[1] യഹോവയിൽനിന്ന് യിരെമ്യാവിനുണ്ടായ അരുളപ്പാട് എന്തെന്നാൽ:
[2] “നീ എഴുന്നേറ്റ് കുശവന്റെ വീട്ടിലേക്കു ചെല്ലുക; അവിടെവച്ച് ഞാൻ നിന്നെ എന്റെ വചനങ്ങൾ കേൾപ്പിക്കും”.
[3] അങ്ങനെ ഞാൻ കുശവന്റെ വീട്ടിൽ ചെന്നപ്പോൾ അവൻ ചക്രത്തിന്മേൽ വേല ചെയ്തുകൊണ്ടിരുന്നു.
[4] കുശവൻ കളിമണ്ണുകൊണ്ട് ഉണ്ടാക്കിയ പാത്രം അവന്റെ കയ്യിൽ ചീത്തയായിപ്പോയി; എന്നാൽ കുശവൻ അതിനെ തനിക്കു യുക്തമെന്നു തോന്നിയതുപോലെ മറ്റൊരു പാത്രമാക്കിത്തീർത്തു.
[5] അപ്പോൾ യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:
[6] “യിസ്രായേൽ ഗൃഹമേ, ഈ കുശവൻ ചെയ്തതുപോലെ എനിക്ക് നിങ്ങളോടു ചെയ്യുവാൻ കഴിയുകയില്ലയോ” എന്ന് യഹോവയുടെ അരുളപ്പാട്; “യിസ്രായേൽ ഗൃഹമേ, കളിമണ്ണു കുശവന്റെ കയ്യിൽ ഇരിക്കുന്നതുപോലെ നിങ്ങൾ എന്റെ കയ്യിൽ ഇരിക്കുന്നു.
[7] ഞാൻ ഒരു ജനതയെക്കുറിച്ചോ ഒരു രാജ്യത്തെക്കുറിച്ചോ ‘അതിനെ ഉന്മൂലനം ചെയ്ത് എറിഞ്ഞ് നശിപ്പിച്ചുകളയും’ എന്നരുളിച്ചെയ്തശേഷം,
[8] ഞാൻ അങ്ങനെ അരുളിച്ചെയ്ത ജനത അതിന്റെ ദുഷ്ടത വിട്ടുതിരിയുന്നുവെങ്കിൽ അതിനോട് ചെയ്യുവാൻ നിരൂപിച്ച ദോഷത്തെക്കുറിച്ചു ഞാൻ അനുതപിക്കും.
[9] ഒരു ജനതയെക്കുറിച്ചോ രാജ്യത്തെക്കുറിച്ചോ ‘ഞാൻ അതിനെ പണിയുകയും നടുകയും ചെയ്യും’ എന്നരുളിച്ചെയ്തിട്ട്
[10] അത് എന്റെ വാക്കു കേട്ടനുസരിക്കാതെ എനിക്ക് അനിഷ്ടമായുള്ളതു ചെയ്യുന്നുവെങ്കിൽ ‘അവർക്ക് വരുത്തും’ എന്നരുളിച്ചെയ്ത നന്മയെക്കുറിച്ചു ഞാൻ അനുതപിക്കും.
[11] അതിനാൽ നീ ചെന്ന് യെഹൂദാപുരുഷന്മാരോടും യെരൂശലേം നിവാസികളോടും പറയേണ്ടത്: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിങ്ങൾക്ക് ഒരനർത്ഥം ചിന്തിച്ച്, നിങ്ങൾക്ക് വിരോധമായി ഒരു പദ്ധതി നിനച്ചിരിക്കുന്നു; നിങ്ങൾ ഓരോരുത്തനും അവനവന്റെ ദുർമ്മാർഗ്ഗം വിട്ടുതിരിഞ്ഞ് നിങ്ങളുടെ നടപ്പും പ്രവൃത്തികളും നന്നാക്കുവിൻ”.
[12] അതിന് അവർ: “ഇതു വെറുതെ; ഞങ്ങൾ ഞങ്ങളുടെ സ്വന്ത നിരൂപണങ്ങൾ അനുസരിച്ചു നടക്കും; ഞങ്ങളിൽ ഓരോരുത്തനും അവനവന്റെ ദുഷ്ടഹൃദയത്തിലെ ശാഠ്യം പ്രവർത്തിക്കും” എന്ന് പറഞ്ഞു.
[13] അതുകൊണ്ട് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ജനതകളുടെ ഇടയിൽ ചെന്ന് അന്വേഷിക്കുവിൻ; ഇങ്ങനെയുള്ളത് ആരെങ്കിലും കേട്ടിട്ടുണ്ടോ? യിസ്രായേൽകന്യക അതിഭയങ്കരമായുള്ളതു ചെയ്തിരിക്കുന്നു.
[14] ലെബാനോനിലെ ഹിമം വയലിലെ പാറയെ വിട്ടുപോകുമോ? അന്യദേശത്തുനിന്ന് ഒഴുകിവരുന്ന തണുത്ത വെള്ളം വറ്റിപ്പോകുമോ?
[15] എന്റെ ജനമോ, എന്നെ മറന്ന് മിഥ്യാമൂർത്തികൾക്കു ധൂപം കാട്ടുന്നു; അവരുടെ വഴികളിൽ, പുരാതന പാതകളിൽ തന്നെ, അവർ അവരെ ഇടറി വീഴുമാറാക്കി; അവർ നിരപ്പില്ലാത്ത വഴികളിലും പാതകളിലും നടക്കുന്നു;
[16] അവർ അവരുടെ ദേശത്തെ ശൂന്യവും നിത്യപരിഹാസവും ആക്കുന്നു; അതിൽകൂടി കടന്നുപോകുന്ന ഏതൊരുവനും സ്തംഭിച്ചു തലകുലുക്കും.
[17] കിഴക്കൻ കാറ്റിലെന്നപോലെ ഞാൻ അവരെ ശത്രുക്കളുടെ മുമ്പിൽ ചിതറിച്ചുകളയും; അവരുടെ അനർത്ഥദിവസത്തിൽ ഞാൻ അവർക്ക് എന്റെ മുഖമല്ല, പുറമത്രേ കാണിക്കുന്നത്”.
[18] എന്നാൽ അവർ: “വരുവിൻ, നമുക്കു യിരെമ്യാവിന്റെ നേരെ ഉപായങ്ങൾ ചിന്തിക്കാം; പുരോഹിതന്റെ പക്കൽ ഉപദേശവും ജ്ഞാനിയുടെ പക്കൽ ആലോചനയും പ്രവാചകന്റെ പക്കൽ അരുളപ്പാടും ഇല്ലാതെവരുകയില്ല; വരുവിൻ നമുക്ക് അവനെ നാവുകൊണ്ട് തകർക്കാം; അവന്റെ വാക്ക് ഒന്നും നാം ശ്രദ്ധിക്കരുത്” എന്നു പറഞ്ഞു.
[19] “യഹോവേ, എനിക്ക് ചെവിതന്ന് എന്റെ പ്രതിയോഗികളുടെ വാക്കു കേൾക്കണമേ.
[20] നന്മയ്ക്കു പകരം തിന്മ ചെയ്യാമോ? അവർ എന്റെ പ്രാണഹാനിക്കായി ഒരു കുഴി കുഴിച്ചിരിക്കുന്നു; അവിടുത്തെ കോപം അവരെ വിട്ടുമാറേണ്ടതിന് ഞാൻ അവർക്കുവേണ്ടി നന്മ സംസാരിക്കുവാൻ തിരുമുമ്പിൽ നിന്നത് ഓർക്കണമേ.
[21] അവരുടെ മക്കളെ ക്ഷാമത്തിന് ഏല്പിച്ച്, വാളിനിരയാക്കണമേ; അവരുടെ ഭാര്യമാർ മക്കളില്ലാത്തവരും വിധവമാരും ആയിത്തീരട്ടെ; അവരുടെ പുരുഷന്മാർ മരണത്തിന് ഇരയാകട്ടെ; അവരുടെ യൗവനക്കാർ യുദ്ധത്തിൽ വാളിനാൽ വധിക്കപ്പെടട്ടെ.
[22] അങ്ങ് പെട്ടെന്ന് ഒരു പടക്കൂട്ടത്തെ അവരുടെ മേൽ വരുത്തിയിട്ട്, അവരുടെ വീടുകളിൽനിന്ന് നിലവിളി കേൾക്കുമാറാകട്ടെ; അവർ എന്നെ പിടിക്കുവാൻ ഒരു കുഴി കുഴിച്ചു; എന്റെ കാലിന് കെണി മറച്ചുവച്ചിരിക്കുന്നുവല്ലോ.
[23] യഹോവേ, എന്റെ മരണത്തിനുവേണ്ടിയുള്ള അവരുടെ ആലോചനയെല്ലാം അങ്ങ് അറിയുന്നു; അവരുടെ അകൃത്യം ക്ഷമിക്കരുതേ; അവരുടെ പാപം തിരുമുമ്പിൽനിന്ന് മായിച്ചുകളയരുതേ; അവർ തിരുമുമ്പിൽ ഇടറിവീഴട്ടെ; അവിടുത്തെ കോപത്തിന്റെ കാലത്ത് തന്നെ അവരോടു പ്രവർത്തിക്കണമേ”.