Skip to content
Opens in a new window
Listen to this chapter • 3:39

[1] യെഹോയാക്കീമിന്റെ മകനായ കൊന്യാവിനു പകരം യോശീയാവിന്റെ മകനായ സിദെക്കീയാവ് രാജാവായി; അവനെ ബാബേൽരാജാവായ നെബൂഖദ്നേസർ യെഹൂദാദേശത്ത് രാജാവാക്കിയിരുന്നു.

[2] എന്നാൽ അവനോ അവന്റെ ഭൃത്യന്മാരോ ദേശത്തിലെ ജനമോ യിരെമ്യാപ്രവാചകൻ മുഖാന്തരം യഹോവ അരുളിച്ചെയ്ത വചനങ്ങൾ കേട്ടനുസരിച്ചില്ല.

[3] സിദെക്കീയാരാജാവ് ശെലെമ്യാവിന്റെ മകനായ യെഹൂഖലിനെയും മയസേയാവിന്റെ മകനായ സെഫന്യാപുരോഹിതനെയും യിരെമ്യാപ്രവാചകന്റെ അടുക്കൽ അയച്ചു: “നീ നമ്മുടെ ദൈവമായ യഹോവയോട് ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം” എന്ന് പറയിച്ചു.

[4] യിരെമ്യാവ് ജനത്തിന്റെ ഇടയിൽ വരുകയും പോവുകയും ചെയ്യുന്നുണ്ടായിരുന്നു; അവനെ തടവിലാക്കിയിരുന്നില്ല.

[5] ‘ഫറവോന്റെ സൈന്യം ഈജിപ്റ്റിൽനിന്നു പുറപ്പെട്ടു’ എന്ന വർത്തമാനം യെരൂശലേമിനെ നിരോധിച്ചുപാർത്തിരുന്ന കല്ദയർ കേട്ടപ്പോൾ അവർ യെരൂശലേം വിട്ടുപോയി.

[6] അന്ന് യിരെമ്യാപ്രവാചകന് യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ:

[7] “യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “അരുളപ്പാട് ചോദിക്കുവാൻ നിങ്ങളെ എന്റെ അടുക്കൽ അയച്ച യെഹൂദാരാജാവിനോട് നിങ്ങൾ പറയേണ്ടത്: “നിങ്ങൾക്ക് സഹായത്തിനായി പുറപ്പെട്ടിരിക്കുന്ന ഫറവോന്റെ സൈന്യം അവരുടെ ദേശമായ ഈജിപ്റ്റിലേക്ക് മടങ്ങിപ്പോകും.

[8] കല്ദയരോ മടങ്ങിവന്ന് ഈ നഗരത്തോടു യുദ്ധം ചെയ്ത് അതിനെ പിടിച്ച് തീ വെച്ചു ചുട്ടുകളയും.

[9] യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘കല്ദയർ തീർച്ചയായും നമ്മെ വിട്ടുപോകും’ എന്നു പറഞ്ഞ് നിങ്ങളെത്തന്നെ വഞ്ചിക്കരുത്; അവർ വിട്ടുപോകുകയില്ല.

[10] നിങ്ങളോടു യുദ്ധം ചെയ്യുന്ന കല്ദയരുടെ സർവ്വസൈന്യത്തെയും നിങ്ങൾ തോല്പിക്കുകയും, മുറിവേറ്റ ചിലർ മാത്രം ശേഷിച്ചിരിക്കുകയും ചെയ്താലും, അവർ ഓരോരുത്തൻ അവനവന്റെ കൂടാരത്തിൽനിന്ന് എഴുന്നേറ്റുവന്ന് ഈ നഗരത്തെ തീവച്ച് ചുട്ടുകളയും”.

[11] ഫറവോന്റെ സൈന്യംനിമിത്തം കല്ദയരുടെ സൈന്യം യെരൂശലേം വിട്ടുപോയപ്പോൾ

[12] യിരെമ്യാവ് ബെന്യാമീൻദേശത്തു ചെന്ന് സ്വജനത്തിന്റെ ഇടയിൽ തന്റെ ഓഹരി വാങ്ങുവാൻ യെരൂശലേമിൽ നിന്നു പുറപ്പെട്ടു.

[13] അവൻ ബെന്യാമീൻവാതില്ക്കൽ എത്തിയപ്പോൾ, അവിടത്തെ കാവല്ക്കാരുടെ അധിപതിയായി ഹനന്യാവിന്റെ മകനായ ശെലെമ്യാവിന്റെ മകൻ യിരീയാവ് എന്നു പേരുള്ളവൻ യിരെമ്യാപ്രവാചകനെ പിടിച്ച്: “നീ കല്ദയരുടെ പക്ഷം ചേരുവാൻ പോകുന്നു” എന്നു പറഞ്ഞു.

[14] അതിന് യിരെമ്യാവ്: “അത് നേരല്ല, ഞാൻ കല്ദയരുടെ പക്ഷം ചേരുവാനല്ല പോകുന്നത്” എന്ന് പറഞ്ഞു; യിരീയാവ് അത് ശ്രദ്ധിക്കാതെ യിരെമ്യാവിനെ പിടിച്ച് പ്രഭുക്കന്മാരുടെ അടുക്കൽ കൊണ്ടുചെന്നു.

[15] പ്രഭുക്കന്മാർ യിരെമ്യാവിനോട് കോപിച്ച്, അവനെ അടിച്ച് രായസക്കാരനായ യോനാഥാന്റെ വീട്ടിൽ തടവിൽവച്ചു; അതിനെ അവർ കാരാഗൃഹമാക്കിയിരുന്നു.

[16] അങ്ങനെ യിരെമ്യാവിന് കുണ്ടറയിലെ നിലവറകളിൽ വളരെനാൾ പാർക്കേണ്ടിവന്നു.

[17] അനന്തരം സിദെക്കീയാരാജാവ് ആളയച്ച് അവനെ വരുത്തി: “യഹോവയിങ്കൽനിന്ന് വല്ല അരുളപ്പാടും ഉണ്ടോ” എന്ന് രാജാവ് അരമനയിൽവച്ച് അവനോട് രഹസ്യമായി ചോദിച്ചു; അതിന് യിരെമ്യാവ്: “ഉണ്ട്; നീ ബാബേൽരാജാവിന്റെ കയ്യിൽ ഏല്പിക്കപ്പെടും” എന്ന് പറഞ്ഞു.

[18] പിന്നെ യിരെമ്യാവ് സിദെക്കീയാരാജാവിനോട് പറഞ്ഞത്: “നിങ്ങൾ എന്നെ കാരാഗൃഹത്തിൽ ആക്കുവാൻ തക്കവണ്ണം ഞാൻ നിന്നോടോ നിന്റെ ഭൃത്യന്മാരോടോ ഈ ജനത്തോടോ എന്ത് കുറ്റം ചെയ്തു?

[19] ‘ബാബേൽരാജാവ് നിങ്ങളുടെ നേരെയും ഈ ദേശത്തിന്റെ നേരെയും വരുകയില്ല’ എന്ന് നിങ്ങളോടു പ്രവചിച്ച നിങ്ങളുടെ പ്രവാചകന്മാർ ഇപ്പോൾ എവിടെ?

[20] ആകയാൽ യജമാനനായ രാജാവേ, കേൾക്കണമേ! എന്റെ അപേക്ഷ തിരുമനസ്സുകൊണ്ട് കൈക്കൊള്ളണമേ! ഞാൻ രായസക്കാരനായ യോനാഥാന്റെ വീട്ടിൽ കിടന്ന് മരിക്കാതെയിരിക്കേണ്ടതിന് എന്നെ വീണ്ടും അവിടെ അയയ്ക്കരുതേ”.

[21] അപ്പോൾ സിദെക്കീയാരാജാവ്: യിരെമ്യാവിനെ കാവൽപ്പുരമുറ്റത്ത് ഏല്പിക്കുവാനും നഗരത്തിൽ ആഹാരം തീരെ ഇല്ലാതാകുംവരെ അപ്പക്കാരുടെ തെരുവിൽനിന്ന് ദിവസംപ്രതി ഓരോ അപ്പം അവന് കൊടുക്കുവാനും കല്പിച്ചു. അങ്ങനെ യിരെമ്യാവ് കാവൽപ്പുരമുറ്റത്ത് പാർത്തു.

യിരെമ്യാവ് — Chapters