[1] യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായത് എന്തെന്നാൽ:
[2] “മനുഷ്യപുത്രാ, നീ സോരിനെക്കുറിച്ച് ഒരു വിലാപം തുടങ്ങി സോരിനോടു പറയേണ്ടത്:
[3] ‘തുറമുഖങ്ങളിൽ വസിക്കുന്നവളും ഏറിയ ദ്വീപുകളിലെ ജനതകളുടെ വ്യാപാരിയും ആയ സോരേ, യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ പൂർണ്ണസുന്ദരിയാകുന്നു” എന്ന് നീ പറഞ്ഞിരിക്കുന്നു.
[4] നിന്റെ രാജ്യം സമുദ്രമദ്ധ്യത്തിൽ ഇരിക്കുന്നു; നിന്നെ നിർമ്മിച്ചവർ നിന്റെ സൗന്ദര്യത്തെ പരിപൂർണ്ണമാക്കിയിരിക്കുന്നു.
[5] സെനീരിലെ സരളമരംകൊണ്ട് അവർ നിന്റെ തട്ടുപലകകൾ പണിതു; നിനക്ക് പാമരം ഉണ്ടാക്കേണ്ടതിന് അവർ ലെബാനോനിൽനിന്നു ദേവദാരു കൊണ്ടുവന്നു.
[6] ബാശാനിലെ കരുവേലകംകൊണ്ട് അവർ നിന്റെ തണ്ടുകൾ ഉണ്ടാക്കി; കിത്തീംദ്വീപുകളിലെ പുന്നമരത്തിൽ ആനക്കൊമ്പു പതിച്ച് നിനക്ക് തട്ടുണ്ടാക്കിയിരിക്കുന്നു.
[7] നിനക്ക് കൊടി ആയിരിക്കേണ്ടതിന് നിന്റെ കപ്പൽപായ് ഈജിപ്റ്റിൽനിന്നുള്ള വിചിത്രശണവസ്ത്രംകൊണ്ട് ഉണ്ടാക്കിയതായിരുന്നു; എലീശാദ്വീപുകളിലെ ധൂമ്രപടവും രക്താംബരവും നിന്റെ വിതാനമായിരുന്നു.
[8] സീദോനിലെയും അർവ്വാദിലെയും നിവാസികൾ നിന്റെ തണ്ടുവലിക്കാരായിരുന്നു; സോരേ, നിന്നിൽ ഉണ്ടായിരുന്ന ജ്ഞാനികൾ നിന്റെ കപ്പിത്താന്മാർ ആയിരുന്നു.
[9] ഗെബലിലെ മൂപ്പന്മാരും അതിലെ ജ്ഞാനികളും നിന്റെ ഓരായപ്പണിക്കാരായിരുന്നു; നിന്റെ കച്ചവടം നടത്തേണ്ടതിന് സമുദ്രത്തിലെ എല്ലാ കപ്പലുകളും അവയുടെ കപ്പല്ക്കാരും നിന്നിൽ ഉണ്ടായിരുന്നു.
[10] പാർസികളും ലൂദ്യരും പൂത്യരും യോദ്ധാക്കളായി നിന്റെ സൈന്യത്തിൽ ഉണ്ടായിരുന്നു; അവർ പരിചയും ശിരസ്ത്രങ്ങളും നിന്നിൽ തൂക്കി നിനക്ക് ഭംഗിപിടിപ്പിച്ചു.
[11] അർവ്വാദ്യർ നിന്റെ സൈന്യത്തോടുകൂടി ചുറ്റും നിന്റെ മതിലുകളിന്മേലും ഗമ്മാദ്യർ നിന്റെ ഗോപുരങ്ങളിലും ഉണ്ടായിരുന്നു; അവർ നിന്റെ മതിലുകളിന്മേൽ ചുറ്റും പരിച തൂക്കി നിന്റെ സൗന്ദര്യത്തെ പരിപൂർണ്ണമാക്കി.
[12] തർശീശ് സകലവിധസമ്പത്തിന്റെയും പെരുപ്പംനിമിത്തം നിന്റെ വ്യാപാരിയായിരുന്നു; വെള്ളി, ഇരിമ്പ്, വെള്ളീയം, കാരീയം എന്നിവ അവർ നിന്റെ ചരക്കിനു പകരം തന്നു.
[13] യാവാൻ, തൂബാൽ, മേശെക്ക് എന്നിവർ നിന്റെ വ്യാപാരികൾ ആയിരുന്നു; അവർ ആളുകളെയും താമ്രസാധനങ്ങളെയും നിന്റെ ചരക്കിനു പകരം തന്നു.
[14] തോഗർമ്മാഗൃഹക്കാർ നിന്റെ ചരക്കിനു പകരം കുതിരകളെയും പടക്കുതിരകളെയും കോവർകഴുതകളെയും തന്നു.
[15] ദെദാന്യർ നിന്റെ വ്യാപാരികളായിരുന്നു; അനേകം ദ്വീപുകൾ നിന്റെ അധീനത്തിലെ വ്യാപാരദേശങ്ങളായിരുന്നു; അവർ ആനക്കൊമ്പും കരിമരവും നിനക്ക് കപ്പമായി കൊണ്ടുവന്നു.
[16] നിന്റെ പണിത്തരങ്ങളുടെ പെരുപ്പംനിമിത്തം അരാം നിന്റെ വ്യാപാരി ആയിരുന്നു; അവർ മരതകവും ധൂമ്രവസ്ത്രവും വിചിത്രവസ്ത്രവും ശണവസ്ത്രവും പവിഴവും പത്മരാഗവും നിന്റെ ചരക്കിനു പകരം തന്നു.
[17] യെഹൂദയും യിസ്രായേൽ ദേശവും നിന്റെ വ്യാപാരികളായിരുന്നു; അവർ മിന്നീത്തിലെ ഗോതമ്പും പലഹാരവും തേനും എണ്ണയും പരിമളതൈലവും നിന്റെ ചരക്കിനു പകരം തന്നു.
[18] നിന്റെ പണിത്തരങ്ങളുടെയും സകലവിധസമ്പത്തിന്റെയും പെരുപ്പംനിമിത്തം, ദമാസ്ക്കസ് ഹെൽബോനിലെ വീഞ്ഞും വെളുത്ത ആട്ടുരോമവുംകൊണ്ട് നിന്നോട് വ്യാപാരം ചെയ്തു.
[19] വെദാന്യരും ഊസാലിലെ യാവാന്യരും നിന്റെ ചരക്കുകൊണ്ട് വ്യാപാരം ചെയ്തു; മിനുസമുള്ള ഇരിമ്പും വഴനത്തോലും വയമ്പും നിന്റെ ചരക്കിന്റെ കൂട്ടത്തിൽ ഉണ്ടായിരുന്നു.
[20] കുതിരപ്പുറത്തിടുന്ന വിശിഷ്ടവസ്ത്രംകൊണ്ട് ദെദാൻ നിന്റെ വ്യാപാരിയായിരുന്നു;
[21] അരാബികളും കേദാർപ്രഭുക്കന്മാർ എല്ലാവരും നിനക്കധീനരായ വ്യാപാരികൾ ആയിരുന്നു; കുഞ്ഞാടുകൾ, ആട്ടുകൊറ്റന്മാർ, കോലാടുകൾ എന്നിവകൊണ്ട് അവർ നീയുമായി കച്ചവടം നടത്തി.
[22] ശെബയിലെയും രാമയിലെയും വ്യാപാരികൾ നിന്റെ കച്ചവടക്കാരായിരുന്നു; അവർ മേല്ത്തരമായ സകലവിധപരിമളതൈലവും സകലവിധരത്നങ്ങളും പൊന്നും നിന്റെ ചരക്കിനു പകരം തന്നു.
[23] ഹാരാനും കല്നെയും ഏദേനും ശെബാവ്യാപാരികളും അശ്ശൂരും കില്മദും നിന്റെ കച്ചവടക്കാരായിരുന്നു.
[24] അവർ വിശിഷ്ടസാധനങ്ങളും ചിത്രത്തയ്യലുള്ള ധൂമ്രപ്പുതപ്പുകളും പരവതാനികളും ബലത്തിൽ പിരിച്ച കയറുകളും നിന്റെ ചരക്കിനു പകരം തന്നു.
[25] തർശീശ് കപ്പലുകൾ നിനക്ക് ചരക്കു കൊണ്ടുവന്നു; നീ പരിപൂർണ്ണയും സമുദ്രമദ്ധ്യത്തിൽ നിന്നെ തന്നെ സ്വയം പുകഴ്ത്തുകയും ചെയ്തു.
[26] നിന്റെ തണ്ടുവലിക്കാർ നിന്നെ പുറങ്കടലിലേക്ക് കൊണ്ടുപോയി; എന്നാൽ കിഴക്കൻകാറ്റ് സമുദ്രമദ്ധ്യത്തിൽവച്ച് നിന്നെ ഉടച്ചുകളഞ്ഞു.
[27] നിന്റെ സമ്പത്തും ചരക്കും കച്ചവടവും കപ്പല്ക്കാരും കപ്പിത്താന്മാരും ഓരായപ്പണിക്കാരും വ്യാപാരികളും നിന്നിലുള്ള സകലയോദ്ധാക്കളും നിന്റെ അകത്തുള്ള സർവ്വജനസമൂഹത്തോടും കൂടി നിന്റെ വീഴ്ചയുടെ നാളിൽ സമുദ്രമദ്ധ്യത്തിൽ വീഴും.
[28] നിന്റെ കപ്പിത്താന്മാരുടെ നിലവിളികൊണ്ട് കപ്പൽകൂട്ടങ്ങൾ നടുങ്ങിപ്പോകും.
[29] തണ്ടുവലിക്കാർ എല്ലാവരും കപ്പല്ക്കാരും കടലിലെ കപ്പിത്താന്മാരും കപ്പലുകളിൽനിന്ന് ഇറങ്ങി കരയിൽ നില്ക്കും.
[30] അവർ കൈപ്പോടെ ഉറക്കെ നിലവിളിച്ച് തലയിൽ പൂഴി വാരിയിട്ട് ചാരത്തിൽ കിടന്നുരുളുകയും
[31] നിന്നെച്ചൊല്ലി തല മുണ്ഡനം ചെയ്ത് രട്ടുടുക്കുകയും നിന്നെക്കുറിച്ച് മനോവ്യസനത്തോടും കൈപ്പുള്ള വിലാപത്തോടുംകൂടി കരയുകയും ചെയ്യും.
[32] അവരുടെ ദുഃഖത്തിൽ അവർ നിന്നെച്ചൊല്ലി ഒരു വിലാപം തുടങ്ങി, നിന്നെക്കുറിച്ച് വിലപിക്കുന്നത്: ‘സമുദ്രമദ്ധ്യത്തിൽ നശിച്ചുപോയ സോരിനെപ്പോലെ ഏതു നഗരമുള്ളു?’
[33] നിന്റെ ചരക്ക് സമുദ്രത്തിൽനിന്നു കയറിവന്നപ്പോൾ, നീ ഏറിയ വംശങ്ങൾക്കു തൃപ്തിവരുത്തി, നിന്റെ സമ്പത്തിന്റെയും വ്യാപാരത്തിന്റെയും പെരുപ്പംകൊണ്ട് ഭൂമിയിലെ രാജാക്കന്മാരെ സമ്പന്നന്മാരാക്കി.
[34] ഇപ്പോൾ നീ സമുദ്രത്തിൽനിന്ന് തകർന്നു പൊയ്പോയി; നിന്റെ വ്യാപാരസമ്പത്തും നിന്റെ അകത്തുള്ള ജനസമൂഹങ്ങളും വെള്ളത്തിന്റെ ആഴത്തിൽ വീണിരിക്കുന്നു.
[35] ദ്വീപുവാസികളെല്ലാവരും നിന്നെക്കുറിച്ച് സ്തംഭിച്ചുപോകുന്നു; അവരുടെ രാജാക്കന്മാർ ഏറ്റവും ഭയപ്പെട്ട് മുഖം വാടി നില്ക്കുന്നു.
[36] ജനതകൾക്കിടയിലെ വ്യാപാരികൾ നിന്നെ നിന്ദിക്കുന്നു: ‘നിനക്ക് ശീഘ്രനാശം ഭവിച്ചു നീ സദാകാലത്തേക്കും ഇല്ലാതെയാകും’”.