Skip to content
Opens in a new window
Listen to this chapter • 4:56

[1] പരീശന്മാരും യെരൂശലേമിൽ നിന്നു വന്ന ചില ശാസ്ത്രിമാരും യേശുവിന്റെ അടുക്കൽ വന്നുകൂടി.

[2] അവന്റെ ശിഷ്യന്മാരിൽ ചിലർ ശുദ്ധിയില്ലാത്ത എന്നുവച്ചാൽ, കഴുകാത്ത, കൈകൊണ്ട് ഭക്ഷണം കഴിക്കുന്നത് അവർ കണ്ട്.

[3] പരീശന്മാരും യെഹൂദന്മാർ ഒക്കെയും പൂർവ്വന്മാരുടെ സമ്പ്രദായം പ്രമാണിച്ചു കൈ നന്നായി കഴുകിയിട്ടല്ലാതെ ഭക്ഷണം കഴിക്കുകയില്ല.

[4] ചന്തയിൽ നിന്നു വരുമ്പോഴും കുളിച്ചിട്ടല്ലാതെ ഭക്ഷണം കഴിക്കുകയില്ല. പാനപാത്രം, ഭരണി, ചെമ്പു എന്നിവ കഴുകുക, കിടക്കപോലും തുടയ്ക്കുക മുതലായ പലതും പ്രമാണിക്കുന്നത് അവർക്ക് ചട്ടമായിരുന്നു.

[5] പരീശന്മാരും ശാസ്ത്രിമാരും: “നിന്റെ ശിഷ്യന്മാർ പൂർവ്വന്മാരുടെ സമ്പ്രദായം അനുസരിച്ചുനടക്കാതെ ശുദ്ധിയില്ലാത്ത കൈകൊണ്ട് ഭക്ഷണം കഴിക്കുന്നത് എന്ത്?” എന്നു അവനോട് ചോദിച്ചു.

[6] അവൻ അവരോട് ഉത്തരം പറഞ്ഞത്: “കപടഭക്തിക്കാരായ നിങ്ങളെക്കുറിച്ച് യെശയ്യാവു പ്രവചിച്ചതു ശരി: “ഈ ജനം അധരം കൊണ്ട് എന്നെ ബഹുമാനിക്കുന്നു; എങ്കിലും അവരുടെ ഹൃദയം എങ്കൽനിന്ന് ദൂരത്ത് അകന്നിരിക്കുന്നു.

[7] മാനുഷനിയമങ്ങളെ അവരുടെ ഉപദേശങ്ങളായി ഉപദേശിച്ചുകൊണ്ട് എനിക്ക് വ്യർത്ഥമായ ആരാധന കഴിക്കുന്നു” എന്നു എഴുതിയിരിക്കുന്നതുപോലെ തന്നേ.

[8] നിങ്ങൾ ദൈവകല്പന വിട്ടുകളഞ്ഞ് മനുഷ്യരുടെ സമ്പ്രദായം മുറുകെപ്പിടിക്കുന്നു;

[9] പിന്നെ അവരോട് പറഞ്ഞത്: നിങ്ങളുടെ സമ്പ്രദായം പ്രമാണിക്കുവാൻ വേണ്ടി സൗകര്യപ്രകാരം നിങ്ങൾ ദൈവകല്പന തള്ളിക്കളയുന്നു.

[10] നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിയ്ക്ക എന്നും അപ്പനെയോ അമ്മയെയോ ദുഷിക്കുന്നവൻ മരിക്കണം എന്ന് മോശെ പറഞ്ഞുവല്ലോ.

[11] നിങ്ങളോ ഒരു മനുഷ്യൻ തന്റെ അപ്പനോടോ അമ്മയോടോ: നിങ്ങൾക്ക് എന്നിൽനിന്ന് സഹായമായി ലഭിക്കാനുള്ളത് ‘കൊർബ്ബാൻ’ (‘ദൈവത്തിനുള്ള വഴിപാട്’ എന്നർത്ഥം) എന്നു പറഞ്ഞാൽ മതി എന്നു പറയുന്നു;

[12] തന്റെ അപ്പനോ അമ്മയ്ക്കോ മേലാൽ ഒന്നും ചെയ്‌വാൻ അവനെ സമ്മതിക്കുന്നതുമില്ല.

[13] ഇങ്ങനെ നിങ്ങൾ കൈമാറുന്ന സമ്പ്രദായത്താൽ ദൈവകല്പന ദുർബ്ബലമാക്കുന്നു; ഇതുപോലെ പലതും നിങ്ങൾ ചെയ്യുന്നു”.

[14] പിന്നെ അവൻ പുരുഷാരത്തെ അരികെ വിളിച്ചു അവരോട്: “എല്ലാവരും കേട്ട് ഗ്രഹിച്ചുകൊൾവിൻ.

[15] പുറത്തുനിന്ന് മനുഷ്യന്റെ അകത്ത് ചെല്ലുന്ന യാതൊന്നിനും അവനെ അശുദ്ധമാക്കുവാൻ കഴിയുകയില്ല; അവനിൽ നിന്നു പുറപ്പെടുന്നതത്രേ മനുഷ്യനെ അശുദ്ധമാക്കുന്നത്

[16] കേൾക്കുവാൻ ചെവി ഉള്ളവൻ കേൾക്കട്ടെ” എന്നു പറഞ്ഞു.

[17] അവൻ പുരുഷാരത്തെ വിട്ടു വീട്ടിൽ ചെന്നശേഷം അവന്റെ ശിഷ്യന്മാർ ആ ഉപമയെക്കുറിച്ച് അവനോട് ചോദിച്ചു.

[18] അവൻ അവരോട്: “ഇങ്ങനെ നിങ്ങളും ബോധമില്ലാത്തവരോ? പുറത്തുനിന്നു മനുഷ്യന്റെ അകത്ത് ചെല്ലുന്ന യാതൊന്നിനും അവനെ അശുദ്ധമാക്കുവാൻ കഴിയുകയില്ല എന്നു തിരിച്ചറിയുന്നില്ലയോ?

[19] അത് അവന്റെ ഹൃദയത്തിൽ അല്ല വയറ്റിലത്രേ ചെല്ലുന്നത്; പിന്നെ മറപ്പുരയിലേക്കു പോകുന്നു; ഈ പ്രസ്താവനകൊണ്ട് യേശു സകലഭോജ്യങ്ങളും ശുദ്ധമാണെന്ന് വരുത്തി.

[20] മനുഷ്യനിൽനിന്നു പുറപ്പെടുന്നതത്രേ മനുഷ്യനെ അശുദ്ധനാക്കുന്നത്;

[21] അകത്തുനിന്ന്, മനുഷ്യരുടെ ഹൃദയത്തിൽനിന്ന് തന്നേ, ദുശ്ചിന്ത, വ്യഭിചാരം, പരസംഗം,

[22] കുലപാതകം, മോഷണം, അത്യാഗ്രഹം, ദുഷ്ടത, ചതി, ദുഷ്കാമം, വിടക്കുകണ്ണ്, ദൂഷണം, അഹങ്കാരം, മൂഢത എന്നിവ പുറപ്പെടുന്നു.

[23] ഈ ദോഷങ്ങൾ എല്ലാം അകത്തുനിന്ന് പുറപ്പെട്ടു മനുഷ്യനെ അശുദ്ധനാക്കുന്നു” എന്നും അവൻ പറഞ്ഞു.

[24] അവൻ അവിടെനിന്നു പുറപ്പെട്ടു സീദോന്റെയും സോരിന്റെയും അതിർനാട്ടിൽ ചെന്ന് ഒരു വീട്ടിൽ കടന്നു; ആരും അറിയരുത് എന്നു ഇച്ഛിച്ചു എങ്കിലും മറഞ്ഞിരിപ്പാൻ സാധിച്ചില്ല.

[25] ഉടനെ അശുദ്ധാത്മാവ് ബാധിച്ച ചെറിയ മകൾ ഉള്ളൊരു സ്ത്രീ അവന്റെ വസ്തുത കേട്ടിട്ട് വന്നു അവന്റെ കാല്ക്കൽ വീണു.

[26] അവൾ സുറൊഫൊയ്നീക്യ ജാതിയിലുള്ള ഒരു യവനസ്ത്രീ ആയിരുന്നു; തന്റെ മകളിൽ നിന്നു ഭൂതത്തെ പുറത്താക്കുവാൻ അവൾ അവനോട് അപേക്ഷിച്ചു.

[27] യേശു അവളോട്: “മുമ്പെ മക്കൾ ഭക്ഷിച്ചു തൃപ്തി വരട്ടെ; മക്കളുടെ അപ്പം എടുത്തു വളർത്തുനായ്ക്കൾക്ക് ഇട്ടുകൊടുക്കുന്നത് നന്നല്ല” എന്നു പറഞ്ഞു.

[28] അവൾ അവനോട്: “അതേ, കർത്താവേ, നായ്ക്കളും മേശെയ്ക്ക് കീഴെ കുട്ടികളുടെ അപ്പനുറുക്കുകളെ തിന്നുന്നുവല്ലോ” എന്നു ഉത്തരം പറഞ്ഞു.

[29] അവൻ അവളോട്: “ഈ വാക്കുനിമിത്തം പൊയ്ക്കൊൾക: ഭൂതം നിന്റെ മകളെ വിട്ടു പോയിരിക്കുന്നു” എന്നു പറഞ്ഞു.

[30] അവൾ വീട്ടിൽ വന്നപ്പോൾ, മകൾ കിടക്കമേൽ കിടക്കുന്നതും ഭൂതം വിട്ടുപോയതും കണ്ട്.

[31] അവൻ വീണ്ടും സോരിന്റെ അതിർ വിട്ടു സീദോൻ വഴിയായി ദെക്കപ്പൊലിദേശത്തിന്റെ നടുവിൽകൂടി ഗലീലക്കടല്പുറത്ത് വന്നു.

[32] അവിടെ അവർ വിക്കനായൊരു ചെകിടനെ അവന്റെ അടുക്കൽ കൊണ്ടുവന്നു, അവന്റെമേൽ കൈ വെയ്ക്കേണം എന്നു അപേക്ഷിച്ചു.

[33] അവൻ അവനെ പുരുഷാരത്തിൽനിന്ന് വേറിട്ടു കൂട്ടിക്കൊണ്ടുപോയി അവന്റെ ചെവിയിൽ വിരൽ ഇട്ട്, തുപ്പി അവന്റെ നാവിനെ തൊട്ടു,

[34] സ്വർഗ്ഗത്തേക്ക് നോക്കി നെടുവീർപ്പിട്ടു അവനോട്: തുറന്നുവരിക എന്നു അർത്ഥമുള്ള എഫഥാ എന്നു പറഞ്ഞു.

[35] ഉടനെ അവന്റെ ചെവി തുറന്നു; അവൻ കേൾക്കുകയും നാവിന്റെ കെട്ട് അഴിഞ്ഞിട്ട് അവൻ ശരിയായി സംസാരിക്കുകയും ചെയ്തു.

[36] ഇതു ആരോടും പറയരുത് എന്നു അവരോട് കല്പിച്ചു എങ്കിലും അവൻ എത്ര കല്പിച്ചുവോ അത്രയും അവർ പ്രസിദ്ധമാക്കി:

[37] “അവൻ സകലവും നന്നായി ചെയ്തു; ചെകിടരെ കേൾക്കുമാറാക്കുന്നു; ഊമരെ സംസാരിക്കുമാറാക്കുന്നു” എന്നു പറഞ്ഞു അത്യന്തം വിസ്മയിച്ചു.

മർക്കൊസ് — Chapters