൂടിയിട്ട് യഹോവയുടെ തേജസ്സ് പ്രത്യക്ഷമായി.

[43] അപ്പോൾ മോശയും അഹരോനും സമാഗമകൂടാരത്തിന്റെ മുമ്പിലേക്കു ചെന്നു.

[44] യഹോവ മോശയോട് അരുളിച്ചെയ്തു:

[45] “ഇപ്പോൾത്തന്നെ ഞാൻ അവരെ നശിപ്പിക്കേണ്ടതിന് ഈ സഭയിൽനിന്ന് മാറിപ്പോകുക.” അപ്പോൾ അവർ കമിഴ്ന്നുവീണു.

[46] ഇതിനുശേഷം മോശ അഹരോനോടു പറഞ്ഞു: “നിന്റെ ധൂപകലശമെടുത്ത് യാഗപീഠത്തിലെ അഗ്നിയോടുകൂടെ അതിൽ സുഗന്ധവർഗം ഇട്ട്, അവർക്കുവേണ്ടി പ്രായശ്ചിത്തം ചെയ്യാൻ വേഗത്തിൽ സഭയിലേക്കു ചെല്ലുക. യഹോവയിൽനിന്ന് കോപം പുറപ്പെട്ടിരിക്കുന്നു; ബാധ തുടങ്ങിക്കഴിഞ്ഞു.”

[47] ആകയാൽ അഹരോൻ മോശ പറഞ്ഞതുപോലെ ചെയ്ത് സഭാമധ്യത്തിലേക്ക് ഓടിച്ചെന്നു. ജനത്തിന്റെ ഇടയിൽ ബാധ തുടങ്ങിക്കഴിഞ്ഞിരുന്നു. എങ്കിലും അഹരോൻ ധൂപം അർപ്പിച്ച് അവർക്കുവേണ്ടി പ്രായശ്ചിത്തം ചെയ്തു.

[48] അദ്ദേഹം ജീവനുള്ളവരുടെയും മരിച്ചവരുടെയും ഇടയിൽനിന്നപ്പോൾ ബാധ നിന്നു.

[49] എങ്കിലും കോരഹ് നിമിത്തം മരിച്ചവരെക്കൂടാതെ 14,700 ആളുകൾ ബാധയാൽ മരിച്ചു.

[50] ബാധ നിന്നതിനാൽ അഹരോൻ സമാഗമകൂടാരവാതിലിനു മുമ്പിൽ മോശയുടെ അടുത്തേക്കു മടങ്ങിവന്നു.

സംഖ്യാപുസ്തകം — Chapters