Skip to content
Opens in a new window
Listen to this chapter • 4:54

[1] യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “അകത്തെ പ്രാകാരത്തിന്റെ കിഴക്കോട്ടു ദർശനമുള്ള ഗോപുരം ആറ് പ്രവൃത്തിദിവസങ്ങളിലും അടച്ചിരിക്കണം; ശബ്ബത്തുനാളിലും അമാവാസിയിലും അത് തുറന്നിരിക്കണം.

[2] എന്നാൽ പ്രഭു പുറത്തുനിന്ന് ആ ഗോപുരത്തിന്റെ പൂമുഖംവഴിയായി കടന്നുചെന്ന്, ഗോപുരത്തിന്റെ കട്ടിളത്തൂണിനരികിൽ നില്‍ക്കണം; പുരോഹിതൻ അവന്റെ ഹോമയാഗവും സമാധാനയാഗവും അർപ്പിക്കുമ്പോൾ അവൻ ഗോപുരത്തിന്റെ ഉമ്മരപ്പടിക്കൽ നമസ്കരിക്കണം; പിന്നെ അവൻ പുറത്തേക്ക് പോകണം: എന്നാൽ ഗോപുരം സന്ധ്യവരെ അടയ്ക്കാതെയിരിക്കണം.

[3] ദേശത്തെ ജനം ശബ്ബത്തുകളിലും അമാവാസികളിലും ഈ ഗോപുരപ്രവേശനത്തിങ്കൽ യഹോവയുടെ സന്നിധിയിൽ നമസ്കരിക്കണം.

[4] പ്രഭു ശബ്ബത്തുനാളിൽ യഹോവയ്ക്ക് ഹോമയാഗമായി ഊനമില്ലാത്ത ആറ് കുഞ്ഞാടുകളെയും ഊനമില്ലാത്ത ഒരു മുട്ടാടിനെയും അർപ്പിക്കണം.

[5] ഭോജനയാഗമായി അവൻ മുട്ടാടിന് ഒരു ഏഫയും കുഞ്ഞാടുകൾക്ക് തന്റെ പ്രാപ്തിപോലെയുള്ള ഭോജനയാഗവും, ഏഫ ഒന്നിന് ഒരു ഹീൻ എണ്ണവീതവും അർപ്പിക്കണം.

[6] അമാവാസിദിവസത്തിൽ ഊനമില്ലാത്ത ഒരു കാളക്കുട്ടിയെയും ആറ് കുഞ്ഞാടുകളെയും ഒരു മുട്ടാടിനെയും അർപ്പിക്കണം; ഇവയും ഊനമില്ലാത്തവ ആയിരിക്കണം.

[7] ഭോജനയാഗമായി അവൻ കാളയ്ക്ക് ഒരു ഏഫയും മുട്ടാടിന് ഒരു ഏഫയും കുഞ്ഞാടുകൾക്കു തന്റെ പ്രാപ്തിപോലെയും ഏഫ ഒന്നിന് ഒരു ഹീൻ എണ്ണവീതവും അർപ്പിക്കണം.

[8] അധിപതി വരുമ്പോൾ അവൻ ഗോപുരത്തിന്റെ പൂമുഖംവഴിയായി കടക്കുകയും ആ വഴിയായി തന്നെ പുറത്തേക്ക് പോകുകയും വേണം.

[9] എന്നാൽ ദേശത്തെ ജനം ഉത്സവങ്ങളിൽ യഹോവയുടെ സന്നിധിയിൽ വരുമ്പോൾ, വടക്കെ ഗോപുരംവഴി നമസ്കരിക്കുവാൻ വരുന്നവൻ തെക്കെഗോപുരം വഴി പുറത്തേക്ക് പോകുകയും തെക്കെഗോപുരം വഴി വരുന്നവൻ വടക്കെ ഗോപുരംവഴി പുറത്തേക്ക് പോകുകയും വേണം; താൻ വന്ന ഗോപുരംവഴിയായി മടങ്ങിപ്പോകാതെ അതിനെതിരെയുള്ളതിൽകൂടി പുറത്തേക്ക് പോകണം.

[10] അവർ വരുമ്പോൾ പ്രഭുവും അവരുടെ മദ്ധ്യത്തിൽ വരുകയും അവർ പോകുമ്പോൾ അവനും കൂടെ പോകുകയും വേണം.

[11] വിശേഷദിവസങ്ങളിലും ഉത്സവങ്ങളിലും ഭോജനയാഗം, കാളയ്ക്ക് ഒരു ഏഫയും മുട്ടാടിന് ഒരു ഏഫയും കുഞ്ഞാടുകൾക്ക് തന്റെ പ്രാപ്തിപോലെയും ഏഫയ്ക്ക് ഒരു ഹീൻ എണ്ണയും വീതം ആയിരിക്കണം.

[12] എന്നാൽ അധിപതി സ്വമേധാദാനമായ ഹോമയാഗമോ സ്വമേധാദാനമായ സമാധാനയാഗങ്ങളോ യഹോവയ്ക്ക് അർപ്പിക്കുമ്പോൾ കിഴക്കോട്ടു ദർശനമുള്ള ഗോപുരം അവനു തുറന്നുകൊടുക്കണം; അവൻ ശബ്ബത്തുനാളിൽ ചെയ്യുന്നതുപോലെ തന്റെ ഹോമയാഗവും സമാധാനയാഗങ്ങളും അർപ്പിക്കണം; പിന്നെ അവൻ പുറത്തേക്ക് പോകണം; അവൻ പുറത്തേക്ക് പോയശേഷം ഗോപുരം അടയ്ക്കണം.

[13] ഒരു വയസ്സു പ്രായമുള്ളതും ഊനമില്ലാത്തതുമായ ഒരു കുഞ്ഞാടിനെ നീ ദിനംപ്രതി യഹോവയ്ക്കു ഹോമയാഗമായി അർപ്പിക്കണം; രാവിലെതോറും അതിനെ അർപ്പിക്കണം.

[14] അതിന്റെ ഭോജനയാഗമായി നീ രാവിലെതോറും ഏഫയിൽ ആറിലൊന്നും നേരിയ മാവു നനയ്ക്കേണ്ടതിന് ഹീനിൽ മൂന്നിലൊന്ന് എണ്ണയും അർപ്പിക്കണം; അത് ഒരു ശാശ്വതനിയമമായി യഹോവയ്ക്കുള്ള നിരന്തരഭോജനയാഗം.

[15] ഇങ്ങനെ നിരന്തരഹോമയാഗമായി കുഞ്ഞാടും, ഭോജനയാഗവും എണ്ണയും അവർ രാവിലെതോറും അർപ്പിക്കണം”.

[16] യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “അധിപതി തന്റെ പുത്രന്മാരിൽ ഒരുവന് ഒരു ദാനം കൊടുക്കുന്നുവെങ്കിൽ അത് അവന്റെ അവകാശമായി അവന്റെ പുത്രന്മാർക്കുള്ളതായിരിക്കണം; അത് അവകാശമായി അവരുടെ കൈവശം ഇരിക്കണം.

[17] എന്നാൽ അവൻ തന്റെ ദാസന്മാരിൽ ഒരുവന് തന്റെ അവകാശത്തിൽനിന്ന് ഒരു ദാനം കൊടുക്കുന്നുവെങ്കിൽ അത് വിമോചനവർഷം വരെ അവനുള്ളതായിരിക്കണം; പിന്നത്തേതിൽ അത് പ്രഭുവിനു തിരികെ ചേരേണം; അതിന്റെ അവകാശം അവന്റെ പുത്രന്മാർക്കു തന്നെ ഇരിക്കണം.

[18] അധിപതി ജനത്തെ അവരുടെ അവകാശത്തിൽനിന്നു നീക്കി അവരുടെ അവകാശത്തിലൊന്നും അപഹരിക്കരുത്; എന്റെ ജനത്തിൽ ഓരോരുത്തനും അവനവന്റെ അവകാശം കൈവിട്ടു പോകാതെയിരിക്കുവാൻ അവൻ സ്വന്തഅവകാശത്തിൽനിന്നു തന്നെ തന്റെ പുത്രന്മാർക്ക് അവകാശം കൊടുക്കണം”.

[19] പിന്നെ അവൻ ഗോപുരത്തിന്റെ പാർശ്വത്തിലുള്ള പ്രവേശനത്തിൽകൂടി എന്നെ വടക്കോട്ടു ദർശനമുള്ളതായ, പുരോഹിതന്മാരുടെ വിശുദ്ധമണ്ഡപങ്ങളിലേക്കു കൊണ്ടുചെന്നു; അവിടെ ഞാൻ പടിഞ്ഞാറെ അറ്റത്ത് ഒരു സ്ഥലം കണ്ടു.

[20] അവൻ എന്നോട്: “പുരോഹിതന്മാർ അകൃത്യയാഗവും പാപയാഗവും പാകം ചെയ്യുന്നതും, ഭോജനയാഗം ചുടുന്നതുമായ സ്ഥലം ഇതാകുന്നു; അവർ ജനത്തെ വിശുദ്ധീകരിക്കേണ്ടതിന് അവയെ പുറത്ത്, പുറത്തെ പ്രാകാരത്തിലേക്കു കൊണ്ട് പോകാതെയിരിക്കുവാൻ തന്നെ” എന്ന് അരുളിച്ചെയ്തു.

[21] പിന്നെ അവൻ എന്നെ പുറത്തെ പ്രാകാരത്തിലേക്കു കൊണ്ടുപോയി, പ്രാകാരത്തിന്റെ നാല് കോണിലും ചെല്ലുമാറാക്കി; പ്രാകാരത്തിന്റെ ഓരോ കോണിലും ഓരോ മുറ്റം ഉണ്ടായിരുന്നു.

[22] പ്രാകാരത്തിന്റെ നാല് കോണിലും നാല്പതു മുഴം നീളവും മുപ്പതു മുഴം വീതിയും ഉള്ള അടക്കപ്പെട്ട മുറ്റങ്ങൾ ഉണ്ടായിരുന്നു; നാല് കോണിലും ഉള്ള, അവ നാലിനും ഒരേ അളവായിരുന്നു.

[23] അവയ്ക്കു നാലിനും ചുറ്റും ഒരു പന്തി കല്ല് കെട്ടിയിരുന്നു; ഈ കൽനിരകളുടെ ചുവട്ടിൽ ചുറ്റും അടുപ്പ് ഉണ്ടാക്കിയിരുന്നു.

[24] അവൻ എന്നോട്: “ഇവ ആലയത്തിന്റെ ശുശ്രൂഷകന്മാർ ജനത്തിന്റെ ഹനനയാഗം പാകം ചെയ്യുന്ന പാചകശാലയാകുന്നു” എന്ന് അരുളിച്ചെയ്തു.

യെഹെസ്കേൽ — Chapters