Skip to content
Opens in a new window
Listen to this chapter • 7:31

[1] അവൻ അവിടെനിന്നു പുറപ്പെട്ടു, തന്റെ സ്വദേശത്തിൽ വന്നു; അവന്റെ ശിഷ്യന്മാർ അവനെ അനുഗമിച്ചു.

[2] ശബ്ബത്തായപ്പോൾ അവൻ പള്ളിയിൽ വച്ച് ഉപദേശിച്ചു തുടങ്ങി; പലരും കേട്ട് വിസ്മയിച്ചു: “ഇവന് ഈ ഉപദേശങ്ങൾ എവിടെനിന്ന്? ഇവന് കിട്ടിയ ജ്ഞാനവും ഇവന്റെ കയ്യാൽ നടക്കുന്ന വീര്യപ്രവൃത്തികളും എന്ത്?

[3] ഇവൻ മറിയയുടെ മകനും യാക്കോബ്, യോസെ, യൂദാ, ശിമോൻ എന്നവരുടെ സഹോദരനുമായ തച്ചനല്ലയോ? ഇവന്റെ സഹോദരികളും ഇവിടെ നമ്മോടുകൂടെ ഇല്ലയോ?” എന്നു പറഞ്ഞു അവങ്കൽ ഇടറിപ്പോയി.

[4] യേശു അവരോട്: ഒരു പ്രവാചകൻ തന്റെ ജന്മദേശത്തും ബന്ധുക്കളുടെ ഇടയിലും സ്വന്തഭവനത്തിലും അല്ലാതെ ബഹുമാനമില്ലാത്തവൻ അല്ല എന്നു പറഞ്ഞു.

[5] ഏതാനും ചില രോഗികളുടെമേൽ കൈ വെച്ച് സൌഖ്യം വരുത്തിയത് അല്ലാതെ അവിടെ വീര്യപ്രവൃത്തി ഒന്നും ചെയ്‌വാൻ അവന് കഴിഞ്ഞില്ല.

[6] അവരുടെ അവിശ്വാസം ഹേതുവായി അവൻ ആശ്ചര്യപ്പെട്ടു. അവൻ ചുറ്റുമുള്ള ഊരുകളിൽ ഉപദേശിച്ചുകൊണ്ട് സഞ്ചരിച്ചുപോന്നു.

[7] അനന്തരം അവൻ പന്തിരുവരെ അടുക്കെ വിളിച്ചു, അവരെ ഈരണ്ടായി അയച്ചു തുടങ്ങി, അവർക്ക് അശുദ്ധാത്മാക്കളുടെ മേൽ അധികാരം കൊടുത്തു.

[8] അവർ വഴിക്ക് വടി അല്ലാതെ ഒന്നും എടുക്കരുത്; അപ്പവും യാത്രാസഞ്ചിയും അരപ്പട്ടയിൽ കാശും അരുത്; ചെരിപ്പു ഇട്ടുകൊള്ളാം;

[9] രണ്ടു വസ്ത്രം ധരിക്കരുത്എന്നിങ്ങനെ അവരോട് കല്പിച്ചു.

[10] “നിങ്ങൾ എവിടെയെങ്കിലും ഒരു വീട്ടിൽ ചെന്നാൽ അവിടം വിട്ടു പുറപ്പെടുവോളം അതിൽ തന്നേ താമസിക്കുവിൻ.

[11] ആരെങ്കിലും നിങ്ങളെ കൈക്കൊള്ളാതെയും നിങ്ങളുടെ വാക്ക് കേൾക്കാതെയും ഇരുന്നാൽ അവിടം വിട്ടു പോകുമ്പോൾ നിങ്ങളുടെ കാലിലെ പൊടി അവർക്കെതിരെയുള്ള സാക്ഷ്യത്തിനായി കുടഞ്ഞുകളയുവിൻ” എന്നും അവരോട് പറഞ്ഞു.

[12] അങ്ങനെ അവർ പുറപ്പെട്ടു മാനസാന്തരപ്പെടണം എന്നു പ്രസംഗിച്ചു;

[13] വളരെ ഭൂതങ്ങളെ പുറത്താക്കുകയും അനേകം രോഗികൾക്കു എണ്ണ തേച്ച് സൌഖ്യം വരുത്തുകയും ചെയ്തു.

[14] ഇങ്ങനെ യേശുവിന്റെ പേര് വളരെ പ്രസിദ്ധമായി, അത് ഹെരോദാരാജാവ് കേട്ട്. യോഹന്നാൻ സ്നാപകൻ മരിച്ചവരുടെ ഇടയിൽ നിന്നു ഉയിർത്തെഴുന്നേറ്റിരിക്കുന്നു; അതുകൊണ്ട് ഈ ശക്തികൾ അവനിൽ വ്യാപരിക്കുന്നു എന്നു ചിലർ പറഞ്ഞു.

[15] അവൻ ഏലിയാവാകുന്നു എന്നു മറ്റുചിലർ പറഞ്ഞു. വേറെ ചിലർ: അവൻ ആദ്യകാല പ്രവാചകന്മാരിൽ ഒരുവനെപ്പോലെ ഒരു പ്രവാചകൻ എന്നു പറഞ്ഞു.

[16] അത് ഹെരോദാവ് കേട്ടപ്പോൾ “ഞാൻ ശിരച്ഛേദം ചെയ്ത യോഹന്നാൻ ആകുന്നു അവൻ; അവൻ ഉയിർത്തെഴുന്നേറ്റിരിക്കുന്നു” എന്നു പറഞ്ഞു.

[17] ഹെരോദാ തന്റെ സഹോദരനായ ഫിലിപ്പൊസിന്‍റെ ഭാര്യ ഹെരോദ്യയെ വിവാഹം ചെയ്തതുകൊണ്ടു അവൾ നിമിത്തം ആളയച്ച്, യോഹന്നാനെ പിടിച്ച് തടവിൽ ആക്കിയിരുന്നു.

[18] “സഹോദരന്റെ ഭാര്യയെ സ്വന്തമാക്കുന്നത് നിനക്ക് വിഹിതമല്ല” എന്നു യോഹന്നാൻ ഹെരോദാവോട് പറഞ്ഞിരുന്നു.

[19] ഹെരോദ്യയോ അവന്റെനേരെ പകവച്ച് അവനെ കൊല്ലുവാനും ഇച്ഛിച്ചു; സാധിച്ചില്ല താനും.

[20] യോഹന്നാൻ നീതിയും വിശുദ്ധിയുമുള്ള പുരുഷൻ എന്നു ഹെരോദാവ് അറിഞ്ഞ് അവനെ ഭയപ്പെടുകയും അവനെ സംരക്ഷിക്കുകയും ചെയ്തു; അവന്റെ വചനം കേട്ടിട്ട് വളരെ കലങ്ങിയെങ്കിലും സന്തോഷത്തോടെ കേട്ടുപോന്നു.

[21] എന്നാൽ ഹെരോദാവ് തന്റെ ജനനോത്സവത്തിൽ തന്റെ മഹത്തുക്കൾക്കും സഹസ്രാധിപന്മാർക്കും ഗലീലയിലെ പ്രമാണികൾക്കും വിരുന്നു കഴിച്ചപ്പോൾ ഹെരോദ്യയ്ക്ക് ഒരു അവസരം ലഭിച്ചു.

[22] ഹെരോദ്യയുടെ മകൾ അകത്ത് ചെന്ന് നൃത്തംചെയ്തു ഹെരോദാവിനെയും വിരുന്നുകാരെയും പ്രസാദിപ്പിച്ച സമയം: “മനസ്സുള്ളത് എന്തെങ്കിലും എന്നോട് ചോദിച്ചു കൊൾക; നിനക്ക് തരാം” എന്നു രാജാവ് ബാലയോടു പറഞ്ഞു.

[23] എന്ത് ചോദിച്ചാലും, രാജ്യത്തിൽ പകുതിയോളം ആയാലും നിനക്ക് തരാം എന്നു സത്യംചെയ്തു.

[24] അവൾ പുറത്തിറങ്ങി അമ്മയോട്: “ഞാൻ എന്ത് ചോദിക്കേണം” എന്നു ചോദിച്ചതിന്: “യോഹന്നാൻ സ്നാപകന്റെ തല” എന്നു അവൾ പറഞ്ഞു.

[25] ഉടനെ അവൾ ബദ്ധപ്പെട്ടു രാജാവിന്റെ അടുക്കൽ ചെന്ന്: “ഇപ്പോൾ തന്നേ യോഹന്നാൻ സ്നാപകന്റെ തല ഒരു തളികയിൽ തരേണം” എന്നു പറഞ്ഞു.

[26] രാജാവ് അതിദുഃഖിതനായി എങ്കിലും തന്റെ ശപഥത്തെയും തന്റെ വിരുന്നുകാരെയും വിചാരിച്ചു അവന് അവളോട് നിഷേധിപ്പാൻ കഴിഞ്ഞില്ല.

[27] ഉടനെ രാജാവ് ഒരു അകമ്പടിയെ അയച്ച്, അവന്റെ തല കൊണ്ടുവരുവാൻ കല്പിച്ചു.

[28] അവൻ പോയി തടവിൽ അവനെ ശിരച്ഛേദം ചെയ്തു; അവന്റെ തല ഒരു തളികയിൽ കൊണ്ടുവന്നു ബാലയ്ക്കു് കൊടുത്തു; ബാല അമ്മയ്ക്ക് കൊടുത്തു.

[29] അവന്റെ ശിഷ്യന്മാർ അത് കേട്ടിട്ട് വന്നു അവന്റെ മൃതശരീരം എടുത്തു ഒരു കല്ലറയിൽ വെച്ച്.

[30] അപ്പൊസ്തലന്മാർ യേശുവിന്റെ അടുക്കൽ ഒരുമിച്ചുകൂടി തങ്ങൾ ചെയ്തതും ഉപദേശിച്ചതും എല്ലാം അറിയിച്ചു.

[31] വരുന്നവരും പോകുന്നവരും വളരെ ആയിരുന്നതിനാൽ അവർക്ക് വിശ്രമിപ്പാൻ സമയം ലഭിച്ചിരുന്നില്ല, ഭക്ഷിക്കുവാൻ പോലും സമയം ഇല്ലാത്തതുകൊണ്ട് അവൻ അവരോട്: “നിങ്ങൾ ഒരു ഏകാന്ത സ്ഥലത്ത് വേറിട്ടുവന്ന് അല്പം ആശ്വസിച്ചുകൊൾവിൻ എന്നു പറഞ്ഞു.

[32] അങ്ങനെ അവർ പടകിൽ കയറി ഒരു ഏകാന്ത സ്ഥലത്ത് വേറിട്ടുപോയി.

[33] അവർ പോകുന്നത് പലരും കണ്ട്, അറിഞ്ഞ്, എല്ലാ പട്ടണങ്ങളിൽനിന്നും കാൽനടയായി അവിടേക്ക് ഓടി, അവർക്ക് മുമ്പെ അവിടെ എത്തി.

[34] അവൻ പടകിൽ നിന്നു കരയ്ക്കിറങ്ങിയപ്പോൾ വലിയ പുരുഷാരത്തെ കണ്ട്, അവർ ഇടയൻ ഇല്ലാത്ത ആടുകളെപ്പോലെ ആകകൊണ്ട് അവരിൽ മനസ്സലിഞ്ഞ് പലതും ഉപദേശിച്ചു തുടങ്ങി.

[35] പിന്നെ നേരം നന്നേ വൈകിയപ്പോൾ, ശിഷ്യന്മാർ അവന്റെ അടുക്കൽ വന്നു; “ഇതു നിർജ്ജനപ്രദേശം അല്ലോ;

[36] നേരവും നന്നേ വൈകി; അവർ ചുറ്റുമുള്ള നാട്ടിൻപുറങ്ങളിലും ഗ്രാമങ്ങളിലും ചെന്ന് ഭക്ഷിക്കുവാൻ വല്ലതും വാങ്ങേണ്ടതിന് അവരെ പറഞ്ഞയക്കണം” എന്നു പറഞ്ഞു.

[37] എന്നാൽ അവൻ അവരോട്: “നിങ്ങൾ അവർക്ക് ഭക്ഷിക്കുവാൻ കൊടുക്കുവിൻ എന്നു പറഞ്ഞതിന്: ഞങ്ങൾ പോയി ഇരുനൂറ് വെള്ളിക്കാശിന് അപ്പം കൊണ്ടവന് അവർക്ക് തിന്മാൻ കൊടുക്കുകയോ?” എന്നു അവനോട് പറഞ്ഞു.

[38] അവൻ അവരോട്: “നിങ്ങളുടെ പക്കൽ എത്ര അപ്പം ഉണ്ട്? ചെന്ന് നോക്കുവിൻ” എന്നു പറഞ്ഞു; അവർ നോക്കിയിട്ട്: “അഞ്ച് അപ്പവും രണ്ടുമീനും ഉണ്ട്” എന്നു പറഞ്ഞു.

[39] പിന്നെ അവൻ എല്ലാവരോടും പച്ചപ്പുല്ലിന്മേൽ പന്തിപന്തിയായി ഇരിക്കുവാൻ കല്പിച്ചു.

[40] അവർ നൂറും അമ്പതും വീതം പന്തിപന്തിയായി ഇരുന്നു.

[41] അവൻ ആ അഞ്ച് അപ്പവും രണ്ടുമീനും എടുത്തു സ്വർഗ്ഗത്തേക്ക് നോക്കി വാഴ്ത്തി, അപ്പം നുറുക്കി, അവർക്ക് വിളമ്പുവാൻ തന്റെ ശിഷ്യന്മാർക്ക് കൊടുത്തു; ആ രണ്ടുമീനും എല്ലാവർക്കും വിഭാഗിച്ചു കൊടുത്തു.

[42] അവർ എല്ലാവരും തൃപ്തരാകുന്നതുവരെ കഴിച്ചു.

[43] അവർ അപ്പക്കഷണങ്ങളും മീൻനുറുക്കും പന്ത്രണ്ട് കൊട്ട നിറച്ചെടുത്തു.

[44] അപ്പം തിന്നവരോ അയ്യായിരം പുരുഷന്മാർ ആയിരുന്നു.

[45] താൻ പുരുഷാരത്തെ പറഞ്ഞയക്കുന്നതിനിടയിൽ തന്റെ ശിഷ്യന്മാരെ ഉടനെ പടക് കയറി തനിക്കുമുമ്പേ അക്കരെ ബേത്ത്സയിദെക്കു നേരെ പോകുവാൻ നിര്‍ബ്ബന്ധിച്ചു.

[46] അവരെ പറഞ്ഞയച്ചശേഷം താൻ പ്രാർത്ഥിക്കുവാൻ മലയിലേക്ക് പോയി.

[47] വൈകുന്നേരം ആയപ്പോൾ പടക് കടലിന്റെ നടുവിലും താൻ ഏകനായി കരയിലും ആയിരുന്നു.

[48] കാറ്റ് പ്രതികൂലം ആകകൊണ്ട് അവർ തണ്ടുവലിച്ച് വലയുന്നതു അവൻ കണ്ട് ഏകദേശം രാത്രി നാലാം യാമത്തിൽ കടലിന്മേൽ നടന്ന് അവരുടെ അടുക്കൽ ചെന്ന് അവരെ കടന്നുപോകുവാൻ ഭാവിച്ചു.

[49] അവൻ കടലിന്മേൽ നടക്കുന്നത് കണ്ടിട്ട് ഭൂതം എന്നു അവർ നിരൂപിച്ചു നിലവിളിച്ചു.

[50] എല്ലാവരും അവനെ കണ്ട് ഭ്രമിച്ചിരുന്നു. ഉടനെ അവൻ അവരോട് സംസാരിച്ചു: ധൈര്യപ്പെടുവിൻ; ഞാൻ തന്നേ ആകുന്നു; ഭയപ്പെടേണ്ടാ” എന്നു പറഞ്ഞു.

[51] പിന്നെ അവൻ അവരുടെ അടുക്കൽ ചെന്ന് പടകിൽ കയറി, കാറ്റ് നിന്നു; അവർ ഉള്ളിൽ അത്യന്തം ആശ്ചര്യപ്പെട്ടു.

[52] അവരുടെ ഹൃദയം മന്ദീഭവിച്ചിരുന്നതുകൊണ്ട് അപ്പത്തെക്കുറിച്ച് അവർ ഗ്രഹിച്ചില്ല.

[53] അവർ അക്കരെ ഗെന്നേസരത്ത് എത്തി പടക് കരയ്ക്കടുപ്പിച്ചു.

[54] അവർ പടകിൽനിന്ന് ഇറങ്ങിയ ഉടനെ ജനങ്ങൾ യേശുവിനെ തിരിച്ചറിഞ്ഞു.

[55] ആ ജനങ്ങൾ നാട്ടിൽ ഒക്കെയും ഓടിനടന്ന്, അവൻ വരുന്നു എന്നു കേൾക്കുന്ന ഇടത്തേക്ക് ദീനക്കാരെ കിടക്കയിൽ എടുത്തുംകൊണ്ട് അവന്റെ അടുക്കൽ വന്നു തുടങ്ങി.

[56] ഊരുകളിലോ പട്ടണങ്ങളിലോ കുടികളിലോ അവൻ ചെന്നിടത്തൊക്കെയും അവർ ചന്തകളിൽ രോഗികളെ കൊണ്ടുവന്നു വെച്ച്, അവന്റെ വസ്ത്രത്തിന്റെ തൊങ്ങൽ എങ്കിലും തൊടേണ്ടതിന് അപേക്ഷിക്കുകയും അവനെ തൊട്ടവർക്ക് ഒക്കെയും സൌഖ്യം വരികയും ചെയ്തു.

മർക്കൊസ് — Chapters