[1] യഹോവേ ഞാൻ അങ്ങയോടു വാദിച്ചാൽ അവിടുന്ന് നീതിമാനായിരിക്കും; എങ്കിലും ന്യായങ്ങളെക്കുറിച്ച് ഞാൻ അങ്ങയോട് ചോദിക്കുവാൻ തുനിയുന്നു; ദുഷ്ടന്മാരുടെ വഴി ശുഭമായിരിക്കുവാൻ സംഗതി എന്ത്? ദ്രോഹം പ്രവർത്തിക്കുന്നവരെല്ലാം നിർഭയരായിരിക്കുന്നതെന്ത്?
[2] അങ്ങ് അവരെ നട്ടു; അവർ വേരൂന്നി വളർന്ന് ഫലം കായ്ക്കുന്നു; അവരുടെ വായിൽ അവിടുന്ന് സമീപസ്ഥനായും അന്തരംഗത്തിൽ ദൂരസ്ഥനായും ഇരിക്കുന്നു.
[3] എന്നാൽ യഹോവേ, എന്നെ അങ്ങ് അറിയുന്നു; അവിടുന്ന് എന്നെ കണ്ട് അവിടുത്തെ സന്നിധിയിൽ എന്റെ ഹൃദയത്തെ ശോധനചെയ്യുന്നു; അറുക്കുവാനുള്ള ആടുകളെപ്പോലെ അവരെ വലിച്ചിഴയ്ക്കണമേ; കൊലദിവസത്തിനായി അവരെ ഒരുക്കണമേ.
[4] ദേശം ദുഃഖിക്കുന്നതും നിലത്തിലെ സസ്യമൊക്കെയും വാടുന്നതും എത്രത്തോളം? നിവാസികളുടെ ദുഷ്ടതനിമിത്തം മൃഗങ്ങളും പക്ഷികളും നശിച്ചുപോകുന്നു; ഇവൻ ഞങ്ങളുടെ അവസാനം കാണുകയില്ല” എന്ന് അവർ പറയുന്നു.
[5] “കാലാളുകളോടുകൂടി ഓടിയിട്ട് നീ ക്ഷീണിച്ചുപോയാൽ, കുതിരകളോട് എങ്ങനെ മത്സരിച്ചോടും? സമാധാനമുള്ള ദേശത്ത് നീ നിർഭയനായിരിക്കുന്നു; എന്നാൽ യോർദ്ദാന്റെ വൻകാട്ടിൽ നീ എന്ത് ചെയ്യും?”
[6] “നിന്റെ സഹോദരന്മാരും പിതൃഭവനവും നിന്നോട് ദ്രോഹം ചെയ്തിരിക്കുന്നു; അവരും നിന്റെ പിന്നാലെ ആർപ്പുവിളിക്കുന്നു; അവർ നിന്നോട് മധുരവാക്കു പറഞ്ഞാലും അവരെ വിശ്വസിക്കരുത്.
[7] ഞാൻ എന്റെ ആലയത്തെ ഉപേക്ഷിച്ച്, എന്റെ അവകാശത്തെ ത്യജിച്ച്, എന്റെ പ്രാണപ്രിയയെ ശത്രുക്കളുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു.
[8] എന്റെ അവകാശം എനിക്ക് കാട്ടിലെ സിംഹംപോലെ ആയിരിക്കുന്നു; അത് എന്റെ നേരെ ഗർജ്ജിക്കുന്നു; അതുകൊണ്ട് ഞാൻ അതിനെ വെറുക്കുന്നു.
[9] എന്റെ അവകാശം എനിക്ക് പുള്ളിക്കഴുകനെപ്പോലെയോ? കഴുകന്മാർ അതിനെ ചുറ്റിയിരിക്കുന്നുവോ? നിങ്ങൾ ചെന്ന് എല്ലാ കാട്ടുമൃഗങ്ങളെയും കൂട്ടി, അവരെ വിഴുങ്ങുവാൻ വരുവിൻ.
[10] അനേകം ഇടയന്മാർ എന്റെ മുന്തിരിത്തോട്ടം നശിപ്പിക്കുകയും എന്റെ ഓഹരി ചവിട്ടിക്കളയുകയും, എന്റെ മനോഹരമായ ഓഹരിയെ ശൂന്യമരുഭൂമിയാക്കുകയും ചെയ്തിരിക്കുന്നു.
[11] അവർ അതിനെ ശൂന്യമാക്കിയിരിക്കുന്നു; ശൂന്യമായിത്തീർന്നതിനാൽ അത് എന്നോട് സങ്കടം പറയുന്നു; ആരും ശ്രദ്ധിക്കാത്തതിനാൽ ദേശം എല്ലാം ശൂന്യമായിപ്പോയിരിക്കുന്നു.
[12] കവർച്ചക്കാർ മരുഭൂമിയിലെ മൊട്ടക്കുന്നിന്മേൽ എല്ലായിടവും വന്നിരിക്കുന്നു; യഹോവയുടെ വാൾ ദേശത്തെ ഒരറ്റംമുതൽ മറ്റേഅറ്റം വരെ തിന്നുകളയുന്നു; ഒരു ജഡത്തിനും സമാധാനം ഇല്ല.
[13] അവർ ഗോതമ്പു വിതച്ച്, മുള്ളു കൊയ്തു; അവർ പ്രയാസപ്പെട്ടു; ഒരു ഫലവും ഉണ്ടായില്ല; യഹോവയുടെ ഉഗ്രകോപംനിമിത്തം അവർ അവരുടെ വിളവിനെക്കുറിച്ച് ലജ്ജിക്കും”.
[14] ഞാൻ എന്റെ ജനമായ യിസ്രായേലിനു കൊടുത്തിരിക്കുന്ന അവകാശത്തെ തൊടുന്ന ദുഷ്ടന്മാരായ എന്റെ എല്ലാ അയൽക്കാരെയും കുറിച്ച് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ അവരെ അവരുടെ ദേശത്തുനിന്ന് പറിച്ചുകളയും; യെഹൂദാഗൃഹത്തെ ഞാൻ അവരുടെ ഇടയിൽനിന്ന് പറിച്ചുകളയും.
[15] അവരെ പറിച്ചുകളഞ്ഞ ശേഷം ഞാൻ വീണ്ടും അവരോടു കരുണ കാണിച്ച് ഓരോരുത്തനെ അവനവന്റെ അവകാശത്തിലേക്കും ദേശത്തിലേക്കും തിരിച്ചുവരുത്തും.
[16] അവർ എന്റെ ജനത്തെ ബാലിന്റെ നാമത്തിൽ സത്യം ചെയ്യുവാൻ പഠിപ്പിച്ചതുപോലെ, ‘യഹോവയാണ’ എന്ന് എന്റെ നാമത്തിൽ സത്യം ചെയ്യുവാൻ തക്കവണ്ണം എന്റെ ജനത്തിന്റെ വഴികളെ താത്പര്യത്തോടെ പഠിക്കുമെങ്കിൽ, അവർ എന്റെ ജനത്തിന്റെ മദ്ധ്യത്തിൽ അഭിവൃദ്ധിപ്രാപിക്കും.
[17] അവർ കേട്ടനുസരിക്കുന്നില്ലെങ്കിൽ, ഞാൻ ആ ജനതയെ പറിച്ച് നശിപ്പിച്ചുകളയും” എന്ന് യഹോവയുടെ അരുളപ്പാട്.