Skip to content
Opens in a new window
Listen to this chapter • 5:49

[1] അതികാലത്ത് മുഖ്യപുരോഹിതന്മാരും മൂപ്പന്മാരും ശാസ്ത്രിമാരുമായി ന്യായാധിപസംഘം ഒക്കെയും കൂടി ആലോചിച്ചു. പിന്നെ അവർ യേശുവിനെ ബന്ധിച്ചു കൊണ്ടുപോയി പീലാത്തൊസിനെ ഏല്പിച്ചു.

[2] പീലാത്തോസ് അവനോട്: “നീ യെഹൂദന്മാരുടെ രാജാവോ?” എന്നു ചോദിച്ചതിന്: “നീ അങ്ങനെ പറയുന്നു” എന്നു പറഞ്ഞു.

[3] മുഖ്യപുരോഹിതന്മാർ അവനെതിരെ അനേകം കുറ്റങ്ങൾ ആരോപിച്ചു.

[4] പീലാത്തോസ് പിന്നെയും അവനോട് ചോദിച്ചു: “നീ ഒരു ഉത്തരവും പറയുന്നില്ലയോ? ഇതാ, അവർ നിനക്കെതിരെ എന്തെല്ലാം കുറ്റങ്ങൾ ആരോപിക്കുന്നു” എന്നു പറഞ്ഞു.

[5] യേശു പിന്നെയും ഉത്തരം ഒന്നും പറയായ്കയാൽ പീലാത്തോസ് ആശ്ചര്യപ്പെട്ടു.

[6] അവൻ ഉത്സവംതോറും അവർ ചോദിക്കുന്ന ഒരു തടവുകാരനെ അവർക്ക് വിട്ടുകൊടുക്കുക പതിവായിരുന്നു.

[7] എന്നാൽ ഒരു വിപ്ലവത്തിൽ കൊല ചെയ്തവരായ വിപ്ലവക്കാരോടുകൂടെ ബന്ധിച്ചിരുന്ന ബറബ്ബാസ് എന്നു പേരുള്ള ഒരുവൻ തടവിൽ ഉണ്ടായിരുന്നു.

[8] പുരുഷാരം പീലാത്തോസിന്റെ അടുക്കൽവന്ന്, പതിവുപോലെ ചെയ്യേണം എന്നു അവനോട് അപേക്ഷിച്ചുതുടങ്ങി.

[9] മുഖ്യപുരോഹിതന്മാർ അസൂയകൊണ്ടാണ് യേശുവിനെ ഏല്പിച്ചത് എന്നു പീലാത്തോസ് അറിഞ്ഞതുകൊണ്ട് അവരോട്:

[10] “യെഹൂദന്മാരുടെ രാജാവിനെ നിങ്ങൾക്ക് വിട്ടുതരണം എന്നു ഇച്ഛിക്കുന്നുവോ?” എന്നു ചോദിച്ചു.

[11] എന്നാൽ ബറബ്ബാസിനെ വിട്ടുകൊടുക്കേണ്ടതിന് ചോദിപ്പാൻ മുഖ്യപുരോഹിതന്മാർ പുരുഷാരത്തെ ഉത്സാഹിപ്പിച്ചുകൊണ്ടിരുന്നു.

[12] പീലാത്തോസ് പിന്നെയും അവരോട്: “എന്നാൽ യെഹൂദന്മാരുടെ രാജാവ്” എന്ന് നിങ്ങൾ വിളിക്കുന്നവനെ ഞാൻ എന്ത് ചെയ്യേണം?” എന്നു ചോദിച്ചു.

[13] “അവനെ ക്രൂശിയ്ക്ക” എന്നു അവർ വീണ്ടും നിലവിളിച്ചു.

[14] പീലാത്തോസ് അവരോട്: “അവൻ എന്ത് ദോഷം ചെയ്തു?” എന്നു പറഞ്ഞപ്പോൾ, “അവനെ ക്രൂശിയ്ക്ക” എന്നു അവർ അധികമായി നിലവിളിച്ചു.

[15] പീലാത്തോസ് പുരുഷാരത്തിന് തൃപ്തിവരുത്തുവാൻ ഇച്ഛിച്ചു ബറബ്ബാസിനെ അവർക്ക് വിട്ടുകൊടുത്തു, യേശുവിനെ ചമ്മട്ടികൊണ്ട് അടിപ്പിച്ച് ക്രൂശിപ്പാൻ ഏല്പിച്ചു.

[16] പടയാളികൾ അവനെ അവരുടെ ആസ്ഥാനമായ മണ്ഡപത്തിനകത്തു കൊണ്ടുപോയി പട്ടാളത്തെ എല്ലാം വിളിച്ചുകൂട്ടി.

[17] അവനെ രക്താംബരം ധരിപ്പിച്ച്, മുള്ളുകൊണ്ട് ഒരു കിരീടം മെടഞ്ഞു അവനെ ചൂടിച്ചു:

[18] “യെഹൂദന്മാരുടെ രാജാവേ, ജയജയ” എന്നു പറഞ്ഞു വന്ദിച്ചു;

[19] കോൽകൊണ്ട് അവന്റെ തലയിൽ അടിച്ചു, അവനെ തുപ്പി, മുട്ടുകുത്തി അവനെ നമസ്കരിച്ചു.

[20] അങ്ങനെ അവനെ പരിഹസിച്ച ശേഷം അവർ രക്താംബരം നീക്കി സ്വന്തവസ്ത്രം ധരിപ്പിച്ച് അവനെ ക്രൂശിപ്പാൻ കൊണ്ടുപോയി.

[21] അലെക്സന്തരിന്റെയും രൂഫൊസിന്റെയും അപ്പനായ കുറേനക്കാരൻ ശിമോൻ നാട്ടിൻപുറത്തുനിന്ന് വന്നു അതുവഴി പോവുകയായിരുന്നു. യേശുവിന്റെ ക്രൂശ് ചുമപ്പാൻ അവർ അവനെ നിര്‍ബ്ബന്ധിച്ചു.

[22] തലയോടിടം എന്നർത്ഥമുള്ള ഗൊല്ഗോഥാ എന്ന സ്ഥലത്തേയ്ക്ക് അവർ യേശുവിനെ കൊണ്ടുപോയി;

[23] കുന്തുരുക്കം കലർത്തിയ വീഞ്ഞ് അവന് കൊടുത്തു; അവൻ അത് കുടിച്ചില്ല.

[24] അവനെ ക്രൂശിച്ചശേഷം അവന്റെ വസ്ത്രങ്ങൾ ഓരോരുത്തരും വിഭാഗിച്ച് എടുക്കേണ്ടതിന് അവർ ചീട്ടിട്ടു.

[25] അവനെ ക്രൂശിച്ചപ്പോൾ മൂന്നാംമണി നേരമായിരുന്നു.

[26] ‘യെഹൂദന്മാരുടെ രാജാവ്’ എന്നിങ്ങനെ അവന്റെമേൽ ചുമത്തിയ കുറ്റം മീതെ എഴുതിവച്ചിരുന്നു.

[27] അവർ രണ്ടു കള്ളന്മാരെ ഒരുവനെ വലത്തും ഒരുവനെ ഇടത്തുമായി അവനോടുകൂടെ ക്രൂശിച്ചു.

[28] അധർമ്മികളുടെ കൂട്ടത്തിൽ അവനെ എണ്ണി എന്നുള്ള തിരുവെഴുത്ത് നിവൃത്തിയായി.

[29] അതുവഴി കടന്നു പോകുന്നവർ തല കുലുക്കിക്കൊണ്ട്: “ഹാ, ഹാ, മന്ദിരം പൊളിച്ച് മൂന്നു നാളുകൊണ്ട് പണിയുന്നവനേ,

[30] നിന്നെത്തന്നെ രക്ഷിച്ചു ക്രൂശിൽ നിന്നു ഇറങ്ങിവാ” എന്നു പറഞ്ഞു അവനെ ദുഷിച്ചു.

[31] അങ്ങനെ തന്നെ മഹാപുരോഹിതന്മാരും മൂപ്പന്മാരും അവനെ പരിഹസിച്ചു: “ഇവൻ മറ്റുള്ളവരെ രക്ഷിച്ചു, എന്നാൽ തന്നെത്താൻ രക്ഷിക്കാൻ ഇവന് കഴിയുന്നില്ല” എന്നു പരസ്പരം പറഞ്ഞു.

[32] “നമ്മൾ കണ്ട് വിശ്വസിക്കേണ്ടതിന് ക്രിസ്തു എന്ന യിസ്രായേൽ രാജാവ് ഇപ്പോൾ ക്രൂശിൽ നിന്നു ഇറങ്ങിവരട്ടെ” എന്നു പറഞ്ഞു. അവനോടുകൂടെ ക്രൂശിക്കപ്പെട്ടവരും അവനെ പരിഹസിച്ചു.

[33] ആറാം മണിനേരം മുതൽ ഒമ്പതാംമണി നേരത്തോളം ദേശത്തു എല്ലായിടത്തും ഇരുട്ട് ഉണ്ടായി.

[34] ഒമ്പതാംമണി നേരത്ത് യേശു: “എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടത് എന്ത്?” എന്നു അർത്ഥമുള്ള “എലോഹീ, എലോഹീ ലമ്മാ ശബ്ബക്താനീ” എന്നു അത്യുച്ചത്തിൽ നിലവിളിച്ചു.

[35] അരികെ നിന്നവരിൽ ചിലർ കേട്ടിട്ട്: “നോക്കൂ അവൻ ഏലിയാവെ വിളിക്കുന്നു” എന്നു പറഞ്ഞു.

[36] ഒരുവൻ ഓടി ഒരു സ്പോങ്ങിൽ പുളിച്ച വീഞ്ഞ് നിറച്ച് ഒരു ഓടക്കോലിന്മേലാക്കി: “ഏലിയാവ് അവനെ ഇറക്കുവാൻ വരുമോ എന്നു നമുക്കു കാണാം” എന്നു പറഞ്ഞു അവന് കുടിക്കുവാൻ കൊടുത്തു.

[37] അപ്പോൾ യേശു ഉറക്കെ നിലവിളിച്ചു പ്രാണനെ വിട്ടു.

[38] ഉടനെ മന്ദിരത്തിലെ തിരശ്ശീല മേൽതൊട്ട് അടിയോളവും രണ്ടായി ചീന്തിപ്പോയി.

[39] അവന് എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ട്: “ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം” എന്നു പറഞ്ഞു.

[40] സ്ത്രീകളും ദൂരത്തുനിന്ന് നോക്കിക്കൊണ്ടിരുന്നു; അവരിൽ മഗ്ദലക്കാരത്തി മറിയയും ഇളയ യാക്കോബിന്റെയും യോസെയുടെയും അമ്മ മറിയയും ശലോമയും ഉണ്ടായിരുന്നു.

[41] അവൻ ഗലീലയിൽ ഇരിക്കുമ്പോൾ അവർ അവനെ അനുഗമിച്ചും ശുശ്രൂഷിച്ചും പോന്നു; അവനോടുകൂടെ യെരൂശലേമിലേക്കു വന്ന മറ്റു സ്ത്രീകളും ഉണ്ടായിരുന്നു.

[42] വൈകുന്നേരമായപ്പോൾ ശബ്ബത്തിന്റെ തലേദിവസമായ ഒരുക്കനാൾ ആകകൊണ്ട്

[43] ആലോചനാസമിതിയിലെ ബഹുമാന്യനായ ഒരംഗവും, ദൈവരാജ്യത്തെ കാത്തിരുന്നവനുമായ അരിമത്ഥ്യയിലെ യോസഫ് ധൈര്യത്തോടെ പീലാത്തോസിന്റെ അടുക്കൽ ചെന്ന് യേശുവിന്റെ ശരീരം ചോദിച്ചു.

[44] അവൻ മരിച്ചുകഴിഞ്ഞുവോ എന്നു പീലാത്തോസ് ആശ്ചര്യപ്പെട്ടു ശതാധിപനെ വിളിച്ചു: യേശു മരിച്ചുവോ എന്നു അന്വേഷിച്ചു.

[45] ശതാധിപനിൽനിന്ന് വസ്തുത അറിഞ്ഞശേഷം അവൻ യേശുവിന്റെ ശരീരം യോസഫിന് വിട്ടുകൊടുത്തു.

[46] അവൻ ഒരു ശീല വാങ്ങി അവനെ കുരിശിൽനിന്ന് താഴെയിറക്കി ശീലയിൽ ചുറ്റിപ്പൊതിഞ്ഞു, പാറയിൽ വെട്ടിയിട്ടുള്ള ഒരു കല്ലറയിൽ വെച്ച്, കല്ലറവാതില്ക്കൽ ഒരു കല്ല് ഉരുട്ടിവച്ചു;

[47] അവനെ സംസ്കരിച്ച ഇടം മഗ്ദലക്കാരത്തി മറിയയും യോസെയുടെ അമ്മ മറിയയും നോക്കിക്കണ്ടു.

മർക്കൊസ് — Chapters