Skip to content
Opens in a new window
Listen to this chapter • 4:53

[1] യോശീയാവിന്റെ മകൻ യെഹൂദാ രാജാവായ യെഹോയാക്കീമിന്റെ വാഴ്ചയുടെ ആരംഭത്തിൽ യഹോവയിൽ നിന്നുണ്ടായ അരുളപ്പാട്:

[2] യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നീ യഹോവയുടെ ആലയത്തിന്റെ പ്രാകാരത്തിൽ നിന്നുകൊണ്ട്, യഹോവയുടെ ആലയത്തിൽ നമസ്കരിക്കുവാൻ വരുന്ന സകല യെഹൂദാപട്ടണങ്ങളോടും പ്രസ്താവിക്കുവാൻ, ഞാൻ നിന്നോട് കല്പിക്കുന്ന സകലവചനങ്ങളും അവരോടു പ്രസ്താവിക്കുക; ഒരു വാക്കും വിട്ടുകളയരുത്.

[3] അവരുടെ ദുഷ്പ്രവൃത്തികൾനിമിത്തം ഞാൻ അവർക്ക് വരുത്തുവാൻ വിചാരിക്കുന്ന അനർത്ഥത്തെക്കുറിച്ച് ഞാൻ അനുതപിക്കത്തക്കവണ്ണം, ഒരുപക്ഷേ അവർ കേട്ട് ഓരോരുത്തൻ അവനവന്റെ ദുർമ്മാർഗ്ഗം വിട്ടുതിരിയുമായിരിക്കും.

[4] എന്നാൽ നീ അവരോടു പറയേണ്ടത്: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ വീണ്ടുംവീണ്ടും നിങ്ങളുടെ അടുക്കൽ അയച്ചിട്ടും, നിങ്ങൾ ശ്രദ്ധിക്കാതിരുന്ന എന്റെ ദാസന്മാരായ പ്രവാചകന്മാരുടെ വചനങ്ങൾ കേൾക്കുവാനും

[5] ഞാൻ നിങ്ങളുടെ മുമ്പിൽ വച്ച എന്റെ ന്യായപ്രമാണം അനുസരിച്ചുനടക്കുവാനും നിങ്ങൾ എന്റെ വാക്കു കേൾക്കുകയില്ലെങ്കിൽ,

[6] ഞാൻ ഈ ആലയത്തെ ശീലോവിനു തുല്യമാക്കി, ഈ നഗരത്തെ ഭൂമിയിലുള്ള സകലജനതകൾക്കും ഇടയിൽ ശാപയോഗ്യമാക്കിത്തീർക്കും.

[7] യിരെമ്യാവ് ഈ വാക്കുകൾ യഹോവയുടെ ആലയത്തിൽവച്ചു പറയുന്നത് പുരോഹിതന്മാരും പ്രവാചകന്മാരും സകലജനവും കേട്ടു.

[8] എന്നാൽ സകലജനത്തോടും പ്രസ്താവിക്കുവാൻ യഹോവ കല്പിച്ചിരുന്ന സകലവും യിരെമ്യാവ് പ്രസ്താവിച്ചുതീർന്നശേഷം, പുരോഹിതന്മാരും പ്രവാചകന്മാരും സകലജനവും അവനെ പിടിച്ചു: ‘നീ മരിക്കണം നിശ്ചയം;

[9] ഈ ആലയം ശീലോവിനു തുല്യമാകും, ഈ നഗരം നിവാസികൾ ഇല്ലാതെ ശൂന്യമാകും’ എന്ന് നീ യഹോവയുടെ നാമത്തിൽ പ്രവചിച്ചിരിക്കുന്നതെന്ത്” എന്നു പറഞ്ഞ് ജനമെല്ലാം യഹോവയുടെ ആലയത്തിൽ യിരെമ്യാവിന്റെ അടുക്കൽ വന്നുകൂടി.

[10] ഈ കാര്യം യെഹൂദാപ്രഭുക്കന്മാർ കേട്ടപ്പോൾ, അവർ രാജാവിന്റെ അരമനയിൽ നിന്ന് യഹോവയുടെ ആലയത്തിലേക്കു കയറിച്ചെന്ന്, യഹോവയുടെ ആലയത്തിന്റെ പുതിയ പടിവാതിലിന്റെ പ്രവേശനത്തിൽ ഇരുന്നു.

[11] പുരോഹിതന്മാരും പ്രവാചകന്മാരും, പ്രഭുക്കന്മാരോടും സകലജനത്തോടും: “ഈ മനുഷ്യൻ മരണയോഗ്യൻ; അവൻ ഈ നഗരത്തിനു വിരോധമായി പ്രവചിച്ചിരിക്കുന്നത് നിങ്ങൾ സ്വന്തചെവികൊണ്ടു കേട്ടുവല്ലോ” എന്ന് പറഞ്ഞു.

[12] അതിന് യിരെമ്യാവ് സകലപ്രഭുക്കന്മാരോടും സർവ്വജനത്തോടും പറഞ്ഞത്: “നിങ്ങൾ കേട്ടതായ വാക്കുകളെല്ലാം ഈ ആലയത്തിനും നഗരത്തിനും വിരോധമായി പ്രവചിക്കുവാൻ യഹോവ എന്നെ അയച്ചിരിക്കുന്നു.

[13] അതിനാൽ നിങ്ങൾ നിങ്ങളുടെ നടപ്പും പ്രവൃത്തികളും നല്ലതാക്കി, നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്കുകേട്ട് അനുസരിക്കുവിൻ; എന്നാൽ യഹോവ നിങ്ങൾക്ക് വിരോധമായി അരുളിച്ചെയ്തിരിക്കുന്ന അനർത്ഥത്തെക്കുറിച്ചു അനുതപിക്കും.

[14] ഞാൻ, ഇതാ നിങ്ങളുടെ കയ്യിൽ ഇരിക്കുന്നു; നിങ്ങൾക്ക് ഇഷ്ടവും ന്യായവുമായി തോന്നുന്നതുപോലെ എന്നോട് ചെയ്തുകൊള്ളുവിൻ.

[15] എങ്കിലും നിങ്ങൾ എന്നെ കൊന്നുകളഞ്ഞാൽ, കുറ്റമില്ലാത്ത രക്തം നിങ്ങളുടെമേലും ഈ നഗരത്തിന്മേലും അതിലെ നിവാസികളുടെ മേലും നിങ്ങൾ വരുത്തും എന്ന് അറിഞ്ഞുകൊള്ളുവിൻ; നിങ്ങൾ കേൾക്കെ ഈ വാക്കുകൾ മുഴുവനും പ്രസ്താവിക്കേണ്ടതിന് യഹോവ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു സത്യം.

[16] അപ്പോൾ പ്രഭുക്കന്മാരും സകലജനവും പുരോഹിതന്മാരോടും പ്രവാചകന്മാരോടും: “ഈ മനുഷ്യൻ മരണയോഗ്യനല്ല; അവൻ നമ്മുടെ ദൈവമായ യഹോവയുടെ നാമത്തിൽ അല്ലയോ നമ്മോട് സംസാരിക്കുന്നത്” എന്നു പറഞ്ഞു.

[17] അതിനുശേഷം ദേശത്തിലെ മൂപ്പന്മാരിൽ ചിലർ എഴുന്നേറ്റ് ജനത്തിന്റെ സർവ്വസംഘത്തോടും പറഞ്ഞത്:

[18] “യെഹൂദാ രാജാവായ ഹിസ്കീയാവിന്റെ കാലത്ത് മോരേശേത്തിലെ മീഖായാവ് സകല യെഹൂദാജനത്തോടും പ്രവചിച്ചു: “സീയോനെ വയൽപോലെ ഉഴുതുകളയും; യെരൂശലേം കല്ക്കുന്നായിത്തീരും; ഈ ആലയം നില്ക്കുന്ന പർവ്വതം വനത്തിലെ ഗിരിപ്രദേശമായി തീരും എന്നിങ്ങനെ സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു” എന്നു പറഞ്ഞു.

[19] യെഹൂദാ രാജാവായ ഹിസ്കീയാവും സകല യെഹൂദയും അവനെ കൊന്നുകളഞ്ഞുവോ? അവൻ യഹോവയെ ഭയപ്പെട്ട്, യഹോവയോട് ക്ഷമ യാചിക്കുകയും താൻ അവർക്ക് വരുത്തുമെന്ന് അരുളിച്ചെയ്തിരുന്ന അനർത്ഥത്തെക്കുറിച്ച് യഹോവ അനുതപിക്കുകയും ചെയ്തില്ലയോ? എന്നാൽ നാം നമ്മുടെ പ്രാണന് വലിയ ഒരു അനർത്ഥം വരുത്തുവാൻ പോകുന്നു”.

[20] അങ്ങനെ തന്നെ കിര്യത്ത്-യെയാരീമിൽനിന്നുള്ള ശെമയ്യാവിന്റെ മകനായ ഊരീയാവ് എന്നൊരുവൻ യഹോവയുടെ നാമത്തിൽ പ്രവചിച്ചു; അവൻ യിരെമ്യാവിന്റെ വാക്കുകൾക്കു സമമായ കാര്യങ്ങൾ ഈ നഗരത്തിനും ഈ ദേശത്തിനും വിരോധമായി പ്രവചിച്ചു.

[21] യെഹോയാക്കീംരാജാവും അവന്റെ സകലയുദ്ധവീരന്മാരും സകലപ്രഭുക്കന്മാരും അവന്റെ വാക്കുകൾ കേട്ടു; രാജാവ് അവനെ കൊന്നുകളയുവാൻ വിചാരിച്ചു; ഊരീയാവ് അത് കേട്ട് ഭയപ്പെട്ട് ഈജിപ്റ്റിലേക്ക് ഓടിപ്പോയി.

[22] യെഹോയാക്കീംരാജാവ് അഖ്ബോരിന്റെ മകനായ എൽനാഥാനെയും അവനോടുകൂടി മറ്റു ചിലരെയും ഈജിപ്റ്റിലേക്ക് അയച്ചു.

[23] അവർ ഊരീയാവിനെ ഈജിപ്റ്റിൽ നിന്ന് യെഹോയാക്കീംരാജാവിന്റെ അടുക്കൽ കൊണ്ടുവന്നു; അവൻ അവനെ വാൾകൊണ്ടു കൊന്ന് അവന്റെ ശവം സാമാന്യജനത്തിന്റെ ശ്മശാനത്തിൽ ഇട്ടുകളഞ്ഞു.

[24] എന്നാൽ യിരെമ്യാവിനെ ജനത്തിന്റെ കയ്യിൽ ഏല്പിച്ച് കൊല്ലാതിരിക്കേണ്ടതിന് ശാഫാന്റെ മകനായ അഹീക്കാം അവന് തുണയായിരുന്നു.

യിരെമ്യാവ് — Chapters