[1] അവൻ പിന്നെയും കടല്ക്കരെവച്ച് ഉപദേശിക്കുവാൻ തുടങ്ങി. അപ്പോൾ ഏറ്റവും വലിയ പുരുഷാരം അവന്റെ അടുക്കൽ വന്നു കൂടുകകൊണ്ട് അവൻ ഒരു പടകിൽ കയറി; പടക് കടലിലേക്ക് നീക്കി അതിൽ ഇരുന്നു; പുരുഷാരം ഒക്കെയും കടലരികെ കരയിൽ ആയിരുന്നു.
[2] അവൻ ഉപമകളാൽ അവരെ പലതും ഉപദേശിച്ചു, ഉപദേശിക്കുമ്പോൾ അവരോട് പറഞ്ഞത്:
[3] “കേൾക്കുവിൻ; വിതയ്ക്കുന്നവൻ വിതയ്ക്കുവാൻ പുറപ്പെട്ടു.
[4] വിതയ്ക്കുമ്പോൾ ചില വിത്തുകൾ വഴിയിൽ വീണു; പറവകൾ വന്നു അത് തിന്നുകളഞ്ഞു.
[5] മറ്റു ചില വിത്തുകൾ പാറസ്ഥലത്ത് ഏറെ മണ്ണില്ലാത്തേടത്തു വീണു; മണ്ണിന് താഴ്ച ഇല്ലായ്കയാൽ ക്ഷണത്തിൽ മുളച്ചുപൊങ്ങി.
[6] സൂര്യൻ ഉദിച്ചപ്പോൾ ചൂട് തട്ടി, വേരില്ലായ്കകൊണ്ട് ഉണങ്ങിപ്പോയി.
[7] മറ്റു ചില വിത്തുകൾ മുൾച്ചെടികൾക്കിടയിൽ വീണു; മുൾച്ചെടി വളർന്ന് അതിനെ ഞെരുക്കിക്കളഞ്ഞു; അത് വിളഞ്ഞതുമില്ല.
[8] മറ്റു ചില വിത്തുകൾ നല്ല മണ്ണിൽ വീണു മുളച്ചു വളർന്ന് ഫലം കൊടുത്തു; ആ വിത്തുകളിൽ ചിലത് മുപ്പതും ചിലത് അറുപതും ചിലത് നൂറും മേനിയും വിളഞ്ഞു.
[9] കേൾക്കുവാൻ ചെവി ഉള്ളവൻ കേൾക്കട്ടെ” എന്നും അവൻ പറഞ്ഞു.
[10] അനന്തരം യേശു തനിച്ചിരിക്കുമ്പോൾ അവനോടുകൂടെയുള്ളവർ പന്തിരുവരുമായി ആ ഉപമകളെക്കുറിച്ച് ചോദിച്ചു.
[11] അവരോട് അവൻ പറഞ്ഞത്: “ദൈവരാജ്യത്തിന്റെ മർമ്മം നിങ്ങൾക്ക് നല്കപ്പെട്ടിരിക്കുന്നു; പുറത്തുള്ളവർക്കോ സകലവും ഉപമകളാൽ ലഭിക്കുന്നു.
[12] അവർ മനം തിരിയാതെയും അവരോട് ക്ഷമിക്കാതെയും ഇരിക്കത്തക്കവണ്ണം അവർ കണ്ടിട്ടും അറിയാതിരിക്കുവാനും കേട്ടിട്ടും ഗ്രഹിക്കാതിരിപ്പാനും ഇടവരും”.
[13] പിന്നെ അവൻ അവരോട് പറഞ്ഞത്: “ഈ ഉപമ ഗ്രഹിക്കുന്നില്ലയോ? പിന്നെ മറ്റെ ഉപമകൾ ഒക്കെയും എങ്ങനെ ഗ്രഹിക്കും?
[14] വിതയ്ക്കുന്നവൻ വചനം വിതയ്ക്കുന്നു.
[15] വചനം വിതച്ചിട്ട് വഴിയരികെ വീണത്, കേട്ട ഉടനെ സാത്താൻ വന്നു ഹൃദയങ്ങളിൽ വിതയ്ക്കപ്പെട്ട വചനം എടുത്തുകളയുന്നതാകുന്നു.
[16] പാറസ്ഥലത്ത് വിതച്ചത്; വചനം കേട്ട ഉടനെ സന്തോഷത്തോടെ കൈക്കൊള്ളുന്നവർ;
[17] എങ്കിലും അവർ ഉള്ളിൽ വേരില്ലാത്തതിനാൽ അല്പസമയത്തേക്ക് മാത്രം നിലനിൽക്കുന്നു. പിന്നീട് വചനംനിമിത്തം ഉപദ്രവമോ പീഢയോ ഉണ്ടായാൽ ക്ഷണത്തിൽ ഇടറിപ്പോകുന്നവരാകുന്നു.
[18] മുള്ളിനിടയിൽ വിതയ്ക്കപ്പെട്ടതോ; വചനം കേട്ടിട്ട്
[19] ഇഹലോകത്തിന്റെ ചിന്തകളും ധനത്തിന്റെ വഞ്ചനയും മറ്റു വസ്തുക്കൾക്കായുള്ള മോഹങ്ങളും അകത്ത് കടന്ന്, വചനത്തെ ഞെരുക്കി നിഷ്ഫലമാക്കി തീർക്കുന്നതാകുന്നു.
[20] നല്ല മണ്ണിൽ വിതയ്ക്കപ്പെട്ടതോ വചനം കേൾക്കുകയും അംഗീകരിക്കുകയും ചെയ്യുന്നവർ തന്നേ; അവർ മുപ്പതും അറുപതും നൂറും മേനി വിളഞ്ഞു”.
[21] പിന്നെ അവൻ അവരോട് പറഞ്ഞത്: “നിങ്ങൾ വീട്ടിലേക്ക് വിളക്കു കൊണ്ടുവരുന്നത് പറയിൻ കീഴിലോ കട്ടില്ക്കീഴിലോ വെയ്ക്കുവാനാണോ? നിങ്ങൾ അത് കൊണ്ടുവന്ന് വിളക്കുതണ്ടിന്മേലല്ലേ വെയ്ക്കുന്നത്?
[22] വെളിപ്പെടുവാനുള്ളതല്ലാതെ ഗൂഢമായത് ഒന്നും ഇല്ല; വെളിച്ചത്തു വരുവാനുള്ളതല്ലാതെ മറവായതു ഒന്നും ഇല്ല.
[23] കേൾക്കുവാൻ ചെവി ഉള്ളവൻ കേൾക്കട്ടെ.
[24] നിങ്ങൾ കേൾക്കുന്നതെന്ത് എന്നു സൂക്ഷിച്ച് കൊൾവിൻ; നിങ്ങൾ അളക്കുന്ന അളവുകൊണ്ട് നിങ്ങൾക്കും അളന്നുകിട്ടും; അധികമായും കിട്ടും.
[25] എന്തുകൊണ്ടെന്നാൽ ഉള്ളവന് കൊടുക്കും; ഇല്ലാത്തവനോടോ ഉള്ളതുംകൂടെ എടുത്തുകളയും” എന്നും അവൻ അവരോട് പറഞ്ഞു.
[26] പിന്നെ അവൻ പറഞ്ഞത്: ദൈവരാജ്യം ഒരു മനുഷ്യൻ മണ്ണിൽ വിത്ത് എറിഞ്ഞശേഷം
[27] രാവും പകലും ഉറങ്ങിയും എഴുന്നേറ്റും ഇരിക്കെ, എങ്ങനെയെന്ന് അവൻ അറിയുന്നില്ലെങ്കിലും വിത്ത് മുളച്ചു വളരുന്നതുപോലെ ആകുന്നു.
[28] ഭൂമി സ്വയമായി മുമ്പെ ഞാറും പിന്നെ കതിരും പിന്നെ കതിരിൽ നിറഞ്ഞ മണിയും ഇങ്ങനെ വിളയുന്നു.
[29] ധാന്യം വിളയുമ്പോൾ കൊയ്ത്തുകാലമായതുകൊണ്ട് അവൻ ഉടനെ അരിവാൾ വെയ്ക്കുന്നു.
[30] പിന്നെ അവൻ പറഞ്ഞത്: “ദൈവരാജ്യത്തെ എന്തിനോട് ഉപമിക്കും? ഏത് ഉപമയാൽ അതിനെ വിശദീകരിക്കും?
[31] അത് ഒരു കടുകുമണിയോട് സദൃശം; അതിനെ വിതയ്ക്കുമ്പോൾ മണ്ണിലെ എല്ലാവിത്തിലും ചെറിയത്.
[32] എങ്കിലും വിതച്ചശേഷം വളർന്ന്, സകല സസ്യങ്ങളിലും വലുതായിത്തീർന്നു, ആകാശത്തിലെ പക്ഷികൾ അതിന്റെ തണലിൽ കൂടുകൂട്ടുവാൻ തക്കവണ്ണം വലുതായ കൊമ്പുകളെ പുറപ്പെടുവിക്കുന്നു”.
[33] അവൻ ഇങ്ങനെ പല ഉപമകളാൽ അവർക്ക് ഗ്രഹിപ്പാൻ കഴിയുംപോലെ അവരോട് വചനം പറഞ്ഞുപോന്നു.
[34] ഉപമ കൂടാതെ അവരോട് ഒന്നും പറഞ്ഞതുമില്ല; തനിച്ചിരിക്കുമ്പോൾ അവൻ തന്റെ ശിഷ്യന്മാരോട് സകലവും വ്യാഖ്യാനിക്കും.
[35] അന്ന് സന്ധ്യയായപ്പോൾ: നാം അക്കരയ്ക്ക് പോക എന്നു അവൻ അവരോട് പറഞ്ഞു.
[36] അവർ പുരുഷാരത്തെ വിട്ടു, യേശു പടകിൽ തന്നേയായിരുന്നു, ശിഷ്യന്മാർ അവനെ കൂടെ കൊണ്ടുപോയി; മറ്റു ചെറുപടകുകളും കൂടെ ഉണ്ടായിരുന്നു;
[37] അപ്പോൾ വലിയ ചുഴലിക്കാറ്റ് ഉണ്ടായി: പടകിൽ തിര തള്ളിക്കയറുകകൊണ്ട് അത് മുങ്ങാറായി.
[38] അവൻ അമരത്ത് തലയണ വെച്ച് ഉറങ്ങുകയായിരുന്നു; അവർ അവനെ ഉണർത്തി: “ഗുരോ, ഞങ്ങൾ നശിച്ചുപോകുന്നതിൽ നിനക്ക് വിചാരം ഇല്ലയോ?” എന്നു പറഞ്ഞു.
[39] അവൻ എഴുന്നേറ്റ് കാറ്റിനെ ശാസിച്ചു, കടലിനോട്: “ശാന്തമാക, അടങ്ങുക” എന്നു പറഞ്ഞു; കാറ്റ് നിന്നു, വലിയ ശാന്തത ഉണ്ടായി.
[40] പിന്നെ അവൻ അവരോട്: “നിങ്ങൾ ഇങ്ങനെ ഭയപ്പെടുന്നതെന്ത്? നിങ്ങൾക്ക് ഇപ്പോഴും വിശ്വാസമില്ലയോ?” എന്നു പറഞ്ഞു.
[41] അവർ വളരെ ഭയപ്പെട്ടു: “കാറ്റും കടലും കൂടെ ഇവനെ അനുസരിക്കുന്നുവല്ലോ; ഇവൻ ആർ?” എന്നു തമ്മിൽ പറഞ്ഞു.