Skip to content
Opens in a new window
Listen to this chapter • 4:34

[1] യിരെമ്യാവ് കാവല്പുരമുറ്റത്ത് തടവിലാക്കപ്പെട്ടിരിക്കുമ്പോൾ യഹോവയുടെ അരുളപ്പാട് രണ്ടാം പ്രാവശ്യം അവനുണ്ടായതെന്തെന്നാൽ:

[2] “ഭൂമിയെ നിർമ്മിച്ചവനും, അതിനെ ഉറപ്പിച്ചവനുമായ യഹോവ, യഹോവ എന്ന് നാമം ഉള്ളവൻ തന്നെ, ഇപ്രകാരം അരുളിച്ചെയ്യുന്നു;

[3] “എന്നെ വിളിച്ചപേക്ഷിക്കുക; ഞാൻ നിനക്ക് ഉത്തരം അരുളും; നീ അറിയാത്ത മഹത്തും അഗോചരവുമായ കാര്യങ്ങൾ ഞാൻ നിന്നെ അറിയിക്കും.

[4] ഉപരോധദുർഗ്ഗങ്ങൾക്കും വാളിനും എതിരെ തടുത്തു നില്ക്കേണ്ടതിനായി ഈ നഗരത്തിൽ പൊളിച്ചിട്ടിരിക്കുന്ന വീടുകളെയും യെഹൂദാ രാജാക്കന്മാരുടെ അരമനകളെയും കുറിച്ച് യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു.

[5] അവർ കൽദയരോടു യുദ്ധം ചെയ്യുവാൻ ചെല്ലുന്നു; എന്നാൽ അത്, ഞാൻ എന്റെ കോപത്തിലും എന്റെ ക്രോധത്തിലും സംഹരിച്ചിരിക്കുന്ന മനുഷ്യരുടെ ശവങ്ങൾകൊണ്ട് അവയെ നിറയ്ക്കുവാനത്രേ; അവരുടെ സകലദോഷവും നിമിത്തം ഞാൻ എന്റെ മുഖത്തെ ഈ നഗരത്തിനു മറച്ചിരിക്കുന്നു.

[6] ഇതാ, ഞാൻ രോഗശാന്തിയും ആരോഗ്യവും വരുത്തി അവരെ സൗഖ്യമാക്കുകയും സമാധാനത്തിന്റെയും സത്യത്തിന്റെയും സമൃദ്ധി അവർക്ക് വെളിപ്പെടുത്തുകയും ചെയ്യും.

[7] ഞാൻ യെഹൂദയുടെ പ്രവാസികളെയും യിസ്രായേലിന്റെ പ്രവാസികളെയും മടക്കിവരുത്തി പണ്ടത്തെപ്പോലെ അവർക്ക് അഭിവൃദ്ധി വരുത്തും.

[8] അവർ എന്നോട് പാപം ചെയ്ത സകല അകൃത്യവും ഞാൻ നീക്കി അവരെ ശുദ്ധീകരിക്കുകയും, അവർ എനിക്കെതിരെ ചെയ്ത ദ്രോഹപൂർവമായ സകല അകൃത്യങ്ങളെയും മോചിക്കുകയും ചെയ്യും.

[9] ഞാൻ അവർക്ക് ചെയ്യുന്ന എല്ലാനന്മയെയും കുറിച്ച് കേൾക്കുന്ന സകലഭൂജാതികളുടെയും മുമ്പിൽ അത് എനിക്ക് ആനന്ദനാമവും പ്രശംസയും മഹത്ത്വവും ആയിരിക്കും; ഞാൻ അതിന് വരുത്തുന്ന എല്ലാ നന്മയും സർവ്വസമാധാനവും നിമിത്തം അവർ പേടിച്ചു വിറയ്ക്കും”.

[10] യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “മനുഷ്യരും മൃഗവും ഇല്ലാതെ ശൂന്യമായിരിക്കുന്നു” എന്ന് നിങ്ങൾ പറയുന്ന ഈ സ്ഥലത്തും യെഹൂദാപട്ടണങ്ങളിലും മനുഷ്യനോ, നിവാസികളോ, മൃഗമോ ഇല്ലാതെ ശൂന്യമായിരിക്കുന്ന യെരൂശലേം വീഥികളിലും

[11] ഇനിയും ആനന്ദഘോഷവും സന്തോഷധ്വനിയും മണവാളന്റെ സ്വരവും മണവാട്ടിയുടെ സ്വരവും: ‘സൈന്യങ്ങളുടെ യഹോവയെ സ്തുതിക്കുവിൻ, യഹോവ നല്ലവനല്ലോ, അവന്റെ ദയ എന്നേക്കുമുള്ളത്’ എന്ന് പറയുന്നവരുടെ ശബ്ദവും യഹോവയുടെ ആലയത്തിൽ സ്തോത്രയാഗം കൊണ്ടുവരുന്നവരുടെ ശബ്ദവും കേൾക്കും; ഞാൻ ദേശത്തിന്റെ സ്ഥിതി മാറ്റി പണ്ടത്തെപ്പോലെ ആക്കും” എന്ന് യഹോവ അരുളിച്ചെയ്യുന്നു.

[12] സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “മനുഷ്യനും മൃഗവും ഇല്ലാതെ ശൂന്യമായിരിക്കുന്ന ഈ സ്ഥലത്തും അതിന്റെ സകലപട്ടണങ്ങളിലും ആടുകളെ കിടത്തുന്ന ഇടയന്മാർക്ക് ഇനിയും മേച്ചിൽപുറം ഉണ്ടാകും;

[13] മലനാട്ടിലെ പട്ടണങ്ങളിലും താഴ്വീതിയിലെ പട്ടണങ്ങളിലും തെക്കെ പട്ടണങ്ങളിലും ബെന്യാമീൻദേശത്തും യെരൂശലേമിന്റെ ചുറ്റുമുള്ള സ്ഥലങ്ങളിലും യെഹൂദാപട്ടണങ്ങളിലും ആടുകൾ എണ്ണുന്നവന്റെ കൈക്കു കീഴെ ഇനിയും കടന്നുപോകും” എന്ന് യഹോവ അരുളിച്ചെയ്യുന്നു.

[14] “ഞാൻ യിസ്രായേൽ ഗൃഹത്തോടും യെഹൂദാഗൃഹത്തോടും അരുളിച്ചെയ്ത നല്ലവചനം നിവർത്തിക്കുന്ന കാലം വരും” എന്ന് യഹോവയുടെ അരുളപ്പാട്.

[15] ആ നാളുകളിലും ആ കാലത്തും ഞാൻ ദാവീദിന് നീതിയുള്ള ഒരു മുളയെ മുളപ്പിക്കും; അവൻ ദേശത്ത് നീതിയും ന്യായവും നടത്തും.

[16] ആ നാളിൽ യെഹൂദാ രക്ഷിക്കപ്പെടും; യെരൂശലേം നിർഭയമായി വസിക്കും; അതിന് ‘യഹോവ നമ്മുടെ നീതി’ എന്ന് പേര് പറയും”.

[17] യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “യിസ്രായേൽ ഗൃഹത്തിന്റെ സിംഹാസനത്തിൽ ഇരിക്കുവാൻ ദാവീദിന് ഒരു പുരുഷൻ ഇല്ലാതെ വരുകയില്ല.

[18] ദിനംപ്രതി ഹോമയാഗം കഴിക്കുവാനും ഭോജനയാഗം ദഹിപ്പിക്കുവാനും ഹനനയാഗം അർപ്പിക്കുവാനും എന്റെ മുമ്പാകെ ലേവ്യ പുരോഹിതന്മാർക്ക് ഒരു പുരുഷൻ ഇല്ലാതെ വരുകയുമില്ല”.

[19] യിരെമ്യാവിന് യഹോവയുടെ അരുളപ്പാട് ഉണ്ടായതെന്തെന്നാൽ:

[20] “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “തക്കസമയത്ത് പകലും രാവും ഇല്ലാതിരിക്കത്തക്കവിധം പകലിനോടുള്ള എന്റെ നിയമവും രാത്രിയോടുള്ള എന്റെ നിയമവും ലംഘിക്കുവാൻ നിങ്ങൾക്ക് കഴിയുമെങ്കിൽ,

[21] എന്റെ ദാസനായ ദാവീദിന് അവന്റെ സിംഹാസനത്തിൽ ഇരുന്നു വാഴുവാൻ ഒരു മകൻ ഇല്ലാതെ വരത്തക്കവിധം അവനോടും എന്റെ ശുശ്രൂഷകന്മാരായ ലേവ്യപുരോഹിതന്മാരോടും ഉള്ള എന്റെ നിയമവും ഛേദിക്കപ്പെട്ടേക്കാം.

[22] ആകാശത്തിലെ സൈന്യത്തെ എണ്ണുവാനും കടല്പുറത്തെ മണൽ അളക്കുവാനും കഴിയാത്തതുപോലെ ഞാൻ എന്റെ ദാസനായ ദാവീദിന്റെ സന്തതിയെയും എന്റെ ശുശ്രൂഷകന്മാരായ ലേവ്യരെയും വർദ്ധിപ്പിക്കും.

[23] യഹോവയുടെ അരുളപ്പാട് യിരെമ്യാവിനുണ്ടായതെന്തെന്നാൽ:

[24] “യഹോവ തിരഞ്ഞെടുത്തിരിക്കുന്ന രണ്ടു വംശങ്ങളെയും അവൻ തള്ളിക്കളഞ്ഞു എന്ന് ഈ ജനം പറയുന്നത് നീ ശ്രദ്ധിക്കുന്നില്ലയോ? ഇങ്ങനെ അവൻ എന്റെ ജനത്തെ ‘അത് ഇനി ഒരു ജനതയല്ല’ എന്നു ദുഷിച്ചു പറയുന്നു”.

[25] യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു; “പകലിനോടും രാത്രിയോടും ഉള്ള എന്റെ നിയമം നിലനില്‍ക്കുന്നില്ലെങ്കിൽ, ഞാൻ ആകാശത്തിന്റെയും ഭൂമിയുടെയും വ്യവസ്ഥ നിയമിച്ചിട്ടില്ലെങ്കിൽ,

[26] ഞാൻ യാക്കോബിന്റെയും എന്റെ ദാസനായ ദാവീദിന്റെയും സന്തതിയെ അബ്രാഹാമിന്‍റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും സന്തതിക്ക് അധിപതിമാരായിരിക്കുവാൻ അവന്റെ സന്തതിയിൽനിന്ന് ഒരാളെ എടുക്കാത്തവിധം തള്ളിക്കളയും. അവരുടെ പ്രവാസികളെ ഞാൻ മടക്കിവരുത്തുകയും അവരോട് കരുണ കാണിക്കുകയും ചെയ്യും”.

യിരെമ്യാവ് — Chapters