Skip to content
Opens in a new window
Listen to this chapter • 2:36

[1] യിരെമ്യാവ് സകലജനത്തോടും അവരുടെ ദൈവമായ യഹോവ അവനെ അവരുടെ അടുക്കൽ അയച്ചു പറയിച്ച ഈ സകലവചനങ്ങളും, അവരുടെ ദൈവമായ യഹോവയുടെ സകലവചനങ്ങളും തന്നെ, പറഞ്ഞു തീർന്നശേഷം

[2] ഹോശയ്യാവിന്റെ മകനായ അസര്യാവും കാരേഹിന്റെ മകനായ യോഹാനാനും അഹങ്കാരികളായ സകലപുരുഷന്മാരും യിരെമ്യാവിനോട്: നീ വ്യാജം പറയുന്നു; ‘ഈജിപ്റ്റിൽ ചെന്നു പാർക്കേണ്ടതിന് അവിടെ പോകരുതെന്നു’ പറയുവാൻ ഞങ്ങളുടെ ദൈവമായ യഹോവ നിന്നെ അയച്ചിട്ടില്ല.

[3] കല്ദയർ ഞങ്ങളെ കൊന്നുകളയേണ്ടതിനും ഞങ്ങളെ ബദ്ധരാക്കി ബാബേലിലേക്കു കൊണ്ടുപോകേണ്ടതിനും ഞങ്ങളെ അവരുടെ കയ്യിൽ ഏല്പിക്കുവാൻ നേര്യാവിന്റെ മകനായ ബാരൂക്ക് നിന്നെ ഞങ്ങൾക്കു വിരോധമായി ഉത്സാഹിപ്പിക്കുന്നു” എന്ന് പറഞ്ഞു.

[4] അങ്ങനെ കാരേഹിന്റെ മകനായ യോഹാനാനും എല്ലാ പടത്തലവന്മാരും സകലജനവും യെഹൂദാദേശത്തു വസിക്കണം എന്നുള്ള യഹോവയുടെ വാക്ക് അനുസരിച്ചില്ല.

[5] സകലജാതികളുടെയും ഇടയിൽ ചിതറിപ്പോയിട്ട് യെഹൂദാദേശത്തു വസിക്കേണ്ടതിനു മടങ്ങിവന്ന മുഴുവൻ യെഹൂദാശിഷ്ടത്തെയും

[6] പുരുഷന്മാരെയും സ്ത്രീകളെയും പൈതങ്ങളെയും രാജകുമാരികളെയും അകമ്പടിനായകനായ നെബൂസർ-അദാൻ ശാഫാന്റെ മകനായ അഹീക്കാമിന്റെ മകനായ ഗെദല്യാവിനെ ഏല്പിച്ചിരുന്ന എല്ലാവരെയും യിരെമ്യാപ്രവാചകനെയും നേര്യാവിന്റെ മകനായ ബാരൂക്കിനെയും കാരേഹിന്റെ മകനായ യോഹാനാനും എല്ലാ പടത്തലവന്മാരും കൂട്ടിക്കൊണ്ട്,

[7] യഹോവയുടെ വാക്ക് അനുസരിക്കാതെ ഈജിപ്റ്റിൽ ചെന്ന് തഹ്പനേസ് വരെ എത്തി.

[8] തഹ്പനേസിൽവച്ച് യിരെമ്യാവിനു യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ:

[9] “നീ വലിയ കല്ലുകൾ എടുത്ത് യെഹൂദാപുരുഷന്മാർ കാൺകെ തഹ്പനേസിൽ ഫറവോന്റെ അരമനയുടെ പടിക്കലുള്ള കളത്തിലെ കളിമണ്ണിൽ കുഴിച്ചിട്ട് അവരോടു പറയേണ്ടത്:

[10] “യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ എന്റെ ദാസനായ നെബൂഖദ്നേസർ എന്ന ബാബേൽരാജാവിനെ വരുത്തി ഞാൻ കുഴിച്ചിട്ട ഈ കല്ലുകളിന്മേൽ അവന്റെ സിംഹാസനം വയ്ക്കും; അവൻ അവയുടെമേൽ തന്റെ മണിപ്പന്തൽ നിവർത്തും.

[11] അവൻ അന്ന് ഈജിപ്റ്റ് ജയിച്ചടക്കി മരണത്തിനുള്ളവരെ മരണത്തിനും പ്രവാസത്തിനുള്ളവരെ പ്രവാസത്തിനും വാളിനുള്ളവരെ വാളിനും ഏല്പിക്കും.

[12] ഞാൻ ഈജിപ്റ്റിലെ ദേവന്മാരുടെ ക്ഷേത്രങ്ങൾക്കു തീ വയ്ക്കും; അവയെ ചുട്ടുകളഞ്ഞശേഷം അവൻ അവരെ പ്രവാസത്തിലേക്കു കൊണ്ടുപോകും; ഒരിടയൻ തന്റെ പുതപ്പ് ചെള്ളിനെ നീക്കി വൃത്തിയാക്കുന്നതുപോലെ അവൻ ഈജിപ്റ്റ് ദേശത്തെ പുതയ്ക്കുകയും അവിടെനിന്നു സമാധാനത്തോടെ പുറപ്പെട്ടുപോകുകയും ചെയ്യും.

[13] അവൻ ഈജിപ്റ്റ് ദേശത്ത് ബേത്ത്-ശേമെശിലെ വിഗ്രഹങ്ങളെ തകർത്ത് ഈജിപ്റ്റിലെ ദേവന്മാരുടെ ക്ഷേത്രങ്ങൾ തീവച്ച് ചുട്ടുകളയും.

യിരെമ്യാവ് — Chapters