[1] യോശീയാവിന്റെ മകനായി യെഹൂദാ രാജാവായ യെഹോയാക്കീമിന്റെ വാഴ്ചയുടെ നാലാം ആണ്ടിൽ - ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ ഒന്നാം ആണ്ടിൽത്തന്നെ, സകല യെഹൂദാജനത്തെയും കുറിച്ച് യിരെമ്യാവിനുണ്ടായ അരുളപ്പാട്.
[2] അത് യിരെമ്യാപ്രവാചകൻ സകല യെഹൂദാജനത്തോടും സകല യെരൂശലേം നിവാസികളോടും പ്രസ്താവിച്ചത് എങ്ങനെയെന്നാൽ:
[3] “ആമോന്റെ മകനായി യെഹൂദാ രാജാവായ യോശീയാവിന്റെ വാഴ്ചയുടെ പതിമൂന്നാം ആണ്ടുമുതൽ ഇന്നുവരെ ഈ ഇരുപത്തിമൂന്നു സംവത്സരം യഹോവയുടെ വചനം എനിക്കുണ്ടാകുകയും ഞാൻ ഇടവിടാതെ നിങ്ങളോടു സംസാരിക്കുകയും ചെയ്തിട്ടും നിങ്ങൾ കേട്ടില്ല.
[4] യഹോവ പ്രവാചകന്മാരായ തന്റെ സകലദാസന്മാരെയും വീണ്ടുംവീണ്ടും നിങ്ങളുടെ അടുക്കൽ അയച്ചിട്ടും നിങ്ങൾ കേട്ടില്ല; കേൾക്കുവാൻ നിങ്ങളുടെ ചെവി ചായിച്ചതുമില്ല.
[5] നിങ്ങൾ ഓരോരുത്തനും അവനവന്റെ ദുർമ്മാർഗ്ഗവും ദുഷ്പ്രവൃത്തികളും വിട്ടുതിരിയുവിൻ; എന്നാൽ യഹോവ നിങ്ങൾക്കും നിങ്ങളുടെ പൂര്‍വ്വ പിതാക്കന്മാർക്കും തന്ന ദേശത്ത് നിങ്ങൾ എന്നേക്കും വസിക്കും.
[6] അന്യദേവന്മാരെ സേവിച്ചു നമസ്കരിക്കേണ്ടതിന് അവരോടു ചേരരുത്; നിങ്ങളുടെ കൈകളുടെ പ്രവൃത്തികൾകൊണ്ട് എന്നെ കോപിപ്പിക്കുകയും അരുത്; എന്നാൽ ഞാൻ നിങ്ങൾക്ക് അനർത്ഥം വരുത്തുകയില്ല” എന്നു അവർ നിങ്ങളോടു പറഞ്ഞു.
[7] എങ്കിലും നിങ്ങൾ നിങ്ങളുടെ അനർത്ഥത്തിനായി നിങ്ങളുടെ കൈകളുടെ പ്രവൃത്തികൊണ്ട് എന്നെ കോപിപ്പിക്കുവാൻ വേണ്ടി എന്റെ വാക്കു കേൾക്കാതിരുന്നു” എന്ന് യഹോവയുടെ അരുളപ്പാട്.
[8] അതുകൊണ്ട് സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾ എന്റെ വചനങ്ങൾ അനുസരിക്കാതിരിക്കുകകൊണ്ട്,
[9] ഞാൻ ആളയച്ച് വടക്കുള്ള സകലവംശങ്ങളെയും, എന്റെ ദാസൻ ബാബേൽരാജാവ് നെബൂഖദ്നേസരിനെയും ഈ ദേശത്തിന്റെയും, അതിലെ നിവാസികളുടെയും, ചുറ്റും വസിക്കുന്ന ഈ സകലജനതകളുടെ നേരെയും വരുത്തി നിശ്ശേഷം നശിപ്പിച്ച് അവരെ സ്തംഭനവിഷയവും പരിഹാസവും നിത്യശൂന്യവുമാക്കിത്തീർക്കും.
[10] ഞാൻ ആനന്ദഘോഷവും സന്തോഷധ്വനിയും മണവാളന്റെ സ്വരവും മണവാട്ടിയുടെ സ്വരവും തിരികല്ലിന്റെ ശബ്ദവും വിളക്കിന്റെ വെളിച്ചവും അവരുടെ ഇടയിൽനിന്ന് നീക്കിക്കളയും.
[11] ഈ ദേശമൊക്കെയും ശൂന്യവും സ്തംഭനവിഷയവും ആകും; ഈ ജനതകൾ ബാബേൽരാജാവിനെ എഴുപത് സംവത്സരം സേവിക്കും” എന്ന് യഹോവയുടെ അരുളപ്പാട്.
[12] എഴുപത് സംവത്സരം തികയുമ്പോൾ, ഞാൻ ബാബേൽ രാജാവിനെയും ആ ജനതയെയും കൽദയരുടെ ദേശത്തെയും അവരുടെ അകൃത്യം നിമിത്തം സന്ദർശിച്ച് അതിനെ നിത്യശൂന്യമാക്കിത്തീർക്കും” എന്ന് യഹോവയുടെ അരുളപ്പാട്.
[13] “അങ്ങനെ ഞാൻ ആ ദേശത്തെക്കുറിച്ച് അരുളിച്ചെയ്തിരിക്കുന്ന സകലവചനങ്ങളും യിരെമ്യാവ് സകലജനതകളെയും കുറിച്ചു പ്രവചിച്ചതും ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്നതുമായ സകലവചനങ്ങളും ഞാൻ അതിന് വരുത്തും.
[14] അനേകം ജനതകളും വലിയ രാജാക്കന്മാരും അവരെക്കൊണ്ടു സേവ ചെയ്യിക്കും. ഞാൻ അവരുടെ ക്രിയകൾക്കും അവരുടെ കൈകളുടെ പ്രവൃത്തികൾക്കും തക്കവണ്ണം അവർക്ക് പകരം ചെയ്യും”.
[15] യിസ്രായേലിന്റെ ദൈവമായ യഹോവ എന്നോട് ഇപ്രകാരം അരുളിച്ചെയ്തു: “ഈ ക്രോധമദ്യം നിറഞ്ഞ പാനപാത്രം എന്റെ കൈയിൽനിന്നു വാങ്ങി ഞാൻ നിന്നെ അയയ്ക്കുന്ന ജനതകളെയെല്ലാം കുടിപ്പിക്കുക.
[16] അവർ കുടിക്കുകയും ഞാൻ അവരുടെ ഇടയിൽ അയയ്ക്കുന്ന വാൾ നിമിത്തം ചാഞ്ചാടി ഭ്രാന്തന്മാരായിത്തീരുകയും ചെയ്യും”.
[17] അങ്ങനെ ഞാൻ പാനപാത്രം യഹോവയുടെ കൈയിൽനിന്നു വാങ്ങി, യഹോവ എന്നെ അയച്ച സകലജനതകളെയും കുടിപ്പിച്ചു.
[18] ഇന്നുള്ളതുപോലെ ശൂന്യവും സ്തംഭനഹേതുവും പരിഹാസവിഷയവും ശാപവാക്യവുമാക്കേണ്ടതിന് യെരൂശലേമിനെയും യെഹൂദാപട്ടണങ്ങളെയും രാജാക്കന്മാരെയും
[19] പ്രഭുക്കന്മാരെയും ഈജിപ്റ്റ് രാജാവായ ഫറവോനെയും അവന്റെ ഭൃത്യന്മാരെയും പ്രഭുക്കന്മാരെയും
[20] സകലപ്രജകളെയും സർവ്വസമ്മിശ്രജനതയെയും ഊസ് ദേശത്തിലെ സകല രാജാക്കന്മാരെയും ഫെലിസ്ത്യദേശത്തിലെ സകല രാജാക്കന്മാരെയും അസ്കലോനെയും ഗസ്സയെയും എക്രോനെയും അസ്തോദിൽ ശേഷിപ്പുള്ളവരെയും
[21] ഏദോമിനെയും മോവാബിനെയും അമ്മോന്യരെയും സകല സോർ രാജാക്കന്മാരെയും
[22] സകല സീദോന്യരാജാക്കന്മാരെയും സമുദ്രത്തിനക്കരെയുള്ള ദ്വീപുകളിലെ രാജാക്കന്മാരെയും
[23] ദേദാനെയും തേമയെയും ബൂസിനെയും തലയുടെ അരികു വടിച്ചവരെ ഒക്കെയും എല്ലാ അരാബ്യരാജാക്കന്മാരെയും
[24] മരുവാസികളായ സമ്മിശ്രജനതയുടെ സകല രാജാക്കന്മാരെയും
[25] സകല സിമ്രിരാജാക്കന്മാരെയും ഏലാമിലെ സകല രാജാക്കന്മാരെയും മേദ്യരുടെ സകല രാജാക്കന്മാരെയും തമ്മിൽ അടുത്തും അകന്നും ഇരിക്കുന്ന
[26] എല്ലാ വടക്കെ രാജാക്കന്മാരെയും ഭൂമിയിലെ സകല ലോകരാജ്യങ്ങളെയും തന്നെ; ശേശക്ക് രാജാവ് അവർക്ക് ശേഷം കുടിക്കണം.
[27] നീ അവരോടു പറയേണ്ടത്: യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ കുടിച്ചു ലഹരിപിടിച്ച് ഛർദ്ദിച്ച്, ഞാൻ നിങ്ങളുടെ ഇടയിൽ അയയ്ക്കുന്ന വാളുകൊണ്ട് ഇനി എഴുന്നേല്ക്കാത്തവിധം വീഴുവിൻ.
[28] എന്നാൽ പാനപാത്രം നിന്റെ കൈയിൽനിന്നു വാങ്ങി കുടിക്കുവാൻ അവർക്ക് മനസ്സില്ലാതിരുന്നാൽ നീ അവരോടു പറയേണ്ടത്: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
[29] “നിങ്ങൾ കുടിച്ചേ മതിയാവൂ. എന്റെ നാമം വിളിക്കപ്പെട്ടിരിക്കുന്ന നഗരത്തിനു ഞാൻ അനർത്ഥം വരുത്തുവാൻ തുടങ്ങുന്നു; പിന്നെ നിങ്ങൾ കേവലം ശിക്ഷകൂടാതെ പോകുമോ? ശിക്ഷകൂടാതെ പോകയില്ല; ഞാൻ സകല ഭൂവാസികളുടെയുംമേൽ വാളിനെ വിളിച്ചുവരുത്തും” എന്ന് സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്.
[30] ആയതുകൊണ്ട് നീ ഈ വചനങ്ങൾ ഒക്കെയും അവരോട് പ്രവചിച്ചു പറയുക: “യഹോവ ഉയരത്തിൽനിന്ന് ഗർജ്ജിച്ച്, തന്റെ വിശുദ്ധനിവാസത്തിൽനിന്നു നാദം പുറപ്പെടുവിക്കുന്നു; അവിടുന്ന് തന്റെ മേച്ചില്പുറത്തെ നോക്കി ഉറക്കെ ഗർജ്ജിക്കുന്നു; മുന്തിരിച്ചക്ക് ചവിട്ടുന്നവരെപ്പോലെ അവിടുന്ന് സകലഭൂവാസികൾക്കും നേരെ ആർപ്പുവിളിക്കുന്നു.
[31] ആരവം ഭൂമിയുടെ അറ്റത്തോളം എത്തുന്നു; യഹോവയ്ക്ക് ജനതകളോട് ഒരു വ്യവഹാരം ഉണ്ട്; അവിടുന്ന് സകലജഡത്തോടും വ്യവഹരിച്ച് ദുഷ്ടന്മാരെ വാളിന് ഏല്പിക്കും” എന്ന് യഹോവയുടെ അരുളപ്പാട്.
[32] സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “അനർത്ഥം ജനതയിൽനിന്നു ജനതയിലേക്കു പുറപ്പെടുന്നു; ഭൂമിയുടെ അറ്റങ്ങളിൽനിന്നു വലിയ കൊടുങ്കാറ്റ് ഇളകിവരും.
[33] അന്നാളിൽ യഹോവയുടെ നിഹതന്മാർ ഭൂമിയുടെ ഒരറ്റംമുതൽ മറ്റെ അറ്റംവരെ വീണുകിടക്കും; അവരെക്കുറിച്ച് ആരും വിലപിക്കുകയില്ല; അവരെ ആരും കുഴിച്ചിടുകയില്ല; അവർ നിലത്തിനു വളമായിത്തീരും.
[34] ഇടയന്മാരേ, മുറയിട്ടു കരയുവിൻ! ആട്ടിൻകൂട്ടത്തിലെ ശ്രേഷ്ഠന്മാരേ, വെണ്ണീറിൽ കിടന്നുരുളുവിൻ; നിങ്ങളെ അറുക്കുവാനുള്ള കാലം തികഞ്ഞിരിക്കുന്നു; ഞാൻ നിങ്ങളെ ഉടച്ചുകളയും; നിങ്ങൾ മനോഹരമായ ഒരു പാത്രംപോലെ വീഴും;
[35] ഇടയന്മാർക്കു ശരണവും ആട്ടിൻകൂട്ടത്തിലെ ശ്രേഷ്ഠന്മാർക്കു ഉദ്ധാരണവും ഇല്ലാതെയാകും.
[36] യഹോവ മേച്ചില്പുറത്തെ പാഴാക്കിക്കളയുന്നതുകൊണ്ട് ഇടയന്മാരുടെ നിലവിളിയും ആട്ടിൻകൂട്ടത്തിലെ ശ്രേഷ്ഠന്മാരുടെ വിലാപവും കേൾക്കുവിൻ.
[37] സമാധാനമുള്ള മേച്ചില്പുറങ്ങൾ യഹോവയുടെ ഉഗ്രകോപംനിമിത്തം നശിച്ചുപോയിരിക്കുന്നു.
[38] അവിടുന്ന് ഒരു ബാലസിംഹമെന്നപോലെ തന്റെ മുറ്റുകാടു വിട്ടുവന്നിരിക്കുന്നു; പീഡിപ്പിക്കുന്ന വാൾകൊണ്ടും, തന്റെ ഉഗ്രകോപംകൊണ്ടും അവരുടെ ദേശം ശൂന്യമായിരിക്കുന്നു”.