Skip to content
Opens in a new window

[1] യെരീഹോവിനെതിരേ യോർദാന്നരികിൽ മോവാബുസമതലത്തിൽവെച്ച് യഹോവ മോശയോട് ഇപ്രകാരം അരുളിച്ചെയ്തു:

[2] “ഇസ്രായേല്യർ കൈവശമാക്കുന്ന അവകാശത്തിൽ ലേവ്യർക്ക് വസിക്കാനായി പട്ടണങ്ങൾ നൽകാൻ അവരോടു കൽപ്പിക്കുക. പട്ടണങ്ങൾക്കു ചുറ്റുമായി പുൽമേടുകളും അവർക്കു കൊടുക്കുക.

[3] അങ്ങനെ അവർക്ക് വസിക്കാൻ പട്ടണങ്ങളും അവരുടെ കന്നുകാലികൾക്കും സകലവളർത്തുമൃഗങ്ങൾക്കും മേയാൻ പുൽമേടുകളും ലഭിക്കും.

[4] “നിങ്ങൾ ലേവ്യർക്കു നൽകുന്ന പുൽപ്പുറങ്ങൾക്ക്, പട്ടണമതിലിൽനിന്ന് പുറത്തേക്കു ചുറ്റും ആയിരംമുഴം വിസ്താരമുണ്ടായിരിക്കും.

[5] പട്ടണത്തിനുപുറത്ത്, രണ്ടായിരംമുഴം കിഴക്കുഭാഗത്തും രണ്ടായിരം തെക്കുഭാഗത്തും രണ്ടായിരം പടിഞ്ഞാറുഭാഗത്തും രണ്ടായിരംമുഴം വടക്കുഭാഗത്തും നടുവിൽ പട്ടണം വരത്തക്കവിധം അളക്കുക. ഇത് അവർക്കു പട്ടണങ്ങളുടെ പുൽമേടുകളായിരിക്കും.

[6] “നിങ്ങൾ ലേവ്യർക്കു നൽകുന്ന പട്ടണങ്ങളിൽ ആറെണ്ണം സങ്കേതനഗരങ്ങൾ ആയിരിക്കും. അബദ്ധവശാൽ കൊലപാതകം ചെയ്ത വ്യക്തിക്ക് അവയിലൊന്നിലേക്ക് ഓടിയൊളിക്കാം. ഇതിനുപുറമേ, മറ്റു നാൽപ്പത്തിരണ്ട് പട്ടണങ്ങളും അവർക്കു നൽകണം.

[7] ആകെ നാൽപ്പത്തിയെട്ടു പട്ടണങ്ങൾ, അവയുടെ പുൽമേടുകളോടുകൂടെ നിങ്ങൾ ലേവ്യർക്കു നൽകണം.

[8] ഇസ്രായേല്യർ കൈവശമാക്കുന്ന ദേശത്തുനിന്ന് നിങ്ങൾ ലേവ്യർക്കു നൽകുന്ന പട്ടണങ്ങൾ ഓരോ ഗോത്രത്തിന്റെയും അവകാശത്തിന് അനുപാതമായിട്ട് ആയിരിക്കണം നൽകേണ്ടത്: അധികം പട്ടണങ്ങൾ ഉള്ള ഗോത്രത്തിൽനിന്ന് അധികം എടുക്കണം. എന്നാൽ കുറച്ചുള്ള ഒന്നിൽനിന്ന് കുറച്ചും എടുക്കണം.”

[9] പിന്നെ യഹോവ മോശയോട് അരുളിച്ചെയ്തു:

[10] “ഇസ്രായേല്യരോടു സംസാരിക്കണം. അവരോട് ഇപ്രകാരം പറയുക: നിങ്ങൾ യോർദാൻ കടന്ന് കനാനിൽ എത്തുമ്പോൾ,

[11] അബദ്ധവശാൽ ആരെയെങ്കിലും വധിക്കുന്ന ഒരു വ്യക്തിക്ക് ഓടിച്ചെല്ലാനുള്ള—നിങ്ങളുടെ സങ്കേതനഗരങ്ങൾ ആയിരിക്കാൻ—ചില പട്ടണങ്ങളെ തെരഞ്ഞെടുക്കണം.

[12] കൊലക്കുറ്റം ചുമത്തപ്പെട്ട ഒരു വ്യക്തി സഭയുടെമുമ്പാകെ വിസ്താരത്തിന്നു വിധേയനാകുന്നതുവരെ മരിക്കാതിരിക്കാനായി പ്രതികാരകനിൽനിന്നുള്ള സങ്കേതസ്ഥാനങ്ങൾ അവ ആയിരിക്കും.

[13] നിങ്ങൾ നൽകുന്ന ഈ ആറുപട്ടണങ്ങൾ നിങ്ങളുടെ സങ്കേതനഗരങ്ങൾ ആയിരിക്കും.

[14] മൂന്നെണ്ണം യോർദാന്റെ അക്കരെയും മൂന്നെണ്ണം കനാനിലും സങ്കേതനഗരങ്ങളായി നൽകുക.

[15] മറ്റൊരു വ്യക്തിയെ അബദ്ധവശാൽ കൊന്ന ഏതൊരാൾക്കും ഓടിച്ചെല്ലാൻ കഴിയേണ്ടതിന്, ഇസ്രായേല്യർക്കും പ്രവാസികൾക്കും അവരുടെയിടയിൽ പാർക്കുന്ന മറ്റേതൊരു ജനത്തിനും ഈ ആറുപട്ടണങ്ങൾ സങ്കേതസ്ഥാനങ്ങൾ ആയിരിക്കും.

[16] “ ‘ഒരാൾ മറ്റൊരാളെ ഒരു ഇരുമ്പുപകരണംകൊണ്ട് അടിക്കുകയും അയാൾ മരിക്കുകയും ചെയ്താൽ ആ മനുഷ്യൻ ഒരു കൊലപാതകി; കൊലപാതകി മരണശിക്ഷ അനുഭവിക്കണം.

[17] അല്ല, ഒരാൾ കല്ലുകൊണ്ടിടിച്ച്, ആരെങ്കിലും മരിച്ചാൽ ആ മനുഷ്യനും കൊലപാതകി; കൊലപാതകിക്കു മരണശിക്ഷനൽകണം.

[18] അല്ല, ഒരാൾ മാരകമായ ഒരു മരയായുധംകൊണ്ട് ആരെയെങ്കിലും അടിച്ച് അയാൾ മരിച്ചാൽ ആ മനുഷ്യൻ കൊലപാതകി; കൊലപാതകിക്കു മരണശിക്ഷ കൊടുക്കണം.

[19] രക്തപ്രതികാരംചെയ്യുന്ന വ്യക്തിക്കു കൊലപാതകിയെ വധിക്കാം; രക്തപ്രതികാരം നടപ്പിലാക്കുന്ന വ്യക്തി കൊലപാതകിയെ കാണാനിടയായാൽ അയാൾക്ക് ആ മനുഷ്യനെ വധിക്കാം.

[20] ആരെങ്കിലും വിദ്വേഷംകൊണ്ട് ഒരാളെ കുത്തുകയോ പതിയിരുന്ന് എറിയുകയോ ചെയ്തിട്ട് ആരെങ്കിലും മരിച്ചാൽ,

[21] അല്ലെങ്കിൽ ശത്രുതയാൽ തന്റെ മുഷ്ടികൊണ്ട് ഒരു മനുഷ്യനെ ഇടിക്കുകയോ ചെയ്തിട്ട് അയാൾ മരിച്ചാൽ ആ വ്യക്തിക്ക് വധശിക്ഷ കൊടുക്കണം; അയാൾ ഒരു കൊലപാതകി. രക്തപ്രതികാരം നടപ്പിലാക്കുന്ന വ്യക്തിക്ക് അയാളെ കാണുമ്പോൾ വധിക്കാം.

[22] “ ‘എന്നാൽ ശത്രുത്വം ഇല്ലാതെ ഒരു മനുഷ്യൻ മറ്റൊരാളെ കുത്തുകയോ മനഃപൂർവമല്ലാതെ അയാളെ എറിയുകയോ

[23] അല്ലെങ്കിൽ, അയാളെ കാണാതെ മരണത്തിനിടയാക്കുന്നതരത്തിൽ ഒരു കല്ല് അയാളുടെമേൽ ഇടുകയോ ചെയ്യുകയും അയാൾ മരിക്കുകയും ചെയ്താൽ, ആ മനുഷ്യൻ അയാളുടെ ശത്രുവല്ലാതിരുന്നതിനാലും അയാളെ അപായപ്പെടുത്താൻ മനഃപൂർവം ശ്രമിക്കാതിരുന്നതിനാലും,

[24] അയാളുടെയും രക്തപ്രതികാരം നടപ്പിലാക്കുന്ന വ്യക്തിയുടെയും മധ്യേ സഭ ഈ ചട്ടങ്ങൾക്കനുസൃതമായി വിധി കൽപ്പിക്കണം.

[25] കൊലക്കുറ്റം ചുമത്തപ്പെട്ടവനു സഭ രക്തപ്രതികാരം നടപ്പിലാക്കുന്ന വ്യക്തിയിൽനിന്ന് സംരക്ഷണം നൽകുകയും അയാൾ ഓടിപ്പോയ സങ്കേതനഗരത്തിലേക്കു മടക്കി അയയ്ക്കുകയും വേണം. വിശുദ്ധതൈലത്താൽ അഭിഷേകം ചെയ്യപ്പെട്ട മഹാപുരോഹിതന്റെ മരണംവരെ അയാൾ അവിടെ പാർക്കണം.

[26] “ ‘എന്നാൽ കൊലക്കുറ്റം ചുമത്തപ്പെട്ട വ്യക്തി താൻ ഓടിച്ചെന്ന സങ്കേതനഗരത്തിന്റെ അതിരുകൾക്കു പുറേത്തക്ക് പോകുകയും

[27] രക്തപ്രതികാരം നടപ്പിലാക്കുന്ന വ്യക്തി അയാളെ സങ്കേതനഗരത്തിനു വെളിയിൽവെച്ച് കാണുകയുംചെയ്താൽ, രക്തപ്രതികാരം നടപ്പിൽവരുത്തേണ്ട വ്യക്തിക്ക് ആ മനുഷ്യനെ കൊല്ലാം. അയാളിൽ രക്തപാതകം ഇല്ല.

[28] കുറ്റം ചുമത്തപ്പെട്ടവൻ മഹാപുരോഹിതന്റെ മരണംവരെ തന്റെ സങ്കേതനഗരത്തിൽ പാർക്കേണ്ടതാണ്; മഹാപുരോഹിതന്റെ മരണാനന്തരം അവനു തന്റെ അവകാശഭൂമിയിലേക്കു മടങ്ങിപ്പോകാം.

[29] “ ‘നിങ്ങൾ താമസിക്കുന്നിടങ്ങളിലെല്ലാം, വരാനുള്ള തലമുറകളിൽ ന്യായവിധിക്കുള്ള ചട്ടം ഇവയായിരിക്കണം.

[30] “ ‘ഒരു വ്യക്തിയെ കൊല്ലുന്ന ഏതൊരുവനും ഒരു കൊലപാതകിയെന്ന നിലയിൽ സാക്ഷികളുടെ വാമൊഴിയെ അടിസ്ഥാനമാക്കി വധശിക്ഷനൽകണം. എന്നാൽ ഒരു സാക്ഷിയുടെമാത്രം വാമൊഴിയാൽ ആർക്കും വധശിക്ഷ നൽകരുത്.

[31] “ ‘മരണയോഗ്യനായ ഒരു കൊലയാളിയുടെ ജീവനുവേണ്ടി മോചനദ്രവ്യം സ്വീകരിക്കരുത്. ആ മനുഷ്യനു നിശ്ചയമായും വധശിക്ഷനൽകണം.

[32] “ ‘സങ്കേതനഗരത്തിൽ ഓടിയൊളിച്ച വ്യക്തി മഹാപുരോഹിതന്റെ മരണത്തിനുമുമ്പു സ്വദേശത്തു മടങ്ങിവന്ന് പാർക്കാൻ നിങ്ങൾ മോചനദ്രവ്യം സ്വീകരിക്കരുത്.

[33] “ ‘നിങ്ങൾ പാർക്കുന്ന ദേശം മലിനമാക്കരുത്. രക്തച്ചൊരിച്ചിൽ ദേശത്തെ മലിനമാക്കുന്നു. രക്തം ചൊരിയിച്ച വ്യക്തിയുടെ രക്തത്താലല്ലാതെ രക്തംചൊരിഞ്ഞ ദേശത്തിനു പ്രായശ്ചിത്തം വരുത്താൻ സാധ്യമല്ല.

[34] നിങ്ങൾ വസിക്കുന്നതും ഞാൻ അധിവസിക്കുന്നതുമായ ദേശത്തെ അശുദ്ധമാക്കരുത്. കാരണം, യഹോവ ആകുന്ന ഞാൻ ഇസ്രായേൽമക്കളുടെ ഇടയിൽ വസിക്കുന്നു.’ ”

സംഖ്യാപുസ്തകം — Chapters