Skip to content
Opens in a new window

[1] യഹോവ മോശയോടും അഹരോനോടും അരുളിച്ചെയ്തു:

[2] “ഇസ്രായേൽജനം തങ്ങളുടെ ഗോത്രചിഹ്നങ്ങളുള്ള പതാകകൾക്കു കീഴിൽ സമാഗമകൂടാരത്തിനുചുറ്റും അൽപ്പം അകലെയായി പാളയമടിക്കണം.”

[3] യെഹൂദാഗോത്രത്തിലുള്ളവർ സൂര്യോദയത്തിന് അഭിമുഖമായി തങ്ങളുടെ പതാകയിൻകീഴിൽ പാളയമടിക്കണം. അമ്മീനാദാബിന്റെ മകൻ നഹശോനാണ് യെഹൂദാഗോത്രത്തിന്റെ പ്രഭു.

[4] അദ്ദേഹത്തിന്റെ ഗണത്തിലുള്ളവർ 74,600.

[5] യിസ്സാഖാർഗോത്രം അവർക്ക് അടുത്തായി പാളയമടിക്കും. സൂവാരിന്റെ മകൻ നെഥനയേലാണ് യിസ്സാഖാർഗോത്രാംഗങ്ങളുടെ പ്രഭു.

[6] അദ്ദേഹത്തിന്റെ ഗണത്തിലുള്ളവർ 54,400.

[7] അടുത്തത് സെബൂലൂൻ ഗോത്രമായിരിക്കും. ഹേലോന്റെ മകൻ എലീയാബാണ് സെബൂലൂൻഗോത്രത്തിന്റെ പ്രഭു.

[8] അദ്ദേഹത്തിന്റെ ഗണത്തിലുള്ളവർ 57,400.

[9] യെഹൂദാ പാളയത്തിലേക്കു നിശ്ചയിക്കപ്പെട്ട പുരുഷന്മാരുടെ എണ്ണം അവരുടെ ഗണങ്ങളിൻപ്രകാരം ആകെ 1,86,400. ആദ്യം അവർ പുറപ്പെടണം.

[10] രൂബേൻഗോത്രത്തിലുള്ളവർ തങ്ങളുടെ പതാകയിൻകീഴിൽ തെക്കുഭാഗത്തു പാളയമടിക്കണം. ശെദെയൂരിന്റെ മകൻ എലീസൂർ ആണ് രൂബേൻഗോത്രത്തിന്റെ പ്രഭു.

[11] അദ്ദേഹത്തിന്റെ ഗണത്തിലുള്ളവർ 46,500.

[12] ശിമെയോൻഗോത്രം അവർക്ക് അടുത്തായി പാളയമടിക്കും. സൂരീശദ്ദായിയുടെ മകൻ ശെലൂമിയേലാണ് ശിമെയോൻഗോത്രത്തിന്റെ പ്രഭു.

[13] അദ്ദേഹത്തിന്റെ ഗണത്തിലുള്ളവർ 59,300.

[14] ഗാദ്ഗോത്രമായിരിക്കും അടുത്തത്. രെയൂവേലിന്റെ മകൻ എലീയാസാഫാണ് ഗാദ്ഗോത്രത്തിന്റെ പ്രഭു.

[15] അദ്ദേഹത്തിന്റെ ഗണത്തിലുള്ളവർ 45,650.

[16] രൂബേൻപാളയത്തിലേക്കു നിശ്ചയിക്കപ്പെട്ട പുരുഷന്മാർ, അവരുടെ ഗണങ്ങളിൻപ്രകാരം ആകെ 1,51,450. അവർ രണ്ടാമതായി പുറപ്പെടും.

[17] പിന്നീട് പാളയങ്ങൾക്കു മധ്യത്തിലായി സമാഗമകൂടാരവും ലേവ്യരുടെ പാളയവും യാത്രപുറപ്പെടും. പാളയമടിക്കുമ്പോഴുള്ള ക്രമംപോലെ ഓരോരുത്തരും സ്വന്തം പതാകയ്ക്കു കീഴിലായി അവരവരുടെ ക്രമമനുസരിച്ചു പുറപ്പെടണം.

[18] എഫ്രയീംഗണം, തങ്ങളുടെ പതാകയിൻകീഴിൽ പടിഞ്ഞാറുഭാഗത്തു പാളയമിറങ്ങണം. അമ്മീഹൂദിന്റെ മകൻ എലീശാമ ആണ് എഫ്രയീംഗോത്രത്തിന്റെ പ്രഭു.

[19] അദ്ദേഹത്തിന്റെ ഗണത്തിലുള്ളവർ 40,500.

[20] മനശ്ശെഗോത്രം ആയിരിക്കും അടുത്തത്. പെദാസൂരിന്റെ മകൻ ഗമാലിയേൽ ആണ് മനശ്ശെഗോത്രത്തിന്റെ പ്രഭു.

[21] അദ്ദേഹത്തിന്റെ ഗണത്തിലുള്ളവർ 32,200.

[22] അതിനുശേഷം ബെന്യാമീൻഗോത്രം വരും. ഗിദെയോനിയുടെ മകൻ അബീദാൻ ആണ് ബെന്യാമീൻഗോത്രത്തിന്റെ പ്രഭു.

[23] അദ്ദേഹത്തിന്റെ ഗണത്തിലുള്ളവർ 35,400.

[24] എഫ്രയീം പാളയത്തിലേക്കു നിശ്ചയിക്കപ്പെട്ട പുരുഷന്മാർ, അവരുടെ ഗണങ്ങളിൻപ്രകാരം ആകെ 1,08,100. അവർ മൂന്നാമതായി പുറപ്പെടും.

[25] ദാൻഗണം വടക്ക്: തങ്ങളുടെ പതാകയിൻകീഴിൽ പാളയമടിക്കും. അമ്മീശദ്ദായിയുടെ മകൻ അഹീയേസെർ ആണ് ദാൻഗോത്രത്തിന്റെ പ്രഭു.

[26] അദ്ദേഹത്തിന്റെ ഗണത്തിലുള്ളവർ 62,700.

[27] അവർക്ക് അടുത്ത് ആശേർഗോത്രം പാളയമടിക്കും. ഒക്രാന്റെ മകൻ പഗീയേൽ ആണ് ആശേർഗോത്രത്തിന്റെ പ്രഭു.

[28] അദ്ദേഹത്തിന്റെ ഗണത്തിലുള്ളവർ 41,500.

[29] നഫ്താലി ഗോത്രമായിരിക്കും അടുത്തത്. ഏനാന്റെ മകൻ അഹീരാ ആണു നഫ്താലിഗോത്രത്തിന്റെ പ്രഭു.

[30] അദ്ദേഹത്തിന്റെ ഗണത്തിലുള്ളവർ 53,400.

[31] ദാൻപാളയത്തിലേക്കു നിശ്ചയിക്കപ്പെട്ട പുരുഷന്മാർ ആകെ 1, 57, 600. തങ്ങളുടെ പതാകയിൻകീഴിൽ അവർ ഒടുവിലായി പുറപ്പെടും.

[32] കുടുംബങ്ങളായി എണ്ണപ്പെട്ട ഇസ്രായേല്യർ ഇവരാണ്. ഗണംഗണമായി പാളയങ്ങളിലുള്ള പുരുഷന്മാർ ആകെ 6,03,550.

[33] യഹോവ മോശയോടു കൽപ്പിച്ചതുപോലെ മറ്റ് ഇസ്രായേൽമക്കളോടൊപ്പം ലേവ്യരെ എണ്ണിയില്ല.

[34] അങ്ങനെ യഹോവ മോശയോടു കൽപ്പിച്ചതെല്ലാം ഇസ്രായേൽമക്കൾ ചെയ്തു; അപ്രകാരമായിരുന്നു അവർ തങ്ങളുടെ പതാകകളിൻകീഴിൽ പാളയമടിച്ചത്, അങ്ങനെയായിരുന്നു ഓരോരുത്തരും തങ്ങളുടെ കുടുംബത്തോടും പിതൃഭവനത്തോടുമൊപ്പം പുറപ്പെട്ടത്.

സംഖ്യാപുസ്തകം — Chapters