Skip to content
Opens in a new window
Listen to this chapter • 6:15

[1] ബാബിലോന്യ പ്രവാസത്തിന്റെ പന്ത്രണ്ടാം ആണ്ട്, പന്ത്രണ്ടാം മാസം, ഒന്നാം തീയതി യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായത് എന്തെന്നാൽ:

[2] “മനുഷ്യപുത്രാ, നീ ഈജിപ്റ്റ് രാജാവായ ഫറവോനെക്കുറിച്ച് ഒരു വിലാപം കഴിച്ച് അവനോട് പറയേണ്ടത്: ‘ജനതകളിൽ ബാലസിംഹമായുള്ളോവേ, നീ നശിച്ചിരിക്കുന്നു; നീ കടലിലെ നക്രംപോലെ ആയിരുന്നു; നീ നദികളിൽ ചാടി കാൽ കൊണ്ട് വെള്ളം കലക്കി നദികളെ മലിനമാക്കിക്കളഞ്ഞു.’

[3] യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ അനേകം ജനതകളുടെ കൂട്ടത്തെക്കൊണ്ട് നിന്റെമേൽ എന്റെ വല വീശിക്കും; എന്റെ വലയിൽ അവർ നിന്നെ വലിച്ചെടുക്കും;

[4] ഞാൻ നിന്നെ കരയിലേക്ക് വലിച്ചിടും; നിന്നെ വെളിമ്പ്രദേശത്ത് എറിഞ്ഞുകളയും; ആകാശത്തിലെ പറവകളെയെല്ലാം നിന്റെമേൽ ഇരിക്കുമാറാക്കും; സർവ്വഭൂമിയിലെയും മൃഗങ്ങൾക്ക് നിന്നെ ഇരയാക്കി, അവയ്ക്ക് തൃപ്തി വരുത്തും.

[5] ഞാൻ നിന്റെ മാംസം പർവ്വതങ്ങളിന്മേൽ കൂട്ടി, നിന്റെ ശരീരാവശിഷ്ടംകൊണ്ട് താഴ്വരകൾ നിറയ്ക്കും.

[6] ഞാൻ കരകളെല്ലാം നിന്റെ രക്തംകൊണ്ട്, മലകളോളം നനയ്ക്കും; നീർച്ചാലുകൾ നിന്നെക്കൊണ്ടു നിറയും.

[7] നിന്റെ വെളിച്ചം കെടുത്തിക്കളയുമ്പോൾ ഞാൻ ആകാശത്തെ മൂടി അതിലെ നക്ഷത്രങ്ങളെ ഇരുളടഞ്ഞവയാക്കും; ഞാൻ സൂര്യനെ മേഘംകൊണ്ടു മറയ്ക്കും; ചന്ദ്രൻ പ്രകാശം നല്കുകയും ഇല്ല.

[8] ആകാശത്തിലെ ശോഭയുള്ള ജ്യോതിസ്സുകളെയെല്ലാം നിന്റെനിമിത്തം ഞാൻ ഇരുളടഞ്ഞവയാക്കുകയും, നിന്റെ ദേശത്ത് അന്ധകാരം വരുത്തുകയും ചെയ്യും” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.

[9] നിന്റെ നാശം ജനതകളുടെ ഇടയിലും നീ അറിയാത്ത ദേശങ്ങളോളവും പ്രസിദ്ധമാക്കുമ്പോൾ ഞാൻ അനേകം ജനതകളുടെ ഹൃദയങ്ങളെ വ്യസനിപ്പിക്കും.

[10] ഞാൻ അനേകം ജനതകളെ നിന്നെച്ചൊല്ലി സ്തംഭിക്കുമാറാക്കും; അവരുടെ രാജാക്കന്മാർ കാൺകെ ഞാൻ എന്റെ വാൾ വീശുമ്പോൾ, അവർ നിന്റെനിമിത്തം അത്യന്തം പേടിച്ചുപോകും; നിന്റെ വീഴ്ചയുടെ നാളിൽ അവർ ഓരോരുത്തനും അവരവരുടെ പ്രാണനെ ഓർത്ത് നിമിഷംതോറും വിറയ്ക്കും”.

[11] യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ബാബേൽരാജാവിന്റെ വാൾ നിന്റെനേരെ വരും.

[12] വീരന്മാരുടെ വാൾകൊണ്ടു ഞാൻ നിന്റെ പുരുഷാരത്തെ വീഴുമാറാക്കും; അവരെല്ലാവരും ജനതകളിൽവച്ച് ഉഗ്രന്മാർ; അവർ ഈജിപ്റ്റിന്റെ പ്രതാപത്തെ ശൂന്യമാക്കും; അതിലെ പുരുഷാരമൊക്കെയും നശിച്ചുപോകും.

[13] സമൃദ്ധമായ ജലാശയത്തിനരികെനിന്നു ഞാൻ അതിലെ സകലമൃഗങ്ങളെയും നശിപ്പിക്കും; ഇനി മേൽ മനുഷ്യന്റെ കാൽ അതിനെ കലക്കുകയില്ല; മൃഗങ്ങളുടെ കുളമ്പും അതിനെ കലക്കുകയില്ല.

[14] ആ കാലത്ത് അവരുടെ വെള്ളം തെളിമയുള്ളതാക്കി, ഞാൻ അവരുടെ നദികളെ എണ്ണപോലെ ഒഴുകുമാറാക്കും” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.

[15] “ഞാൻ ഈജിപ്റ്റിനെ പാഴാക്കി, ദേശം ശൂന്യമാക്കി, അതിലുള്ളതെല്ലാം ഇല്ലാതാകുമ്പോഴും, ഞാൻ അതിലെ നിവാസികളെയെല്ലാം നശിപ്പിക്കുമ്പോഴും, ഞാൻ യഹോവ എന്ന് അവർ അറിയും.

[16] അവർ അതിനെക്കുറിച്ച് വിലപിക്കുന്ന വിലാപം ഇതത്രേ; ജനതകളുടെ പുത്രിമാർ ഇതു ചൊല്ലി വിലപിക്കും; അവർ ഈജിപ്റ്റിനെക്കുറിച്ചും അതിലെ സകലപുരുഷന്മാരെക്കുറിച്ചും ഇതു ചൊല്ലി വിലപിക്കും” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.

[17] പന്ത്രണ്ടാം ആണ്ട്, അതേ മാസം, പതിനഞ്ചാം തീയതി യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:

[18] “മനുഷ്യപുത്രാ, നീ ഈജിപ്റ്റിലെ ജനസമൂഹത്തെക്കുറിച്ചു വിലപിച്ച്, അതിനെയും പ്രസിദ്ധമായ ജനതകളുടെ പുത്രിമാരെയും കുഴിയിൽ ഇറങ്ങുന്നവരോടുകൂടെ ഭൂമിയുടെ അധോഭാഗത്തു തള്ളിയിടുക.

[19] സൗന്ദര്യത്തിൽ നീ ആരെക്കാൾ മെച്ചപ്പെട്ടിരിക്കുന്നു; നീ ഇറങ്ങിച്ചെന്ന് അഗ്രചർമ്മികളുടെ കൂട്ടത്തിൽ കിടക്കുക.

[20] വാളാൽ കൊല്ലപ്പെട്ടവരുടെ നടുവിൽ അവർ വീഴും; വാൾ നിയമിക്കപ്പെട്ടിരിക്കുന്നു; അതിനെയും അതിന്റെ സകലപുരുഷാരത്തെയും വലിച്ചുകൊണ്ടുപോകുവിൻ.

[21] വീരന്മാരിൽ ബലവാന്മാരായവർ അവന്റെ സഹായികളോടുകൂടെ പാതാളത്തിന്റെ നടുവിൽനിന്ന് അവനോട് സംസാരിക്കും; അഗ്രചർമ്മികളായി വാളാൽ കൊല്ലപ്പെട്ടവർ ഇറങ്ങിച്ചെന്ന് അവിടെ കിടക്കുന്നു.

[22] അവിടെ അശ്ശൂരും അതിന്റെ സർവ്വസമൂഹവും ഉണ്ട്; അവന്റെ ശവക്കുഴികൾ അവന്റെ ചുറ്റും കിടക്കുന്നു; അവരെല്ലാവരും വാളാൽ കൊല്ലപ്പെട്ടവരായി വീണവർ തന്നെ.

[23] അവരുടെ ശവക്കുഴികൾ പാതാളത്തിന്റെ ഏറ്റവും അടിയിൽ സ്ഥിതിചെയ്യുന്നു; അതിന്റെ സമൂഹം അതിന്റെ ശവക്കുഴിയുടെ ചുറ്റും ഇരിക്കുന്നു; ജീവനുള്ളവരുടെ ദേശത്തു ഭീതിപരത്തിയ, അവരെല്ലാവരും വാളാൽ കൊല്ലപ്പെട്ടവരായി വീണിരിക്കുന്നു.

[24] അവിടെ ഏലാമും അതിന്റെ സകലപുരുഷാരവും അതിന്റെ ശവക്കുഴിയുടെ ചുറ്റും ഉണ്ട്; അവർ എല്ലാവരും വാളാൽ കൊല്ലപ്പെട്ടവരായി വീണ്, അഗ്രചർമ്മികളായി, ഭൂമിയുടെ അധോഭാഗത്ത് ഇറങ്ങിപ്പോയിരിക്കുന്നു; ജീവനുള്ളവരുടെ ദേശത്ത് അവർ ഭീതി പരത്തി; ഇപ്പോൾ കുഴിയിൽ ഇറങ്ങുന്നവരോടുകൂടെ അവർ ലജ്ജ വഹിക്കുന്നു.

[25] കൊല്ലപ്പെട്ടവരുടെ മദ്ധ്യേ അവർ അതിനും അതിന്റെ സകലപുരുഷാരത്തിനും ഒരു കിടക്ക വിരിച്ചിരിക്കുന്നു; അതിന്റെ ശവക്കുഴികൾ അതിന്റെ ചുറ്റും ഇരിക്കുന്നു; അവരെല്ലാവരും അഗ്രചർമ്മികളായി വാളാൽ കൊല്ലപ്പെട്ടവരാകുന്നു; ജീവനുള്ളവരുടെ ദേശത്ത് അവർ ഭീതി പരത്തിയിരിക്കുകയാൽ കുഴിയിൽ ഇറങ്ങുന്നവരോടുകൂടെ ലജ്ജ വഹിക്കുന്നു; കൊല്ലപ്പെട്ടവരുടെ മദ്ധ്യത്തിൽ അത് കിടക്കുന്നു.

[26] അവിടെ മേശെക്കും തൂബലും അതിന്റെ സകലപുരുഷാരവും ഉണ്ട്; അതിന്റെ ശവക്കുഴികൾ അതിന്റെ ചുറ്റും സ്ഥിതിചെയ്യുന്നു; അവർ ജീവനുള്ളവരുടെ ദേശത്ത് ഭീതി പരത്തിയിരിക്കുകയാൽ അവരെല്ലാം അഗ്രചർമ്മികളായി വാളാൽ കൊല്ലപ്പെട്ടിരിക്കുന്നു.

[27] അവർ ജീവനുള്ളവരുടെ ദേശത്ത് വീരന്മാർക്കു ഭീതി ആയിരുന്നതുകൊണ്ട്, അവരുടെ അകൃത്യങ്ങൾ അസ്ഥികളിന്മേൽ ചുമന്നും, അവരുടെ വാളുകൾ തലയ്ക്കു കീഴിൽ വച്ചുംകൊണ്ട്, അഗ്രചർമ്മികളിൽ പട്ടുപോയ വീരന്മാരായി യുദ്ധായുധങ്ങളോടുകൂടെ പാതാളത്തിൽ ഇറങ്ങിയവരുടെ കൂട്ടത്തിൽ കിടക്കേണ്ടതല്ലയോ?

[28] നീയോ, അഗ്രചർമ്മികളുടെ കൂട്ടത്തിൽ തകർന്നുപോകുകയും വാളാൽ കൊല്ലപ്പെട്ടവരോടുകൂടെ കിടക്കുകയും ചെയ്യും.

[29] അവിടെ ഏദോമും അതിന്റെ രാജാക്കന്മാരും സകലപ്രഭുക്കന്മാരും ഉണ്ട്; അവർ അവരുടെ വല്ലഭത്വത്തിൽ വാളാൽ കൊല്ലപ്പെട്ടവരുടെ കൂട്ടത്തിൽ കിടക്കേണ്ടിവന്നു; അവർ അഗ്രചർമ്മികളോടും, കുഴിയിൽ ഇറങ്ങുന്നവരോടും കൂടി കിടക്കുന്നു.

[30] അവിടെ വടക്കെ പ്രഭുക്കന്മാരെല്ലാവരും കൊല്ലപ്പെട്ടവരോടുകൂടെ ഇറങ്ങിപ്പോയ സകല സീദോന്യരും ഉണ്ട്; അവർ അവരുടെ ആധിപത്യം മൂലം പരത്തിയ ഭീതിനിമിത്തം ലജ്ജിക്കുന്നു; അവർ അഗ്രചർമ്മികളായി വാളാൽ കൊല്ലപ്പെട്ടവരോടുകൂടെ കിടക്കുകയും കുഴിയിൽ ഇറങ്ങുന്നവരോടുകൂടെ ലജ്ജ വഹിക്കുകയും ചെയ്യുന്നു.

[31] അവരെ ഫറവോൻ കണ്ട് തന്റെ സകലപുരുഷാരത്തെയും കുറിച്ച് ആശ്വസിക്കും; ഫറവോനും അവന്റെ സകലസൈന്യവും വാളാൽ കൊല്ലപ്പെട്ടവരായിരിക്കുന്നു” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.

[32] “ഞാനല്ലയോ അവന്റെ ഭീതി ജീവനുള്ളവരുടെ ദേശത്തു പരത്തിയത്; ഫറവോനും അവന്റെ പുരുഷാരമെല്ലാം വാളാൽ കൊല്ലപ്പെട്ടവരോടുകൂടി അഗ്രചർമ്മികളുടെ കൂട്ടത്തിൽ കിടക്കേണ്ടിവരും” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.

യെഹെസ്കേൽ — Chapters