[1] യോശീയാവിന്റെ മകൻ യെഹൂദാ രാജാവായ യെഹോയാക്കീമിന്റെ വാഴ്ചയുടെ നാലാം ആണ്ടിൽ യഹോവയിങ്കൽനിന്ന് യിരെമ്യാവിന് ഇപ്രകാരം അരുളപ്പാടുണ്ടായി:
[2] “നീ ഒരു പുസ്തകച്ചുരുൾ വാങ്ങി ഞാൻ യോശീയാവിന്റെ കാലത്ത് നിന്നോട് സംസാരിച്ചുതുടങ്ങിയ നാൾമുതൽ ഇന്നുവരെയും യിസ്രായേലിനെയും യെഹൂദയെയും സകലജനതകളെയുംകുറിച്ച് ഞാൻ നിന്നോട് അരുളിച്ചെയ്ത വചനങ്ങളെല്ലാം അതിൽ എഴുതുക.
[3] ഒരുപക്ഷേ, യെഹൂദാഗൃഹം ഞാൻ അവർക്ക് വരുത്തുവാൻ പോകുന്ന സകല അനർത്ഥത്തെയും കുറിച്ചു കേട്ടിട്ട് ഓരോരുത്തൻ അവനവന്റെ ദുർമ്മാർഗ്ഗം വിട്ടുതിരിയുവാനും ഞാൻ അവരുടെ അകൃത്യവും പാപവും ക്ഷമിക്കുവാനും ഇടവരും”.
[4] അങ്ങനെ യിരെമ്യാവ് നേര്യാവിന്റെ മകൻ ബാരൂക്കിനെ വിളിച്ചു; യഹോവ യിരെമ്യാവിനോട് അരുളിച്ചെയ്ത സകലവചനങ്ങളും അവന്റെ വാമൊഴിപ്രകാരം ബാരൂക്ക് ഒരു പുസ്തകച്ചുരുളിൽ എഴുതി.
[5] യിരെമ്യാവ് ബാരൂക്കിനോടു കല്പിച്ചത്: “ഞാൻ തടവിലാക്കപ്പെട്ടിരിക്കുന്നു; എനിക്ക് യഹോവയുടെ ആലയത്തിൽ പോകുവാൻ കഴിവില്ല.
[6] ആകയാൽ നീ ചെന്ന് എന്റെ വാമൊഴികേട്ട് എഴുതിയ ചുരുളിൽനിന്ന് യഹോവയുടെ വചനങ്ങളെ യഹോവയുടെ ആലയത്തിൽ ഉപവാസദിവസത്തിൽ തന്നെ ജനം കേൾക്കെ വായിക്കുക; അതത് പട്ടണങ്ങളിൽനിന്നു വരുന്ന എല്ലാ യെഹൂദയും കേൾക്കെ നീ അത് വായിക്കണം.
[7] ഒരുപക്ഷേ അവർ യഹോവയുടെ മുമ്പിൽ വീണ് അപേക്ഷിച്ചുകൊണ്ട് ഓരോരുത്തൻ അവനവന്റെ ദുർമ്മാർഗ്ഗം വിട്ടുതിരിയും; യഹോവ ഈ ജനത്തിനു വിധിച്ചിരിക്കുന്ന കോപവും ക്രോധവും വലിയതാണല്ലോ”.
[8] യിരെമ്യാപ്രവാചകൻ തന്നോട് കല്പിച്ചതുപോലെയെല്ലാം നേര്യാവിന്റെ മകനായ ബാരൂക്ക് ചെയ്തു; യഹോവയുടെ ആലയത്തിൽവച്ച് ആ പുസ്തകത്തിൽനിന്ന് യഹോവയുടെ വചനങ്ങൾ വായിച്ചു കേൾപ്പിച്ചു.
[9] യോശീയാവിന്റെ മകൻ യെഹൂദാ രാജാവായ യെഹോയാക്കീമിന്റെ വാഴ്ചയുടെ അഞ്ചാം ആണ്ടിൽ, ഒമ്പതാം മാസത്തിൽ, അവർ യെരൂശലേമിലെ സകലജനത്തിനും യെഹൂദാപട്ടണങ്ങളിൽനിന്ന് യെരൂശലേമിൽ വന്ന സകലജനത്തിനും യഹോവയുടെ മുമ്പാകെ ഒരു ഉപവാസം പ്രസിദ്ധമാക്കി,
[10] അപ്പോൾ ബാരൂക്ക് യഹോവയുടെ ആലയത്തിൽ, യഹോവയുടെ ആലയത്തിന്റെ പുതിയ വാതിലിന്റെ പ്രവേശനത്തിങ്കൽ, മുകളിലെ മുറ്റത്ത്, രായസക്കാരനായ ശാഫാന്റെ മകൻ ഗെമര്യാവിന്റെ മുറിയിൽ വച്ച് ആ പുസ്തകത്തിൽനിന്ന് യിരെമ്യാവിന്റെ വചനങ്ങൾ സകലജനത്തെയും വായിച്ചു കേൾപ്പിച്ചു.
[11] ശാഫാന്റെ മകനായ ഗെമര്യാവിന്റെ മകൻ മീഖായാവ് യഹോവയുടെ വചനങ്ങളെല്ലാം പുസ്തകത്തിൽനിന്ന് വായിച്ചു കേട്ടപ്പോൾ
[12] അവൻ രാജഗൃഹത്തിൽ രായസക്കാരന്റെ മുറിയിൽ ചെന്നു; അവിടെ സകലപ്രഭുക്കന്മാരും ഇരുന്നിരുന്നു; രായസക്കാരൻ എലീശാമായും ശെമയ്യാവിന്റെ മകൻ ദെലായാവും അഖ്ബോരിന്റെ മകൻ എൽനാഥാനും ശാഫാന്റെ മകൻ ഗെമര്യാവും ഹനന്യാവിന്റെ മകൻ സിദെക്കീയാവും ശേഷം പ്രഭുക്കന്മാരും തന്നെ.
[13] ബാരൂക്ക് ജനത്തെ പുസ്തകം വായിച്ചുകേൾപ്പിച്ചപ്പോൾ, താൻ കേട്ടിരുന്ന വചനങ്ങളെല്ലാം മീഖായാവ് അവരോടു പ്രസ്താവിച്ചു.
[14] അപ്പോൾ സകലപ്രഭുക്കന്മാരും കൂശിയുടെ മകനായ ശെലെമ്യാവിന്റെ മകനായ നഥന്യാവിന്റെ മകൻ യെഹൂദിയെ ബാരൂക്കിന്റെ അടുക്കൽ അയച്ചു: “നീ ജനത്തെ വായിച്ചുകേൾപ്പിച്ച പുസ്തകച്ചുരുൾ എടുത്തുകൊണ്ട് വരുക” എന്നു പറയിച്ചു; അങ്ങനെ നേര്യാവിന്റെ മകൻ ബാരൂക്ക് പുസ്തകച്ചുരുൾ എടുത്തുകൊണ്ട് അവരുടെ അടുക്കൽ വന്നു.
[15] അവർ അവനോട്: “ഇവിടെ ഇരുന്ന് അത് വായിച്ചുകേൾപ്പിക്കുക” എന്നു പറഞ്ഞു; ബാരൂക്ക് വായിച്ചു കേൾപ്പിച്ചു.
[16] ആ വചനങ്ങളെല്ലാം കേട്ടപ്പോൾ അവർ ഭയപ്പെട്ട് തമ്മിൽതമ്മിൽ നോക്കി, ബാരൂക്കിനോട്: “ഈ വചനങ്ങളെല്ലാം ഞങ്ങൾ രാജാവിനെ അറിയിക്കും” എന്ന് പറഞ്ഞു.
[17] “നീ ഈ വചനങ്ങളെല്ലാം എങ്ങനെയാകുന്നു എഴുതിയത്? അവൻ പറഞ്ഞുതന്നിട്ടോ? ഞങ്ങളോടു പറയുക” എന്ന് അവർ ബാരൂക്കിനോടു ചോദിച്ചു.
[18] ബാരൂക്ക് അവരോട്: “അവൻ ഈ വചനങ്ങളെല്ലാം പറഞ്ഞുതന്നു; ഞാൻ മഷികൊണ്ട് പുസ്തകത്തിൽ എഴുതി” എന്നുത്തരം പറഞ്ഞു.
[19] അപ്പോൾ പ്രഭുക്കന്മാർ ബാരൂക്കിനോട്: “പോയി നീയും യിരെമ്യാവും കൂടി ഒളിച്ചുകൊള്ളുക; നിങ്ങൾ എവിടെയാണെന്ന് ആരും അറിയരുത്” എന്നു പറഞ്ഞു.
[20] അനന്തരം അവർ പുസ്തകച്ചുരുൾ രായസക്കാരനായ എലീശാമയുടെ മുറിയിൽ വച്ചശേഷം, അരമനയിൽ രാജാവിന്റെ അടുക്കൽ ചെന്ന് ആ വചനങ്ങളെല്ലാം രാജാവിനെ ബോധിപ്പിച്ചു.
[21] രാജാവ് ചുരുൾ എടുത്തുകൊണ്ട് വരുവാൻ യെഹൂദിയെ അയച്ചു; അവൻ രായസക്കാരനായ എലീശാമയുടെ മുറിയിൽനിന്ന് അതെടുത്തു കൊണ്ടുവന്നു; യെഹൂദി അത് രാജാവിനെയും രാജാവിന്റെ ചുറ്റും നില്ക്കുന്ന സകലപ്രഭുക്കന്മാരെയും വായിച്ചു കേൾപ്പിച്ചു.
[22] ഒമ്പതാം മാസത്തിലെ ആ ദിവസം രാജാവ് ഹേമന്തഗൃഹത്തിൽ ഇരിക്കുകയായിരുന്നു; അവന്റെ മുമ്പാകെ നെരിപ്പോട്ടിൽ തീ കത്തിക്കൊണ്ടിരുന്നു.
[23] യെഹൂദി മൂന്നു നാല് ഭാഗം വായിച്ചുകഴിഞ്ഞപ്പോൾ രാജാവ് എഴുത്തുകാരന്റെ ഒരു കത്തികൊണ്ട് അത് മുറിച്ച് ചുരുൾ മുഴുവനും നെരിപ്പോട്ടിലെ തീയിൽ വെന്തുപോകുംവരെ നെരിപ്പോട്ടിൽ ഇട്ടുകൊണ്ടിരുന്നു.
[24] രാജാവോ, ആ വചനങ്ങളെല്ലാം കേട്ട ഭൃത്യന്മാരിൽ ആരെങ്കിലുമോ, ഭയപ്പെടുകയോ വസ്ത്രം കീറുകയോ ചെയ്തില്ല.
[25] “ചുരുൾ ചുട്ടുകളയരുതേ” എന്ന് എൽനാഥാനും ദെലായാവും ഗെമര്യാവും രാജാവിനോട് അപേക്ഷിച്ചു എങ്കിലും അവൻ അവരുടെ അപേക്ഷ കേട്ടില്ല.
[26] അനന്തരം ബാരൂക്ക് എന്ന എഴുത്തുകാരനെയും യിരെമ്യാപ്രവാചകനെയും പിടിക്കുവാൻ രാജാവ് രാജകുമാരനായ യെരഹ്മെയേലിനോടും അസ്രീയേലിന്റെ മകനായ സെരായാവിനോടും അബ്ദേലിന്റെ മകനായ ശെലെമ്യാവിനോടും കല്പിച്ചു; എന്നാൽ യഹോവ അവരെ ഒളിപ്പിച്ചു.
[27] ചുരുളും ബാരൂക്ക് യിരെമ്യാവിന്റെ വാമൊഴിപ്രകാരം എഴുതിയിരുന്ന വചനങ്ങളും രാജാവ് ചുട്ടുകളഞ്ഞശേഷം, യഹോവയുടെ അരുളപ്പാട് യിരെമ്യാവിനുണ്ടായി:
[28] “നീ മറ്റൊരു ചുരുൾ വാങ്ങി യെഹൂദാ രാജാവായ യെഹോയാക്കീം ചുട്ടുകളഞ്ഞ മുമ്പിലത്തെ ചുരുളിൽ ഉണ്ടായിരുന്ന സകലവചനങ്ങളും അതിൽ എഴുതുക.
[29] എന്നാൽ യെഹൂദാ രാജാവായ യെഹോയാക്കീമിനോട് നീ പറയേണ്ടത്: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ബാബേൽരാജാവ് വന്ന് ഈ ദേശത്തെ നശിപ്പിച്ച്, മനുഷ്യനെയും മൃഗത്തെയും നശിപ്പിച്ചുകളയും എന്നു നീ അതിൽ എഴുതിയത് എന്തിന്’ എന്നു പറഞ്ഞ് നീ ആ ചുരുൾ ചുട്ടുകളഞ്ഞുവല്ലോ.
[30] അതുകൊണ്ട് യെഹൂദാ രാജാവായ യെഹോയാക്കീമിനെക്കുറിച്ച് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “അവന് ദാവീദിന്റെ സിംഹാസനത്തിൽ ഇരിക്കുവാൻ ഒരുത്തനും ഉണ്ടാവുകയില്ല; അവന്റെ ശവം പകൽ വെയിലും രാത്രിയിൽ മഞ്ഞും ഏല്ക്കുവാൻ എറിഞ്ഞുകളയും.
[31] ഞാൻ അവനെയും അവന്റെ സന്തതിയെയും ഭൃത്യന്മാരെയും അവരുടെ അകൃത്യം നിമിത്തം സന്ദർശിക്കും; അവർക്കും യെരൂശലേം നിവാസികൾക്കും യെഹൂദാപുരുഷന്മാർക്കും വരുത്തുമെന്ന് ഞാൻ വിധിച്ചതും അവർ ശ്രദ്ധിക്കാത്തതുമായ സകല അനർത്ഥങ്ങളും ഞാൻ അവർക്ക് വരുത്തും”.
[32] അങ്ങനെ യിരെമ്യാവ് മറ്റൊരു ചുരുൾ എടുത്ത് നേര്യാവിന്റെ മകൻ ബാരൂക്ക് എന്ന എഴുത്തുകാരന്റെ കയ്യിൽ കൊടുത്തു; അവൻ യെഹൂദാ രാജാവായ യെഹോയാക്കീം തീയിൽ ഇട്ടു ചുട്ടുകളഞ്ഞ പുസ്തകത്തിലെ വചനങ്ങളെല്ലാം യിരെമ്യാവിന്റെ വാമൊഴിപ്രകാരം അതിൽ എഴുതി; അതുപോലെയുള്ള അനേകം വചനങ്ങളും ചേർത്തെഴുതുവാൻ സംഗതിവന്നു.