[1] അനന്തരം ആത്മാവ് എന്നെ എടുത്ത് യഹോവയുടെ ആലയത്തിൽ കിഴക്കോട്ടു ദർശനമുള്ള കിഴക്കെ പടിവാതില്ക്കൽ കൊണ്ടുപോയി; പടിവാതിലിന്റെ പ്രവേശനകവാടത്തിൽ ഞാൻ ഇരുപത്തഞ്ച് പുരുഷന്മാരെയും അവരുടെ നടുവിൽ ജനത്തിന്റെ പ്രഭുക്കന്മാരായ അസ്സൂരിന്റെ മകൻ യയസന്യാവിനെയും ബെനായാവിന്റെ മകൻ പെലത്യാവിനെയും കണ്ടു.
[2] അവിടുന്ന് എന്നോട്: “മനുഷ്യപുത്രാ, ഇവർ ഈ നഗരത്തിൽ നീതികേട് നിരൂപിച്ച് ദുരാലോചന കഴിക്കുന്ന പുരുഷന്മാരാകുന്നു.
[3] ‘വീടുകൾ പണിയുവാൻ സമയം അടുത്തിട്ടില്ല; ഈ നഗരം കുട്ടകവും നാം മാംസവുമാകുന്നു’ എന്ന് അവർ പറയുന്നു.
[4] അതുകൊണ്ട് അവരെക്കുറിച്ചു പ്രവചിക്കുക, മനുഷ്യപുത്രാ, പ്രവചിക്കുക” എന്ന് കല്പിച്ചു.
[5] അപ്പോൾ യഹോവയുടെ ആത്മാവ് എന്റെ മേൽ വന്ന് എന്നോട് കല്പിച്ചത്: “നീ പറയേണ്ടത് എന്തെന്നാൽ: ‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽ ഗൃഹമേ, നിങ്ങൾ ഇപ്രകാരം പറഞ്ഞിരിക്കുന്നു; നിങ്ങളുടെ മനസ്സിൽ തോന്നുന്ന കാര്യങ്ങളും ഞാൻ അറിയുന്നു.
[6] നിങ്ങൾ ഈ നഗരത്തിൽ നിഹതന്മാരെ വർദ്ധിപ്പിച്ച് വീഥികളെ നിഹതന്മാരെക്കൊണ്ടു നിറച്ചുമിരിക്കുന്നു.
[7] അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾ ഈ നഗരത്തിന്റെ നടുവിൽ വീഴ്ത്തിയ നിഹതന്മാർ മാംസവും ഈ നഗരം കുട്ടകവും ആകുന്നു; എന്നാൽ നിങ്ങളെ ഞാൻ അതിന്റെ നടുവിൽനിന്ന് പുറപ്പെടുവിക്കും.
[8] നിങ്ങൾ വാളിനെ പേടിക്കുന്നു; വാളിനെ തന്നെ ഞാൻ നിങ്ങളുടെനേരെ വരുത്തും” എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.
[9] ഞാൻ നിങ്ങളെ അതിന്റെ നടുവിൽനിന്നു പുറപ്പെടുവിച്ച് അന്യന്മാരുടെ കയ്യിൽ ഏല്പിച്ച് നിങ്ങളുടെ ഇടയിൽ ന്യായവിധി നടത്തും.
[10] നിങ്ങൾ വാളാൽ വീഴും; യിസ്രായേലിന്റെ അതിർത്തിയിൽവച്ച് ഞാൻ നിങ്ങളെ ന്യായംവിധിക്കും; ഞാൻ യഹോവ എന്ന് നിങ്ങൾ അറിയും.
[11] ഈ നഗരം നിങ്ങൾക്ക് കുട്ടകം ആയിരിക്കുകയില്ല; നിങ്ങൾ അതിനകത്ത് മാംസവും ആയിരിക്കുകയില്ല; യിസ്രായേലിന്റെ അതിർത്തിയിൽവച്ചു തന്നെ ഞാൻ നിങ്ങളെ ന്യായംവിധിക്കും.
[12] എന്റെ ചട്ടങ്ങളിൽ നടക്കുകയോ എന്റെ ന്യായങ്ങളെ ആചരിക്കുകയോ ചെയ്യാതെ, ചുറ്റുമുള്ള ജനതകളുടെ ന്യായങ്ങളെ പ്രമാണിച്ചുനടന്ന നിങ്ങൾ, ഞാൻ യഹോവ എന്ന് അറിയും”.
[13] ഞാൻ പ്രവചിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ ബെനായാവിന്റെ മകനായ പെലത്യാവ് മരിച്ചു; അപ്പോൾ ഞാൻ കവിണ്ണുവീണ് ഉറക്കെ നിലവിളിച്ചു: “അയ്യോ, യഹോവയായ കർത്താവേ, യിസ്രായേലിൽ ശേഷിപ്പുള്ളവരെ നീ അശേഷം മുടിച്ചു കളയുമോ” എന്ന് പറഞ്ഞു.
[14] യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:
[15] “മനുഷ്യപുത്രാ, ‘യഹോവയോട് അകന്നുനില്ക്കുവിൻ! ഞങ്ങൾക്കാകുന്നു ഈ ദേശം അവകാശമായി നല്കപ്പെട്ടിരിക്കുന്നത്’ എന്നല്ലയോ യെരൂശലേം നിവാസികൾ, നിന്റെ ചാർച്ചക്കാരായ നിന്റെ സഹോദരന്മാരോടും മുഴുവൻ യിസ്രായേൽ ഗൃഹത്തോടും പറയുന്നത്.
[16] അതുകൊണ്ട് നീ പറയേണ്ടത്: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ അവരെ ദൂരത്ത് ജനതകളുടെ ഇടയിലേക്ക് നീക്കി രാജ്യങ്ങളിൽ ചിതറിച്ചുകളഞ്ഞുവെങ്കിലും, അവർ പോയിരിക്കുന്ന രാജ്യങ്ങളിൽ ഞാൻ അവർക്ക് അല്പകാലത്തേക്ക് ഒരു വിശുദ്ധമന്ദിരമായിരിക്കും”.
[17] “ആകയാൽ നീ പറയേണ്ടത്: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിങ്ങളെ ജനതകളിൽനിന്ന് ശേഖരിച്ച്, നിങ്ങൾ ചിതറിപ്പോയിരിക്കുന്ന രാജ്യങ്ങളിൽനിന്ന് കൂട്ടിച്ചേർത്ത് യിസ്രായേൽദേശം നിങ്ങൾക്ക് തരും.
[18] അവർ അവിടെ വന്ന്, അതിലെ സകല മലിനബിംബങ്ങളെയും മ്ലേച്ഛവിഗ്രഹങ്ങളെയും നീക്കിക്കളയും.
[19] അവർ എന്റെ ചട്ടങ്ങളിൽ നടന്ന് എന്റെ വിധികൾ പ്രമാണിച്ച് ആചരിക്കേണ്ടതിന് ഞാൻ അവർക്ക് വേറൊരു ഹൃദയം നല്കുകയും പുതിയൊരു ആത്മാവിനെ ഉള്ളിൽ ആക്കുകയും ചെയ്യും; കല്ലായുള്ള ഹൃദയം ഞാൻ അവരുടെ ജഡത്തിൽനിന്ന് നീക്കി മാംസമായുള്ള ഹൃദയം അവർക്ക് കൊടുക്കും.
[20] അവർ എനിക്ക് ജനമായും ഞാൻ അവർക്ക് ദൈവമായും ഇരിക്കും.
[21] എന്നാൽ അവരുടെ മലിനബിംബങ്ങളുടെയും മ്ലേച്ഛവിഗ്രഹങ്ങളുടെയും ഇഷ്ടം അനുസരിച്ച് നടക്കുന്നവർക്ക്, ഞാൻ അവരുടെ നടപ്പിനു തക്കവിധം അവരുടെ തലമേൽ പകരം കൊടുക്കും” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
[22] അനന്തരം കെരൂബുകൾ ചിറകുവിടർത്തി; ചക്രങ്ങളും അവയോടൊപ്പം ഉണ്ടായിരുന്നു; യിസ്രായേലിന്റെ ദൈവത്തിന്റെ മഹത്ത്വവും അവക്കുമീതെ ഉണ്ടായിരുന്നു.
[23] യഹോവയുടെ മഹത്വം നഗരത്തിന്റെ നടുവിൽനിന്ന് മുകളിലേക്ക് പൊങ്ങി നഗരത്തിന് കിഴക്കുവശത്തുള്ള പർവ്വതത്തിന്മേൽ നിന്നു.
[24] എന്നാൽ ആത്മാവ് എന്നെ എടുത്ത്, ദർശനത്തിൽ ദൈവാത്മാവിനാൽ തന്നെ, കല്ദയദേശത്ത് പ്രവാസികളുടെ അടുക്കൽ കൊണ്ടുവന്നു; ഞാൻ കണ്ട ദർശനം എന്നെവിട്ടു പൊങ്ങിപ്പോയി.
[25] ഞാൻ യഹോവ എനിക്ക് വെളിപ്പെടുത്തിയ അവിടുത്തെ സകലവചനങ്ങളും പ്രവാസികളോടു പ്രസ്താവിച്ചു.