Skip to content
Opens in a new window

[1] യഹോവ മോശയോട് അരുളിച്ചെയ്തു:

[2] “ഇസ്രായേല്യരോടു കൽപ്പിക്കണം. അവരോട് ഇപ്രകാരം പറയുക: നിങ്ങൾ കനാനിൽ പ്രവേശിക്കുമ്പോൾ, നിങ്ങൾ അവകാശമാക്കുന്ന ദേശത്തിന്റെ അതിരുകൾ ഇവയായിരിക്കും:

[3] “ ‘ഏദോമിന്റെ അതിരിനു നെടുകെ സീൻ മരുഭൂമിയുടെ കുറെ ഭാഗം നിങ്ങളുടെ തെക്കുഭാഗത്ത് ഉൾപ്പെടും. നിങ്ങളുടെ തെക്കേ അതിര് കിഴക്ക് ഉപ്പുകടലിന്റെ അതിരുമുതൽ,

[4] അക്രബീംകയറ്റത്തിൽനിന്ന് തെക്കോട്ടു തിരിഞ്ഞ് സീനിലേക്കു തുടർന്ന് കാദേശ്-ബർന്നേയയുടെ തെക്കുഭാഗത്തേക്കു നീളും. പിന്നെ ഹസർ-അദ്ദാറിലേക്കും തുടർന്ന് അസ്മോനിലേക്കും നീണ്ട്

[5] അവിടെവെച്ച് അതു തിരിഞ്ഞ് ഈജിപ്റ്റിലെ തോടുമായിച്ചേർന്ന് മെഡിറ്ററേനിയൻ സമുദ്രത്തിൽ അവസാനിക്കും.

[6] പടിഞ്ഞാറേ അതിര് മെഡിറ്ററേനിയൻ മഹാസമുദ്രതീരം ആയിരിക്കും. ഇതാണ് നിങ്ങളുടെ പടിഞ്ഞാറേ അതിര്.

[7] വടക്കേ അതിർ മെഡിറ്ററേനിയൻ മഹാസമുദ്രം തുടങ്ങി ഹോർ പർവതംവരെ ആയിരിക്കും.

[8] അവിടെനിന്ന് ലെബോ-ഹമാത്തുവരെയും അതിർത്തിയാകും. പിന്നെ ആ അതിർത്തി സെദാദിലേക്കു പോയി,

[9] സിഫ്രോനിലേക്കു തുടർന്ന് ഹസർ-ഏനാനിൽ അവസാനിക്കും. ഇതായിരിക്കും നിങ്ങളുടെ വടക്കുള്ള അതിർത്തി.

[10] കിഴക്ക്, ഹസർ-ഏനാനിൽനിന്നും ശെഫാംവരെ നിങ്ങളുടെ അതിരാകും.

[11] ആ അതിർത്തി ശെഫാമിൽനിന്ന് അയീന്റെ കിഴക്കുഭാഗത്തുള്ള രിബ്ലയിലേക്ക് ഇറങ്ങിച്ചെന്ന് കിന്നെരെത്തുതടാകത്തിന്റെ കിഴക്കുള്ള ചരിവുകളിൽക്കൂടി നെടുകെ തുടർന്നുപോകും.

[12] പിന്നെ ആ അതിർത്തി യോർദാനു സമാന്തരമായി താഴോട്ടുപോയി ഉപ്പുകടലിൽ അവസാനിക്കും. “ ‘നിങ്ങളുടെ ദേശത്തിന്റെ ചുറ്റുമുള്ള അതിരുകൾ ഇവയായിരിക്കും.’ ”

[13] മോശ ഇസ്രായേല്യരോടു കൽപ്പിച്ചു: “ഈ ദേശം നറുക്കിലൂടെ അവകാശമായി ഭാഗിച്ചെടുക്കണം. ഒൻപതരഗോത്രങ്ങൾക്ക് അതുകൊടുക്കണമെന്ന് യഹോവ കൽപ്പിച്ചിരിക്കുന്നു.

[14] എന്തെന്നാൽ, രൂബേൻഗോത്രത്തിലെയും ഗാദ്ഗോത്രത്തിലെയും മനശ്ശെയുടെ പാതിഗോത്രത്തിലെയും കുടുംബങ്ങൾക്ക് അവരുടെ ഓഹരി ലഭിച്ചുകഴിഞ്ഞിരിക്കുന്നു.

[15] ഈ രണ്ടരഗോത്രങ്ങൾ അവരുടെ ഓഹരി യോർദാന് അക്കരെ യെരീഹോവിന് കിഴക്കുഭാഗത്ത് സൂര്യോദയത്തിനുനേരേ സ്വീകരിച്ചിരിക്കുന്നു.”

[16] യഹോവ മോശയോട് അരുളിച്ചെയ്തു:

[17] “ദേശം നിങ്ങൾക്ക് അവകാശമായി ഭാഗിക്കേണ്ട പുരുഷന്മാരുടെ പേരുകൾ ഇവയാണ്: പുരോഹിതനായ എലെയാസാരും നൂന്റെ പുത്രനായ യോശുവയും.

[18] കൂടാതെ ഓരോ ഗോത്രത്തിൽനിന്നും ഓരോ പ്രഭുവിനെ ദേശം ഭാഗിക്കേണ്ടതിന് സഹായിയായി നിയമിക്കുക.

[19] “ഇവയാണ് അവരുടെ പേരുകൾ: “യെഹൂദാഗോത്രത്തിൽനിന്ന് യെഫുന്നെയുടെ മകൻ കാലേബ്.

[20] ശിമെയോൻഗോത്രത്തിൽനിന്ന് അമ്മീഹൂദിന്റെ മകൻ ശെമൂവേൽ.

[21] ബെന്യാമീൻഗോത്രത്തിൽനിന്ന് കിസ്ളോന്റെ മകൻ എലീദാദ്.

[22] ദാൻഗോത്രത്തിൽനിന്നുള്ള പ്രഭു യൊഗ്ലിയുടെ മകൻ ബുക്കി.

[23] യോസേഫിന്റെ പുത്രന്മാരിൽ, മനശ്ശെയുടെ ഗോത്രത്തിൽനിന്നുള്ള പ്രഭു ഏഫോദിന്റെ മകൻ ഹന്നീയേൽ.

[24] എഫ്രയീമിന്റെ ഗോത്രത്തിൽനിന്നുള്ള പ്രഭു ശിഫ്താന്റെ മകൻ കെമൂവേൽ.

[25] സെബൂലൂൻ ഗോത്രത്തിൽനിന്നുള്ള പ്രഭു പർന്നാക്കിന്റെ മകൻ എലീസാഫാൻ.

[26] യിസ്സാഖാർഗോത്രത്തിൽനിന്നുള്ള പ്രഭു അസ്സാന്റെ മകൻ ഫല്തിയേൽ.

[27] ആശേർഗോത്രത്തിൽനിന്നുള്ള പ്രഭു ശെലോമിയുടെ മകൻ അഹീഹൂദ്.

[28] നഫ്താലിഗോത്രത്തിൽനിന്നുള്ള പ്രഭു അമ്മീഹൂദിന്റെ മകൻ പെദഹേൽ.”

[29] കനാൻദേശത്ത് ഓഹരി വിഭജിച്ചുകൊടുക്കേണ്ടതിന്നു യഹോവ നിയമിച്ച ഇസ്രായേല്യ പുരുഷന്മാർ ഇവരാണ്.

സംഖ്യാപുസ്തകം — Chapters