[1] അനന്തരം ആ മനുഷ്യന്‍ എന്നെ വിശുദ്ധമന്ദിരത്തിന്റെ കിഴക്കോട്ടു ദർശനമുള്ള പുറത്തെ ഗോപുരത്തിലേക്കു മടക്കിക്കൊണ്ടുവന്നു; എന്നാൽ അത് അടച്ചിരുന്നു.
[2] അപ്പോൾ യഹോവ എന്നോട് അരുളിച്ചെയ്തത്: “ഈ ഗോപുരം തുറക്കാതെ അടച്ചിരിക്കണം; ആരും അതിൽകൂടി കടക്കരുത്; യിസ്രായേലിന്റെ ദൈവമായ യഹോവ അതിൽകൂടി അകത്ത് കടന്നതുകൊണ്ട് അത് അടച്ചിരിക്കണം.
[3] പ്രഭുവായിരിക്കുകയാൽ, അവൻ മാത്രം യഹോവയുടെ സന്നിധിയിൽ ഭക്ഷണം കഴിക്കുവാൻ അവിടെ ഇരിക്കണം; അവൻ ആ ഗോപുരത്തിന്റെ പൂമുഖത്തുകൂടി അകത്ത് കടക്കുകയും അതിൽകൂടി പുറത്തു പോകുകയും വേണം”.
[4] പിന്നെ അവൻ എന്നെ വടക്കെഗോപുരംവഴിയായി ആലയത്തിന്റെ മുമ്പിൽ കൊണ്ടുചെന്നു; ഞാൻ നോക്കി, യഹോവയുടെ തേജസ്സ് യഹോവയുടെ ആലയത്തിൽ നിറഞ്ഞിരിക്കുന്നതു കണ്ട് കവിണ്ണുവീണു.
[5] അപ്പോൾ യഹോവ എന്നോട് അരുളിച്ചെയ്തത്:” മനുഷ്യപുത്രാ, യഹോവയുടെ ആലയത്തിന്റെ സകലവ്യവസ്ഥകളെയും നിയമങ്ങളെയും കുറിച്ച് ഞാൻ നിന്നോട് കല്പിക്കുന്നതെല്ലാം നീ നല്ലവണ്ണം ശ്രദ്ധവച്ച് കണ്ണുകൊണ്ട് നോക്കി, ചെവികൊണ്ട് കേൾക്കുക; ആലയത്തിലേക്ക് പ്രവേശിക്കുന്നത് ആരെന്നും വിശുദ്ധമന്ദിരത്തിൽനിന്നു പുറത്തേക്ക് പോകുന്നത് ആരെന്നും നീ നല്ലവണ്ണം കുറിക്കൊള്ളുക”.
[6] മത്സരികളായ യിസ്രായേൽ ഗൃഹത്തോട് നീ പറയേണ്ടത്: “യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘യിസ്രായേൽ ഗൃഹമേ, നിങ്ങളുടെ സകലമ്ലേച്ഛതകളും മതിയാക്കുവിൻ.
[7] നിങ്ങൾ എന്റെ ആഹാരമായ മേദസ്സും രക്തവും അർപ്പിക്കുമ്പോൾ, എന്റെ ആലയത്തെ അശുദ്ധമാക്കേണ്ടതിന് നിങ്ങൾ, ഹൃദയത്തിലും മാംസത്തിലും അഗ്രചർമ്മികളായ അന്യജനതകളെ എന്റെ വിശുദ്ധമന്ദിരത്തിൽ കൊണ്ടുവന്നതിനാൽ, നിങ്ങളുടെ സകലമ്ലേച്ഛതകൾക്കും പുറമെ നിങ്ങൾ എന്റെ നിയമവും ലംഘിച്ചിരിക്കുന്നു.
[8] നിങ്ങൾ എന്റെ വിശുദ്ധവസ്തുക്കളുടെ കടമകൾ നിറവേറ്റാതെ, എന്റെ വിശുദ്ധമന്ദിരത്തിലെ കാര്യങ്ങൾ നിറവേറ്റാൻ അവരെ ആക്കിയിരിക്കുന്നു”.
[9] യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “യിസ്രായേൽ മക്കളുടെ ഇടയിലുള്ള യാതൊരു അന്യജാതിക്കാരനും, അനുസരണമില്ലാത്ത ഹൃദയത്തിലും പരിച്ഛേദന മാംസത്തിലും പരിച്ഛേദന ഏല്ക്കാത്ത യാതൊരു അന്യജാതിക്കാരനും, എന്റെ വിശുദ്ധമന്ദിരത്തിൽ പ്രവേശിക്കരുത്.
[10] യിസ്രായേൽ തെറ്റിപ്പോയ കാലത്ത്, എന്നെ വിട്ടകന്നു പോയവരും, എന്നെ ഉപേക്ഷിച്ച് വിഗ്രഹങ്ങളോടു ചേർന്നവരുമായ ലേവ്യർ തന്നെ അവരുടെ അകൃത്യം വഹിക്കണം.
[11] അവർ എന്റെ വിശുദ്ധമന്ദിരത്തിൽ ആലയത്തിന്റെ പടിവാതില്ക്കൽ ശുശ്രൂഷകന്മാരായി കാവൽനിന്ന്, ആലയത്തിൽ ശുശ്രൂഷ ചെയ്യണം; അവർ ജനത്തിനുവേണ്ടി ഹോമയാഗവും ഹനനയാഗവും അറുത്ത്, അവർക്ക് ശുശ്രൂഷ ചെയ്യേണ്ടതിന് അവരുടെ മുമ്പിൽ നില്‍ക്കണം.
[12] അവർ അവരുടെ വിഗ്രഹങ്ങളുടെ മുമ്പിൽ ശുശ്രൂഷചെയ്തതിനാൽ, യിസ്രായേൽഗൃഹം അകൃത്യം ചെയ്യുവാൻ കാരണമായി; അതുകൊണ്ട് ഞാൻ അവർക്ക് വിരോധമായി കൈ ഉയർത്തി സത്യം ചെയ്തിരിക്കുന്നു; അവർ അവരുടെ അകൃത്യം വഹിക്കണം” എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്.
[13] “എനിക്ക് പുരോഹിതശുശ്രൂഷ ചെയ്യുവാനും, അതിവിശുദ്ധങ്ങളായ എന്റെ സകലവിശുദ്ധവസ്തുക്കളെയും സ്പർശിക്കുവാനും, അവർ എന്നോട് അടുത്തുവരരുത്; അങ്ങനെ അവരുടെ അവർ ചെയ്ത മ്ലേച്ഛതകളും അവർ വഹിക്കണം.
[14] എന്നാൽ ആലയത്തിന്റെ എല്ലാ വേലയ്ക്കും അതിൽ ചെയ്യുവാനുള്ള എല്ലാ പ്രവൃത്തികൾക്കും ഞാൻ അവരെ കാര്യവിചാരകന്മാരാക്കിവയ്ക്കും.
[15] യിസ്രായേൽ മക്കൾ എന്നെവിട്ടു തെറ്റിപ്പോയ കാലത്ത്, എന്റെ വിശുദ്ധമന്ദിരത്തിന്റെ കർത്തവ്യങ്ങൾ നിർവഹിച്ചിരുന്നവരും സാദോക്കിന്റെ പുത്രന്മാരുമായ ലേവ്യപുരോഹിതന്മാർ എനിക്ക് ശുശ്രൂഷ ചെയ്യേണ്ടതിന് എന്നോട് അടുത്തുവന്ന്, എനിക്ക് മേദസ്സും രക്തവും അർപ്പിക്കേണ്ടതിന് എന്റെ മുമ്പാകെ നില്‍ക്കണം” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
[16] അവർ എന്റെ വിശുദ്ധമന്ദിരത്തിൽ കടന്ന് എനിക്ക് ശുശ്രൂഷ ചെയ്യേണ്ടതിന് എന്റെ മേശയുടെ അടുക്കൽ വരുകയും എന്റെ കാര്യവിചാരണ നടത്തുകയും വേണം.
[17] എന്നാൽ അകത്തെ പ്രാകാരത്തിന്റെ വാതിലുകൾക്കകത്തു കടക്കുമ്പോൾ അവർ ശണവസ്ത്രം ധരിക്കണം; അകത്തെ പ്രാകാരത്തിന്റെ വാതില്‍ക്കലും ആലയത്തിനകത്തും ശുശ്രൂഷ ചെയ്യുമ്പോൾ ആട്ടിൻ രോമംകൊണ്ടുള്ള വസ്ത്രം ധരിക്കരുത്.
[18] അവരുടെ തലയിൽ ശണംകൊണ്ടുള്ള തലപ്പാവും അരയിൽ ശണംകൊണ്ടുള്ള കാല്ക്കുപ്പായവും ഉണ്ടായിരിക്കണം; വിയർപ്പുണ്ടാകുന്ന യാതൊന്നും അവർ ധരിക്കരുത്.
[19] അവർ പുറത്തെ പ്രാകാരത്തിൽ ജനത്തിന്റെ അടുക്കലേക്ക് ചെല്ലുമ്പോൾ അവരുടെ വസ്ത്രത്താൽ ജനത്തെ വിശുദ്ധീകരിക്കാതിരിക്കേണ്ടതിന്, അവർ ശുശ്രൂഷചെയ്ത സമയം ധരിച്ചിരുന്ന വസ്ത്രം നീക്കി വിശുദ്ധമണ്ഡപങ്ങളിൽ വച്ചിട്ടു വേറെ വസ്ത്രം ധരിക്കണം.
[20] അവർ തല ക്ഷൗരം ചെയ്യുകയോ തലമുടി നീട്ടുകയോ ചെയ്യാതെ കത്രിക്കുക മാത്രമേ ചെയ്യാവു.
[21] യാതൊരു പുരോഹിതനും വീഞ്ഞു കുടിച്ച് അകത്തെ പ്രാകാരത്തിൽ കടക്കരുത്.
[22] വിധവയെയോ ഉപേക്ഷിക്കപ്പെട്ടവളെയോ ഭാര്യയായി എടുക്കാതെ അവർ യിസ്രായേൽ ഗൃഹത്തിലെ സന്തതിയിലുള്ള കന്യകമാരെയോ ഒരു പുരോഹിതന്റെ ഭാര്യയായിരുന്ന വിധവയെയോ വിവാഹം കഴിക്കണം.
[23] അവർ വിശുദ്ധമായതിനും സാമാന്യമായതിനും തമ്മിലുള്ള വ്യത്യാസം എന്റെ ജനത്തിന് ഉപദേശിച്ച്, മലിനമായതും നിർമ്മലമായതും അവരെ തിരിച്ചറിയുമാറാക്കണം.
[24] വ്യവഹാരത്തിൽ അവർ ന്യായം വിധിക്കുവാൻ നില്‍ക്കണം; എന്റെ വിധികളെ അനുസരിച്ച് അവർ ന്യായം വിധിക്കണം; അവർ ഉത്സവങ്ങളിൽ എല്ലാം എന്റെ പ്രമാണങ്ങളും ചട്ടങ്ങളും ആചരിക്കുകയും എന്റെ ശബ്ബത്തുകളെ വിശുദ്ധീകരിക്കുകയും വേണം.
[25] അവർ മരിച്ച ആളുടെ അടുക്കൽ ചെന്ന് അശുദ്ധരാകരുത്; എങ്കിലും അപ്പൻ, അമ്മ, മകൻ, മകൾ, സഹോദരൻ, ഭർത്താവില്ലാത്ത സഹോദരി എന്നിവർക്കുവേണ്ടി അശുദ്ധരാകാം.
[26] അവന്റെ ശുദ്ധീകരണം കഴിഞ്ഞശേഷം ഏഴു ദിവസം എണ്ണണം.
[27] വിശുദ്ധമന്ദിരത്തിൽ ശുശ്രൂഷ ചെയ്യേണ്ടതിന് അവൻ അകത്തെ പ്രാകാരത്തിൽ വിശുദ്ധമന്ദിരത്തിലേക്കു പോകുന്ന ദിവസത്തിൽ അവൻ പാപയാഗം അർപ്പിക്കണം” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
[28] അവരുടെ അവകാശമോ, ഞാൻ തന്നെ അവരുടെ അവകാശം; നിങ്ങൾ അവർക്ക് യിസ്രായേലിൽ സ്വത്ത് ഒന്നും കൊടുക്കരുത്; ഞാൻ തന്നെ അവരുടെ സ്വത്താകുന്നു.
[29] അവർ ഭോജനയാഗം, പാപയാഗം, അകൃത്യയാഗം എന്നിവകൊണ്ട് ഉപജീവനം കഴിക്കണം; യിസ്രായേലിൽ നിവേദിതമായ സകലവും അവർക്കുള്ളതായിരിക്കണം.
[30] സകലവിധ ആദ്യഫലങ്ങളിലും ഉത്തമമായതും വഴിപാടായി വരുന്ന എല്ലാവക വഴിപാടുകളും പുരോഹിതന്മാർക്കുള്ളതായിരിക്കണം; നിന്റെ ഭവനത്തിന്മേൽ അനുഗ്രഹം വസിക്കേണ്ടതിന് നിങ്ങളുടെ തരിമാവിന്റെ ആദ്യഭാഗവും പുരോഹിതനു കൊടുക്കണം.
[31] സ്വയം ചത്തതും പറിച്ചുകീറിപ്പോയതുമായ പക്ഷിയെയോ മൃഗത്തെയോ ഒന്നിനെയും പുരോഹിതൻ തിന്നരുത്.