[1] പിന്നെ യേശു അവരോട്: “ദൈവരാജ്യം ശക്തിയോടെ വരുന്നത് കാണുവോളം മരണം ആസ്വദിക്കാത്തവർ ചിലർ ഈ നില്ക്കുന്നവരിൽ ഉണ്ട് എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു.
[2] ആറ് ദിവസം കഴിഞ്ഞശേഷം യേശു പത്രൊസിനെയും യാക്കോബിനെയും യോഹന്നാനെയും കൂട്ടി ഒരു ഉയർന്ന മലയിലേക്ക് തനിച്ചു കൊണ്ടുപോയി അവരുടെ മുമ്പാകെ രൂപാന്തരപ്പെട്ടു.
[3] ഭൂമിയിൽ ഒരു അലക്കുകാരനും വെളുപ്പിപ്പാൻ കഴിയാതവണ്ണം അവന്റെ വസ്ത്രം അത്യന്തം വെള്ളയായി തിളങ്ങി.
[4] അപ്പോൾ ഏലിയാവും മോശെയും അവർക്ക് പ്രത്യക്ഷമായി യേശുവിനോടു സംഭാഷിച്ചു കൊണ്ടിരുന്നു.
[5] പത്രൊസ് യേശുവിനോടു: “റബ്ബീ, നാം ഇവിടെ ഇരിക്കുന്നത് നല്ലത്; ഞങ്ങൾ മൂന്നു കുടിൽ ഉണ്ടാക്കട്ടെ; ഒന്ന് നിനക്കും ഒന്ന് മോശെക്കും ഒന്ന് ഏലിയാവിനും” എന്നു പറഞ്ഞു.
[6] താൻ എന്ത് പറയേണ്ടു എന്നു അവൻ അറിഞ്ഞില്ല; ആ ശിഷ്യന്മാരെല്ലാവരും ഭയപരവശരായിരുന്നു.
[7] പിന്നെ ഒരു മേഘം വന്നു അവരുടെ മേൽ നിഴലിട്ടു: “ഇവൻ എന്റെ പ്രിയപുത്രൻ; ഇവന് ചെവികൊടുപ്പിൻ” എന്നു മേഘത്തിൽനിന്നു ഒരു ശബ്ദവും ഉണ്ടായി.
[8] പെട്ടെന്ന് അവർ ചുറ്റും നോക്കിയപ്പോൾ തങ്ങളോടുകൂടെ യേശുവിനെ മാത്രം അല്ലാതെ ആരെയും കണ്ടില്ല.
[9] അവർ മലയിൽനിന്നു ഇറങ്ങുമ്പോൾ: “മനുഷ്യപുത്രൻ മരിച്ചവരിൽ നിന്നു ഉയിർത്തിട്ടല്ലാതെ ഈ കണ്ടത് ആരോടും അറിയിക്കരുത്” എന്നു അവൻ അവരോട് കല്പിച്ചു.
[10] ‘മരിച്ചവരിൽനിന്ന് ഉയിർക്കുക’ എന്നത് എന്ത് എന്നു അവർ തമ്മിൽ ചർച്ചചെയ്തുംകൊണ്ട് ആ വാക്ക് ഉള്ളിൽ സംഗ്രഹിച്ചു.
[11] “ഏലിയാവ് മുമ്പെ വരേണ്ടത് എന്നു ശാസ്ത്രിമാർ പറയുന്നത് എന്ത്?” എന്നു അവർ ചോദിച്ചു.
[12] അതിന് യേശു: “ഏലിയാവ് മുമ്പെ വന്നു സകലവും യഥാസ്ഥാനത്താക്കുന്നു സത്യം; എന്നാൽ മനുഷ്യപുത്രനെക്കുറിച്ച്: അവൻ വളരെ കഷ്ടപ്പെടുകയും ധിക്കരിക്കപ്പെടുകയും ചെയ്യേണ്ടിവരും എന്നു എഴുതിയിരിക്കുന്നത് എങ്ങനെ?
[13] എന്നാൽ ഏലിയാവ് വന്നു; അവനെക്കുറിച്ച് തിരുവെഴുത്തിൽ എഴുതിയിരിക്കുന്നതുപോലെ അവർ തങ്ങൾക്കു തോന്നിയത് എല്ലാം അവനോട് ചെയ്തു എന്നു ഞാൻ നിങ്ങളോടു പറയുന്നു” എന്നു ഉത്തരം പറഞ്ഞു.
[14] അവർ മറ്റു ശിഷ്യന്മാരുടെ അടുക്കെ മടങ്ങിവന്നപ്പോൾ വലിയ പുരുഷാരം അവരെ ചുറ്റി നില്ക്കുന്നതും ശാസ്ത്രിമാർ അവരോട് തർക്കിക്കുന്നതും കണ്ട്.
[15] പുരുഷാരം യേശുവിനെ കണ്ട ഉടനെ ഭ്രമിച്ചു; ഓടിവന്നു അവനെ വന്ദിച്ചു.
[16] അവൻ അവരോട്: “നിങ്ങൾ എന്തിനെക്കുറിച്ചാണ് അവരുമായി തർക്കിക്കുന്നത്?” എന്നു ചോദിച്ചു.
[17] അതിന് പുരുഷാരത്തിൽ ഒരുവൻ: “ഗുരോ, എന്റെ മകനെ ഞാൻ നിന്റെ അടുക്കൽ കൊണ്ടുവന്നു; അവനെ ഊമനായ ഒരു ആത്മാവ് ബാധിച്ചിരിക്കുന്നു.
[18] അത് അവനെ എവിടെവച്ച് പിടിച്ചാലും അവനെ തള്ളിയിടുന്നു; പിന്നെ അവൻ നുരച്ച് പല്ലുകടിച്ചു വരണ്ടുപോകുന്നു. അതിനെ പുറത്താക്കേണ്ടതിന് ഞാൻ നിന്റെ ശിഷ്യന്മാരോട് പറഞ്ഞിട്ട് അവർക്ക് കഴിഞ്ഞില്ല” എന്നു ഉത്തരം പറഞ്ഞു.
[19] അവൻ അവരോട്: “അവിശ്വാസമുള്ള തലമുറയേ, എത്രത്തോളം ഞാൻ നിങ്ങളോടു കൂടെയിരിക്കും? എത്രത്തോളം നിങ്ങളെ സഹിക്കും? അവനെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ” എന്നു ഉത്തരം പറഞ്ഞു.
[20] അവർ അവനെ അവന്റെ അടുക്കൽ കൊണ്ടുവന്നു. യേശുവിനെ കണ്ട ഉടനെ ആത്മാവ് അവനെ ഇഴച്ചു; അവൻ നിലത്തുവീണു, വായിൽനിന്ന് നുരച്ചുവന്നു.
[21] “ഇതു അവന് സംഭവിച്ചിട്ട് എത്ര കാലമായി?” എന്നു അവന്റെ അപ്പനോട് ചോദിച്ചതിന് അവൻ: “ചെറുപ്പംമുതൽ തന്നേ,
[22] അത് അവനെ നശിപ്പിക്കേണ്ടതിന്നു പലപ്പോഴും തീയിലും വെള്ളത്തിലും തള്ളിയിട്ടിട്ടുണ്ട്; നിന്നാൽ വല്ലതും കഴിയും എങ്കിൽ മനസ്സലിഞ്ഞ് ഞങ്ങളെ സഹായിക്കണമേ” എന്നു പറഞ്ഞു.
[23] യേശു അവനോട്: “നിന്നാൽ കഴിയും എങ്കിൽ എന്നോ? വിശ്വസിക്കുന്നവന് സകലവും കഴിയും” എന്നു പറഞ്ഞു.
[24] ബാലന്റെ അപ്പൻ ഉടനെ നിലവിളിച്ചു: “കർത്താവേ, ഞാൻ വിശ്വസിക്കുന്നു; എന്റെ അവിശ്വാസത്തെ പരിഹരിക്കണമേ” എന്നു പറഞ്ഞു.
[25] പുരുഷാരം ഓടിക്കൂടുന്നതു കണ്ടിട്ട് യേശു അശുദ്ധാത്മാവിനെ ശാസിച്ചു: “ഊമനും ചെകിടനുമായ ആത്മാവേ, ഇവനെ വിട്ടുപോ; ഇനി അവനിൽ കടക്കരുത് എന്നു ഞാൻ നിന്നോട് കല്പിക്കുന്നു” എന്നു പറഞ്ഞു.
[26] അപ്പോൾ അത് നിലവിളിച്ച് അവനെ വളരെ ഇഴച്ചു പുറപ്പെട്ടുപോയി. ‘മരിച്ചുപോയി’ എന്നു പലരും പറവാൻ തക്കവണ്ണം അവൻ മരിച്ചപോലെ ആയി.
[27] യേശു അവനെ കൈയ്ക്ക് പിടിച്ച് നിവർത്തി, അവൻ എഴുന്നേറ്റ് നിന്നു.
[28] യേശു വീട്ടിൽ വന്നശേഷം ശിഷ്യന്മാർ സ്വകാര്യമായി അവനോട്: “ഞങ്ങൾക്കു അതിനെ പുറത്താക്കുവാൻ കഴിയാഞ്ഞത് എന്ത്?” എന്നു ചോദിച്ചു.
[29] “പ്രാർത്ഥനയാൽ അല്ലാതെ ഈ ജാതി ഒന്നിനാലും പുറപ്പെട്ടുപോകയില്ല” എന്നു അവൻ പറഞ്ഞു.
[30] അവർ അവിടെനിന്നു പുറപ്പെട്ടു ഗലീലയിൽ കൂടി സഞ്ചരിച്ചു; അവർ എവിടെയാണെന്ന് ആരും അറിയരുതെന്ന് അവൻ ഇച്ഛിച്ചു.
[31] കാരണം അവൻ തന്റെ ശിഷ്യന്മാരെ പഠിപ്പിക്കുകയായിരുന്നു. അവൻ അവരോട്: “മനുഷ്യപുത്രൻ മനുഷ്യരുടെ കയ്യിൽ ഏല്പിക്കപ്പെടും; അവർ അവനെ കൊല്ലും; കൊന്നിട്ട് മൂന്നുനാൾ കഴിഞ്ഞശേഷം അവൻ ഉയിർത്തെഴുന്നേല്ക്കും” എന്നു പറഞ്ഞു.
[32] ആ വാക്കുകൾ അവർ ഗ്രഹിച്ചില്ല; അവനോട് ചോദിപ്പാനോ ഭയപ്പെട്ടു.
[33] അവൻ കഫർന്നഹൂമിൽ വന്നു വീട്ടിൽ ഇരിക്കുമ്പോൾ: “നിങ്ങൾ വഴിയിൽവെച്ചു തമ്മിൽ വാദിച്ചതെന്ത്?” എന്നു ശിഷ്യന്മാരോട് ചോദിച്ചു.
[34] അവരോ തങ്ങളുടെ ഇടയിൽ വലിയവൻ ആർ എന്നു വഴിയിൽവെച്ചു വാദിച്ചിരുന്നതുകൊണ്ടു മിണ്ടാതിരുന്നു.
[35] അവൻ ഇരുന്നിട്ട് പന്തിരുവരെയും ഒരുമിച്ചുവിളിച്ചു: “ഒരുവൻ മുമ്പൻ ആകുവാൻ ഇച്ഛിച്ചാൽ അവൻ എല്ലാവരിലും ഒടുവിലത്തവനും എല്ലാവർക്കും ശുശ്രൂഷകനും ആകണം” എന്നു പറഞ്ഞു.
[36] അവൻ ഒരു ശിശുവിനെ എടുത്തു അവരുടെ നടുവിൽ നിർത്തി. ആ ശിശുവിനെ തന്റെ കരങ്ങളിൽ എടുത്തുംകൊണ്ട് അവരോട്:
[37] “ഇങ്ങനെയുള്ള ശിശുക്കളിൽ ഒന്നിനെ എന്റെ നാമത്തിൽ സ്വീകരിക്കുന്നവൻ എന്നെ സ്വീകരിക്കുന്നു; എന്നെ സ്വീകരിക്കുന്നവനോ എന്നെയല്ല എന്നെ അയച്ചവനെ സ്വീകരിക്കുന്നു” എന്നു പറഞ്ഞു.
[38] യോഹന്നാൻ അവനോട്: “ഗുരോ, ഒരുവൻ നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുന്നത് ഞങ്ങൾ കണ്ട്; അവൻ നമ്മെ അനുഗമിക്കായ്കയാൽ ഞങ്ങൾ അവനെ വിരോധിച്ചു” എന്നു പറഞ്ഞു.
[39] അതിന് യേശു പറഞ്ഞത്: “അവനെ വിരോധിക്കരുത്; എന്റെ നാമത്തിൽ ഒരു വീര്യപ്രവൃത്തി ചെയ്തിട്ട് വേഗത്തിൽ എന്നെ ദുഷിച്ചുപറവാൻ കഴിയുന്നവൻ ആരും ഇല്ല.
[40] നമുക്കു പ്രതികൂലമല്ലാത്തവൻ നമുക്കുള്ളവനല്ലോ.
[41] നിങ്ങൾ ക്രിസ്തുവിനുള്ളവരാകകൊണ്ട് ആരെങ്കിലും ഒരു പാനപാത്രം വെള്ളം നിങ്ങൾക്ക് കുടിക്കുവാൻ തന്നാൽ അവന് പ്രതിഫലം കിട്ടാതിരിക്കുകയില്ല എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു.
[42] എങ്കൽ വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരുവന് ഇടർച്ചവരുത്തുന്നവന്റെ കഴുത്തിൽ വലിയൊരു തിരികല്ല് കെട്ടി അവനെ കടലിൽ ഇട്ടുകളയുന്നത് അവന് ഏറെ നല്ലത്.
[43] നിന്റെ കൈ നിനക്ക് ഇടർച്ച വരുത്തിയാൽ അതിനെ വെട്ടിക്കളക:
[44] അംഗവൈകല്യമുള്ളവനായി ജീവനിൽ കടക്കുന്നത് രണ്ടു കയ്യുമുള്ളവൻ ആയി കെടാത്ത തീയായ നരകത്തിൽ പോകുന്നതിനേക്കാൾ നിനക്ക് നല്ലത്.
[45] നിന്റെ കാൽ നിനക്ക് ഇടർച്ച വരുത്തിയാൽ അതിനെ വെട്ടിക്കളക:
[46] മുടന്തനായി ജീവനിൽ കടക്കുന്നത് രണ്ടു കാലുമുള്ളവൻ ആയി നരകത്തിൽ എറിയപ്പെടുന്നതിനേക്കാൾ നിനക്ക് നല്ലത്.
[47] നിന്റെ കണ്ണ് നിനക്ക് ഇടർച്ച വരുത്തിയാൽ അതിനെ ചൂഴ്ന്നുകളയുക;
[48] രണ്ടു കണ്ണുള്ളവനായി ചാകാത്ത പുഴുവും കെടാത്ത തീയുമുള്ള അഗ്നിനരകത്തിൽ എറിയപ്പെടുന്നതിനേക്കാൾ ഒറ്റക്കണ്ണനായി ദൈവരാജ്യത്തിൽ കടക്കുന്നത് നിനക്ക് നല്ലത്.
[49] എല്ലാവരേയും തീകൊണ്ട് ഉപ്പിടും.
[50] ഉപ്പ് നല്ലത് തന്നെ; ഉപ്പ് കാരമില്ലാതെ പോയാലോ എന്തൊന്നിനാൽ അതിന് വീണ്ടും രസം വരുത്തും? നിങ്ങളിൽതന്നെ ഉപ്പുള്ളവരും അന്യോന്യം സമാധാനമുള്ളവരും ആയിരിപ്പിൻ”.