Skip to content
Opens in a new window
Listen to this chapter • 5:21

[1] അവർ കടലിന്റെ അക്കരെ ഗദരദേശത്ത് എത്തി.

[2] യേശു പടകിൽനിന്ന് ഇറങ്ങിയ ഉടനെ അശുദ്ധാത്മാവുള്ള ഒരു മനുഷ്യൻ കല്ലറകളിൽ നിന്നു വന്നു അവനെ എതിരേറ്റു.

[3] അവന്റെ താമസം കല്ലറകളിൽ ആയിരുന്നു; ആർക്കും അവനെ ചങ്ങലകൊണ്ടുപോലും ബന്ധിച്ചിടുവാൻ കഴിഞ്ഞിരുന്നില്ല.

[4] പലപ്പോഴും അവനെ വിലങ്ങും ചങ്ങലയുംകൊണ്ട് ബന്ധിച്ചിട്ടും അവൻ ചങ്ങല വലിച്ചുപൊട്ടിച്ചും വിലങ്ങുകൾ തകർത്തും കളഞ്ഞു; ആർക്കും അവനെ നിയന്ത്രിക്കുവാൻ കഴിഞ്ഞില്ല.

[5] അവൻ രാവും പകലും കല്ലറകളിലും മലകളിലും ഇടവിടാതെ നിലവിളിച്ചും കല്ലുകൊണ്ട് തന്നെത്താൻ മുറിവേൽപ്പിച്ചും പോന്നു.

[6] അവൻ യേശുവിനെ ദൂരത്തുനിന്ന് കണ്ടിട്ട് ഓടിച്ചെന്നു അവനെ നമസ്കരിച്ചു.

[7] അവൻ ഉറക്കെ നിലവിളിച്ചു: “യേശുവേ, മഹോന്നതനായ ദൈവത്തിന്റെ പുത്രാ, എനിക്കും നിനക്കും തമ്മിൽ എന്ത്? ദൈവത്താണ, എന്നെ ദണ്ഡിപ്പിക്കരുതേ” എന്നു അപേക്ഷിക്കുന്നു എന്നു പറഞ്ഞു.

[8] “അശുദ്ധാത്മാവേ, ഈ മനുഷ്യനെ വിട്ടു പുറപ്പെട്ടുപോക” എന്നു യേശു കല്പിച്ചിരുന്നു.

[9] “നിന്റെ പേരെന്ത്?” എന്നു അവനോട് ചോദിച്ചതിന്: “എന്റെ പേർ ലെഗ്യോൻ; ഞങ്ങൾ പലർ ആകുന്നു” എന്നു അവൻ ഉത്തരം പറഞ്ഞു;

[10] ആ നാട്ടിൽ നിന്നു തങ്ങളെ അയച്ചുകളയാതിരിക്കുവാൻ അവൻ പലവട്ടം അപേക്ഷിച്ചു.

[11] അവിടെ മലയരികെ ഒരു വലിയ പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു.

[12] “ആ പന്നികളിൽ കടക്കേണ്ടതിന് ഞങ്ങളെ അയയ്ക്കേണം” എന്നു അവർ അവനോട് അപേക്ഷിച്ചു.

[13] അവൻ അനുവാദം കൊടുത്തു; അശുദ്ധാത്മാക്കൾ പുറത്തുവന്ന് പന്നികളിൽ കടന്നിട്ട് അവ കൂട്ടമായി മലഞ്ചരിവിലൂടെ കടലിലേക്ക് പാഞ്ഞുചെന്ന് മുങ്ങി ചത്തു. അവ ഏകദേശം രണ്ടായിരം പന്നികൾ ആയിരുന്നു.

[14] പന്നികളെ മേയ്ക്കുന്നവർ ഓടിച്ചെന്നു പട്ടണത്തിലും നാട്ടിലും അറിയിച്ചു; സംഭവിച്ചത് കാണ്മാൻ പലരും പുറപ്പെട്ടു ചെന്ന്.

[15] അവർ യേശുവിന്റെ അടുക്കൽ വന്നു, ലെഗ്യോൻ ഉണ്ടായിരുന്ന ഭൂതഗ്രസ്തൻ വസ്ത്രം ധരിച്ചും സുബോധം പൂണ്ടും ഇരിക്കുന്നത് കണ്ട് ഭയപ്പെട്ടു.

[16] കണ്ടവർ ഭൂതഗ്രസ്തന് സംഭവിച്ചതും പന്നികളുടെ കാര്യവും വരുന്നവരോട് അറിയിച്ചു.

[17] അപ്പോൾ അവർ യേശുവിനോടു തങ്ങളുടെ പ്രദേശം വിട്ടുപോകുവാൻ അപേക്ഷിച്ചുതുടങ്ങി.

[18] അവൻ പടക് കയറി പോകുവാൻ തുടങ്ങുമ്പോൾ ഭൂതഗ്രസ്തനായിരുന്നവൻ താനും കൂടെ പോരട്ടെ എന്നു അവനോട് അപേക്ഷിച്ചു.

[19] യേശു അവനെ അനുവദിക്കാതെ: “നിന്റെ വീട്ടിൽ നിനക്കുള്ളവരുടെ അടുക്കൽ ചെന്ന്, കർത്താവ് നിനക്ക് ചെയ്തതു ഒക്കെയും നിന്നോട് കരുണ കാണിച്ചതും പ്രസ്താവിക്ക” എന്നു അവനോട് പറഞ്ഞു.

[20] അവൻ പോയി യേശു തനിക്കു ചെയ്തതൊക്കെയും ദെക്കപ്പൊലിനാട്ടിൽ ഘോഷിച്ചു തുടങ്ങി; എല്ലാവരും ആശ്ചര്യപ്പെടുകയും ചെയ്തു.

[21] യേശു വീണ്ടും പടകിൽ കയറി ഇക്കരെ കടന്നു കടലരികെ നിൽക്കുമ്പോൾ വലിയ പുരുഷാരം അവന്റെ അടുക്കൽ വന്നുകൂടി.

[22] പള്ളി പ്രമാണികളിൽ യായിറോസ് എന്നു പേരുള്ള ഒരു മനുഷ്യൻ വന്നു, യേശുവിനെ കണ്ട് കാല്ക്കൽ വീണു:

[23] എന്റെ കുഞ്ഞുമകൾ അത്യാസന്നമായി ഇരിക്കുന്നു; അവൾ രക്ഷപെട്ട് ജീവിക്കേണ്ടതിന് നീ വന്നു അവളുടെമേൽ കൈ വെയ്ക്കേണമേ എന്നു വളരെ അപേക്ഷിച്ചു.

[24] അവൻ അവനോടുകൂടെ പോയി, വലിയ പുരുഷാരവും പിൻചെന്നു അവനെ തിക്കിക്കൊണ്ടിരുന്നു.

[25] പന്ത്രണ്ട് സംവത്സരമായിട്ട് രക്തസ്രവമുള്ള ഒരു സ്ത്രീ അവിടെ ഉണ്ടായിരുന്നു.

[26] അവൾ പല വൈദ്യന്മാരാലുള്ള ചികിത്സകൊണ്ട് വളരെയധികം സഹിച്ചു തനിക്കുള്ളതൊക്കെയും ചെലവഴിച്ചിട്ടും ഒട്ടും ഭേദം വരാതെ ഏറ്റവും പരവശയായി തീർന്നിരുന്നു.

[27] അവൾ യേശുവിനെകുറിച്ചുള്ള വർത്തമാനം കേട്ട്:

[28] “അവന്റെ വസ്ത്രം എങ്കിലും തൊട്ടാൽ ഞാൻ സുഖപ്പെടും” എന്നു പറഞ്ഞു; അവൻ പുരുഷാരത്തിൽകൂടി നടക്കുമ്പോൾ അവന്റെ പുറകിൽ വന്നു അവന്റെ വസ്ത്രം തൊട്ടു.

[29] ക്ഷണത്തിൽ അവളുടെ രക്തസ്രവം നിന്നു; ബാധ മാറി താൻ സ്വസ്ഥയായി എന്നു അവൾ തന്റെ ശരീരത്തിൽ അറിഞ്ഞ്.

[30] ഉടനെ യേശു തന്നിൽനിന്ന് ശക്തി പുറപ്പെട്ടു എന്നു ഉള്ളിൽ അറിഞ്ഞിട്ട് പുരുഷാരത്തിൽ തിരിഞ്ഞു: “എന്റെ വസ്ത്രം തൊട്ടത് ആർ” എന്നു ചോദിച്ചു.

[31] ശിഷ്യന്മാർ അവനോട്: പുരുഷാരം നിന്നെ ചുറ്റും തിക്കുന്നത് കണ്ടിട്ടും “എന്നെ തൊട്ടത് ആർ” എന്നു നീ ചോദിക്കുന്നുവോ എന്നു പറഞ്ഞു.

[32] അവനോ അത് ചെയ്തത് ആരാണെന്ന് കാണ്മാൻ ചുറ്റും നോക്കി.

[33] സ്ത്രീ തനിക്കു സംഭവിച്ചത് അറിഞ്ഞിട്ട് ഭയപ്പെട്ടും വിറച്ചുംകൊണ്ടു വന്നു അവന്റെ മുമ്പിൽ വീണു വസ്തുത ഒക്കെയും അവനോട് പറഞ്ഞു.

[34] അവൻ അവളോട്: “മകളേ, നിന്റെ വിശ്വാസം നിന്നെ സുഖമാക്കിയിരിക്കുന്നു; സമാധാനത്തോടെ പോക, ബാധ ഒഴിഞ്ഞു ആരോഗ്യത്തോടിരിക്ക” എന്നു പറഞ്ഞു.

[35] ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ തന്നേ പള്ളിപ്രമാണിയുടെ വീട്ടിൽനിന്നു ആൾ വന്നു: “നിന്റെ മകൾ മരിച്ചുപോയി; ഗുരുവിനെ ഇനി അസഹ്യപ്പെടുത്തുന്നത് എന്തിന്?” എന്നു പറഞ്ഞു.

[36] യേശു ആ വാക്ക് കേട്ട് പള്ളിപ്രമാണിയോട്: “ഭയപ്പെടേണ്ടാ, വിശ്വസിക്ക മാത്രം ചെയ്ക” എന്നു പറഞ്ഞു.

[37] പത്രൊസും യാക്കോബും യാക്കോബിന്റെ സഹോദരനായ യോഹന്നാനും അല്ലാതെ മറ്റാരും തന്നോടുകൂടെ ചെല്ലുവാൻ അവൻ സമ്മതിച്ചില്ല.

[38] അവർ പള്ളിപ്രമാണിയുടെ വീട്ടിൽ വന്നപ്പോൾ, ആരവാരത്തെയും വളരെ കരഞ്ഞു വിലപിക്കുന്നവരെയും യേശു കണ്ട്;

[39] അകത്ത് കടന്നു: “നിങ്ങളുടെ ആരവാരവും കരച്ചിലും എന്തിന്? കുട്ടി മരിച്ചിട്ടില്ല, ഉറങ്ങുകയത്രേ” എന്നു അവരോട് പറഞ്ഞു; അവരോ അവനെ പരിഹസിച്ചു.

[40] അവൻ അവരെല്ലാവരെയും പുറത്താക്കി കുട്ടിയുടെ അപ്പനെയും അമ്മയെയും തന്നോടുകൂടെയുള്ളവരെയും കൂട്ടിക്കൊണ്ട് കുട്ടി കിടക്കുന്ന ഇടത്തുചെന്ന് കുട്ടിയുടെ കൈയ്ക്ക് പിടിച്ച്:

[41] “ബാലേ, എഴുന്നേല്ക്ക എന്നു നിന്നോട് കല്പിക്കുന്നു” എന്ന അർത്ഥത്തോടെ “തലീഥാ കൂമി” എന്നു അവളോട് പറഞ്ഞു.

[42] ബാല ഉടനെ എഴുന്നേറ്റ് നടന്നു; അവൾക്ക് പന്ത്രണ്ട് വയസ്സായിരുന്നു; അവർ അത്യന്തം വിസ്മയിച്ചു.

[43] “ഇതു ആരും അറിയരുത്” എന്നു അവൻ അവരോട് കർശനമായി കല്പിച്ചു. “അവൾക്ക് ഭക്ഷിക്കുവാൻ കൊടുക്കണം” എന്നും പറഞ്ഞു.

മർക്കൊസ് — Chapters