Skip to content
Opens in a new window

[1] “ ‘ഏഴാംമാസം ഒന്നാംതീയതി വിശുദ്ധസഭായോഗം കൂടണം; അന്നു സാധാരണ ജോലിയൊന്നും ചെയ്യരുത്. അതു നിങ്ങൾക്കു കാഹളങ്ങൾ മുഴക്കാനുള്ള ദിനം.

[2] യഹോവയ്ക്കു ഹൃദ്യസുഗന്ധമായി ഊനമില്ലാത്ത ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള ഏഴ് ആൺകുഞ്ഞാട് എന്നിവ ഹോമയാഗം അർപ്പിക്കണം.

[3] ഓരോ കാളയോടുംകൂടെ ഒലിവെണ്ണചേർത്ത മൂന്ന് ഓമെർ നേരിയമാവിന്റെ ഒരു ഭോജനയാഗവും ആട്ടുകൊറ്റനോടുകൂടെ രണ്ട് ഓമെർ,

[4] ഏഴ് കുഞ്ഞാടുകളിൽ ഓരോന്നിനോടുംകൂടെ ഒരു ഓമെർ, ഇപ്രകാരം ഒലിവെണ്ണചേർത്ത നേരിയമാവിന്റെ ഭോജനയാഗം ഉണ്ടായിരിക്കണം.

[5] നിനക്കു പ്രായശ്ചിത്തം വരുത്താൻ പാപശുദ്ധീകരണയാഗമായി ഒരു കോലാട്ടുകൊറ്റനെയും ഉൾപ്പെടുത്തുക.

[6] ദിവസേനയും മാസംതോറുമുള്ള നിർദിഷ്ട ഹോമയാഗങ്ങൾക്കും അവയോടുകൂടെയുള്ള ഭോജനയാഗങ്ങൾ, പാനീയയാഗങ്ങൾ എന്നിവയ്ക്കുംപുറമേയാണ് ഇവ. അവ യഹോവയ്ക്കു ഹൃദ്യസുഗന്ധമായ ദഹനയാഗം.

[7] “ ‘ഈ ഏഴാംമാസം പത്താംതീയതി വിശുദ്ധസഭായോഗം കൂടണം. അന്നു നിങ്ങൾ ആത്മതപനം ചെയ്യുകയും വേലയൊന്നും ചെയ്യാതിരിക്കുകയും വേണം.

[8] യഹോവയ്ക്ക് ഹൃദ്യസുഗന്ധമായി ഊനമില്ലാത്ത ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമായ ഏഴ് ആൺകുഞ്ഞാട് എന്നിവ ഹോമയാഗം അർപ്പിക്കുക.

[9] ഓരോ കാളയോടുംകൂടെ ഒലിവെണ്ണചേർത്ത മൂന്ന് ഓമെർ നേരിയമാവിന്റെ ഒരു ഭോജനയാഗവും ഉണ്ടായിരിക്കണം. അത് ആട്ടുകൊറ്റനോടുകൂടെ രണ്ട് ഓമെറും

[10] ഏഴു കുഞ്ഞാടുകളിൽ ഓരോന്നിനോടുംകൂടെ ഒരു ഓമെറും വീതം ഉണ്ടായിരിക്കണം.

[11] പ്രായശ്ചിത്തത്തിനുള്ള പാപശുദ്ധീകരണയാഗത്തിനും പതിവു ഹോമയാഗത്തിനും അതോടുകൂടിയുള്ള ഭോജനയാഗത്തിനും പാനീയയാഗത്തിനുംപുറമേ പാപശുദ്ധീകരണയാഗമായി ഒരു കോലാട്ടുകൊറ്റനെയും ഉൾപ്പെടുത്തണം.

[12] “ ‘ഏഴാംമാസത്തിന്റെ പതിനഞ്ചാംതീയതി വിശുദ്ധസഭായോഗം നടത്തണം; അന്നു സാധാരണ ജോലിയൊന്നും ചെയ്യരുത്. ഏഴുദിവസം യഹോവയ്ക്ക് ഉത്സവം ആചരിക്കണം.

[13] യഹോവയ്ക്ക് ഹൃദ്യസുഗന്ധമായ ദഹനയാഗമായി ഊനമില്ലാത്ത പതിമ്മൂന്നു കാളക്കിടാവ്, രണ്ട് ആട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള പതിന്നാല് ആൺകുഞ്ഞാട് എന്നിവ ഹോമയാഗം അർപ്പിക്കണം.

[14] പതിമ്മൂന്ന് കാളക്കിടാങ്ങളിൽ ഓരോന്നിനോടുംകൂടി ഒലിവെണ്ണചേർത്ത മൂന്ന് ഓമെർ നേരിയമാവിന്റെ ഭോജനയാഗവും അത് ഓരോ ആട്ടുകൊറ്റനോടുംകൂടി രണ്ട് ഓമെറും

[15] ഓരോ ആട്ടിൻകുട്ടിയോടുംകൂടി ഒരു ഓമെറും വീതം അർപ്പിക്കണം.

[16] നിരന്തരം അർപ്പിക്കുന്ന ഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും പാനീയയാഗത്തിനുംപുറമേ പാപശുദ്ധീകരണയാഗമായി ഒരു കോലാട്ടുകൊറ്റനെയും അർപ്പിക്കണം.

[17] “ ‘രണ്ടാംദിവസം, ഊനമില്ലാത്ത പന്ത്രണ്ട് കാളക്കിടാവ്, രണ്ട് ആട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള പതിന്നാല് ആൺകുഞ്ഞാട് എന്നിവ അർപ്പിക്കണം.

[18] കാളകൾ, ആട്ടുകൊറ്റന്മാർ, കുഞ്ഞാടുകൾ എന്നിവയോടൊപ്പം നിർദിഷ്ടമായ എണ്ണത്തിനനുസരിച്ച് അവയുടെ ഭോജനയാഗങ്ങളും പാനീയയാഗങ്ങളും അർപ്പിക്കണം.

[19] നിരന്തരം അർപ്പിക്കുന്ന ഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും പാനീയയാഗത്തിനുംപുറമേ പാപശുദ്ധീകരണയാഗമായി ഒരു കോലാട്ടുകൊറ്റനെയും ഉൾപ്പെടുത്തണം.

[20] “ ‘മൂന്നാംദിവസം ഊനമില്ലാത്ത പതിനൊന്നു കാളക്കിടാവ്, രണ്ട് ആട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള പതിന്നാല് ആൺകുഞ്ഞാട് എന്നിവ അർപ്പിക്കണം.

[21] കാളകൾ, ആട്ടുകൊറ്റന്മാർ, കുഞ്ഞാടുകൾ എന്നിവയോടൊപ്പം നിർദേശിക്കപ്പെട്ടിട്ടുള്ള എണ്ണത്തിനനുസരിച്ച് അവയുടെ ഭോജനയാഗങ്ങളും പാനീയയാഗങ്ങളും അർപ്പിക്കണം.

[22] നിരന്തരം അർപ്പിക്കുന്ന ഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും പാനീയയാഗത്തിനുംപുറമേ പാപശുദ്ധീകരണയാഗമായി ഒരു കോലാട്ടുകൊറ്റനെയും അർപ്പിക്കണം.

[23] “ ‘നാലാംദിവസം ഊനമില്ലാത്ത പത്തു കാളക്കിടാവ്, രണ്ട് ആട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള പതിന്നാല് ആൺകുഞ്ഞാട് എന്നിവ അർപ്പിക്കണം.

[24] കാളകൾ, ആട്ടുകൊറ്റന്മാർ, കുഞ്ഞാടുകൾ എന്നിവയോടൊപ്പം നിർദേശിക്കപ്പെട്ടിട്ടുള്ള എണ്ണത്തിനനുസരിച്ച് അവയുടെ ഭോജനയാഗങ്ങളും പാനീയയാഗങ്ങളും അർപ്പിക്കണം.

[25] നിരന്തരം അർപ്പിക്കുന്ന ഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും പാനീയയാഗത്തിനുംപുറമേ പാപശുദ്ധീകരണയാഗമായി ഒരു കോലാട്ടുകൊറ്റനെയും അർപ്പിക്കണം.

[26] “ ‘അഞ്ചാംദിവസം ഊനമില്ലാത്ത ഒൻപതു കാളക്കിടാവ്, രണ്ട് ആട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള പതിന്നാല് ആൺകുഞ്ഞാട് ഇവ അർപ്പിക്കണം.

[27] കാളകൾ, ആട്ടുകൊറ്റന്മാർ, കുഞ്ഞാടുകൾ എന്നിവയോടൊപ്പം നിർദേശിക്കപ്പെട്ടിട്ടുള്ള എണ്ണത്തിനനുസരിച്ച് അവയുടെ ഭോജനയാഗങ്ങളും പാനീയയാഗങ്ങളും അർപ്പിക്കണം.

[28] നിരന്തരം അർപ്പിക്കുന്ന ഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും പാനീയയാഗത്തിനുംപുറമേ പാപശുദ്ധീകരണയാഗമായി ഒരു കോലാട്ടുകൊറ്റനെയും ഉൾപ്പെടുത്തണം.

[29] “ ‘ആറാംദിവസം ഊനമില്ലാത്ത എട്ടു കാളക്കിടാവ്, രണ്ട് ആട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള പതിന്നാല് ആൺകുഞ്ഞാട് എന്നിവ അർപ്പിക്കണം.

[30] കാളകൾ, ആട്ടുകൊറ്റന്മാർ, കുഞ്ഞാടുകൾ എന്നിവയോടൊപ്പം നിർദേശിക്കപ്പെട്ടിട്ടുള്ള എണ്ണത്തിനനുസരിച്ച് അവയുടെ ഭോജനയാഗങ്ങളും പാനീയയാഗങ്ങളും അർപ്പിക്കണം.

[31] നിരന്തരം അർപ്പിക്കുന്ന ഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും പാനീയയാഗത്തിനുംപുറമേ പാപശുദ്ധീകരണയാഗമായി ഒരു കോലാട്ടുകൊറ്റനെയും അർപ്പിക്കണം.

[32] “ ‘ഏഴാംദിവസം ഊനമില്ലാത്ത ഏഴു കാളക്കിടാവ്, രണ്ട് ആട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള പതിന്നാല് ആൺകുഞ്ഞാട് എന്നിവ അർപ്പിക്കണം.

[33] കാളകൾ, ആട്ടുകൊറ്റന്മാർ, കുഞ്ഞാടുകൾ എന്നിവയോടൊപ്പം നിർദേശിക്കപ്പെട്ടിട്ടുള്ള എണ്ണത്തിനനുസരിച്ച് അവയുടെ ഭോജനയാഗങ്ങളും പാനീയയാഗങ്ങളും അർപ്പിക്കണം.

[34] നിരന്തരം അർപ്പിക്കുന്ന ഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും പാനീയയാഗത്തിനുംപുറമേ പാപശുദ്ധീകരണയാഗമായി ഒരു കോലാട്ടുകൊറ്റനെയും അർപ്പിക്കണം.

[35] “ ‘എട്ടാംദിവസം വിശുദ്ധസഭായോഗം കൂടണം; അന്നു സാധാരണ ജോലിയൊന്നും ചെയ്യരുത്.

[36] യഹോവയ്ക്കു ഹൃദ്യസുഗന്ധമായ ദഹനയാഗമായി, ഊനമില്ലാത്ത ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള ഏഴ് ആൺകുഞ്ഞാട് ഇവയുടെ ഒരു ഹോമയാഗം അർപ്പിക്കണം.

[37] കാള, ആട്ടുകൊറ്റൻ, കുഞ്ഞാടുകൾ എന്നിവയോടൊപ്പം നിർദേശിക്കപ്പെട്ടിട്ടുള്ള എണ്ണത്തിനനുസരിച്ച് അവയുടെ ഭോജനയാഗങ്ങളും പാനീയയാഗങ്ങളും അർപ്പിക്കണം.

[38] നിരന്തരം അർപ്പിക്കുന്ന ഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും പാനീയയാഗത്തിനുംപുറമേ പാപശുദ്ധീകരണയാഗമായി ഒരു കോലാട്ടുകൊറ്റനെയും ഉൾപ്പെടുത്തണം.

[39] “ ‘നിങ്ങൾ നേരുന്നതിനും നിങ്ങളുടെ സ്വമേധാദാനങ്ങൾക്കുംപുറമേ നിങ്ങളുടെ നിർദിഷ്ടമായ പെരുന്നാളുകളിൽ യഹോവയ്ക്കായി ഹോമയാഗങ്ങൾ, ഭോജനയാഗങ്ങൾ, പാനീയയാഗങ്ങൾ, സമാധാനയാഗങ്ങൾ എന്നിവ അർപ്പിക്കുകയും വേണം.’ ”

[40] യഹോവ മോശയോടു കൽപ്പിച്ചതെല്ലാം അദ്ദേഹം ഇസ്രായേൽമക്കളോടു പറഞ്ഞു.

സംഖ്യാപുസ്തകം — Chapters